തിരുവനന്തപുരം:കാർഷികോല്പന്നങ്ങൾ ബ്രാൻഡ് ചെയ്തുള്ള വിപണന പദ്ധതിക്ക് കേരളത്തിൽ തുടക്കം.വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.തളിർ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ തുറക്കും.സംസ്ഥാനത്തെ ആദ്യ തളിർ റീറ്റെയ്ൽ ഔട്ട്ലെറ്റ് ചൊവ്വാഴ്ച കൊട്ടാരക്കരയിൽ ഉൽഘാടനം ചെയ്യും.അതാതു ജില്ലകളിലെ വി എഫ് പി സി കെ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കി പായ്ക്ക് ചെയ്ത് വിൽപ്പനനടത്താനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. പഴം,പച്ചക്കറി എന്നിവയ്ക്ക് പുറമെ മിൽമ,ഓയിൽ പാം, കേരഫെഡ്,കെപ്കോ എന്നിവയുടെ ഉൽപ്പന്നങ്ങളും തളിർ ഔട്ട്ലെറ്റ് വഴി ലഭ്യമാക്കും. വിപണിയിൽ ലഭ്യമല്ലാത്തവ ഹോട്ടി കോപ്പ് വഴി ശേഖരിക്കും.കീടനാശിനികൾ തളിക്കാത്ത ശുദ്ധവും ജൈവവുമായ പച്ചക്കറികൾ ജനങ്ങളിൽ എത്തിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.കൂടാതെ തളിർ കേന്ദ്രത്തിൽ നിന്നും പാകം ചെയ്യാൻ വിധത്തിൽ മുറിച്ചു കവറുകളിലാക്കിയ പച്ചക്കറികളും ലഭിക്കും.വി എഫ് പി സി കെ ആണ് റെഡി ടു കുക്ക് എന്ന പേരിൽ പച്ചക്കറി കഷണങ്ങളാക്കി വിപണിയിലെത്തിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ ഫെബ്രുവരിയിൽ പരീക്ഷണപ്പറക്കൽ നടത്തും
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ ഫെബ്രുവരിയിൽ പരീക്ഷണപ്പറക്കൽ നടത്തും. വിമാനത്താവളത്തിന്റെ 95 ശതമാനം പണിയും പൂർത്തിയായി. സെപ്റ്റംബറോടെ വിമാനത്താവളം കമ്മീഷൻ ചെയ്യാനാകുമെന്നും കിയാൽ എം ഡി പി.ബാലകിരൺ പറഞ്ഞു.ജനുവരി 31 ന് നിർമാണപ്രവർത്തികൾ പൂർത്തിയാകും.ഗ്രീൻ ഫീൽഡ് വിമാനത്താവളമായതിനാൽ ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ,എയർപോർട്ട് അതോറിറ്റി, നാവിഗേഷൻ ലൈസൻസുകൾ എന്നിവ ലഭിക്കാൻ താമസമുള്ളതിനാലാണ് കമ്മീഷനിങ് സെപ്റ്റംബർ വരെ നീളുന്നത്. വിമാനത്താവളത്തിന്റെ 3050 മീറ്റർ റൺവെ പൂർത്തിയായി. ജനുവരി ആദ്യം റഡാർ സെറ്റിങ്ങും പൂർത്തിയാക്കും.700 കാറുകൾക്കും 200 ടാക്സികൾക്കും 25 ബസുകൾക്കും ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യവും വിമാനത്താവളത്തിൽ ഉണ്ടാകും.48 ചെക്കിങ് കൌണ്ടർ,16 എമിഗ്രേഷൻ കൌണ്ടർ,16 കസ്റ്റംസ് കൌണ്ടർ,12 എസ്‌കലേറ്റർ,15 എലിവേറ്റർ എന്നിവയും ഉണ്ടാകും.പാസ്സന്ജർ ടെർമിനലിന്റെ വലുപ്പത്തിൽ രാജ്യത്ത് എട്ടാം സ്ഥാനമാണ് കണ്ണൂർ വിമാനത്താവളത്തിന്.4000 മീറ്റർ റൺവേക്കായി സ്ഥലം പൂർണ്ണമായും ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.ഇനിയും 250 ഏക്കറോളം സ്ഥലം ആവശ്യമായി വരും.റൺവേയുടെ വലിപ്പത്തിൽ രാജ്യത്തെ നാലാമത്തെ വിമാനത്താവളമായിരിക്കും കണ്ണൂർ എന്നും ബാലകിരൺ പറഞ്ഞു.വിമാനത്താവള പ്രദേശത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്നും 45 പേർക്ക് തൊഴിൽ നൽകും.ഇതിൽ 22 പേരുടെ നിയമനം നടന്നുവരുണ്ട്.മറ്റു മേഖലകയിലായി രണ്ടായിരത്തോളം തൊഴിലവസരങ്ങളും ഉണ്ടാകും. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 64 സിഐഎസ്എഫുകാരെ നിയമിച്ചു.കസ്റ്റംസിൽ 78 പേരെയും നിയമിക്കും.
കേരളതീരത്ത് ഭീമൻ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:കേരളതീരത്ത് ഭീമൻ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് 2.5 മുതൽ 2.7 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.കാലാവസ്ഥ നിരീക്ഷണകേന്ദ്രമാണ് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കടലിൽ ഇറങ്ങുന്നവരും മൽസ്യബന്ധന തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ചോർന്നു എന്ന ദിലീപിന്റെ ഹർജിയിൽ വാദം പൂർത്തിയായി
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായി സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നാരോപിച്ച് നടൻ ദിലീപ് നൽകിയ ഹർജിയിൽ ഇന്ന് കോടതിയിൽ വാദം പൂർത്തിയായി.കേസ് വിധിപറയാനായി ഈ മാസം 23 ലേക്ക് മാറ്റി.മാധ്യമങ്ങൾക്ക് കുറ്റപത്രം ചോർത്തി നൽകിയത് പോലീസ് തന്നെയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.മറ്റു മാർഗങ്ങളിൽ കൂടി കുറ്റപത്രം ചോരുന്നതിന് പോലീസ് ക്ലബ്ബിന്റെ സമീപത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കട പോലും ഇല്ലെന്നും പോലീസിന്റെ അറിവോടെ ക്ലബ്ബിൽ നടന്ന നീക്കങ്ങളുടെ ഭാഗമായാണ് കുറ്റപത്രം ചോർന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.എന്നാൽ ദിലീപ് ഹരിചന്ദ്രനൊന്നുമല്ലെന്നു പ്രോസിക്യൂഷൻ പരാമർശിച്ചു.ഫോൺ രേഖകൾ അടക്കമുള്ള പ്രധാന തെളിവുകൾ ദിലീപ് കോടതിയിൽ നിന്നും അപേക്ഷ നൽകി വാങ്ങിയിരുന്നു.ഇത് ദിലീപ് മാധ്യമങ്ങൾക്ക് നൽകിയിരുന്നു.ഇത്തരത്തിലുള്ള ദിലീപ് ഹരിശ്ചന്ദ്രൻ ചമയേണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഓഖി ചുഴലിക്കാറ്റിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി
കോഴിക്കോട്:ഓഖി ചുഴലിക്കാറ്റിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കോഴിക്കോട് തീരത്തു നിന്നും കണ്ടെത്തി.ഇതോടെ ദുരിതത്തിൽ മരിച്ചവരുടെ എണ്ണം 74 ആയി.നാവിക സേനയുടെ ഐഎൻഎസ് സുഭദ്ര എന്ന കപ്പൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.വൈകുന്നേരം അഞ്ചുമണിയോടെ ഈ മൃതദേഹങ്ങൾ കരയ്‌ക്കെത്തിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.പോസ്റ്മോർട്ടത്തിനും ഡി എൻ എ ടെസ്റ്റ് നടത്തുന്നതിനുമായി ഇവ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. മൽസ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്നാണ് നാവികസേന തിരച്ചിൽ നടത്തിയത്.
ചീമേനിയിലെ റിട്ടയേർഡ് അധ്യാപികയുടെ കൊലപാതകം; അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും
കാസർകോഡ്:ചീമേനിയിൽ മോഷണത്തിനിടെ റിട്ടയേർഡ് അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് സംഘം കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കു തിരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വാഹനത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വാഹനം കർണാടകയിൽനിന്നും കടന്നുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൃത്യം നടത്തിയ സംഘത്തിൽ പ്രൊഫഷണൽ കൊലയാളിയുണ്ടെന്നതാണ് പോലീസിന്‍റെ വിലയിരുത്തൽ.ആദ്യം ആക്രമണത്തിനിരയായ കൃഷ്ണൻ മാസ്റ്റർ പോലീസിനു നൽകിയ സൂചനകളും നിഗമനം ശരിവയ്ക്കുന്നതാണ്. എങ്കിലും പ്രദേശത്തെക്കുറിച്ച് കൃത്യമായി അറിയുന്ന ഒരാൾ സംഘത്തിലുണ്ടായിരുന്നിരിക്കാമെന്ന് പോലീസ് ഉറപ്പിക്കുന്നു. മലയാളത്തിൽ കാര്യങ്ങൾ ചോദിച്ചതും സംഘത്തിലെ മറ്റുള്ളവരുമായി ഹിന്ദിയിൽ സംസാരിച്ചതും ഈ വീടിനെയും വീട്ടുകാരെയും കുറിച്ച് നന്നായി അറിയുന്ന ഒരാളാകാമെന്നാണ് പോലീസ് പറയുന്നത്.കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കാര്യവട്ടം ക്യാമ്പസിലെ വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ടതായി പരാതി
തിരുവനന്തപുരം:കാര്യവട്ടം കോളേജ് ക്യാമ്പസ് വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ടതായി പരാതി.ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് വിദ്യാര്‍ഥികളെ പൂട്ടിയിട്ടത്.രാവിലെ ഏഴ് മണിക്ക് ഹോസ്റ്റൽ മുറി ഒഴിയണമെന്ന് വി.സി യുടെ നിർദേശം ഉണ്ടായിരുന്നു.മുറി വിട്ട് പോകാന്‍ തയ്യാറാകാത്തതിനാലാണ് വിദ്യാര്‍ഥികളെ പൂട്ടിയിട്ടത് എന്നാണ് പരാതി.മുറി ഒഴിയാത്തവരെ സസ്‌പെൻഡ് ചെയ്യണമെന്നും വി.സി അറിയിച്ചിരുന്നു.
ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി
കണ്ണൂർ:ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി.മേയർ ഇ.പി ലത സമ്മേളനം ഉൽഘാടനം ചെയ്തു.മുതിർന്ന അംഗം കെ.പി ചന്ദ്രസേനൻ പതാകയുയർത്തി.ആധാരം എഴുത്തുകാരുടെ ക്ഷേമനിധി ആനുകൂല്യവും പെൻഷനും വർധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ശനിയാഴ്ച രാവിലെ പത്തുമണിക്ക് സ്റ്റേഡിയം കോർണറിൽ നിന്നും പ്രകടനം ആരംഭിക്കും.പൊതു സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും.
അഴീക്കോട് ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു
അഴീക്കോട്:അഴീക്കോട് ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു.ഇതിൽ അഞ്ചുപേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.തെരുവിലെ കെ.കമല(62),മൗവ്വേരി ഭരതൻ(70),കച്ചേരിപ്പാറയിലെ അസീസ്(65),ചോറോൻ പ്രകാശൻ(45),നസ്രി(12) എന്നിവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സ്കൂളിൽ പോകുമ്പോഴാണ് നസ്രിയെ നായ ആക്രമിച്ചത്.നസ്റിക്ക് മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.രാവിലെ മുറ്റമടിക്കാൻ പുറത്തിറങ്ങിയ സമയത്താണ് കമലയെ നായ ആക്രമിച്ചത്.ഈ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നു നേരത്തെ പരാതിയുയർന്നിരുന്നു.ബൈക്ക് യാത്രക്കാർക്കും നായകൾ ഭീഷണിയാകുന്നുണ്ട്.നേരത്തെ നായയെ പിടിക്കാൻ പഞ്ചായത്ത് അധികൃതർ നടപടികളുമായി മുന്നോട്ട് പോയിരുന്നു.എന്നാൽ കുറച്ചു നായയെ കൊന്നൊടുക്കിയപ്പോൾ മുംബൈയിൽ നിന്നുള്ള ഒരു സാമൂഹിക സംഘടന ഇതിനെതിരെ അഴീക്കോട് പഞ്ചായത്ത് അധികൃതർക്ക് നോട്ടീസയച്ചു.കോടതിയിൽ ഹർജി നൽകുകയും ചെയ്തു.ഈ കേസ് ഇനിയും തീർന്നിട്ടില്ല.അതിനാൽ പഞ്ചായത്ത് ഈ വിഷയത്തിൽ നിസ്സഹായരാണെന്ന് വൈസ് പ്രസിഡന്റ് എ.സുരേശൻ പറഞ്ഞു.
ഓഖി ദുരന്തം;പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളം സന്ദർശിക്കും
തിരുവനന്തപുരം :ഓഖി ചുഴലിക്കാറ്റിലുണ്ടായ ദുരന്തം വിലയിരുത്തുന്നതിനും ദുരിതബാധിതരെ സന്ദർശിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തും.ഇത് സംബന്ധിച്ചുള്ള അറിയിപ്പ് കേരളത്തിന് ലഭിച്ചു.എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ല.പ്രധാനമന്ത്രി ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് ലത്തീൻ സഭ നേതൃത്വം അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ആദ്യം ലക്ഷദ്വീപ് സന്ദർശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി കേരളത്തിലെത്തുക.