ചാലക്കരയിൽ യൂത്ത് കോൺഗ്രസ് ഓഫീസിനു നേരെ ബോംബേറ്;പ്രദേശത്ത് ഇന്ന് കോൺഗ്രസ് ഹർത്താൽ

keralanews bomb attack against youth congress office at chelakkara today congress hartal

മാഹി:ഏതാനും ദിവസങ്ങളായി സംഘർഷാവസ്ഥ നിലനിൽക്കുന്ന ചാലക്കരയിൽ അക്രമം തുടരുന്നു.ഇന്നലെ അർധരാത്രിയോടെ യൂത്ത് കോൺഗ്രസ് ഓഫീസിനു നേരെ ബോംബേറുണ്ടായി. ബോംബേറിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.ആക്രമണത്തിൽ പ്രതിഷേധിച്ച് ചാലക്കരയിൽ ഇന്ന് ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.രാവിലെ ആറു മണിമുതൽ വൈകുന്നേരം ആറുമണി വരെ ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലം മുതൽ കുഞ്ഞിപ്പുരമുക്ക് വരെയുള്ള പ്രദേശങ്ങളിലാണ് ഹർത്താൽ.അക്രമത്തിനു പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു;കേരളത്തിൽ മഴയ്ക്ക് സാധ്യത

keralanews depression in bay of bengal to intensify chance of raining in kerala

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു.ഇതിന്റെ ഫലമായി കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.തമിഴ്‌നാട്,ആന്ധ്രാ,ഒഡിഷ ഭാഗത്തേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടിരിക്കുന്ന ന്യൂനമർദം അതിന്യൂനമർദമായി മാറാമെങ്കിലും ചുഴലിക്കാറ്റിനുള്ള സാധ്യത ഇനിയും സ്ഥിതീകരിച്ചിട്ടില്ല. ന്യൂനമർദം ഇപ്പോൾ മച്ചിലിപ്പട്ടണത്തിന് 875 കിലോമീറ്റർ തെക്കുകിഴക്കായാണ് കാണുന്നത്.ഇത് ശനിയാഴ്ച രാവിലെയോടെ ആൻഡ്രയുടെ വടക്കും ഒഡിഷയുടെ തെക്കും തീരങ്ങളിലെത്തുമെന്നാണ് പ്രവചനം.കേരളത്തിലെത്തുമ്പോൾ ഇതിന്റെ തീവ്രത അല്പം കുറയാനും ഇടയുണ്ട്.അമേരിക്കയിലെ കാലാവസ്ഥ ഏജൻസിയായ ജോയിന്റ് ടൈഫൂൺ വാണിങ് സെന്ററും ചുഴലിക്കാറ്റും ശക്തമായ മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.എന്നാൽ ഇത് കേരളത്തെ കാര്യമായി ബാധിക്കാൻ ഇടയില്ലെങ്കിലും മണിക്കൂറിൽ 40 കിലോമീറ്ററിലേറെ വേഗതയുള്ള കാറ്റുവീശുമെന്നതിനാൽ കേരളതീരത്തും ജാഗ്രത  നിർദേശം നൽകിയിട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റ്;കോഴിക്കോട്-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും 30 പേരെ കണ്ടെത്തി

keralanews ockhi cyclone found 30persons from kerala lakshadweep coast

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽപ്പെട്ട രണ്ടു ബോട്ടുകളും 30 മൽസ്യത്തൊഴിലാളികളെയും കണ്ടെത്തി.കോഴിക്കോടുത്തീരത്തുനിന്നും 15 പേരെയും ലക്ഷദ്വീപ് തീരത്തുനിന്നും 15 പേരെയുമാണ് കണ്ടെത്തിയത്.അതേസമയം തീരസേനയും മറൈൻ എൻഫോഴ്സും നടത്തിയ തിരച്ചിൽ ഇന്ന് മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ആലപ്പുഴ, കൊച്ചി പുറങ്കടലിൽനിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ആയുർവേദ റിസർച്ച് സെന്റർ കല്യാട് സ്ഥാപിക്കും

keralanews the largest ayurvedic research center in kerala will set up in kallyad

ഇരിക്കൂർ:സർക്കാർ ഉടമസ്ഥതയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ആയുർവേദ റിസർച്ച് സെന്‍റർ കല്യാട്ട് സ്ഥാപിക്കും.കല്യാട്-ഊരത്തൂർ റോഡരികിൽ മരുതുംപാറയിൽ 250 ഏക്കർ ഭൂമിയിൽ 250 കോടി രൂപ ചെലവിലാണ് സെന്‍റർ സ്ഥാപിക്കുക.ഇതിനായി 100 ഏക്കർ സ്ഥലം റവന്യുവകുപ്പ്  വിട്ടുനൽകിയിട്ടുണ്ട്. ബാക്കി 150 ഏക്കർ ഏറ്റെടുക്കും.ആയുർവേദ ശാസ്ത്രപഠനം, ചികിത്സാ സൗകര്യം, ഔഷധസസ്യതോട്ടം, ഗവേഷണവിഭാഗം, സുഖ ചികിത്സാകേന്ദ്രം, ആയുർവേദ മെഡിക്കൽ കോളജ് തുടങ്ങി എല്ലാ വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ഉന്നതകേന്ദ്രമാണ് ഇവിടെ സ്ഥാപിക്കുക.വിദേശ ടൂറിസ്റ്റുകൾക്കും വിദേശരാജ്യങ്ങളിൽനിന്നു ചികിത്സയ്ക്കായും പഠന ഗവേഷണങ്ങൾക്കായും എത്തുന്നവർക്ക് ഈ സ്ഥാപനത്തെ ആശ്രയിക്കാനാകും. കേന്ദ്ര സർക്കാരിന്‍റെ സഹായത്തോടെ സംസ്ഥാന സർക്കാരിന്‍റെ കീഴിലാണു സെന്‍റർ പ്രവർത്തിക്കുക. പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ട്.

മലപ്പുറത്ത് അച്ഛൻ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

keralanews father strangled his daughter in malappuram

മലപ്പുറം:മലപ്പുറം പെരുവള്ളൂരിൽ അച്ഛൻ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പറങ്കിമാവിൽ വീട്ടിൽ ശാലു(18) ആണ് കൊല്ലപ്പെട്ടത്.പ്ലസ് ടു വിനു ശേഷം പിഎസ്‌സി പരിശീലനം നടത്തുകയായിരുന്നു ശാലു.അമ്മ വീട്ടിൽ ഇല്ലാതിരുന്ന നേരം വീട്ടിൽ എത്തിയ പിതാവ് മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങുകയായിരുന്നു. മകൾക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഇയാൾ മകളെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് വിവരം.

ഓഖി ചുഴലിക്കാറ്റ്;മത്സ്യവില കുത്തനെ ഉയർന്നു

keralanews ockhi cyclone the price of fish increased

കണ്ണൂർ:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് മൽസ്യ വിപണി തകർച്ചയിലേക്ക്.ഇതേ തുടർന്ന് മത്സ്യ വില കുത്തനെ ഉയർന്നു.സംസ്ഥാനത്തെ മത്സ്യ വിപണന മേഖല പൂർണ്ണമായും നിലച്ച നിലയിലാണ്.മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മൽസ്യങ്ങൾ മാത്രമാണ് ഇപ്പോൾ വിൽക്കുന്നത്.വിലഇരട്ടിയായതോടെ പലരും മൽസ്യം വാങ്ങിക്കാതെ മടങ്ങിപോവുകയാണ്. എട്ടാം തീയതി വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.എന്നാലും വില സാധാരണ നിലയിലെത്താൻ പിന്നെയും ദിവസങ്ങളെടുക്കുമെന്നാണ് മൽസ്യത്തൊഴിലാളികൾ പറയുന്നത്. സാധാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മത്തിയുടെ വില കിലോയ്ക്ക് 80 രൂപയിൽ നിന്നും 180 രൂപയായി ഉയർന്നു.മറ്റു മൽസ്യങ്ങളുടെ വിലയും ഇരട്ടിയോളം ഉയർന്നിട്ടുണ്ട്.

കണ്ണൂർ സർവകലാശാലയുടെ മൂല്യനിർണ്ണയം നടത്താത്ത ഉത്തരക്കടലാസ് വഴിയരികിൽ

keralanews an unevaluated answer sheet of kannur university found near the road side

കണ്ണൂർ:കണ്ണൂർ സർവകലാശാലയുടെ മൂല്യനിർണ്ണയം നടത്താത്ത ഉത്തരക്കടലാസ് വഴിയരികിൽ.ഫലം പ്രസിദ്ധീകരിച്ച പരീക്ഷയുടെ ഉത്തരക്കടലാസാണ് വഴിയരികിൽ കണ്ടെത്തിയത്.സർവകലാശാല ബിരുദ ഫലം തടഞ്ഞുവെച്ച വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് വഴിയരികിൽ നിന്നും ലഭിച്ച പാപ്പിനിശ്ശേരി സ്വദേശി അത് കെഎസ്‌യു ഓഫീസിൽ എത്തിക്കുകയായിരുന്നു.മാനന്തവാടി ഗവ.കോളേജിലെ ബി.എ ഇംഗ്ലീഷ് ആറാം സെമസ്റ്റർ വിദ്യാർത്ഥി ടോം.കെ.ഷാജിയുടെ ഫിലിം സ്റ്റഡീസിന്റെ ഉത്തരക്കടലാസാണ് കളഞ്ഞുകിട്ടിയത്.2017 മേയിലാണ് പരീക്ഷ നടന്നത്.ജൂണിൽ ഫലം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ടോമിന്റെ ഫലം സർവകലാശാല തടഞ്ഞുവെയ്ക്കുകയായിരുന്നു. ഭിന്നശേഷിക്കാരനായ ടോം സഹായിയെ ഉപയോഗിച്ചാണ് പരീക്ഷ എഴുതിയത്.പ്രൊജക്റ്റ് സമർപ്പിക്കാത്തതിനാലാണ് റിസൾട്ട് തടഞ്ഞുവെച്ചതെന്നായിരുന്നു സർവകലാശാല അധികൃതർ നൽകിയ വിശദീകരണം. സംഭവത്തെ തുടർന്ന് കെഎസ്‌യു പ്രവർത്തകർ സർവകലാശാല വൈസ് ചാൻസലറെ ഉപരോധിച്ചു.അതേസമയം പുറത്തു നിന്നും ലഭിച്ച ഉത്തരക്കടലാസ് യാഥാർത്ഥത്തിലുള്ളതാണോയെന്ന് പരിശോധിക്കുമെന്ന് വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.മൂന്നു ദിവസത്തിനുള്ളിൽ ഇതേ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഖി ചുഴലിക്കാറ്റ്;കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും

keralanews ockhi cyclone the search for missing person will continue today

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ എട്ടാം ദിവസമായ ഇന്നും തുടരും.കൊച്ചിയിൽ നിന്നും ആറു മൽസ്യത്തൊഴിലാളികളുമായി നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി എന്ന കപ്പൽ തിരച്ചിൽ തുടങ്ങി.മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ്ഗാർഡിന്റെയും തിരച്ചിൽ സംഘങ്ങളും കേരള-ലക്ഷദ്വീപ് തീരത്തുണ്ട്.ചെന്നൈയിൽ നിന്നും മുംബൈയിൽ നിന്നും എത്തിയ നേവി കപ്പലുകളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.കടലിൽപ്പെട്ട 36 പേരെ കോസ്റ്റ് ഗാർഡ് ഇന്നലെ കരയ്‌ക്കെത്തിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്തു ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ കാണാതായത് തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയിൽ നിന്നാണ്.ഓഖി നാശം വിതച്ച സംസ്ഥാനത്തെ തീരദേശ ഗ്രാമങ്ങൾ ഇനിയും സാധാരണ നിലയിലെത്തിയിട്ടില്ല.സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് എത്രയും പെട്ടെന്ന് നടപ്പിലാക്കുകയാണ് പ്രതിസന്ധി മറികടക്കുവാനുള്ള ഏക മാർഗം.

മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിനുള്ള തീരുമാനം മരവിപ്പിച്ചു

keralanews the decision to shut down passport office in malappuram was frozen

മലപ്പുറം:മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിനുള്ള തീരുമാനം മരവിപ്പിച്ചു.കേന്ദ്ര വിദേശകര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.ഇതുവരെ പ്രവർത്തിച്ചിടത്തു തന്നെ ഇനിയും തുടരാനാണ് ഉത്തരവ്.ഒരുമാസത്തേക്ക് കൂടി കെട്ടിടമുടമയുമായുള്ള കരാർ തുടരാനും ഉത്തരവിൽ ആവശ്യപ്പെടുന്നു. കോഴിക്കോട്ടെ പാസ്പോർട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്‍റെ ഭാഗമായി മലപ്പുറത്തെ ഓഫീസ് കഴിഞ്ഞമാസം അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു. ഇതോടെ ആവശ്യക്കാർ ഇനി കോഴിക്കോട് കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കു കാര്യങ്ങളെത്തി.ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവ്.

നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ ഹാജരാകാൻ ദിലീപിന് സമൻസ്

keralanews dileep gets summons to appear before the court

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ ഹാജരാകാൻ ദിലീപിന് സമൻസ്. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം സ്വീകരിച്ച ശേഷമാണ് കോടതി ദിലീപിന് സമൻസ് അയച്ചിരിക്കുന്നത്.ഈ മാസം 19 ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. ദിലീപിനെ കൂടാതെ വിഷ്ണു,മേസ്തിരി സുനിൽ എന്നിവർക്കും കോടതി സമൻസ് അയച്ചിട്ടുണ്ട്. കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന സൂക്ഷമ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കോടതി ഈ കുറ്റപത്രം സ്വീകരിച്ചത്.കുറ്റപത്രം പരിശോധിക്കുന്നതിനിടെ കോടതി അന്വേഷണ സംഘത്തോട് സാങ്കേതിക സംശയങ്ങൾ ഉന്നയിച്ചിരുന്നു.സംശയങ്ങൾ തീർത്ത കുറ്റപത്രമാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.പ്രതികൾക്കെതിരെ കൂട്ടബലാൽസംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നതിനാൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് തുടർനടപടികൾ നടക്കുക.