കൊച്ചി:വ്യാജ മേൽവിലാസമുപയോഗിച്ച് പുതുച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച കേസിൽ നടി അമല പോളിന് ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ജാമ്യത്തുകയായി ഒരു ലക്ഷം രൂപ അമല കെട്ടിവെയ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി അമലയോട് നിർദേശിച്ചിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമല ക്രൈബ്രാഞ്ചിനു മൊഴി നൽകിയിരുന്നു.പുതുച്ചേരിയിൽ കാർ രെജിസ്റ്റർ ചെയ്തത് വ്യാജരേഖകൾ ഉണ്ടാക്കിയാണെന്നും രജിസ്ട്രേഷനായി നൽകിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിർമിച്ചതാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.അതേസമയം വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് താൻ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും 2013 മുതൽ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും അമല മൊഴി നൽകി.
കൊല്ലത്തു നിന്നും മൂന്നു ദിവസം മുൻപ് കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കൊല്ലം:കൊല്ലം കൊട്ടിയത്ത് നിന്നും മൂന്നു ദിവസം മുൻപ് കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.കൊട്ടിയം സ്വദേശി ജിത്തു ജോബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച വൈകുന്നേരമാണ് കുടുംബവീടിനു സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ വെട്ടേറ്റ പാടുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അടുത്ത ബന്ധുക്കളെ ഉൾപ്പെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. കുണ്ടറയിലെ സ്വാകാര്യ സ്കൂളിലെ വിദ്യാർഥിയായ ജിത്തുവിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്.
സംസ്ഥാനത്തിന് പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ നിരോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി
കൊച്ചി:സംസ്ഥാനത്തിന് പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ നിരോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി.പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.ജനുവരി 22നു മുൻപ് ഇക്കാര്യത്തിൽ തീരുമാനം എടുത്ത് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സർക്കാരിന് നിർദേശം നൽകി.
നടിയെ ആക്രമിച്ച കേസ്;കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്
അങ്കമാലി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ചോർന്നത് അന്വേഷിക്കാൻ കോടതി ഉത്തരവ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കേസിലെ പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ശ്രമിക്കുകയായിരുന്നുവെന്ന ദിലീപിന്‍റെ വാദം പരിഗണിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നത് കോടതി ജനുവരി 22-ലേക്ക് മാറ്റി. ദൃശ്യങ്ങൾ ദിലീപിന് നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് പോലീസ് തീരുമാനം.ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൻ ഇരയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഇത് പ്രചരിക്കുമെന്നും ഇതിന് അനുവദിക്കരുതെന്നുമാണ് പോലീസിന്‍റെ വാദം.
ബാർ കോഴക്കേസ്;മാണിക്കെതിരെ തെളിവുകളില്ലെന്ന് വിജിലൻസ് റിപ്പോർട്
കൊച്ചി:മുൻധാനമന്ത്രി കെ.എം മാണി പ്രതിയായ ബാർ കോഴക്കേസിൽ മാണിക്കെതിരെ സാഹചര്യതെളിവുകളോ ശാസ്ത്രീയതെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നു വിജിലൻസ് റിപ്പോർട്.കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി വിജിലൻസിന് 45 ദിവസം കൂടി അനുവദിച്ചു.ഇനി സമയം നീട്ടി നൽകില്ലെന്നും നിശ്ചിത കാലയളവിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.കോഴയാരോപണത്തിനു തെളിവില്ലെന്ന് ആദ്യ അന്വേഷണത്തിലും പിന്നീട് നടത്തിയ തുടരന്വേഷണത്തിലും വിജിലൻസ് കണ്ടെത്തിയിരുന്നു.പിന്നീട് രണ്ടാം വട്ടവും തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു.ഈ കേസാണ് കോടതി പരിഗണിച്ചത്.
ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ എന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ
തിരുവനന്തപുരം:ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ എന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ.കേസിൽ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തിട്ടുണ്ട്.അന്വേഷണത്തിൽ സംസ്ഥാന പോലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പോലീസിനു പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ ആവശ്യമെങ്കിൽ ഡിജിപിയെ വിളിച്ച് വിശദീകരണം തേടുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർ പേഴ്സൺ പി.മോഹൻദാസ് പറഞ്ഞു.കേസിൽ സിബിഐ അന്വേഷണമാണ് നല്ലതെന്നും അന്വേഷണത്തിന് കമ്മീഷനും ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തേനീച്ചയുടെ കുത്തേറ്റ് രണ്ട് വിദ്യാർഥികളടക്കം നാലുപേർക്ക് പരിക്ക്
ചെറുപുഴ:രാജഗിരി മരുതുംതട്ടിൽ തേനീച്ചയുടെ കുത്തേറ്റ് രണ്ട് വിദ്യാർഥികളടക്കം നാലുപേർക്ക് പരിക്ക്.ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ മരുതുംതട്ടിൽ നിന്നും സ്കൂളിലേക്ക് പോകാനായി നടന്നുവരികയായിരുന്ന രണ്ട് വിദ്യാർത്ഥികൾക്കാണ് ആദ്യം കുത്തേറ്റത്.ചെറുപുഴ കന്നിക്കളം ആർക്ക് ഏയ്ഞ്ചൽസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അലൻ സിനോയി(16),സഹോദരൻ ഏഴാം ക്ലാസ് വിദ്യാർത്ഥി ജോയൽ സിനോയി(13),എന്നിവർക്കാണ് തേനീച്ചക്കുത്തേറ്റത്. മരുതുംതട്ടിൽ നിന്നും ബൈക്കിൽ രാജഗിരിയിലേക്ക് പോവുകയായിരുന്ന വിൻസെന്റ്,രാജഗിരിയിൽ നിന്നും മരുതുംത്തട്ടിലേക്ക് വരികയായിരുന്ന ഷിനോജ് എന്നിവർക്കാണ് പിന്നീട് കുത്തേറ്റത്.നാലുപേരും ചെറുപുഴ സെന്റ് സെബാസ്ററ്യൻസ് ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർദ്രം എമർജൻസി കെയർ പ്രവർത്തനം തുടങ്ങി
കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർദ്രം എമർജൻസി കെയർ പ്രവർത്തനം തുടങ്ങി. റെയിൽവെ അതോറിറ്റിയും ദേശീയ ആരോഗ്യ ദൗത്യവും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാനുള്ളതാണ് പദ്ധതി.മൈതാനപ്പള്ളി അർബൻ പി.എച്.സി.യുടെ കീഴിലാണ് ആർദ്രം സെന്റർ പ്രവർത്തിക്കുന്നത്.രോഗിക്ക് ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും അടുത്തുള്ള പി.എച്ച്.സിയിൽ നിന്നും എത്തിക്കും.രാവിലെ ഒൻപതുമണി മുതൽ രാത്രി എട്ടുമണി വരെയാണ് പ്രവർത്തന സമയം.രക്തസമ്മർദ്ദ പരിശോധന,പ്രമേഹ പരിശോധന,സി പി ആർ ആൻഡ് എ ഇ ഡി പരിശോധന എന്നിവയാണ് അടിയന്തിര ഘട്ടത്തിൽ ലഭിക്കുക.
തലശ്ശേരി മൂഴിക്കരയിൽ അജ്ഞാതനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തലശ്ശേരി:തലശ്ശേരി മൂഴിക്കരയിൽ അജ്ഞാതനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് മൂഴിക്കര ബസ്‌സ്റ്റോപ്പിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന് മൃതദേഹം കണ്ടത്.താടി നീട്ടി വളർത്തിയിട്ടുണ്ട്. നീല കുപ്പായവും ചുവന്ന ലുങ്കിയുമാണ് ധരിച്ചിരിക്കുന്നത്.കഴുത്തിൽ നൈലോൺ കയർ ഉപയോഗിച്ച് മുറുക്കിയ നിലയിലാണ് മൃതദേഹമുള്ളത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോൺ,സിഐ വി.വി ബെന്നി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിവരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. പോലീസ് നായ മണം പിടിച്ചു കൊപ്പാലം ഭാഗത്തുള്ള ക്വാർട്ടേഴ്‌സ് പരിസരം വരെ ഓടി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.അതേസമയം കൊല്ലപ്പെട്ടയാളോടൊപ്പം മദ്യപിച്ചതെന്നു കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിലെ ചായക്കടയിലെ തൊഴിലാളിയാണ് മരിച്ചതെന്നാണ് ഇയാൾ ചേദ്യം ചെയ്യലിൽ പറഞ്ഞത്.എന്നാൽ മദ്യലഹരിൽ ഇയാൾ പറയുന്ന കാര്യങ്ങൾ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
മലപ്പുറത്ത് കാനറാ ബാങ്ക് എടിഎം തകർത്ത് മോഷണ ശ്രമം
മലപ്പുറം:മലപ്പുറം രാമപുരത്ത് കാനറാ ബാങ്ക് എടിഎം തകർത്ത് മോഷണ ശ്രമം.എടിഎം പൂർണ്ണമായും തകർത്തു.എന്നാൽ പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം.ബാങ്ക് അധികൃതർ എത്തി പരിശോധിച്ചാൽ മാത്രമേ പണം നഷ്ട്ടമായോ എന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കുകയുള്ളൂ.കരിഓയിൽ തേച്ചാണ് കള്ളനെത്തിയത്.കറുത്ത സ്പ്രേ സിസിടിവി ക്യാമറയിൽ അടിച്ചെങ്കിലും മോഷണ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിദേശത്തു നടക്കുന്ന രീതിയിൽ വാഹനം കെട്ടിവലിച്ചു എടിഎം മെഷീൻ തന്നെ കടത്തിക്കൊണ്ടുപോയി പണം തട്ടാനാണ് ശ്രമം നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണ് പോലീസ്. രാമപുരം-കടുങ്ങപുരം റോഡിൽ കരിമ്പനയ്ക്കൽ യൂസഫിന്റെ ഉടമസ്ഥതയിലുള്ള കരിമ്പനയ്ക്കൽ കോംപ്ലക്സിലാണ് എടിഎം പ്രവർത്തിക്കുന്നത്. ബുധനാഴ്ച പുലർച്ചെയാണ് കവർച്ച ശ്രമം നടന്നത് .രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് എടിഎം കൗണ്ടറിനു മുൻപിൽ സാധനങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടത്. ഇവർ കെട്ടിട ഉടമയെ വിവരം അറിയിച്ചതിനെ തുടർന്ന് അദ്ദേഹം പോലീസിൽ അറിയിക്കുകയും പോലീസ് എത്തി പരിശോധിച്ചാണ് കവർച്ച ശ്രമം നടന്നതായി കണ്ടെത്തിയത്.