ആറളം:ആറളം വന്യജീവി സങ്കേതത്തിലെ ആന്മത്തിൽ തകർത്ത് കാട്ടാനക്കൂട്ടം ആദിവാസി പുനരധിവാസ മേഖലയിലേക്ക് കടന്നു.വന്യജീവി സങ്കേതവുമായി ആദിവാസി പുനരധിവാസ മേഖലയ്ക്ക് സംരക്ഷണം നൽകി ഫാം ഒൻപതാം ബ്ലോക്ക് വളയംചാലിനടുത്ത് ആനമുക്കിൽ സ്ഥാപിച്ച രണ്ടുമീറ്ററോളം പൊക്കമുള്ള ആനമതിലാണ് കാട്ടാനക്കൂട്ടം തകർത്തത്. ആദിവാസികളുടെ വീട്ടുമുറ്റത്തുകൂടിയാണ് ആനക്കൂട്ടം കടന്നുപോയത്.വെള്ളിയാഴ്ച പുലർച്ചയോടെയാണ് മതിൽ തകർത്തതെന്നാണ് സംശയം.പത്തുമീറ്ററോളം നീളത്തിൽ മതിലിന്റെ പകുതിയിലധികം ഭാഗം ആനക്കൂട്ടം തകർത്തു.അഞ്ചാനകൾ ജനവാസ മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനെ തിരഞ്ഞെടുത്തു
ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനെ തിരഞ്ഞെടുത്തു.റെയിൽവേ സ്റ്റേഷനുകളുടെ ശുചിത്വ സർവേയിലാണിത്.ട്രാവൽ ആപ്പായ ഇക്സിഗോ നടത്തിയ ഓൺലൈൻ സർവേയിലാണ് കോഴിക്കോടിനെ ഏറ്റവും വൃത്തിയുള്ള സ്റ്റേഷനായി തിരഞ്ഞെടുത്തത്.കോഴിക്കോടിനെ കൂടാതെ കർണാടകത്തിലെ ഹൂബ്ലി ജംഗ്‌ഷൻ,ദേവനഗരി,ജാർഖണ്ഡിലെ ദൻബാദ്,മധ്യപ്രദേശിലെ ജബൽപൂർ, ഛത്തീസ്ഗഡിലെ ബിലാസ്പൂർ,ഗുജറാത്തിലെ വഡോദര തുടങ്ങിയ സ്റ്റേഷനുകളും പട്ടികയിലുണ്ട്. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനാണ് ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ.
ജെഡിയു യുഡിഎഫ് വിട്ടു;ഇനി എൽഡിഎഫിനൊപ്പം
തിരുവനന്തപുരം:ജനതാദൾ യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരാൻ തീരുമാനിച്ചു.എം.പി വീരേന്ദ്രകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫിൽ നിന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല.ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എൽഡിഎഫുമായി ചേർന്നുപോകുന്നതാണ്.വർഗീയത ചെറുക്കാൻ ഇടതുപക്ഷമാണ് നല്ലതെന്നും വൈകാരികമായും എൽഡിഎഫിനോടാണ് ബന്ധമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന കൗൺസിൽ യോഗത്തിനു ശേഷമാണ് വീരേന്ദ്രകുമാർ ഇടതുമുന്നണിയിലേക്ക് മാറുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഇടതുമുന്നണിയിൽ ചേരാനുള്ള പാർട്ടി തീരുമാനം എം.വി. ശ്രേയാംസ്കുമാർ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഇടതുമുന്നണി കണ്‍വീനർ വൈക്കം വിശ്വനെയും നേരിട്ടു കണ്ട് അറിയിച്ചു.ഇന്നലെ രാവിലെ ചേർന്ന ജനതാദൾ-യു നേതൃയോഗം യുഡിഎഫ് വിടാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തത്. എതിർപ്പു പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന മുൻ മന്ത്രി കെ.പി. മോഹനനും കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനും പാർട്ടി പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാറിന്‍റെ തീരുമാനത്തെ പൂർണമായും പിന്താങ്ങി.
ആലപ്പുഴയിൽ സ്കൂളിലെ ശുചിമുറിയുടെ മതിലിടിഞ്ഞു വീണ് രണ്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു
ആലപ്പുഴ:ആലപ്പുഴയിൽ സ്കൂളിലെ ശുചിമുറിയുടെ മതിലിടിഞ്ഞു വീണു രണ്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു.ആലപ്പുഴ തലവടി ചൂട്ടുമാലിൽ എൽപി സ്കൂളിലാണ് സംഭവം.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുണ്ടച്ചിറയിൽ ബൻസന്റെയും ആൻസാമ്മയുടെയും മകൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്.കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിവച്ചത്.
ജോലിക്കിടെ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
നടുവിൽ:ജോലിക്കിടെ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി പീടികച്ചിറയിൽ പ്രസാദാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടുകൂടി വെള്ളാട് ടൗണിന് സമീപമാണ് അപകടം നടന്നത്.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷമാണ് പോസ്റ്റിൽ കയറിയത്.എന്നാൽ ലൈനിൽ കൂടി വൈദ്യുതി പ്രവഹിക്കുകയായിരുന്നു.ഷോക്കേറ്റ് താഴെ വീണ പ്രസാദിനെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആറുമാസം മുൻപാണ് പ്രസാദ് ആലക്കോട് സെക്ഷനിൽ ലൈൻമാനായി ജോലിയിൽ പ്രവേശിച്ചത്.ഭാര്യ:അമ്പിളി, മക്കൾ:സൂര്യനാഥ്,സൂര്യരാജ്.
വടകരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
വടകര:ആന്ധ്രായിൽ നിന്നും വരികയായിരുന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കാറിൽ സഞ്ചരിച്ച കുടുംബത്തിനാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടകരയിൽവെച്ചാണ് അപകടം നടന്നത്.കണ്ണൂർ ഉളിയിൽ സ്വദേശി ഫൈസലും സംഘവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ലോക കേരളസഭയ്ക്ക് തുടക്കമായി
തിരുവനന്തപുരം:കേരളാ വികസനത്തിന് സംസ്ഥാനത്തിന് പുറത്തുള്ള മലയാളികളെ കൂടി ഉൾപ്പെടുത്തുന്ന ലോക കേരളാ സഭയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.സഭയുടെ ആദ്യ സമ്മേളനം നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികൾ സഭയിൽ പങ്കെടുക്കുന്നതിനായി തലസ്ഥാനത്തെത്തി.ചീഫ് സെക്രെട്ടറി പോൾ ആന്റണി സഭാരൂപീകരണം സംബന്ധിച്ച് പ്രഖ്യാപനം നടത്തി.തുടർന്ന് സഭാംഗങ്ങൾ ഒരുമിച്ചു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.351 അംഗങ്ങളാണ് സഭയിൽ ഉണ്ടാകുക.ലോക കേരളസഭയെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ,കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം,മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി,മുൻ കേന്ദ്രമന്ത്രി വയലാർ രവി തുടങ്ങിയവർ അവതരിപ്പിക്കും.ഉച്ചയ്ക്ക് 2.30 മുതൽ അഞ്ചു ഉപവേദികളിലായി മേഖല തിരിച്ചുള്ള സമ്മേളനങ്ങൾ നടക്കും.മന്ത്രിമാർ,എംപിമാർ,എംഎൽഎമാർ,പ്രവാസി വ്യവസായികൾ, സംരംഭകർ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും. 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. രണ്ടാം ദിനം വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി മേഖലാ സമ്മേളനങ്ങളും പൊതുസഭാ സമ്മേളനവും നടക്കും. വൈകുന്നേരം 3.45ന് മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തും. വെകുന്നേരം 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും.
കണ്ണൂർ നടുവനാട് സിപിഐഎം ഓഫീസിനു നേരെ ആക്രമണം
കണ്ണൂർ:കണ്ണൂർ നടുവനാട് സിപിഐഎം ബ്രാഞ്ച് ഓഫീസിനു നേരെ ആക്രമണം.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടിയാണ് ആക്രമണം ഉണ്ടായത്.ഓഫീസ് അക്രമികൾ പൂർണ്ണമായും അടിച്ചു തകർത്തു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കൂത്തുപറമ്പിൽ എസ്‌ഡിപിഐ പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:കൂത്തുപറമ്പ് വട്ടോളിയിൽ എസ്‌ഡിപിഐ പ്രവർത്തകന് വെട്ടേറ്റു.കണ്ണവം ലത്തീഫിയ സ്കൂൾ വാൻ ഡ്രൈവറായ അയൂബിനാണ് വെട്ടേറ്റത്.ഇന്ന് വൈകുന്നേരമാണ് വെട്ടേറ്റത്.വാനിൽ കുട്ടികളെ ഇറക്കി മടങ്ങിവരുമ്പോൾ വാൻ തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്.പരിക്കേറ്റ അയൂബിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാഴ്ച മുൻപും അയൂബിനു നേരെ കണ്ണവത്തുവെച്ച് വധശ്രമം ഉണ്ടായിരുന്നു.എസ്‌ഐ കെ.വി ഗണേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറ്റിപ്പുറം പാലത്തിനടിയിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി
മലപ്പുറം:കുറ്റിപ്പുറം പാലത്തിനടിയിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി.445 വെടിയുണ്ടകളും അനുബന്ധ സാമഗ്രികളുമാണ് കണ്ടെത്തിയത്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവിടെ നിന്നും പോലീസ് കുഴിബോംബുകൾ കണ്ടെടുത്തിരുന്നു.തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുകയാണ്.കഴിഞ്ഞ ദിവസം പാലത്തിനടിയിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ എൻഐഎ ഉൾപ്പടെയുള്ള ദേശീയ ഏജൻസികൾ അന്വേഷണം തുടരുന്നതിനിടെയാണ് വെടിയുണ്ടകളും കണ്ടെത്തിയിരിക്കുന്നത്.