ഒമിക്രോണ്‍ ആശങ്ക;കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം

keralanews omicron strict control in kasarkode karnataka boarder from today

കാസർകോഡ്:കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. മുഴുവന്‍ യാത്രക്കാരും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവു നൽകും.കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ തിങ്കളാഴ്ച രാവിലെ മുതല്‍ കടത്തിവിടുകയുള്ളൂ. രണ്ട് ഡോസ് വാക്‌സിനെടുത്തവരെ പരിഗണിക്കില്ല.കേരളത്തില്‍നിന്നുള്ള മുഴുവന്‍ യാത്രക്കാരും ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപോര്‍ട്ട് കൈയില്‍ കരുതണമെന്നാണ് നിര്‍ദേശം. ഇതോടെ വിവിധ ആവശ്യങ്ങൾക്ക് കർണാടകയെ ആശ്രയിച്ചിരുന്ന കാസര്‍കോട്ടുകാർ വീണ്ടും പ്രയാസത്തിലാവും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരള കർണാടക അതിർത്തികളിൽ പരിശോധന കർശനമായിരുന്നില്ല.പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി തലപ്പാടി അതിര്‍ത്തിയില്‍ ഞായറാഴ്ച രാവിലെ മുതല്‍ ബാരക്കുകളും മറ്റും പുനസ്ഥാപിച്ചുകഴിഞ്ഞു. നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ രണ്ടുമാസം മുൻപാണ് പിന്‍വലിച്ചിരുന്നത്. ഇവിടെനിന്നും പിന്‍വലിച്ചിരുന്ന പോലിസ് പോസ്റ്റും ഇപ്പോള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ തിങ്കളാഴ്ച തലപ്പാടി അതിര്‍ത്തിയില്‍ നിയമിച്ച്‌ ഉത്തരവും ഇറക്കി.ഇന്നലെ തലപ്പാടിയില്‍ പരിശോധന ശക്തമായിരുന്നെങ്കിലും ആര്‍.ടി.പി.സി.ആര്‍ റിപ്പോർട്ട് ഇല്ലാത്തവരെയും അതിർത്തി കടത്തി വിട്ടിരുന്നു. എന്നാൽ ഇന്ന് നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതിയവരെ മാത്രം കടത്തി വിടാനാണ് കര്‍ണാടക പൊലീസിന്‍റെ തീരുമാനം.

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരിക്ക്

keralanews 25 injured in tourist bus accident in malappuram

മലപ്പുറം:മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരിക്കേറ്റു.പുതുപൊന്നാനിയിൽ രാവിലെ മൂന്ന് മണിയോടെയായിരുന്നു അപകടം.വയനാട് സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. 45 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ 17 പേരുടെ പരിക്കുകൾ സാരമുള്ളതാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒമിക്രോൺ വകഭേദം; കേരളത്തിലും അതീവജാഗ്രത;വിദഗ്ധസിമിതി യോഗം ഇന്ന്

keralanews omicron varient high alert in kerala expert comittee meeting today

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ അതീവജാഗ്രതയോടെ സംസ്ഥാനവും.ഇന്ന് കൊറോണ വിദഗ്ധസമിതിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേരളവും ജാഗ്രത കൂട്ടിയത്. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവരും ഏഴ് ദിവസം ക്വാറന്റീൻ കർശനമാക്കാൻ ജില്ലകൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് പുറപ്പെടുന്നതിന് മുൻപും എത്തിക്കഴിഞ്ഞും ക്വാറന്റീൻ കഴിഞ്ഞും ആർടിപിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടു. കൊറോണ സ്ഥിരീകരിക്കുന്നവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണം നടത്തണം. നിലവിൽ ജനസംഖ്യയുടെ 96 ശതമാനവും ആദ്യ ഡോസും 63 ശതമാനം പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനെടുക്കാത്ത 14 ലക്ഷം പേരുണ്ടെന്നത് ആശങ്ക കൂട്ടുന്നുണ്ട്.

ഒമിക്രോൺ വകഭേദം; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം ലഭിച്ചു; ഏവരും കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

keralanews omicron varient received recommendation from the union ministry of health health minister veena george says all should obey corona safety standards

തിരുവനന്തപുരം : കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോണിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ടോടെ തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . ഇതു സംബന്ധിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നാണ് കേന്ദ്രസർക്കാർ നൽകിയ പ്രധാന നിർദ്ദേശം. ഇതുപ്രകാരമുള്ള നടപടികൾ പുരോഗമിക്കുകയാണ്.പരിശോധിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ വകഭേദം കണ്ടെത്തിയിട്ടില്ല. ഏറ്റവും കൂടുതൽ സാമ്പിളുകൾ പരിശോധിക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാവരും വ്യക്തിപരമായ ജാഗ്രതാ പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. എല്ലാവരും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.നിലവില്‍ തുടരുന്നത് പോലെ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂർ ജില്ലാ ട്രഷറിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ സീനിയർ അക്കൗണ്ടന്റ് പിടിയിൽ

keralanews senior accountant arrested in kannur district treasury fraud case

കണ്ണൂർ: ജില്ലാ ട്രഷറിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ സീനിയർ അക്കൗണ്ടന്റ് പിടിയിൽ. കൊറ്റാളി സ്വദേശി നിധിൻരാജ് ചെല്ലട്ടനാണ് പിടിയിലായത്. 6 ഇടപാടുകളിലായി മൂന്നര ലക്ഷം രൂപ ഇയാൾ വെട്ടിച്ചതായി വിജിലൻസ് കണ്ടെത്തി.കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധനയിലാണ് വെട്ടിപ്പ് പുറത്തു വന്നത്. സർക്കാർ ബില്ലുകൾ അടക്കം വെട്ടിച്ചതായാണ് കണ്ടെത്തൽ. തട്ടിപ്പിന് പിന്നിൽ സീനിയർ അക്കൗണ്ടന്റാണെന്ന് കണ്ടെത്തിയിരുന്നു. 2016 മുതലാണ് തട്ടിപ്പ് നടത്തിയിരുന്നത്.സർക്കാർ പദ്ധതികളിൽ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട പണം, കർഷക തൊഴിലാളി ആനുകൂല്യം, എച്ച്ഡിസി ആനുകൂല്യം, കൈത്തറി മൃഗ സംരക്ഷണ ദുരിതാശ്വാസം, തുടങ്ങിയവ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി തിരിമറി നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

ഓണ്‍ലൈന്‍ ക്ലാസ്സ്‌ നിർത്തില്ല; സ്കൂൾ അധ്യയന സമയം നീട്ടുന്ന കാര്യം തീരുമാനമാകുമ്പോൾ അറിയിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി

keralanews online class‌ did not stop decision to extend school hours will be announced when the decision is taken says minister sivankutty

തിരുവനന്തപുരം:സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സ്‌കൂള്‍ അധ്യയന സമയം നീട്ടുന്ന കാര്യം ഉന്നത തല യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നും തീരുമാനമാകുമ്പോൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്ലസ്ടു അധിക സീറ്റ് സംബന്ധിച്ച്‌ വിവരശേഖരണം നടക്കുന്നുണ്ടെന്നും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഉപ്പളയിലെ വിദ്യാര്‍ഥിയുടെ മുടിമുറിച്ച്‌ റാഗിംഗ് നടത്തിയ സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉപ്പള സ്കൂളിൽ റാഗിങിന്റെ പേരിൽ വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; വിദ്യാർത്ഥിയുടെ പരാതിയിൽ എട്ടുപേർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു

keralanews case against eight senior students in the incident of cut the hair of plus one student in the name of ragging in uppala school

കാസർകോഡ്:ഉപ്പള ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ റാഗിങിന്റെ പേരിൽ പ്ലസ്‌വൺ  വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളായ എട്ടുപേർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ റാഗിങ്ങിനിരയായ വിദ്യാർത്ഥി പോലീസിൽ പരാതി നൽകിയതോടെയാണ് കേസെടുത്തത്.സംഭവത്തിൽ നേരത്തെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മുടിമുറിച്ചും ഫാഷൻ പരേഡ് മാതൃകയിൽ നടത്തിച്ചും നവാഗതരായ പ്ലസ്‌വൺ വിദ്യാർത്ഥികളെ റാഗിങ്ങിനിരയാക്കിയെന്നാണ് പരാതി. റാഗിങ്ങിന് ഇരയായ കുട്ടികളിൽ മഞ്ചേശ്വരം സത്യടുക്ക സ്വദേശിയായ പ്ലസ്‌വൺ വിദ്യാർഥിയാണ് പരാതി നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർഥിയുടെ മുടി കത്രിക കൊണ്ട് മുറിച്ചു മാറ്റുന്ന വീഡിയോ വ്യാഴാഴ്ച വൈകീട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റു വിദ്യാർഥികളെയും റാഗ് ചെയ്യുന്ന വീഡിയോകൾ പ്രചരിച്ചു തുടങ്ങി. എന്നാൽ റാഗിങ്ങിനിരയായ വിദ്യാർത്ഥികൾ ആരും തന്നെ ആദ്യഘട്ടത്തിൽ പരാതി ഉന്നയിച്ചിരുന്നില്ല. എന്നാൽ ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ കേസെടുത്തിന് പിന്നാലെ വിദ്യാർത്ഥി പരാതിപ്പെടുകയായിരുന്നു.

കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം;സൈജു തങ്കച്ചൻ അറസ്റ്റിൽ

keralanews accident causes death of models in kochi saiju thanakchan arrested

കൊച്ചി: മിസ് കേരളയുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെടാനിടയായ വാഹനാപകടത്തിൽ പോലീസ് തെരഞ്ഞിരുന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടിവിലായിരുന്നു പോലീസ് സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടം നടന്ന സമയത്ത് മിസ് കേരളയും റണ്ണറപ്പും സഞ്ചരിച്ച കാർ പിന്തുടർന്ന ഓഡി കാറിന്റെ ഡ്രൈവറായിരുന്നു സൈജു.സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ വെള്ളിയാഴ്ച രാവിലെയോടെയാണ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മരിച്ചവരെ ഓഡി കാറിൽ പിന്തുടർന്നതായും, അപകടം സംഭവിച്ചത് കണ്ടിരുന്നതായും മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ത്രീകളെ അനുവാദമില്ലാതെ പിന്തുടർന്നു, നരഹത്യ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ അബ്ദുൾ റഹ്മാനെക്കുറിച്ചുള്ള വിവരങ്ങളും സൈജു തങ്കച്ചൻ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം അബ്ദുൾ റഹ്മാനെയും ചോദ്യം ചെയ്യും.

ഒമിക്രോൺ വകഭേദം; അടിയന്തര ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി

keralanews omicron variant prime minister called an emergency high level meeting

ന്യൂഡല്‍ഹി:കൊറോണ വൈറസിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചു.നിലവില്‍ രാജ്യത്തെ സാഹചര്യവും, പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ 10.30നാണ് യോഗം ചേരുന്നത്.അതിതീവ്ര വ്യാപനശേഷിയുള്ള ബി.1.1.529 വകഭേദമായ ഒമിക്രോണ്‍ ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക, കാനഡ, സൗദി അറേബ്യ, സൈപ്രസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊറോണയുടെ തീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തെക്കാള്‍ അതിതീവ്ര വ്യാപനശേഷിയുള്ളതാണ് ഈ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. അഞ്ച് തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഹോങ്കോങ്, ഇസ്രയേല്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കും അവരുമായി സമ്പർക്കത്തിലുള്ളവര്‍ക്കും കര്‍ശന പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ റാഗിങിന്റെ പേരിൽ വിദ്യാർത്ഥിയുടെ മുടി മുറിച്ചുമാറ്റിയതായി പരാതി

keralanews cut the hair of student in the name of ragging in uppala govt higher secondary school

കാസർകോട്: ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ റാഗിങിന്റെ പേരിൽ വിദ്യാർത്ഥിയുടെ മുടി മുറിച്ചുമാറ്റിയതായി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി പത്തോളം വരുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ ബലമായി മുറിച്ചുമാറ്റിയതായാണ് പരാതി.കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിന് സമീപത്ത് വെച്ചാണ് മുടിമുറിച്ചത്.തിങ്കളാഴ്ച മുടി മുറിച്ചതിനു ശേഷം മാത്രമേ സ്കൂളിലേക്ക് വരാൻ പാടുള്ളൂ എന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മുടി വളര്‍ത്തുന്നതാണെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി അറിയിച്ചതോടെ ബലമായി മുറിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്കൂളിലേക്ക് പോകാന്‍ പേടിയാണെന്നും മുടി മുറിച്ചത് മാനസികമായി തളര്‍ത്തിയെന്നും റാഗിങിന് ഇരയായ കുട്ടി പറഞ്ഞു.ശനിയാഴ്ച രാവിലെ പത്തിന് രക്ഷിതാക്കളുടെയും സ്കൂള്‍ അധികൃതരുടെയും യോഗം നടക്കുന്നുണ്ട്. അതിന് ശേഷമാകും സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള നടപടി.സംഭവം ഗൗരവമായി കാണുന്നതായി പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന സജീഷ് പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിക്കുന്നതനുസരിച്ച്‌ പൊലീസിനെ സമീപിക്കും. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും സജീഷ് അറിയിച്ചു.സംഭവം അറിഞ്ഞ് പൊലീസ് സ്കൂളില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.