തൊടുപുഴ:നാടക-ചലച്ചിത്ര നടി തൊടുപുഴ വാസന്തി അന്തരിച്ചു.അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.450 ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.നാടക നടനായ അച്ഛൻ രാമകൃഷ്ണൻ നായരുടെ ബാലെ ട്രൂപ്പിലൂടെ ആയിരുന്നു അഭിനയ ലോകത്തേക്കുള്ള അരങ്ങേറ്റം.കെ.ജി ജോർജിന്റെ യവനികയാണ് നടി എന്ന നിലയിൽ വാസന്തിയെ ശ്രദ്ധേയയാക്കിയത്.വാസന്തിയുടെ അവസാന നാളുകൾ ഏറെ ദുരിതം നിറഞ്ഞതായിരുന്നു. അർബുദവും പ്രമേഹവും വേട്ടയാടിയതിനൊപ്പം ഹൃദയ സംബന്ധമായ അസുഖവും ഇവരെ തളർത്തി.പ്രമേഹം മൂർച്ഛിച്ചതോടെ വലതുകാൽ മുറിച്ചുമാറ്റേണ്ടതെയും വന്നു.മാതാപിതാക്കൾക്ക് പുറകെ ഭർത്താവും മരണപ്പെട്ടതോടെ ജീവിതത്തിൽ ഇവർ ഒറ്റപെട്ടു.മക്കളില്ലാത്ത ഇവർ മണക്കാടുള്ള വീട്ടിൽ സഹോദരങ്ങൾക്കൊപ്പമായിരുന്നു താമസം.മമ്മൂട്ടി,സിദ്ധിക്ക്,തുടങ്ങിയ ചലച്ചിത്രരംഗത്തെ പ്രമുഖർ ഇവർക്ക് ആദരാഞ്ജലികളർപ്പിച്ചു.
ദിലീപ് ദുബായിലേക്ക് തിരിച്ചു;കൂടെ അമ്മ മാത്രം
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് കോടതിയുടെ അനുമതിയോടു കൂടി ദുബായിലേക്ക് യാത്ര തിരിച്ചു.തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉൽഘാടനത്തിനായാണ് ദിലീപ് ദുബായിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.അമ്മ മാത്രമാണ് ദിലീപിനൊപ്പം പോയത്.നേരത്തെ മകൾ മീനാക്ഷിയും ഭാര്യ കാവ്യാ മാധവനും ദിലീപിനൊപ്പം ഉണ്ടാകുമെന്നു പറഞ്ഞിരുന്നുവെങ്കിലും ഇരുവരും പോയിട്ടില്ല.വിദേശത്തു പോകുന്നതിനായി ഇന്നലെ വൈകുന്നേരം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി ദിലീപ് പാസ്പോർട്ട് കൈപ്പറ്റിയിരുന്നു.നാല് ദിവസം വിദേശത്തു തങ്ങുന്നതിനായി ആറു ദിവസത്തെ ഇളവാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. അതേസമയം പാസ്പോർട്ട് കൈപ്പറ്റാനെത്തിയ ദിലീപ് കുറ്റപത്രത്തിലെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് മാധ്യമങ്ങൾക്ക് കിട്ടിയതിനെതിരെ കോടതിയിൽ ഹർജി നൽകി.കുറ്റപത്രം റദ്ധാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ ഡിസംബർ ഒന്നിന് റിപ്പോർട് സമർപ്പിക്കാൻ മജിസ്‌ട്രേറ്റ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് വീണ്ടും ഗെയില്‍ വിരുദ്ധ സമരം ശക്തിപ്രാപിക്കുന്നു. പൈപ്പ് ലൈന്‍ കടന്ന് പോകുന്ന വിവിധ ഇടങ്ങളിലായി ഇതിനോടകം കൂടുതല്‍ സമരപന്തലുകളുയര്‍ന്നു കഴിഞ്ഞു.ഗെയില്‍ ഇരകള്‍ക്കെതിരെ നടക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നാളെ മുക്കത്ത് യുവജന പ്രതിരോധവും സംഘടിപ്പിച്ചിട്ടുണ്ട്.കാരശ്ശേരിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഭൂമിയില്‍ പന്തല്‍ കെട്ടിയ സമരക്കാര്‍ ചെങ്ങരതടം. ഏലിയാം പറമ്പ്, വാദിനൂര്‍, പൂക്കോട്ടൂര്‍ എന്നിവിടങ്ങളിലും സമര പന്തല്‍ ഉയര്‍ത്തി.പുതുവൈപ്പിന്‍ സമര സമിതി നേതാക്കളും നര്‍മദാ ബച്ചാവോ ആന്ദോളന്‍ നേതാവ് സന്ദീപ് പാണ്ഡെയും കഴിഞ്ഞ ദിവസം സമര പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.ഗെയ്ല്‍ പദ്ധതിയുടെ മറവില്‍ നിരപരാധികളെ വേട്ടയാടുന്നത് ഭരണകൂടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നാളെ മുക്കത്ത് യുവജന പ്രതിരോധം സംഘടിപ്പിച്ചിരിക്കുന്നത്. ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംഗമം ഉദ്ഘാടനം ചെയ്യും.
പയ്യാമ്പലം ബീച്ചിൽ നടപ്പാത നിർമാണം ആരംഭിച്ചു
കണ്ണൂർ:പയ്യാമ്പലം ബീച്ചിൽ ഡിടിപിസി നിർമിക്കുന്ന നടപ്പാതയുടെ നിർമാണം ആരംഭിച്ചു. മൂന്നരക്കോടി രൂപയാണ് പദ്ധതിയുടെ നിർമാണ ചിലവ്.പയ്യാമ്പലം ബീച്ചിലെത്തുന്നവരെയും രാവിലെയും വൈകുന്നേരവും ഇവിടെ നടക്കാനെത്തുന്നവരെയും മുന്നിൽക്കണ്ടാണ് നടപ്പാത നിർമാണം തുടങ്ങുന്നത്.ഒരു കിലോമീറ്ററാണ് പാതയുടെ നീളം.ഇതിൽ ഓരോ നൂറു മീറ്റർ ഇടവിട്ട് സഞ്ചാരികൾക്ക് വിശ്രമിക്കാനായുള്ള സൗകര്യവും ഏർപ്പെടുത്തും.ഇത്തരത്തിലുള്ള 11 വിശ്രമ കേന്ദ്രങ്ങളാണ് ഒരുക്കുക.പാതയ്ക്കരികിലായി സൗരോർജ വിളക്കുകൾ,കഫേകൾ,ഇരിപ്പിട സൗകര്യം,ശൗചാലയങ്ങൾ എന്നിവയും നിർമിക്കും.പദ്ധതി അടുത്ത വർഷം ഫെബ്രുവരിയോടുകൂടി പൂത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മറുനാടൻ തൊഴിലാളികൾക്കായുള്ള ആശ്വാസ് ഇൻഷുറൻസ് പദ്ധതിയിൽ 15000 പേർ അംഗങ്ങളായി
കണ്ണൂർ:മറുനാടൻ തൊഴിലാളികൾക്കായുള്ള ആശ്വാസ് ഇൻഷുറൻസ് പദ്ധതിയിൽ 15000 പേർ അംഗങ്ങളായി.പ്രീമിയം അടയ്ക്കാതെയുള്ള പദ്ധതിയാണ് ഇത്.ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് 15000 രൂപ വരെ ചികിത്സ ചിലവ് ലഭിക്കും.മരണപ്പെടുന്നവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപവരെ സഹായധനവും നൽകും.ലേബർ വകുപ്പാണ് പദ്ധതിക്കായുള്ള അപേക്ഷ സ്വീകരിക്കുന്നത്.നിർമാണ മേഖല,ക്വാറി ക്രഷർ യൂണിറ്റ്, മത്സ്യത്തൊഴിലാളി മേഖല എന്നിവിടങ്ങളിലാണ് മറുനാടൻ തൊഴിലാളികൾ കൂടുതലായും ജോലി ചെയ്യുന്നത്.തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതാണ് പദ്ധതി.അതേസമയം പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് നല്കാനാകാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥർ.കാർഡ് നൽകുന്നതിനുള്ള പതിനഞ്ചോളം മെഷീനുകൾ കണ്ണൂരിന് നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിൽ മൂന്നെണ്ണം മാത്രമാണ് നൽകിയത്.ഇതാണ് ഉദ്യോഗസ്ഥരെ കുഴപ്പിച്ചിരിക്കുന്നത്. ആധാറുമായി ബന്ധിപ്പിച്ചാണ് ഇൻഷുറൻസ് കാർഡ് നൽകുന്നത്.ആധാർ കാർഡ് ഇല്ലാത്തവർക്ക് തിരിച്ചറിയൽ കാർഡോ മറ്റെന്തെകിലും ഔദ്യോഗിക തിരിച്ചറിയൽ രേഖയോ ഉപയോഗിക്കാം.കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരിയിൽ മരിച്ച മറുനാടൻ തൊഴിലാളിക്ക് രണ്ടുലക്ഷം രൂപ നല്കാൻ തീരുമാനമായിട്ടുണ്ട്.
അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ:അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.ആലക്കോട് സ്വദേശി ജോബി ആന്റണിയാണ് തിങ്കളാഴ്ച രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കഞ്ചാവുമായി സി.ഐ രത്നകുമാറിന്റെ പിടിയിലായത്.അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് തീവണ്ടിമാർഗം എത്തിച്ചതെന്നും ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയായണെന്നും പോലീസ് അറിയിച്ചു.
പഠനം പൂർത്തിയാക്കുന്നതിനായി ഹാദിയ ഇന്ന് സേലത്തേക്ക് തിരിക്കും
ന്യൂഡൽഹി:പഠനം പൂർത്തിയാക്കുന്നതിനായി ഹാദിയ ഇന്ന് സേലത്തേക്ക് തിരിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചു.കേരളഹൗസ് അധികൃതർ വിമാനടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു.ഹാദിയയുടെ അച്ഛനും അമ്മയും സേലത്തേക്ക് പോകാൻ സാധ്യതയുണ്ട്.പഠനം തുടരുന്നതിനായി സേലം ശിവരാജ് മെഡിക്കൽ കോളേജിൽ പകണമെന്നു ഹാദിയ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഡൽഹിയിൽ നിന്നും നേരിട്ട് സേലത്തെ മെഡിക്കൽ കോളേജിലേക്ക് പോകാൻ ഹാദിയയോട് സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്.കോളേജ് ഹോസ്റ്റലിലേക്ക് പോകുന്നത് വരെ ഹാദിയ കേരളാ ഹൗസിൽ തുടരണമെന്നും സേലത്തെത്തിക്കഴിഞ്ഞാൽ അവിടുത്തെ സർവകലാശാല ഡീൻ ഹാദിയയുടെ ലോക്കൽ ഗാർഡിയൻ പദവി വഹിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഹാദിയയെ സേലത്തെത്തിക്കാനുള്ള ചുമതല കേരളാ പോലീസിനാണ്.പിന്നീട് തമിഴ്‌നാട് പോലീസിന്റെ കനത്ത സുരക്ഷയിലായിരിക്കും ഹാദിയയുടെ തുടർപഠനം.
കണ്ണൂർ താവം മേൽപ്പാലത്തിന്റെ ഗർഡർ നിലംപൊത്തി
കണ്ണൂർ:കണ്ണൂർ താവം മേൽപ്പാലത്തിന്റെ ഗർഡർ നിലംപൊത്തി.ക്രയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ താഴോട്ട് പതിക്കുകയായിരുന്നു.ഇത് നിലത്തേക്ക് പതിക്കുമ്പോൾ നിരവധി ആളുകൾ കാഴ്ചക്കാരായി പരിസരത്തുണ്ടായിരുന്നു.എന്നാൽ ഗർഡർ വീഴുന്നതുകൊണ്ട് ഇവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തായതിനെതിരെ ദിലീപ് കോടതിയിൽ ഹർജി നൽകി
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തായതിനെതിരെ ദിലീപ് കോടതിയിൽ ഹർജി നൽകി.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്.വിദേശയാത്രക്കായി പാസ്പോര്ട്ട് തിരിച്ചുവാങ്ങാനായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയപ്പോഴാണ് ദിലീപ് ഹർജി നൽകിയത്.കുറ്റപത്രം കോടതി പരിഗണിക്കും മുന്പ് ഇതിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നെന്നും ഇത് തനിക്കെതിരായ പോലീസിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.തന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനമായ ദേ പുട്ടിന്റെ ദുബായ് ശാഖയുടെ ഉൽഘാടനവുമായി ബന്ധപ്പെട്ടാണ് ദിലീപ് വിദേശത്തേക്ക് പോകുന്നത്.ഇതിനായി കോടതി ഉപാധികളോടെ ദിലീപിന് അനുവാദം നൽകുകയായിരുന്നു.
ഹാദിയയ്ക്ക് സ്വാതന്ത്ര്യം;മെഡിക്കൽ പഠനം തുടരാൻ കോടതി അനുമതി നൽകി
ന്യൂഡൽഹി:ഹാദിയയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടും മെഡിക്കൽ പഠനം തുടരാൻ അനുമതി നൽകിക്കൊണ്ടും കോടതി വിധി പ്രഖ്യാപിച്ചു.അതേസമയം ഹാദിയയ്ക്ക് അച്ഛനൊപ്പമോ ഭർത്താവിനൊപ്പമോ പോകാൻ കോടതി അനുമതി നൽകിയിട്ടില്ല.തത്കാലത്തേക്കു പഠനം പൂർത്തിയാക്കാൻ നിർദേശം നൽകിയ കോടതി, ഡൽഹിയിൽനിന്നു നേരെ സേലത്തെ മെഡിക്കൽ കോളജിലേക്കു പോകാനും വിധിച്ചു. സ്വാതന്ത്ര്യം ഹാദിയയുടെ അവകാശമാണെങ്കിലും തത്കാലം അതിന് നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു.ഹാദിയയുടെ പഠനം പൂർത്തിയാക്കാൻ മെഡിക്കൽ കോളജ് അധികൃതർ സൗകര്യമൊരുക്കണം. ഹാദിയയ്ക്കു താമസിക്കാൻ സേലത്തെ ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തണം. ഇതിന്‍റെ ചെലവുകൾ കേരള സർക്കാർ വഹിക്കണം.സർവകലാശാല ഡീനിനെ ഹാദിയയുടെ രക്ഷാകർത്താവായി കോടതി ചുമതലപ്പെടുത്തി.കോളജ് ഹോസ്റ്റലിലേക്കു പോകുന്നതുവരെ ഹാദിയ ഡൽഹി കേരള ഹൗസിൽ തുടരണം. കഴിഞ്ഞ പതിനൊന്നു മാസമായി കടുത്ത മാനസിക പീഡനം അനുഭവിച്ചുവരികയാണെന്നു കോടതിയിൽ പറഞ്ഞ ഹാദിയ തന്നെ ഡൽഹിയിലെ സുഹൃത്തുക്കളുടെ അടുത്തു പോകാൻ അനുവദിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ രക്ഷാകർത്താവായി ഭർത്താവിനെ ചുമതലപ്പെടുത്തണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ ഈ ആവശ്യം കോടതി തള്ളി. സർക്കാർ ചിലവിൽ പഠനം പൂർത്തിയാക്കാൻ ആഗ്രഹമുണ്ടോയെന്നും ലോക്കൽ ഗാർഡിയനെ ഏർപ്പെടുത്താമെന്നും കോടതി പറഞ്ഞു. എന്നാൽ തന്‍റെ ഭർത്താവിന് പഠനചിലവ് വഹിക്കാൻ കഴിയുമെന്നും അങ്ങനെ പഠിക്കാനാണ് താത്പര്യമെന്നും ഹാദിയ കോടതിയെ അറിയിക്കുകയായിരുന്നു.