തിരുവനന്തപുരം: യുവാക്കളിലെ മദ്യ ഉപയോഗം കുറയ്ക്കാൻ പുതിയ നടപടിയുമായി സർക്കാർ. മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായ പരിധി 21 വയസ്സിൽ നിന്നും 23 വയസാക്കി ഉയർത്താനാണ് സർക്കാർ തീരുമാനം.ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കും.ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.സംസ്ഥാന വനിതകമ്മീഷന് കൂടുതല്‍ അധികാരം നല്‍കാനും മന്ത്രിസഭയോഗം തീരുമാനമെടുത്തിട്ടുണ്ട്. പരാതികള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.നിലവിലുളള നിയമ പ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുണ്ടായിരിന്നുള്ളു.സംസ്ഥാനത്ത് 20 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നൽകാനും യോഗം തീരൂമാനിച്ചു.സര്‍ക്കാരുമായി കരാര്‍ ഒപ്പുവക്കുന്ന തീയതി മുതല്‍ 30 വര്‍ഷത്തേക്കാണ് അനുമതി.തിരുവനന്തപുരം ചാല കമ്പോളത്തില്‍ 14-11-2014-ന് ഉണ്ടായ തീപിടുത്തംമൂലം നഷ്ടം സംഭവിച്ച കട ഉടമകള്‍ക്കും വാടകക്കാര്‍ക്കും 75.68 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു.
ദലിത് മിശ്രവിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി:ദലിത് മിശ്രവിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കേന്ദ്രസർക്കാർ.വധുവോ വരനോ ദലിത് ആകണമെന്നതാണ് നിബന്ധന. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്കാണ് നേരത്തെ ഈ തുക നല്‍കിയിരുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം വരുമാനം ബാധകമല്ല.2013ലാണ് മിശ്രവിവാഹത്തിലൂടെ സാമൂഹിക ഏകീകരണം ലക്ഷ്യമിട്ട് ഡോ. അംബേദ്കര്‍ സ്‌കീം തുടങ്ങിയത്. പ്രതിവര്‍ഷം കുറഞ്ഞത് 500 വിവാഹങ്ങളെങ്കിലും ഇത്തരത്തില്‍ നടക്കണമെന്ന് ലക്ഷ്യം വെച്ചാണ് പദ്ധതി കൊണ്ടുവന്നത്. ദമ്പതികള്‍ അവരുടെ ആധാര്‍ കാര്‍ഡ് വിവരങ്ങളും ആധാറുമായി ബന്ധിപ്പിച്ച ജോയിന്‍റ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, മേഖാലയ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ 90 ശതമാനം വിവാഹങ്ങളും ഒരേ ജാതിയില്‍പ്പെട്ടവര്‍ തമ്മിലാണ് നടക്കുന്നത്. കേരളം, പഞ്ചാബ്, സിക്കിം, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് മിശ്രവിവാഹങ്ങള്‍ കുറച്ചെങ്കിലും നടക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജിഷ കൊലക്കേസിൽ ചൊവ്വാഴ്ച വിധി പ്രസ്ഥാപിക്കും
കൊച്ചി:പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും.കഴിഞ്ഞ മാസം 22 ന് കേസിൽ അന്തിമ വാദം പൂർത്തിയായിരുന്നു.2016 ഏപ്രിൽ 28 നാണ് നിയമ വിദ്യാർഥിനിയായിരുന്ന ജിഷ കുറുപ്പംപടി വട്ടോളിയിലെ വീട്ടിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്.വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അമീറുൽ ഇസ്ലാം പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നതാണ് കേസ്.
ഓഖി ചുഴലിക്കാറ്റ്;മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ തീരുമാനമായി.ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയുടെ സഹായം നല്‍കും. തീരേദേശമേഖലയില്‍ ഒരു മാസത്തെ സൌജന്യ റേഷന്‍ നല്‍കാനും തീരുമാനമായി. ദുരന്തബാധിതര്‍ക്കായുള്ള സമഗ്രപാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി.ഇതുവരെ 1130 മലയാളികള്‍ ഉള്‍പ്പടെ 2600 പേരെ രക്ഷിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.ഓഖി ചുഴലിക്കാറ്റിലൂടെ കേരളം നേരിട്ടത് അപ്രതീക്ഷിത ദുരന്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബർ മുപ്പതിന് മാത്രമാണ് ലഭിച്ചത്.മൂന്നു ദിവസം മുൻപെങ്കിലും മുന്നറിയിപ്പ് ലഭിക്കേണ്ടതായിരുന്നെന്നും മുന്നറിയിപ്പ് ലഭിച്ച ശേഷം ഒരു നിമിഷം പോലും സർക്കാർ പാഴാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓഖി ചുഴലിക്കാറ്റ്;നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിന്റെ ഇരായായവർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. വള്ളം,വല,ബോട്ട്,തുടങ്ങിയ നഷ്പ്പപ്പെട്ടവർക്കുള്ള സഹായങ്ങളും പാക്കേജിലുണ്ട്.മരിച്ചവരുടെ ഉറ്റവർക്ക് തൊഴിൽ ഉറപ്പാക്കും.ധനസഹായം വേഗത്തിൽനൽകാനും തീരുമാനമായി.ദുരന്തത്തിൽ മരിച്ചവരുടെ കുട്ടികളുടെ പഠനം ഉറപ്പാക്കും.കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കും.റെവന്യൂ,ഫിഷറീസ് വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ പാക്കേജ് മന്ത്രിസഭായോഗം ചർച്ച ചെയ്ത് അംഗീകാരം നൽകുകയായിരുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ,ആകെയുണ്ടായ നഷ്ട്ടം,കേന്ദ്രത്തിൽ നിന്നും ചോദിക്കേണ്ട സഹായം എന്നിവയും മന്ത്രിസഭ ചർച്ച ചെയ്തു.ചീഫ് സെക്രെട്ടറിക്കായിരിക്കും പാക്കേജ് നടപ്പിലാക്കുന്നതിന്റെ ചുമതല.
ഓഖി ചുഴലിക്കാറ്റിൽപെട്ട ഒരു ബോട്ടുകൂടി അഴീക്കൽ തീരത്തെത്തി
അഴീക്കൽ:ഓഖി ചുഴലിക്കാറ്റിൽപെട്ട ഒരു ബോട്ടുകൂടി അഴീക്കൽ തീരത്തെത്തി.പൊന്നാനിയിൽ നിന്നും നാലുദിവസം മുൻപ് പുറപ്പെട്ട ലൂർദ്മാത എന്ന ബോട്ടാണ് അഴീക്കലിലെത്തിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടുകൂടി തീരത്തെത്തിയ ബോട്ടിൽ 11 പേരാണ് ഉണ്ടായിരുന്നത്.ഏഴിമല കടലിലെത്തിയ ബോട്ടിനെ മറൈൻ എൻഫോഴ്‌സ്‌മെന്റും തീരസംരക്ഷണ സേനയും ചേർന്ന് വടംകെട്ടി വലിച്ചാണ് അഴീക്കലിലെത്തിച്ചത്.എട്ടോടെ കാറ്റിൽപെട്ട് അഴീക്കൽ തീരത്തെത്തിയ ബോട്ടുകളുടെ എണ്ണം നാലായി.അതേസമയം തീരത്തെത്തിയ ബോട്ടുകളിലെ തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ അധികൃതർ നല്കുന്നില്ലെന്ന പരാതിയുണ്ട്.ദിവസങ്ങളോളം കടലിൽ കഴിഞ്ഞ് തിരിച്ചെത്തിയ തൊഴിലാളികൾക്ക് യഥാസമയത്ത് ഭക്ഷണവും വെള്ളവും നല്കുന്നില്ലെന്നാണ് പരാതി.
ഡിഫ്തീരിയ ബാധിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു
കണ്ണൂർ:പേരാവൂരിൽ ഡിഫ്തീരിയ ബാധിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുന്നു.ജില്ലയിൽ ഇതുവരെ മറ്റാർക്കും ഡിഫ്തീരിയ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ ആശങ്ക വേണ്ടെന്നും കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ അല്പം കൂടി ശ്രദ്ധവെച്ചാൽ മതിയെന്നുമാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.കുട്ടികൾക്ക് യഥാസമയം പെന്റാവാലന്റ് വാക്‌സിനേഷൻ നൽകുന്നതാണ് ഡിഫ്തീരിയ ബാധ തടയുന്നതിനുള്ള ഏക മാർഗം.തൊണ്ട വേദനയും പനിയുമാണ് ഇതിന്റെ രോഗ ലക്ഷണങ്ങൾ.തൊണ്ടയിൽ വെളുത്ത നിറത്തിലുള്ള പാടുകളും കാണാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ചികിത്സ തേടണം.വായുവിലൂടെയാണ് ഇത് പകരുന്നത്.അതിനാൽ രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായും മൂക്കും തൂവാല ഉപയോഗിച്ച് മൂടണം.അതുപോലെ തന്നെ രോഗി ഉപയോഗിക്കുന്ന തൂവാല,പത്രം,ഗ്ലാസ് എന്നിവയും ഉപയോഗിക്കരുത്.രോഗം മൂർച്ഛിച്ചാൽ ശ്വാസം മുട്ടലുണ്ടാകുകയും അത് ചിലപ്പോൾ ഹൃദയത്തെ ബാധിക്കുകയും ചെയ്യും ഇവയാണ് മരണകാരണമാകുന്നത്.
നടുവിലിൽ സിപിഎം-മുസ്ലിം ലീഗ് സംഘർഷം തുടരുന്നു
നടുവിൽ:നടുവിലിൽ സിപിഎം-മുസ്ലിം ലീഗ് സംഘർഷം തുടരുന്നു.ഇന്നലെ രാവിലെ 8.30 ഓടെ നടുവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തുവെച്ച് പത്രവിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദേശാഭിമാനി ഏജന്റ് മണ്ടേൻകണ്ടി ഹാരിസിനെ ഒരുസംഘം ലീഗ് പ്രവർത്തകർ മർദിച്ചതായാണ് പരാതി.ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും അക്രമികളെ തകർത്തു.ഈ സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ഇവരെ വലിച്ചിറക്കി മർദിച്ചു.ഇതിനു പിന്നിൽ സിപിഎം ആണെന്ന് മുസ്ലിം ലീഗ് പ്രവർത്തകർ ആരോപിച്ചു.കെ.മുഹമ്മദ് കുഞ്ഞി,സി.പി അബൂബക്കർ,കെ.സൈനുദ്ധീൻ എന്നിവർക്കാണ് മർദനമേറ്റത്.ഇതിൽ സൈനുദ്ധീൻ ഞായറാഴ്ച ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് എത്തിയതായിരുന്നു.സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ മൂന്നുപേരെയും അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണ കേസിലെ പ്രതികളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.അനിഷ്ട്ട സംഭവങ്ങളെ തുടർന്ന് ഇന്നലെയും നടുവിൽ ടൗണിൽ കടകൾ അടഞ്ഞു കിടക്കുകയാണ്.ഞായറാഴ്ച ഹർത്താലായതിനാൽ അന്നും കടകൾ അടച്ചിട്ടിരുന്നു. .അതേസമയം സമാധാനം നിലനിർത്തുന്നതിനായി തളിപ്പറമ്പ് ഡിവൈഎസ്പി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിന്നും യുഡിഎഫും എൽഡിഎഫും വിട്ടുനിന്നു.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജി ഒപിയുടെ സീലിംഗ് അടർന്നു വീണു
കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജി ഒപിയുടെ സീലിംഗ് അടർന്നു വീണു. സീലിങ്ങിന്റെ പേൾസ്റ്ററിങ്ങും,ഫാൻ,ട്യൂബ് എന്നിവയുമാണ് അടർന്നു വീണത്.ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.ഒപിയുടെ പ്രവർത്തനം തുടങ്ങുന്നതിനു മുൻപായതിനാൽ വൻ അപകടമാണ് ഒഴിവായത്.ജില്ലാ ആശുപത്രിയിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന ഒപികളിൽ ഒന്നാണ് ഗൈനക്കോളജി വിഭാഗം.അപകടം നടന്നതിനെ തുടർന്ന് ഗൈനക്കോളജി വിഭാഗം ഒപി താൽക്കാലികമായി മെഡിക്കൽ ഒപി വിഭാഗത്തിലേക്ക് മാറ്റി.ഗൈനക്കോളജി വിഭാഗം കൂടാതെ,ഇഎൻടി,മെഡിക്കൽ ഒപി,പനി ക്ലിനിക്ക് എന്നിവയും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണം ഇതുവരെയും തുടങ്ങിയിട്ടില്ല.
കണ്ണൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
പാനൂർ:പാനൂർ പുത്തൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.സിപിഐഎം പുത്തൂർ ലോക്കൽ കമ്മിറ്റി മെമ്പർ നൗഷാദ് കളത്തിൽ,കുന്നുമ്മൽ നൗഫൽ,എന്നിവർക്കാണ് വെട്ടേറ്റത്.സിപിഎമ്മിന്റെ ചെണ്ടയാട് കുന്നുമ്മൽ ഓഫീസിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം.കഴുത്തിനും കാലിനും വെട്ടേറ്റ നൗഷാദിന്റെ നില ഗുരുതരമാണ്.കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.