തിരുവനന്തപുരം:വ്യാജരേഖയുപയോഗിച്ച് പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.ഒരുലക്ഷം രൂപ ബോണ്ടും രണ്ട് ആൾജാമ്യത്തിലുമാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്. വ്യാജരേഖയുണ്ടാക്കി രണ്ട് ആഡംബര വാഹനങ്ങൾ സുരേഷ് ഗോപി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തി എന്നാണ് കേസ്.അതേസമയം തൻ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പുതുച്ചേരിയിലെ വാടക വീടിന്റെ മേൽവിലാസത്തിലാണ് താൻ വാഹനം രജിസ്റ്റർ ചെയ്തതെന്നും ഈ വാഹനം കേരളത്തിൽ ഉപയോഗിക്കാറില്ലെന്നും സുരേഷ് ഗോപി വാദിച്ചു.എന്നാൽ സുരേഷ് ഗോപി ഹാജരാക്കിയ രേഖകളിൽ വ്യക്തതക്കുറവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
തിരുവനന്തപുരം സെക്രെട്ടറിയേറ്റിനു മുൻപിൽ സമരം നടത്തുന്ന ശ്രീജിത്തുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം:പാറശാലയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്തുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.ശ്രീജിത്തിന്റെ അമ്മയും ഒപ്പമുണ്ടാകും.ഇന്ന് വൈകുന്നേരം ഏഴുമണിക്കാണ് കൂടിക്കാഴ്ച.സർക്കാർ തീരുമാനം പി.വി അൻവർ എംഎൽഎ നേരിട്ടെത്തി ശ്രീജിത്തിനെ അറിയിക്കുകയായിരുന്നു.സഹോദരന്റെ കസ്റ്റഡി മരണവുമായി ബന്ധമുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.സിബിഐ അന്വേഷണം സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് പറഞ്ഞു.
കാസർകോട്ട് വീട്ടമ്മയുടെ കഴുത്തിൽ കേബിൾ മുറുക്കി അബോധാവസ്ഥയിലാക്കിയ ശേഷം കവർച്ച നടത്തി
കാസർകോഡ്:കാഞ്ഞങ്ങാട് വേലാശ്വരത്ത് വീട്ടമ്മയുടെ കഴുത്തിൽ കേബിൾ മുറുക്കി അബോധാവസ്ഥയിലാക്കി കവർച്ച നടത്തി.റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് ജാനകിയുടെ വീട്ടിലാണ് മോഷണം നടന്നത്.രാവിലെ അഞ്ചരയോടെ വീടിനു പുറത്തിറങ്ങിയ ജാനകിയെ കഴുത്തിൽ കേബിൾ കുരുക്കി ബോധം കെടുത്തിയ ശേഷം മോഷ്ട്ടാവ് അകത്തു കടന്ന് മോഷണം നടത്തുകയായിരുന്നു.ആറര പവൻ മാല,രണ്ടര പവൻ വള,അരപ്പവൻ മോതിരം, 38000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്.ഉറങ്ങിക്കിടക്കുകയായിരുന്ന ജാനകിയുടെ ഭർത്താവ് ഉണർന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കൗൺസിൽ യോഗത്തിൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
കണ്ണൂർ:പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി ചേർന്ന മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കൗൺസിൽ യോഗത്തിൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. യോഗത്തിൽ വരണാധികാരിയും സംസ്ഥാന സെക്രെട്ടറിയുമായ എം.സി മായിൻഹാജിയെ കൗൺസിലർമാർ കയ്യേറ്റം ചെയ്യുകയും ചെയ്തു.മുഖത്തടിയേറ്റ ഇദ്ദേഹത്തെ മറ്റ് നേതാക്കൾ ഇടപെട്ട് കാറിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിലാണ് യോഗം നടന്നത്.പുതിയ ഭാരവാഹികളുടെ ലിസ്റ്റ് അവതരിപ്പിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്.സീനിയർ വൈസ് പ്രെസിഡന്റായി അഡ്വ.ടിപിവി കാസിമിനെയും സെക്രെട്ടറിമാരായി കെ.പി താഹിർ,എംപിഎ റഹിം എന്നിവരുടെയും പേരുൾപ്പെടുത്തികൊണ്ടുള്ള ലിസ്റ്റാണ് മായിൻഹാജി കൗൺസിലിൽ അവതരിപ്പിച്ചത്. ഇതിൽ പ്രവർത്തകർ എല്ലാവരും എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
ഇരിട്ടിയിലും കൂട്ടുപുഴയിലും എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ഞൂറോളം ലഹരി ഗുളികകളും കഞ്ചാവും പിടികൂടി
ഇരിട്ടി:ഇരിട്ടിയിലും കൂട്ടുപുഴയിലും എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ഞൂറോളം ലഹരി ഗുളികകളും കഞ്ചാവും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.എക്‌സൈസ് ഇൻസ്പെക്റ്റർ സി.രെജിത്തും സംഘവും കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് അഞ്ഞൂറോളം ലഹരി ഗുളികകളുമായി തലശ്ശേരി സ്വദേശി ജാബിർ(27) പിടിയിലാകുന്നത്.മൈസൂരുവിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ഇയാൾ സ്ഥിരമായി ലഹരി ഗുളികകൾ കഴിക്കുന്ന ആളാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.ഇരിട്ടി എക്‌സൈസ് ഓഫീസർ സിനു കൊയിലത്തും സംഘവും ഇരിട്ടി ടൗണിൽ നടത്തിയ പരിശോധനയിലാണ് പഴയ ബസ്സ്റ്റാൻഡ് പരിസരത്തു വെച്ച് 125 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയത്.മുട്ടന്നൂർ സ്വദേശി റോഷൻ,അഞ്ചരക്കണ്ടി സ്വദേശി ഫായിസ് എന്നിവരാണ് പിടിയിലായത്.ഇവർ സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവും ഇടനിലക്കാർക്ക് വില്പന നടത്തുന്നവരുമാണെന്നു എക്‌സൈസ് അധികൃതർ പറഞ്ഞു.
തോട്ടടയിൽ വീട്ടിൽ മോഷണം;അഞ്ചരപ്പവനും 70,000 രൂപയും കവർന്നു
തോട്ടട:തോട്ടടയിൽ വീട്ടിൽ മോഷണം.അഞ്ചരപ്പവനും 70,000 രൂപയും കവർന്നു.കോമത്ത് വത്സലന്റെ വീട്ടിൽ കയറിയ കള്ളൻ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നരപവന്റെ രണ്ട് മാല,ഒരു പവന്റെ രണ്ടു വള,അരപ്പവന്റെ ഒരു ജോഡി കമ്മൽ എന്നിവയും 70,000 രൂപയും മോഷ്ടിച്ചു.ഞായറഴ്ച രാവിലെയാണ് വീട്ടമ്മ വനജ അടുക്കളഭാഗത്തെ വാതിൽ തുറന്നിട്ട നിലയിൽ കണ്ടെത്തിയത്.ഗ്യാസ് പൈപ്പ് കടത്തിവിടുന്നതിനായി അടുക്കഭാഗത്തെ ജനൽ ലോക്ക് ചെയ്യാറില്ലായിരുന്നു. ഇതിലൂടെ കയ്യിട്ട് വാതിൽ തുറന്നാകാം കള്ളൻ അകത്തുകയറിയതെന്നാണ് നിഗമനം.അടുക്കളപ്പുറത്തെ ഗ്രിൽസും തുറന്ന നിലയിലായിരുന്നു.എടക്കാട് പോലീസും കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാർഡും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പാനൂർ കല്ലുവളപ്പിൽ ആറ് ബോംബുകൾ കണ്ടെടുത്തു
പാനൂർ:പാനൂർ കല്ലുവളപ്പിൽ ആറ് ബോംബുകൾ കണ്ടെടുത്തു.കല്ലുവളപ്പ് മോഹനഗിരി എസ്റ്റേറ്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കശുമാവിൻ തോട്ടം വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെടുത്തത്.തോട്ടത്തിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.ഇതിൽ മൂന്നെണ്ണം സ്റ്റീൽ ബോംബുകളും മൂന്നെണ്ണം കുപ്പി ബോംബുകളുമാണ്.തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊളവല്ലൂർ എസ്‌ഐ എം.വി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബോംബ് കസ്റ്റഡിയിലെടുത്തു.പിന്നീട് ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിർവീര്യമാക്കി.
പരിയാരം ഗവ.ആയുർവേദ കോളേജിൽ ആയുർവേദ എക്സ്പോ തുടങ്ങി
പരിയാരം:കണ്ണൂർ ഗവ.ആയുർവേദ കോളേജ് രജത ജൂബിലി ആഘോഷണങ്ങളുടെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആയുർവേദ എക്സ്പോ തുടങ്ങി.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എക്സ്പോ ഉൽഘാടനം ചെയ്തു.ആയുർവേദത്തിന്റെ കാണാതലങ്ങളിലേക്ക് പൊതുജനങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.ആയുർവേദ സ്റ്റാളുകൾക്ക് പുറമെ ഫുഡ് സ്റ്റാളുകൾ,സർക്കാർ സ്റ്റാളുകൾ,വാണിജ്യ സ്റ്റാളുകൾ,എന്നിവയും സ്‌പോയിൽ ഒരുക്കിയിട്ടുണ്ട്.പരിയാരം മെഡിക്കൽ കോളേജ്,ഡെന്റൽ കോളേജ്,സയൻസ് പാർക്ക്,ഫയർ ആൻഡ് സേഫ്റ്റി വിഭാഗം,ആർക്കിയോളജി,കൃഷി വിജ്ഞാന കേന്ദ്രം, ഫോക്ക്‌ലോർ അക്കാദമി,വൈദ്യരത്‌നം,സിദ്ധേശ്വര ഫാർമസി,ഔഷധി,കേരളാ പോലീസ്, ശുചിത്വ മിഷൻ,ഹരിത കേരളം,കോട്ടക്കൽ ആര്യവൈദ്യശാല, പറശ്ശിനിക്കടവ് ആയുർവേദ കോളേജ്,കണ്ണൂർ സെൻട്രൽ ജയിൽ തുടങ്ങിയവയുടെ സ്റ്റാളുകളും മേളയിലുണ്ട്.ടി.വി രാജേഷ് എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്,സി.കൃഷ്ണൻ എംഎൽഎ,പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ്,കടന്നപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ബാലകൃഷ്ണൻ, ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ.ശ്രീജ,പ്രിൻസിപ്പൽ ഡോ.ശോഭന,ടി.വി സുരേഷ്,ഡോ.ഇ.വി സുധീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആലുവയിൽ വീട് കുത്തിത്തുറന്ന് വിവാഹത്തിനായി സൂക്ഷിച്ച 100 പവനും ഒരുലക്ഷം രൂപയും കവർന്നു
ആലുവ:ആലുവയിൽ വീട് കുത്തിത്തുറന്ന് വിവാഹത്തിനായി സൂക്ഷിച്ച 100 പവനും ഒരുലക്ഷം രൂപയും കവർന്നു.ആലുവ മഹിളാലയം കവലയിൽ പടിഞ്ഞാറേ പറമ്പിൽ അബ്ദുല്ലയുടെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കവർച്ച.വീടിന്റെ പിന്നിലെ കതകിന്റെ താഴ് പൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്തു കടന്നത്.ഇന്നലെ രാവിലെ അബ്ദുള്ളയും കുടുംബവും മമ്പുറത്ത് സന്ദർശനത്തിന് പോയിരുന്നു.രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതറിയുന്നത്.വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറിൽ നിന്നും എടുത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് കവർച്ചചെയ്യപ്പെട്ടത്. വീടുമുഴുവൻ വലിച്ചുവാരിയിട്ടിരിക്കുകയാണ്.എസ്പി എ.വി ജോർജ് ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി.
ശ്രീജീവിന്റേത് കസ്റ്റഡിമരണം;മറച്ചുവെയ്ക്കാൻ പോലീസ് കള്ളത്തെളിവുണ്ടാക്കി-ജസ്റ്റിസ് നാരായണക്കുറുപ്പ്
തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്‍റെ മരണം കസ്റ്റഡി മരണം തന്നെയെന്ന് പോലീസ് കംപ്ലെയൻസ് അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റീസ് നാരായണക്കുറുപ്പ്. കൊലപാതകം മറച്ചുവയ്ക്കാൻ പോലീസ് കള്ളത്തെളിവുണ്ടാക്കിയെന്നും നടപടി ആവശ്യപ്പെട്ടുള്ള ശിപാർശ പോലീസ് മേധാവി അവഗണിച്ചെന്നും ജസ്റ്റീസ് നാരായണക്കുറുപ്പ് വെളിപ്പെടുത്തി.ശ്രീജിവിന്‍റെ കസ്റ്റഡി മരണം സംബന്ധിച്ച് പോലീസിനെതിരേ ലഭിച്ചിരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് നാരായണക്കുറുപ്പിന്‍റെ വെളിപ്പെടുത്തൽ.തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2014 ഇൽആണ് ശ്രീജിത്തിന്‍റെ സഹോദരൻ പോലീസ് കസ്റ്റഡിയിൽ മരിച്ചത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ നടപടി ഒന്നും സ്വീകരിക്കാതിരുന്നതിനാൽ ശ്രീജിത്ത് പോലീസ് കംപ്ലെയൻസ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. അതേസമയം ശ്രീജിവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കസ്റ്റഡിമരണത്തിൽ കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത് നീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അഡ്വ.ജനറലിന് നിർദേശം നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.