തൃപ്പുണിത്തുറ:തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവനിലേറെ സ്വർണ്ണം കവർന്നു.ഇന്നലെ അർധരാത്രിയായിരുന്നു സംഭവം.കവർച്ച ശ്രമം തടയാനെത്തിയ ഗൃഹനാഥനെ കവർച്ച സംഘം ആക്രമിച്ചു.ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള പത്തംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ.തൃപ്പൂണിത്തുറ ഹിൽപാലസിന് സമീപം അനന്തകുമാർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്.50 പവനിലേറെ സ്വർണ്ണവും ക്രെഡിറ്റ് കാർഡുകളും പണവും മോഷണം പോയിട്ടുണ്ട്.വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന സംഘം വീട്ടുകാരെ കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്.ഇന്ന് നേരം പുലർന്ന ശേഷമാണ് സംഭവം പുറംലോകമറിയുന്നത്.ഇന്നലെ കൊച്ചി നഗരമധ്യത്തിലെ വീട്ടിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. അഞ്ചുപവനാണ് ഇവിടെ നിന്നും കവർന്നത്.
നടിയെ ആക്രമിച്ച കേസ്;ദിലീപ് കോടതിയിലെത്തി രേഖകൾ പരിശോധിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് കോടതിയിലെത്തി രേഖകൾ പരിശോധിച്ചു.മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ദിലീപ് രേഖകൾ പരിശോധിച്ചത്. അഭിഭാഷകനോടൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്.രേഖകൾ പരിശോധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കരുതെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.നിലവിൽ കേസിലെ ഒൻപതാം പ്രതിയാണ് ദിലീപ്.
കേരളത്തിലെ ആദ്യ ആറുവരി ബൈപാസ് കോഴിക്കോട്ട്
ന്യൂഡൽഹി:കേരളത്തിലെ ആദ്യ ആറുവരി ബൈപാസ്സിന് കേന്ദ്ര സർക്കാർ അനുമതി നൽകി.കോഴിക്കോട് വെങ്ങളം മുതൽ ഇടിമുഴിക്കൽ വരെ ബൈപാസ് നിർമിക്കുന്നതിനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിരിക്കുന്നത്.1425 രൂപയാണ് പദ്ധതിക്കായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്.എം.കെ. രാഘവൻ എംപിയുടെ ഇടപെടലിനെ തുടർന്നാണ് കേന്ദ്രനടപടി.
നടി ഭാവന വിവാഹിതയാകുന്നു;വിവാഹം ഈ മാസം 22 ന് തൃശ്ശൂരിൽ വെച്ച്
കൊച്ചി :നടി ഭാവനയും കന്നഡ സിനിമ നിർമാതാവ് നവീനുമായുള്ള വിവാഹം തീരുമാനിച്ചതായി റിപോർട്ട്.ഡിസംബർ 22 ന് തൃശ്ശൂരിൽ വെച്ച് നടക്കുന്ന ലളിതമായ ചടങ്ങിൽ വെച്ചാകും ഇരുവരും വിവാഹിതരാകുക എന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക എന്നും പറയുന്നു.ഭാവനയുടെ വിവാഹത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു.വിവാഹം മുടങ്ങിയെന്നും നവീൻ വിവാഹത്തിൽ നിന്നും പിന്മാറിയെന്നും മറ്റുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് ഭാവനയോട് അടുത്തവൃത്തങ്ങൾ രംഗത്തെത്തിയിരുന്നു.അടുത്ത വർഷം ജനുവരിയിൽ വിവാഹം ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.ഇതിനു ശേഷമാണ് വിവാഹം ഈ മാസം 22 ന് നടക്കുമെന്ന പുതിയ വിവരം പുറത്തു വരുന്നത്.
വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസിൽ സുരേഷ് ഗോപിയുടെ അറസ്റ്റ് മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു
കൊച്ചി:വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത കേസിൽ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു.അന്വേഷണത്തോട് സഹകരിക്കാനും സുരേഷ് ഗോപിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.കേസിൽ മുൻകൂർ ജാമ്യം തേടി സുരേഷ് ഗോപി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
മട്ടന്നൂർ കീച്ചേരിയിൽ ലീഗ് ഓഫീസിനു നേരെ ആക്രമണം
മട്ടന്നൂർ:മട്ടന്നൂർ കീച്ചേരിയിൽ ലീഗ് ഓഫീസിനു നേരെ ആക്രമണം.ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കീച്ചേരി കനാലിനു സമീപത്തുള്ള ഓഫീസിന് നേരെയാണ് അക്രമം നടന്നത്. ഓഫീസിന്‍റെ നെയിം ബോർഡുകൾ കീറി നശിപ്പിക്കുകയും ഷട്ടറുകളിലും വരാന്തയിലും പെയിന്‍റ് ഒഴിച്ചു വികൃതമാക്കുകയും ചെയ്തു.പെയിന്‍റ് ഉപയോഗിച്ചു ഓഫീസ് വരാന്തയിൽ അസഭ്യം എഴുതി വയ്ക്കുകയും ചെയ്തു.ശാഖ സെക്രട്ടറിയുടെ പരാതിയിൽ മട്ടന്നൂർ അഡീഷണൽ എസ്‌ഐ കെ.സുധാകരന്‍റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമത്തിൽ പ്രതിഷേധിച്ച് കീച്ചേരിയിൽ പ്രകടനം നടത്തി.
സ്കൂൾ ഉച്ചഭക്ഷണത്തിൽ ചീര,മുരിങ്ങയില,പപ്പായ എന്നിവ ഉൾപ്പെടുത്തണമെന്ന് നിർദേശം
കണ്ണൂർ:സ്കൂൾ ഉച്ചഭക്ഷണത്തിൽ ആഴ്ചയിൽ രണ്ടു തവണ ചീര,മുരിങ്ങയില,പപ്പായ എന്നിവ ഉൾപ്പെടുത്തണമെന്ന് നിർദേശം.പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടേതാണ് തീരുമാനം.ഒരു കുട്ടിക്ക് ദിവസം രണ്ടുരൂപയുടെ പച്ചക്കറിയെങ്കിലും നിർബദ്ധമായും നൽകണമെന്ന മുൻ തീരുമാനം ഉറപ്പുവരുത്തണമെന്നും പ്രിൻസിപ്പൽ സെക്രെട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സംസ്ഥാനതല ഹിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. അതേസമയം നിലവിൽ ഉച്ചഭക്ഷണത്തിന്റെ അഞ്ചുമാസത്തെ തുക കുടിശ്ശികയാണെന്ന് പ്രധാനാദ്ധ്യാപകർ പറയുന്നു.ഇതിനിടയിൽ മുരിങ്ങ,പപ്പായ എന്നിവ എങ്ങനെ സംഘടിപ്പിക്കുമെന്ന ആശങ്കയിലാണ് അധ്യാപകർ.മുന്നൂറു കുട്ടികളുള്ള ഒരു സ്കൂളിന് ഉച്ചഭക്ഷണത്തിന് 2250 രൂപയാണ് സർക്കാർ നൽകുന്നത്.എല്ലാ ദിവസവും ചോറ്,സാമ്പാർ,വറവ്,എന്നിവയ്ക്ക് പുറമെ ആഴ്ചയിൽ രണ്ടു തവണ ഒരു കുട്ടിക്ക് 150 മില്ലിലിറ്റർ വീതം പാലും രണ്ടു ദിവസം പുഴുങ്ങിയ മുട്ട അല്ലെങ്കിൽ പഴം എന്നിവയും നൽകണം.കൂടാതെ വിറകടുപ്പ് ഉപയോഗിക്കരുത് എന്ന നിർദേശത്തെ തുടർന്ന് പാചകവാതകമാണ് ഉപയോഗിക്കുന്നത്.300 കുട്ടികളുള്ള ഒരു സ്കൂളിൽ മാസം ആറു പാചകവാതക സിലിണ്ടറുകൾ വേണം.സബ്‌സിഡിയില്ലാത്തതിനാൽ ഇതിനു മാസം 4800 രൂപ വേണ്ടിവരും.ഇതൊക്കെ കൂടി പ്രതിമാസം 55000-ത്തിലധികം രൂപ വേണം.എന്നാൽ സർക്കാരിൽ നിന്നും ലഭിക്കുന്നത് 47,000 രൂപയും.പാചക തൊഴിലാളികൾക്കുള്ള കൂലിയും കുടിശ്ശികയാണ്.
മാടായിപ്പാറയിൽ വൻ തീപിടുത്തം
പഴയങ്ങാടി:മാടായിപ്പാറയിൽ തീപിടുത്തം.തെക്കിനാക്കീൽ കോട്ടയ്ക്ക് സമീപമാണ് ഇന്നലെ വൈകുന്നേരം നാലുമണിയോട് കൂടി തീപിടുത്തമുണ്ടായത്.അഞ്ചേക്കറോളം സ്ഥലത്തെ പുൽമേടുകൾ കത്തിനശിച്ചു. പയ്യന്നൂരിൽ നിന്നുമെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
‘അക്ഷയപാത്രം’ ഈ മാസം 17 മുതൽ;ലക്‌ഷ്യം വിശപ്പില്ലാത്ത കണ്ണൂർ
കണ്ണൂർ:വിശപ്പില്ലാത്ത കണ്ണൂർ എന്ന ലക്ഷ്യവുമായി ‘അക്ഷയപാത്രം’ പദ്ധതിക്ക് കണ്ണൂരിൽ ഈമാസം 17 ന് തുടക്കമാകും.മന്ത്രി കെ.കെ ശൈലജ പദ്ധതി ഉൽഘാടനം ചെയ്യും.കണ്ണൂർ ജില്ലാ പൊലീസാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.പദ്ധതി ആരംഭിച്ചാൽ നഗരത്തിൽ അലഞ്ഞു നടക്കുന്നവർക്കും വിശന്നു തളർന്നു വരുന്നവർക്കും കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷന്റെ മുന്നിൽ ഒരുക്കിയ പ്രത്യേക കേന്ദ്രത്തിലെത്തി വിശപ്പടക്കാം.ഇതിനായി സ്റ്റേഷന്റെ മുറ്റത്ത് ഫുഡ് ഫ്രീസർ സ്ഥാപിച്ച് അതിലായിരിക്കും ഭക്ഷണം സൂക്ഷിക്കുക.എല്ലാ ദിവസവും രാവിലെ മുതൽ ഇവിടെ നിന്നും ഭക്ഷണം ലഭിക്കും.വിശക്കുന്നവർക്ക് ഇവിടെയെത്തി ഫ്രീസറിൽ നിന്നും ഭക്ഷണം എടുത്തു കഴിക്കാം.പോലീസുകാർക്ക് പുറമെ വ്യക്തികൾക്കോ സംഘടനകൾക്കോ ഭക്ഷണം സ്പോൺസർ ചെയ്യാവുന്നതാണ്. അത്താഴക്കൂട്ടം കൂട്ടായ്‌മയ്‌ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.പദ്ധതിയുടെ ദുരുപയോഗം തടയാൻ ഭക്ഷണ കേന്ദ്രത്തിൽ സിസിടിവി ക്യാമറകളും സ്ഥാപിക്കും.പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവർക്ക് 9544594444,9447670322 തുടങ്ങിയ ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ആത്മഹത്യ കുറിപ്പ് വാട്ട്സ് ആപ്പ് ചെയ്ത് ബാങ്ക് ട്രേഡ് യൂണിയൻ മുൻ നേതാവ് ആത്മഹത്യ ചെയ്തു
കൊച്ചി:ആത്മഹത്യ കുറിപ്പ് സുഹൃത്തുക്കൾക്ക് വാട്ട്സ് ആപ്പ് ചെയ്ത് ബാങ്ക് ട്രേഡ് യൂണിയൻ മുൻ നേതാവ് ആത്മഹത്യ ചെയ്തു.എളമക്കര സ്വദേശി വി.പ്രേമചന്ദ്ര കമ്മത്താണ് വീട്ടിൽ തൂങ്ങി മരിച്ചത്.ബുധനാഴ്ച രാത്രി 12.30 ഓടെയാണ് പ്രേമചന്ദ്ര കമ്മത്ത് ‘അന്ത്യയാത്ര’ എന്ന തലക്കെട്ടോടെ തന്റെ ആത്മഹത്യ കുറിപ്പ് സുഹൃത്തുക്കൾക്ക് വാട്ട്സ് ആപ്പ് ചെയ്തത്.ബാങ്കിങ് യൂണിയൻ രംഗത്തെ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് കീഴിലുള്ള ലോർഡ് കൃഷ്ണ ബാങ്ക് എംപ്ലോയീസ് യൂണിയൻ നേതാവായിരുന്ന കമ്മത്തിനെ ബാങ്കിൽ നിന്നും പുറത്താക്കിയിരുന്നു.ബാങ്കിലെ കള്ളക്കളികൾ റിസർവ് ബാങ്കിനെ അറിയിച്ചതിനാലാണ് തന്നെ ബാങ്കിൽ നിന്നും പുറത്താക്കിയതെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.ബാങ്കിങ് രംഗത്തെ അഴിമതിക്കെതിരെ ജോലിയിലുള്ളപ്പോഴും അതിനു ശേഷവും പോരാട്ടം നടത്തിയ വ്യക്തിയാണ് വി.പി കമ്മത്ത്.