കൊച്ചി:നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ നിന്നും എടുത്തതാണെന്ന വാദവുമായി ദിലീപ് കോടതിയിൽ.കേസിലെ കുറ്റപത്രം ചോദ്യം ചെയ്ത് ദിലീപ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ആദ്യ കുറ്റപത്രത്തിൽ നിന്നും വ്യത്യസ്തമാണ് അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച വീഡിയോയിലുള്ള ശബ്ദവും ദൃശ്യവും പ്രോസിക്യൂഷൻ പറഞ്ഞതിന് വിപരീതമാണ്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ട്.ഈ മെമ്മറി കാർഡിലെ സ്ത്രീശബ്ദത്തെ പറ്റിയും ദിലീപ് പരാതിപ്പെടുന്നുണ്ട്. വീഡിയോയിലുള്ള സ്ത്രീശബ്ദം ഒഴിവാക്കി മെമ്മറി കാർഡിൽ തിരിമറി നടത്താനുള്ള ശ്രമം നടന്നിട്ടുണ്ട്.ചില സമയങ്ങളിൽ ഈ സ്ത്രീ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ട്.ചില നിർദേശങ്ങളാണ് സ്ത്രീ നൽകുന്നത്.പൊലീസിന് ഇഷ്ട്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങുന്ന മെമ്മറി കാർഡാണ് കോടതിയിൽ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.കഴിഞ്ഞ മാർച്ചിലാണ് പോലീസ് ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകൾ എടുത്തത്.വീഡിയോയിൽ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാൻ വേണ്ടിയായിരുന്നു ഇത്.ഇതിന്റെ റിസൾട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപിന്റെ പരാതിയിൽ പറയുന്നു.
ഇരിട്ടി മേഖലയിൽ അഞ്ചിടങ്ങളിൽ തീപിടുത്തം
ഇരിട്ടി:ഇരിട്ടി മേഖലയിൽ അഞ്ചിടങ്ങളിൽ തീപിടുത്തം.തില്ലങ്കേരി തെക്കംപോയിലിലെ ബാലൻ മാസ്റ്ററുടെ റബർത്തോട്ടം, മുക്കട്ടിയിലെ റബർതോട്ടം, മിത്തലെ പുന്നാട്, എടക്കാനം, ബാരാപ്പോൾ പദ്ധതി പ്രദേശം എന്നിവടങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്.ഇരിട്ടിയിൽ നിന്നും മട്ടന്നൂരിൽ നിന്നും എത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
യുവനടൻ സിദ്ധു ആർ പിള്ളയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി
പനാജി:ദുൽക്കർ സൽമാൻ നായകനായ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ധു ആർ പിള്ളയെ(25) ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി.പ്രശസ്ത നിർമാതാവായിരുന്ന പി.കെ.ആർ പിള്ളയുടെ മകനാണ് സിദ്ധു.നാട്ടിൽ നിന്നും ഗോവയിലെത്തിയ അമ്മയാണ് സിധുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.മരണ കാരണം വ്യക്തമല്ല.സെക്കൻഡ് ഷോ കൂടാതെ നിരവധി ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഹരിപ്പാട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 34 പേർക്ക് പരിക്ക്
ഹരിപ്പാട്:ഹരിപ്പാട് നങ്യാർകുളങ്ങരയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 34 പേർക്ക് പരിക്കേറ്റു.പാലക്കാട്ട് വിവാഹത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അഞ്ചാലുംമൂട്ടിലേക്ക് വരികയായിരുന്നു ബസ്.പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതൽ അനിശ്ചിതകാല ബസ് സമരം
തിരുവനന്തപുരം:സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതൽ അനശ്ചിതകാല സ്വകാര്യ ബസ് സമരം.നിരക്കു വർധന ആവശ്യപ്പെട്ടാണ് സമരം.മിനിമം ചാർജ് പത്തുരൂപയാക്കണമെന്നാണ് ആവശ്യം.കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.2014ന് ശേഷം ബസ് ചാർജ് വർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ അടിയന്തരമായി നിരക്ക് വർധിപ്പിക്കണമെന്നും ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.
നീതു കൊലക്കേസ് പ്രതി ജീവനൊടുക്കി
കൊച്ചി:ഉദയംപേരൂർ നീതു കൊലക്കേസ് പ്രതി ബിനു രാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കേസിൽ നാളെ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് 2014 ഡിസംബര്‍ 18ന് ഉദയംപേരൂരിലെ വീട്ടില്‍ കയറി പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഉദയംപേരൂർ ഫിഷർമെൻ കോളനിക്കു സമീപം മീൻകടവിൽ പള്ളിപ്പറമ്പിൽ ബാബു, പുഷ്‌പ ദമ്പതികളുടെ ദത്തുപുത്രിയായിരുന്നു നീതു.വീടിന്റെ ടെറസ്സിൽ അലക്കിയ തുണി വിരിക്കുന്നതിനിടെ പിന്നാലെ കൊടുവാളുമായെത്തിയ ബിനുരാജ് നീതുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.തലയ്ക്കും കഴുത്തിനും കൈക്കുമായി പതിമൂന്നു മുറിവുകളുണ്ടായിരുന്നു.കഴുത്ത് അറ്റുപോകും വിധം മുറിഞ്ഞ നിലയിലായിരുന്നു. നീതുവിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും ആരും മുകളിലേക്ക് ചെല്ലാൻ ധൈര്യപ്പെട്ടില്ല.ആളുകൾ നോക്കി നിൽക്കെ ചോര പുരണ്ട കത്തിയുമായി ബിനുരാജ് വീട്ടിലേക്ക് നടന്നു പോയി.വാക്കത്തി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.പ്രണയ നൈരാശ്യത്തെ തുടർന്നുള്ള പ്രതികാരമാണ് കൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
നടി അകമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തൽ;നടൻ ലാലും ആക്രമിക്കപ്പെട്ട നടിയും ഭീഷണിപ്പെടുത്തിയതായി രണ്ടാം പ്രതി മാർട്ടിൻ
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തൽ. നടൻ ലാലും ആക്രമിക്കപ്പെട്ട നടിയും തന്നെ ഭീഷണിപ്പെടുത്തിയതായി കേസിലെ രണ്ടാം പ്രതി മാർട്ടിൻ വെളിപ്പെടുത്തി.റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ സുനിയെയും മാർട്ടിനെയും തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണു പരാതിയായി ഇക്കാര്യം കോടതിയെ അറിയിച്ചത്.സുനി മുന്നിൽ നിൽക്കുമ്പോൾ ഒന്നും വെളിപ്പെടുത്താൻ തനിക്ക് ധൈര്യമില്ലെന്ന് മാർട്ടിൻ പറഞ്ഞതനുസരിച്ച് അടച്ചിട്ട കോടതിമുറിയിൽ മാർട്ടിനു പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കാൻ അവസരം നൽകി. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങളെല്ലാം മാർട്ടിൻ എഴുതി നൽകി.നടൻ ലാലും ആക്രമണത്തിനിരയായ നടിയുമാണു ഭീഷണിപ്പെടുത്തുന്നതെന്നു കോടതി നടപടികൾക്കു ശേഷം പുറത്തിറങ്ങിയ മാർട്ടിന്‍റെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. കേസിലെ യഥാർഥ കാര്യങ്ങൾ പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്നും മാർട്ടിൻ പറഞ്ഞു. എന്നാൽ, റിമാൻഡിൽ കഴിയുന്ന മാർട്ടിനെ എങ്ങനെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവർക്കു മറുപടിയുണ്ടായില്ല.
ഗീത ഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ മുഖപത്രം
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഡോ.ഗീതാഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം.ഗീത ഗോപിനാഥ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിലും വികാസത്തിലും പ്രകടിപ്പിക്കുന്ന താൽപ്പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതിൽ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണെങ്കിലും ചെലവ് ചുരുക്കൽ സംബന്ധിച്ച് പ്രകടിപ്പിക്കുന്ന ചില നിലപാടുകൾ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടയെ സമീപിക്കൂ എന്നുവേണം കരുതാനെന്ന് സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.ലോക കേരള സഭയിൽ പങ്കെടുക്കാനെത്തിയ ഗീത ഗോപിനാഥ് ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നൽകുന്ന സൂചനകൾ ഏതെങ്കിലും തരത്തിൽ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ സ്വാധീനം ചെലുത്തുന്നവയാണെങ്കിൽ അവ തികച്ചും ആശങ്കാജനകമാണെന്ന് ജനയുഗം പറയുന്നു.
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ,ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
തിരുവനന്തപുരം:കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവർത്തകനും ബിജെപി പ്രവർത്തകനും വെട്ടേറ്റു.ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഡിവൈഎഫ്ഐ കാരക്കോണം യുണിറ്റ് ജോയിന്റ് സെക്രെട്ടറിയായ കാരക്കോണം സ്വദേശി അശ്വിന് വെട്ടേറ്റത്.ജോലികഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് ആക്രമണം നടന്നത്. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.ഇതിനു പിന്നാലെ രാത്രി പന്ത്രണ്ടു മണിയോടെ ബിജെപി പ്രവർത്തകനായ തോലടി സ്വദേശി സതികുമാറിനും വെട്ടേറ്റു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതികുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് മുക്കത്ത് വൻ മയക്കുമരുന്ന് വേട്ട;ഒരു കോടി രൂപയുടെ ബ്രൗൺ ഷുഗർ പിടികൂടി
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് വൻ മയക്കുമരുന്ന് വേട്ട.ഒരു കോടി രൂപയുടെ ബ്രൗൺ ഷുഗർ പിടികൂടി.മധ്യപ്രദേശ് സ്വദേശി മുഹമ്മദ് റഹീസ് എന്നയാളിൽ നിന്നുമാണ് ബ്രൗൺ ഷുഗർ പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് മുക്കം എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ചെരിപ്പിനുള്ളിലും ബാഗിലും ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.ഇയാളെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.