ഓഖി ചുഴലിക്കാറ്റ്;രക്ഷപ്പെട്ട 32 മൽസ്യത്തൊഴിലാളികൾ മടക്കര തീരത്തെത്തി

keralanews ockhi cyclone 32 fishermen reaches madakkara coast

ചെറുവത്തൂർ:ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിലകപ്പെട്ട 32 മത്സ്യത്തൊഴിലാളികൾ കർണാടക വഴി ചെറുവത്തൂർ മടക്കര തുറമുഖത്ത് എത്തി.തീരദേശ സേനയുടെ സഹായത്തോടെ ഇന്നലെ ഉച്ചയ്ക്കാണ് ഇവർ എത്തിയത്. 22 ദിവസം മുൻപ് മൂന്നു ബോട്ടുകളിലായാണ് ഇവർ കടലിൽ പോയത്.കന്യാകുമാരി ജില്ലയിലെ തൂത്തൂർ സ്വദേശികളായ 27 പേർ, കൊല്ലം ജില്ലയിൽനിന്നുള്ള നാലുപേർ,ഒരു ആസാം സ്വദേശി എന്നിവരാണ് രക്ഷപ്പെട്ട് എത്തിയവരുടെ കൂട്ടത്തിലുള്ളത്.ഓഖി ചുഴലിക്കാറ്റിൽപ്പെട്ടുപോയ ഇവർ ഗുജറാത്ത് തീരത്തേക്കു പോകുന്നതിനിടെ കർണാടകയിലെ കാർവാറിൽ എത്തിപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിൽ കടൽ അസാധാരണമായി നിശബ്ദമായിരുന്നുവെന്നും  പിന്നീട് തിരമാലകൾ ഇരമ്പിയാർത്തപ്പോൾ ബോട്ടുകൾ കാർവാർ തീരത്ത് അടുപ്പിക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു .അവിടെ തങ്ങിയ ഇവർ സംസ്ഥാന സർക്കാർ വൃത്തങ്ങളെ വിവരം അറിയിച്ചു. കടൽ ശാന്തമാകുന്നതുവരെ അവിടെ കഴിച്ചുകൂട്ടിയ ഇവരെ തീരദേശ സേനയുടെ അഴിത്തല സ്റ്റേഷനിലെ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയോടെ മടക്കരയിലെത്തിച്ചത്. മടക്കര ഹാർബറിൽ എത്തിയ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്‍റെ അടിയന്തര സഹായമായി 2000 രൂപ വീതം നൽകി. ബോട്ടുകൾക്ക് 750 ലിറ്റർ വീതം ഇന്ധനവും സർക്കാർ ചെലവിൽ എത്തിച്ചുകൊടുത്തു.തൊഴിലാളികളെല്ലാം ഇന്നലെ വൈകുന്നേരത്തോടെ ബോട്ടിൽതന്നെ നാട്ടിലേക്ക് തിരിച്ചു.

ശബരിമലയിൽ വൻ ഭക്തജന തിരക്ക്

keralanews huge crowd of devotees in sabarimala

പത്തനംതിട്ട:അവധി ദിവസമായതിനാൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്.മണിക്കൂറുകൾ നീണ്ട ക്യൂ ആണ് സന്നിധാനത്ത് തുടരുന്നത്.തിരക്കിനെ തുടർന്ന് പമ്പയിൽ ഭക്തരെ വടം കെട്ടിയാണ് നിയന്ത്രിക്കുന്നത്.ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച ശബരിമല യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ഇതാണ് തിരക്ക് കൂടാൻ കാരണമായത്.നിലയ്ക്കലിൽ നിന്നും കാറുകൾ  ഒഴികെയുള്ള വാഹനങ്ങൾ ഒന്നും തന്നെ പമ്പയിലേക്ക് കടത്തി വിടുന്നില്ല.ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്.

ഓഖി ചുഴലിക്കാറ്റ്;ലക്ഷദ്വീപിൽ കുടുങ്ങിയ 67 പേർ കൊച്ചിയിലെത്തി

keralanews 67persons who got trapped in lakshadweep reached kochi

കൊച്ചി:ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ലക്ഷദ്വീപിൽ കുടുങ്ങിയ 67 പേരുകൂടി കൊച്ചിയിലെത്തി. ആറുബോട്ടുകളിലായാണ് ഇവർ തീരത്തെത്തിയത്.ഇവരിൽ പതിനൊന്നു പേർ മലയാളികളും ബാക്കിയുള്ളവർ തമിഴ്‌നാട് സ്വദേശികളുമാണ്.ചുഴലിക്കാറ്റിൽപ്പെട്ട് ലക്ഷ്ദ്വീപിൽ അകപ്പെട്ട ഇവർ അവിടെ ആശുപത്രികളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലുമായി കഴിയുകയായിരുന്നു. എന്നാൽ കടൽ ശാന്തമായതോടെ ഇവരിൽ ആരോഗ്യമുള്ളവരെ കൊച്ചിയിലേക്ക് കയറ്റിവിടുകയാണ് ലക്ഷദ്വീപ് അധികൃതർ.സ്വന്തം ബോട്ടുകളിൽ തന്നെയാണ് ഇവർ തീരമണഞ്ഞത്.ഇവരിൽ അവശരായവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഓഖി ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മൽസ്യത്തൊഴിലാളികളുമായി വ്യോമസേനയും കോസ്റ്റ് ഗാർഡും തിരച്ചിലിനായി പുറപ്പെട്ടു. ചെറുബോട്ടുകളിൽ പോയ 95 പേരെ കൂടി ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്.എന്നാൽ തിരുവനന്തപുരത്തു നിന്നും പോയ 285 പേർ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീൻ കത്തോലിക്കാ സഭ പറയുന്നു.

ഓഖി ദുരന്തം;ആലപ്പുഴയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു

keralanews ockhi tragedy one deadbody found from alappuzha

കൊച്ചി:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ആലപ്പുഴ തീരത്തു നിന്നും 40 നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.രാത്രി പത്തുമണിയോടുകൂടി മൃതദേഹം ആലപ്പുഴ അഴീക്കൽ ഹാർബറിൽ എത്തിക്കുമെന്നാണ് വിവരം.ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് തിരച്ചിൽ നടത്തിയത്.

ഓഖി ദുരന്തം;കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പത്തു ദിവസം കൂടി തുടരണമെന്ന് സർക്കാർ

keralanews ockhi tragedy the search for missing persons will continue for ten days

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽ കാണാതായവർക്കായുള്ള തിരച്ചിൽ പത്തുദിവസം കൂടി തുടരണമെന്ന് സർക്കാർ കോസ്റ്റ് ഗാർഡ്,വ്യോമ-നാവിക സേന എന്നിവരോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രെട്ടറി  നേവിക്കും കോസ്റ്റ് ഗാർഡിനും കത്തയച്ചിട്ടുണ്ട്.നാവിക സേനയും തീരദേശ സേനയും ആവശ്യമായ കപ്പലുകൾ ഉപയോഗിച്ച് ആഴക്കടലിൽ തിരച്ചിൽ നടത്തണമെന്നും മത്സ്യത്തൊഴിലാളികളെ തിരച്ചിലിനു ഒപ്പം കൂട്ടണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.രക്ഷപ്പെടുന്നവർക്ക് ചികിത്സ നൽകുന്നതിനും കണ്ടെത്തുന്ന മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിന് തീരദേശങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് ആരോഗ്യ വകുപ്പിന് നിർദേശം നൽകും.പത്തു ദിവസത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും ചീഫ് സെക്രെട്ടറി പറഞ്ഞു.

കട്ടപ്പനയിൽ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

keralanews mother killed her eight days old baby

കട്ടപ്പന:കട്ടപ്പനയിൽ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു. സംഭവത്തിൽ കട്ടപ്പന മുറിക്കാടുകുടി സ്വദേശിനി സന്ധ്യയെ പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.എന്നാൽ കുഞ്ഞിന്റെ കഴുത്തിൽ പാടും മുറിവും കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.പിന്നീട് നടന്ന പോസ്റ്റ്‌മോർട്ടത്തിലെ കുഞ്ഞു മരിച്ചത് ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തുകയായിരുന്നു.ഇതേ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സന്ധ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

പാനൂരിൽ ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ പൈപ്പിടൽ നാട്ടുകാർ തടഞ്ഞു

keralanews the local persons blocked the pipeline work of gail pipeline project

കണ്ണൂർ:പാനൂരിൽ ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ പൈപ്പിടൽ നാട്ടുകാർ തടഞ്ഞു.അറിയിപ്പ് നൽകാതെ പണി തുടങ്ങിയെന്ന് ആരോപിച്ചാണ് നാട്ടുകാർ പണി തടഞ്ഞത്.64 കിലോമീറ്റർ ദൂരത്തേക്കുള്ള പൈപ്പിടൽ ജോലിയാണ് നാട്ടുകാർ നിർത്തിവെയ്പ്പിച്ചത്.പൈപ്പിടൽ നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാർ പ്രതിഷേധമാർച്ചും സംഘടിപ്പിച്ചു.എന്നാൽ മാർച്ച് പോലീസ് തടഞ്ഞു.

കണ്ണൂർ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾ നടത്താനിരുന്ന സമരം പിൻവലിച്ചു

keralanews the strike of municipality workers has been withdrawn

കണ്ണൂർ:കണ്ണൂർ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾ നടത്താനിരുന്ന സമരം പിൻവലിച്ചു.മേയർ ഇ.പി ലതയുടെ സാനിധ്യത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും പരിഗണിക്കുന്നില്ല എന്ന പരാതിയുമായി രാഷ്ട്രീയ ഭേതമില്ലാതെയാണ് യൂണിയനുകൾ സമരം ചെയ്യാൻ തീരുമാനിച്ചത്. രണ്ടുതവണ സൂചനസമരം നടത്തിയിട്ടും ചർച്ചയ്ക്കുപോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് രാപ്പകൽ സമരമെന്ന തീരുമാനത്തിൽ യൂണിയനുകൾ എത്തിയത്.തൊട്ടുപിന്നാലെ ഐഎൻടിയുസിയും രംഗത്തെത്തി.ഇതോടെയാണ് മേയർ ചർച്ചയ്‌ക്കെത്തിയത്.ശമ്പള കുടിശ്ശിക ഒരുമാസത്തിനകം നൽകും,ഡി എ കുടിശ്ശിക പിഎഫിലേക്ക് അടയ്ക്കും,തൊഴിലുപകരണങ്ങൾ നൽകും,മാലിന്യം കൊണ്ടുപോകാനുള്ള വാഹനങ്ങൾ ഉടനെ നന്നാക്കി നൽകും, തൊഴിലാളികളുടെ ക്വാർട്ടേഴ്‌സുകൾ നവീകരിക്കാനുള്ള നടപടിയെടുക്കും,യൂണിഫോം തുന്നിക്കാനുള്ള കൂലി ഉടൻ നൽകും എന്നിവയാണ് ചർച്ചയിൽ ഉണ്ടായ പ്രധാന തീരുമാനങ്ങൾ. ഈ മാസം പതിമൂന്നിന് രാപ്പകൽ സമരം തുടങ്ങാനായിരുന്നു സിഐടിയു തീരുമാനിച്ചിരുന്നത്. പന്ത്രണ്ടാം തീയതി കളക്റ്ററേറ്റ് മാർച്ച് നടത്തുവാൻ ഐഎൻടിയുസിയും തീരുമാനിച്ചിരുന്നു.ഈ രണ്ടുസമരങ്ങളും ചർച്ചയെ തുടർന്ന് പിൻവലിച്ചിരിക്കുകയാണ്.

കല്യാട് ചെങ്കൽപ്പണ ഇടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്

keralanews two injured when the laterite stone quarry collapsed in kallyad

ഇരിക്കൂർ:ഖനനം നടന്നുകൊണ്ടിരിക്കെ ചെങ്കൽപ്പണ ഇടിഞ്ഞു വീണ് രണ്ടുപേർക്ക് പരിക്കേറ്റു.കല്യാട് ചുങ്കസ്ഥാനത്ത് കെ.പി.ആർ പണയിലാണ് അപകടം നടന്നത്.രണ്ട് ചെങ്കൽ ഖനന യന്ത്രങ്ങളും ഒരു മിനി ലോറിയും മണ്ണിനടിയിൽപ്പെട്ടു.നൂറിലധികം തൊഴിലാളികൾ ഇവിടെ തൊഴിൽ ചെയ്യുന്നുണ്ട്. ഉച്ചസമയമായതിനാൽ എല്ലാവരും  ഊണുകഴിക്കാൻ പോയിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.30 അടിയോളം ഉയരമുള്ള പണയുടെ ഭിത്തി തകർന്ന് ഖനന സ്ഥലത്തേക്ക് പതിക്കുകയായിരുന്നു.സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെടുന്നതിനിടെ കല്ലുകൾ തെറിച്ചാണ് ഇവർക്ക് പരിക്കേറ്റത്.ഖനനം നടക്കുന്ന സ്ഥലത്തുതന്നെ നിർത്തിയിട്ടിരിക്കുകയായിരുന്ന ഖനന യന്ത്രങ്ങളും മിനിലോറിയും ഇതോടെ മണ്ണിനടിയിൽപ്പെട്ടു. മറ്റുസ്ഥലങ്ങളിൽ നിന്നും ജെസിബി എത്തിച്ചാണ് മണ്ണിനടിയിൽ മൂടിക്കിടന്ന ലോറികളും ഖനന യന്ത്രങ്ങളും പുറത്തെടുത്തത്.

റോഡ് നന്നാക്കുന്നതിനിടെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് തലശ്ശേരി-മാഹി ബൈപ്പാസിന്റെ പ്രവൃത്തി നിർത്തിവെച്ചു

keralanews thalasseri mahe bypass work stopped when the bomb was discoverd from the road side

തലശ്ശേരി:റോഡ് നന്നാക്കുന്നതിനിടെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് തലശ്ശേരി-മാഹി ബൈപ്പാസിന്റെ പ്രവൃത്തി നിർത്തിവെച്ചു.കേരളം-മാഹി അതിർത്തിയിൽ പാറാലിലാണ് ബോംബ് കണ്ടെത്തിയത്.15 മീറ്റർ മാത്രമേ പ്രവൃത്തി തീരാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്നാൽ ബോംബ് കണ്ടെത്തിയതോടെ കരാറുകാർ പണി തുടരാൻ വിസമ്മതിക്കുകയായിരുന്നു. തൊഴിലാളികളും പണിയെടുക്കാൻ തയ്യാറായില്ല.പാറാൽ രാഷ്ട്രീയ സംഘർഷം നടക്കുന്ന സ്ഥലമാണെന്നും അതിനാൽ ഇനിയും ബോംബ് കണ്ടെത്തിയേക്കാമെന്ന് നാട്ടുകാർ പറഞ്ഞതായി കരാറുകാർ അറിയിച്ചു.തൊഴിലാളികൾക്ക് പണിയെടുക്കാൻ ഭയമുണ്ടെന്ന് ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും കരാറുകാർ പറഞ്ഞു.എന്നാൽ കിട്ടിയത് ബോംബാണെന്ന് ഉറപ്പിക്കാനാകില്ലെന്നും ചിലപ്പോൾ ടെന്നീസ് ബോളിനു മുകളിൽ ബോംബ് കെട്ടുന്ന മാതൃകയിൽ കെട്ടിയതായിരിക്കാമെന്നും പോലീസ് പറഞ്ഞു.കാസർകോഡ് തലപ്പാടി മുതൽ ഇടപ്പള്ളിവരെ ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് തലശ്ശേരി-മാഹി ബൈപാസ്സ് നിർമിക്കുന്നത്.