കുറ്റിപ്പുറം പാലത്തിന് താഴെ നിന്നും ബോംബുകൾ കണ്ടെത്തി

keralanews bombs were found below kuttippuram bridge

മലപ്പുറം:കുറ്റിപ്പുറം ഭാരതപ്പുഴ പാലത്തിനു താഴെ നിന്നും ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി.സൈന്യം ഉപയോഗിക്കുന്ന മൈന്‍ വിഭാഗത്തില്‍ പെട്ട സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് സ്ഫോടക വസ്തുക്കൾ പ്രദേശവാസിയുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ചിത്രങ്ങള്‍ സഹിതം പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു.ബാഗിലും മണലിലുമായാണ് ഇവ കണ്ടെത്തിയത്. പോലീസെത്തി സ്ഫോടകവസ്തുക്കൾ മലപ്പുറം എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.ഇവ പരിശോധിക്കുന്നതിനും നിർവീര്യമാക്കുന്നതിനുമായി സൈനിക ഉദ്യോഗസ്ഥർ ക്യാമ്പിലെത്തുമെന്നു പോലീസ് അറിയിച്ചു. തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലം ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധിച്ചു. മലപ്പുറം എസ്.പി.ദേബേഷ് കുമാർ ബഹ്റക്കാണ് അന്വേഷണ ചുമതല.

കനകമല കേസിലെ പ്രതികളുമായി ഷെഫിൻ ജഹാന് ബന്ധം;പ്രതികളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

keralanews shefin jahans relationship with the accused in kanakamala case nia will question the accused again

കൊച്ചി:കനകമല എൻഐഎ കേസിലെ പ്രതികളുമായി ഹാദിയ കേസിലെ ഷെഫിൻ ജഹാന് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കേസിലെ പ്രതികളെ വീണ്ടും ചോദ്യംചെയ്യാനുറച്ച് എൻഐഎ.ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ എൻഐഎ അന്വേഷിക്കും. ടി.മൻസീത്,ഷഫ്‌വാൻ എന്നിവരെയാണ് ചോദ്യം ചെയ്യുക.മൻസീത് തുടങ്ങിയ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഷെഫിൻ ജഹാൻ അംഗമായിരുന്നു.രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ടവർ കണ്ണൂർ കനകമലയിൽ രഹസ്യ യോഗം കൂടിയ കേസിൽ കോഴിക്കോട് സ്വദേശി മൻസീത്,ചേലക്കര സ്വദേശി ടി.സ്വാലിഹ്,കോയമ്പത്തൂർ സ്വദേശി അബ് ബഷീർ,റംഷാദ്,എൻ.കെ ജാസിം,കോഴിക്കോട് സ്വദേശി സജീർ,തിരുനെൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്‌ദീൻ എന്നിവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.കനകമലയിൽ ഒത്തുകൂടിയ സംഘത്തെ രഹസ്യ വിവരത്തെ തുടർന്ന് 2016 ഒക്ടോബറിലാണ് എൻഐഎ പിടികൂടിയത്.

കണ്ണൂരിൽ നിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കോഴിക്കോട് അപകടത്തിൽപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

keralanews many students injured when the tourist bus accident in kozhikkode

കോഴിക്കോട്:കോഴിക്കോട് പുതിയാപ്പയിൽ സ്കൂൾ കുട്ടികളുമായി പോയ വിനോദയാത്രാസംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് നിരവധിപേർക്ക് പരിക്ക്.ഇന്ന് ഉച്ചയ്ക്ക് മൂന്നരമണിയോടെയായിരുന്നു അപകടം.പുതിയാപ്പക്കടുത്തുവെച്ച് നിയന്ത്രണം വിട്ട ബസ് വഴിയരികിലെ വീട്ടിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കണ്ണൂർ പയ്യന്നൂർ ഷേണായീസ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.രണ്ടു ബസ്സുകളിലായാണ് വിദ്യാർഥികൾ കോഴിക്കോട് ബീച്ച് കാണാനെത്തിയത്.ഇതിൽ അഞ്ചാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാർഥികൾ സഞ്ചരിച്ച  ഗ്രീൻബേർഡ് എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.42 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.പരിക്കേറ്റ എട്ടുപേരുടെ നില അല്പം ഗുരുതരമാണ്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മറ്റുള്ളവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ്  പ്രവേശിപ്പിച്ചിരിക്കുന്നത്.ബസ്സ് ഇടിച്ചുകയറിയ വീട്ടിലുണ്ടായിരുന്ന ഗർഭിണിയായ സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചുനീക്കണമെന്ന് സബ് കളക്റ്ററുടെ ഉത്തരവ്

keralanews sub collector ordered to remove jishnu pranoy's memorial

തൃശൂർ:പാമ്പാടി നെഹ്‍റു കോളജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടറുടെ ഉത്തരവ്.സിപിഐയുടെ പരാതിയിലാണ് സബ് കലക്റ്റർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.എഐടിയുസി ഓഫീസിനോട് ചേര്‍ന്ന് നിര്‍മിച്ച സ്മാരകം രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ നല്‍കിയ പരാതിയിലാണ് തൃശൂര്‍ സബ്കലക്ടര്‍ രേണു രാജിന്റെ ഉത്തരവ്.സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടര്‍ പഴയന്നൂര്‍ എസ്ഐയോട് ആവശ്യപ്പെട്ടു. ഉത്തരവ് പ്രകാരം സ്മാരകം പൊളിച്ചു നീക്കാന്‍ എസ്എഫ്ഐ ഭാരവാഹികളോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതിന് കൂട്ടാക്കിയില്ല. പൊളിച്ചു നീക്കിയില്ലെങ്കില്‍ പൊലീസ് പൊളിച്ചു നീക്കുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ നിറം ഏകീകരിക്കാൻ തീരുമാനം

keralanews decision to unify the color of private buses in kerala

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ നിറം ഏകീകരിക്കാൻ സ്റ്റേറ്റ് ട്രാൻസ്‌പോർട് അതോറിറ്റി തീരുമാനിച്ചു.സിറ്റി ബസ്സുകൾക്ക് പച്ചയും നഗരപ്രാന്തപ്രദേശങ്ങളിലേക്കുള്ള ഓർഡിനറി  ബസുകൾക്ക് നീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് മെറൂൺ കളറുമാണ് നിശ്ചയിച്ചിരിക്കുന്നത്.എല്ലാ ബസുകൾക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തിലുള്ള മൂന്നു വരകളുമുണ്ടാകും.ഏകീകൃത നിറം നടപ്പിലാക്കിയാൽ ഈ രംഗത്തെ മത്സരം ഒഴിവാക്കുന്നതിനോടൊപ്പം വിദേശികൾക്കും അന്യസംസ്ഥാനക്കാർക്കും ബസുകൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. ഫെബ്രുവരിയിൽ നിറംമാറ്റം പ്രാബല്യത്തിൽ വരും.പുതുതായി രെജിസ്ട്രേഷൻ നടത്തുന്ന ബസ്സുകളും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന ബസ്സുകളും പുതിയ നിറത്തിലേക്ക് മാറ്റണം.

ഇരിട്ടിയിലും മാക്കൂട്ടത്തും നടന്ന വാഹനാപകടങ്ങളിൽ 18 പേർക്ക് പരിക്ക്

keralanews 18 injured in accident happened in iritty and makkoottam

ഇരിട്ടി:ഇരിട്ടിയിലും മാക്കൂട്ടത്തും നടന്ന  വാഹനാപകടങ്ങളിൽ 18 പേർക്ക് പരിക്ക്.ഇന്നലെ പുലർച്ചെ കണ്ണൂരിൽ നിന്നും പത്രവുമായി ഉളിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ തന്തോട് മുക്കട്ടിയിൽ വാനുമായി കൂട്ടിയിടിച്ചാണ് ഒരപകടമുണ്ടായത്.ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റു.പരിക്കേറ്റ ഓട്ടോ ഡ്രൈവർ പുതിയതെരു സ്വദേശി ഷാജഹാൻ,വാൻ ഡ്രൈവർ വെളിമാനം സ്വദേശി സുഗുണൻ എന്നിവരെ ഓടിക്കൂടിയ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് ഇരിട്ടി അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അയ്യപ്പന്മാർ സഞ്ചരിച്ച ട്രാവലർ മാക്കൂട്ടം ചുരത്തിൽ കുട്ടപ്പലം വളവിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് രണ്ടാമത്തെ അപകടം നടന്നത്.ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും പോലീസും ചേർന്ന് പരിക്കേറ്റ ആറുപേരെ ആദ്യം അമല ആശുപത്രിയിലും പിന്നീട് കണ്ണൂരിലേക്കും മാറ്റി.

ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം;കണ്ണൂരിൽ ഒരാൾ പിടിയിൽ

keralanews lottery gambling one arrested in kannur

കണ്ണൂർ:ഒറ്റനമ്പർ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഒരാൾ കൂടി പിടിയിലായി. മാങ്ങാട് എടക്കാടൻ ഹൗസിൽ രജീഷാണ് അറസ്റ്റിലായത്.സംസ്ഥാന സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ട്ടമുണ്ടാക്കുന്ന ഒറ്റനമ്പർ ലോട്ടറി വില്പനക്കാർക്കെതിരെ പോലീസ് കുറെ ദിവസങ്ങളായി അന്വേഷണത്തിലായിരുന്നു.കഴിഞ്ഞ മാസം തളിപ്പറമ്പിലെ ലോട്ടറി ഏജന്റായ തറമ്മൽ ലക്ഷ്മണനെ അറസ്റ്റ് ചെയ്തതോടെയാണ് ചൂതാട്ട സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.പത്തു രൂപയുടെ ഒരു നറുക്കിനു 5000 രൂപയാണ് സമ്മാനമായി ലഭിക്കുക.ചേർക്കുന്ന ഏജന്റിന് ഒരു രൂപ കമ്മീഷനും ലഭിക്കും.നേരത്തെ അറസ്റ്റിലായ സുനിൽ കുമാർ,രജീഷ് എന്നിവരാണ് ഏജന്റുമാരിൽ നിന്നും പണം ശേഖരിച്ചു കൊണ്ടുപോകുന്നത്.വർഷങ്ങളായി ചൂതാട്ടം നടത്തിവരുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹന ഉടമകളുടെയും ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കും

keralanews the lisence of drivers and vehicle owners who did not stop the vehicle during vehicle inspection will cancel

കണ്ണൂർ:മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും എതിരെ നടപടി.വാഹനം നിർത്താതെ അപകടകരമാം വിധം വേഗത്തിൽ ഓടിച്ച 15 വാഹന ഉടമകളുടെയും ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ കണ്ണൂർ ആർടിഒ ഉമ്മർ നിർദേശിച്ചു.മോട്ടോർ വാഹന വകുപ്പിന്റെ സ്മാർട്ട് ട്രെയ്‌സ് എന്ന ആപ്പിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ നിർത്താതെ പോയ വാഹനങ്ങളെ കണ്ടെത്തി പിടികൂടിയത്.കൂടാതെ അമിതഭാരം കയറ്റിയ 10 ചരക്ക് വാഹനങ്ങളിൽ നിന്നും 1,50,000 രൂപ പിഴയീടാക്കുകയും ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറി

keralanews state school festival started

തൃശൂർ:അൻപത്തിയെട്ടാമത്‌ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശ്ശൂരിൽ കൊടിയേറി. തേക്കിൻകാട് മൈതാനത്തെ പ്രധാന വേദിക്ക് സമീപം വിദ്യാഭ്യാസ ഡയറക്റ്റർ കെ.വി മോഹൻ കുമാറാണ് കൊടിയുയർത്തിയത്.പിന്നാലെ തൊട്ടരികിലുള്ള മോഡൽ ഗേൾസ് ഹൈസ്കൂളിലെ കൗണ്ടറുകളിൽ രജിസ്ട്രേഷൻ ആരംഭിച്ചു.മത്സരങ്ങൾ നാളെ തുടങ്ങും.രാവിലെ പത്തുമണിയോടെ ഓരോ ജില്ലകളിൽ നിന്നുമുള്ള മത്സരാർഥികൾ കലോത്സവ നഗരിയിലെത്തും.കഴിഞ്ഞ തവണത്തെ ജേതാക്കളായ കോഴിക്കോട് ടീമാണ് ആദ്യം എത്തുക.തുടർന്ന് പാചകപ്പുരയിൽ പാലുകാച്ചൽ ചടങ്ങ് നടക്കും.തുടർന്ന് കലവറ നിറയ്ക്കലും നടക്കും.തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ തയ്യാറാക്കിയ പച്ചക്കറികളാണ് പാചകത്തിന് ഉപയോഗിക്കുക.ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുക. 2008 നുശേഷം ആദ്യമായി പരിഷ്കരിച്ച പുതിയ ചട്ടങ്ങളനുസരിച്ച് മത്സര ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമില്ല. 80 ശതമാനം മാർക്കു നേടുന്നവർക്ക് എ ഗ്രേഡ് നൽകും. ഇവർക്കെല്ലാം ട്രോഫികൾ സമ്മാനിക്കും. നേരത്തെ 70 ശതമാനം ലഭിക്കുന്നവർക്കായിരുന്നു എ ഗ്രേഡ്.അഞ്ചു ദിവസങ്ങളിലായി 24 വേദികളിലാണ് കലോത്സവം അരങ്ങേറുക.നാളെ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കും.മന്ത്രി സി.രവീന്ദ്രനാഥ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

കോഴിക്കോട് മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

keralanews youth died in an accident in kozhikkode mukkam

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മലപ്പുറം മങ്കട സ്വദേശി മുബഷീർ സഖാഫി(26) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തിൽ ബൈക്ക് കത്തിനശിച്ചു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ബൈക്കിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന.