തിരുവനന്തപുരം:ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തി.കേന്ദ്ര ആഭ്യന്തര അഡീഷണൽ സെക്രെട്ടറി ബിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്.മൂന്നു സംഘങ്ങളായി തിരിഞ്ഞായിരിക്കും ഇവർ സന്ദർശനം നടത്തുക.നാല് ദിവസം സംഘം ദുരിതബാധിത പ്രദേശം സന്ദർശിക്കും.തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,എറണാകുളം,തൃശൂർ,മലപ്പുറം എന്നീ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളാണ് സംഘം സന്ദർശിക്കുക.മുഖ്യമന്ത്രിയുമായും റെവന്യൂ മന്ത്രി അടക്കമുള്ളവരുമായും സംഘം കൂടിക്കാഴ്ച നടത്തും.നാശനഷ്ടം സംഭവിച്ച വീടുകൾ, റോഡുകൾ,ബോട്ടുകൾ എന്നിവയെല്ലാം സംഘം നേരിട്ട് കണ്ട വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും.
മട്ടന്നൂരിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു
മട്ടന്നൂർ:മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.ഇരിട്ടി ഗവ.ഹോമിയോ ആശുപത്രിയിലെ ഡോക്റ്റർ സുധീർ,ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്.അയ്യല്ലൂരിൽ വായനശാലയിൽ ഇരിക്കുകയായിരുന്ന ഇവരെ അക്രമി സംഘം വെട്ടുകയായിരുന്നു. ശ്രീജിത്തിന്റെ ദേഹത്ത് ഇരുപതിലധികം വെട്ടേറ്റിട്ടുണ്ട്. സുധീറിന്റെ കൈകാലുകൾക്കും തലയ്ക്കുമാണ് വെട്ടേറ്റത്.ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ആഴ്ച മാലൂരിൽ ഉണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നാണ് സൂചന.അക്രമത്തിനു പിന്നിൽ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് ഇരിട്ടി,മട്ടന്നൂർ നഗരസഭകളിലും കൂടാളി,കീഴല്ലൂർ,തില്ലങ്കേരി,മാലൂർ എന്നീ പഞ്ചായത്തുകളിലും സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.
‘ഹലാൽ ഫായിദ’: സി.പി.എമ്മിന്റെ പലിശരഹിത സഹകരണ സംഘം ഉൽഘാടനം ചെയ്തു
കണ്ണൂർ:സി.പി.എം നേതൃത്വത്തിലുള്ള ന്യൂനപക്ഷ സാംസ്‍കാരിക സമിതിയുടെ ഹലാൽ ഫായിദ സൊസൈറ്റി കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. ഇസ്‍ലാമിക ബാങ്കിംഗ് രീതിയിലെന്നവകാശപ്പെടുന്ന സൊസൈറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.കണ്ണൂർ സബ് ജയിലില് സമീപത്തായാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇസ്‍ലാമിക ബേങ്കുകളെപ്പോലെ പലിശ പൂർണ്ണമായും ഒഴിവാക്കിയാണ് സൊസൈറ്റി പ്രവർത്തിക്കുക. പലിശ ആഗ്രഹിക്കാത്ത ആർക്കും സൊസൈറ്റിയുടെ ഓഹരികൾ സ്വന്തമാക്കാം. ലാഭകരമായ പദ്ധതികളിൽ പണം നിക്ഷേപിച്ച് ഇതിന്റെ ലാഭം നിക്ഷേപകർക്കു ഡിവിഡന്റായി നൽകുമെന്നാണ് സൊസൈറ്റി ഭാരവാ ഹികൾ പറയുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ പലിശരഹിത സഹകരണ സ്ഥാപനമാണ് ഹലാൽ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി.ജനകീയമായ ഉദ്ദേശങ്ങളാണ് സൊസൈറ്റിക്ക് ഉള്ളതെന്നും ഇത് വിജയിച്ചാൽ നല്ലതാണെന്നും അതിനായി കരുതലോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹന രെജിസ്ട്രേഷൻ തട്ടിപ്പ്;നടൻ ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്‌തു വിട്ടയച്ചു
തിരുവനന്തപുരം:വ്യാജരേഖയുണ്ടാക്കി നികുതിവെട്ടിപ്പ് നടത്തി ആഡംബര കാർ രജിസ്റ്റർ ചെയ്ത കേസിൽ നടൻ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.കേസിൽ ഫഹദ് നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നതിനാലാണ് കോടതിയിൽ ഹാജരാക്കാതെ വിട്ടയച്ചത്.രാവിലെ പോലീസ് ആസ്ഥാനത്തു വിളിച്ചു വരുത്തി രണ്ടര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ചോദ്യം ചെയ്യലിൽ ഫഹദ് കുറ്റം സമ്മതിച്ചു. തന്റെ ജീവനക്കാരനാണ് രെജിസ്ട്രേഷൻ നടത്തിയതെന്നും എത്ര പിഴ അടക്കാനും തയ്യാറാണെന്നും ഫഹദ് പറഞ്ഞു.നേരത്തെ 17 ലക്ഷം രൂപ ഫഹദ് പിഴയടച്ചിരുന്നു.പക്ഷെ മറ്റൊരു കാർ കൂടി ഫഹദ് ഇത്തരത്തിൽ രെജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.ഈ കേസിൽ അന്വേഷണം തുടരുകയാണ്.
വ്യജ മേൽവിലാസമുപയോഗിച്ച് വാഹന രെജിസ്ട്രേഷൻ നടത്തിയ കേസിൽ നടൻ ഫഹദ് ഫാസിൽ ക്രൈം ബ്രാഞ്ചിന് മുൻപിൽ ഹാജരായി
തിരുവനന്തപുരം:പുതുച്ചേരി വാഹന രെജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടൻ ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ഈ കേസിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഫഹദിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് ഫഹദ് ഫാസിൽ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരായത്.രണ്ടു തവണയായി ആഡംബര കാർ വാങ്ങി നികുതിവെട്ടിച്ചു പുതുച്ചേരിയിൽ രെജിസ്റ്റർ ചെയ്‌തെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.സമാനമായ കേസിൽ നേരത്തെ നടൻ സുരേഷ് ഗോപിയും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു.
ഇരിട്ടിയിൽ രണ്ടുപേരിൽ നിന്നായി ഒരുകോടി രൂപയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി
ഇരിട്ടി:എക്‌സൈസ് സംഘം വീരാജ്പേട്ട അന്തർസംസ്ഥാനപാതയിൽ നടത്തിയ വാഹനപരിശോധനയിൽ രണ്ടുപേരിൽ നിന്നായി ഒരുകോടി രൂപയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി.കൂട്ടുപുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്നും കാറിൽ വരികയായിരുന്ന പെരിങ്ങത്തൂർ സൗദേശി മുഹമ്മദിൽ നിന്നുമാണ് ഒരുകോടി അഞ്ചുലക്ഷം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയത്.കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു പണം.ഇയാളെ എക്‌സൈസ് സംഘം ഇരിട്ടി പൊലീസിന് കൈമാറി.ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവാണ് പിടികൂടിയത്.സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി പി.മുബഷീറിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ ചാക്കിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കഞ്ചാവ് മലപ്പുറത്ത് എത്തിക്കാനായിരുന്നു മുബഷീറിന് നിർദേശം ലഭിച്ചിരുന്നത്.ബെംഗളൂരുവിൽ നിന്ന് എൻജിനീയറിങ് വിദ്യാർത്ഥിയാണ് കഞ്ചാവ് കൈമാറിയതെന്ന് മുബഷീർ പറഞ്ഞു.കഞ്ചാവ് മലപ്പുറത്ത് എത്തിച്ചാൽ കിലോയ്ക്ക് നാലായിരം രൂപവെച്ച് ലഭിക്കുമെന്നും ഇയാൾ എക്‌സൈസ് സംഘത്തോട് പറഞ്ഞു.
ദിലീപിന്റെ ഹർജിയിൽ വിധിപറയുന്നത് ജനുവരി 9 ലേക്ക് മാറ്റി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ ചോർന്നു എന്നാരോപിച്ച് ദിലീപ് നൽകിയ ഹർജിയിൽ വിധി പറയുന്നത് ജനുവരി 9 ലേക്ക് മാറ്റി.അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഫയലിൽ സ്വീകരിക്കും മുന്പ് കുറ്റപത്രം ചോർന്നതിനാൽ കുറ്റപത്രം റദ്ദാക്കണമെന്നുമാണ് ദിലീപിന്‍റെ ആവശ്യം.എന്നാൽ, അന്വേഷണ സംഘത്തിന്‍റെ പക്കൽ നിന്നും കുറ്റപത്രം ചോർന്നിട്ടില്ലെന്നും, വിവരങ്ങൾ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്.അതോടൊപ്പം കുറ്റപത്രത്തിലെ മൊഴികൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസ്;സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ പോലീസ് കോടതിയിലേക്ക്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ പോലീസ് കോടതിയിലേക്ക്.താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടൽ വേണമെന്നും ചൂണ്ടിക്കാട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഹർജി നൽകിയത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ ചോർന്നു എന്നാരോപിച്ച് ദിലീപ് നൽകിയ പരാതിയിൽ അങ്കമാലി കോടതി ഇന്ന് വിധി പറയും . എന്നാല്‍, അന്വേഷണ സംഘത്തിന്‍റെ പക്കല്‍ നിന്നും കുറ്റപ്പത്രം ചോര്‍ന്നിട്ടില്ലെന്നും. വിവരങ്ങൾ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്.
കോളജിന്‍റെ രണ്ടാംനിലയില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
തളിപ്പറമ്പ്:കോളജിന്‍റെ രണ്ടാംനിലയില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനി തളിപ്പറമ്പിലെ ഫാത്തിമത്തുല്‍ നൂരിയയ്ക്കാണു (20) പരിക്കേറ്റത്.കോളജില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം കൂട്ടുകാര്‍ക്കൊപ്പം മൊബൈലില്‍ ചിത്രമെടുക്കുന്നതിനിടെ അബദ്ധത്തില്‍ താഴേക്കു വീഴുകയായിരുന്നു.അപകടം നടന്ന ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഫാത്തിമത്തുല്‍ നൂരിയയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
രാജസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു
ജയ്‌പൂർ:രാജസ്ഥാനിൽ ബസ് പാലത്തിൽ നിന്നും നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു.24 പേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ രാജസ്ഥാനിലെ സവായ് മധോപ്പൂരിലായിരുന്നു അപകടം നടന്നത്.നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തകർത്ത് നദിയിലേക്ക് മറിയുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് കരുതുന്നു.കാണാതായവർക്കുവേണ്ടി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.