മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്‍പത് ഷട്ടറുകൾ തുറന്നു;പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിത്തുടങ്ങി

keralanews nine shutters of mullapperiyar dam opened water level in periyar rising water began to rise in low lying areas

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്‍പത് ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു.മൂന്നടിയോളം വെള്ളം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെളളം കയറിത്തുടങ്ങി. മഞ്ചുമല ആറ്റോരം കോളനിയില്‍ വീടിനുപരിസരത്തുവരെ വെള്ളമെത്തി. വികാസ് നഗറിലെ റോഡിലും വെള്ളംകയറി. നിലവിൽ ഒമ്പത് ഷട്ടറുകളിലൂടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് വർധിച്ചതോടെ പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. 6.45ന് രണ്ട് ഷട്ടറുകൾ കൂടി 60 സെന്റീ മീറ്റർ ഉയർത്തി. ഏഴുമണിയോടെയാണ് മറ്റ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാർ തീരത്ത് താസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.അതേസമയം, മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയിൽ ഹരജി നൽകും. രാത്രികാലങ്ങളിൽ ഏകപക്ഷീയമായി ഡാം തുറന്ന് വിടുന്ന തമിഴ്നാടിൻ്റെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്.പല തവണ അറിയിച്ചിട്ടും തമിഴ്‌നാട് സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്ന കാര്യവും കോടതിയിൽ വ്യക്തമാക്കും. വെള്ളിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച ഹരജി പരിഗണിക്കാനിരിക്കവെയാണ് കേരളത്തിൻ്റെ നീക്കം.അടുത്തിടെയായി രാത്രി കാലങ്ങളിലാണ് തമിഴ്‌നാട് ഷട്ടർ തുറക്കുന്നത്. മുന്നൊരുക്കങ്ങളോ രക്ഷാ പ്രവർത്തനങ്ങളോ കൃത്യമായി നടത്താൻ സാധിക്കുന്നില്ല. അമിതമായി വെള്ളം തുറന്നുവിടുമ്പോൾ പെരിയാർ തീരത്തുള്ള പല വീടുകളിലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്. മുൻകൂട്ടി അറിയിച്ചതിന് ശേഷം മാത്രമേ ഷട്ടറുകൾ തുറക്കാവു എന്നതാണ് കേരളത്തിന്റെ ആവശ്യം. ജലനിരപ്പ് ഉയരുന്നത് അനുവരിച്ച് വെള്ളം തുറന്നുവിടണമെന്നും കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെടും. തമിഴ്നാട് സർക്കാറിൻ്റെ നടപടി ചോദ്യം ചെയ്ത് ഡോ. ജോ ജോസഫും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഡാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ടസമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം.

സംസ്ഥാനത്ത് ഇന്ന് 4656 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;28 മരണം;5180 പേർ രോഗമുക്തി നേടി

keralanews 4656 corona cases confirmed in the state today 28 deaths 5180 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4656 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂർ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂർ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസർഗോഡ് 88 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 106 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,902 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 221 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5180 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 805, കൊല്ലം 553, പത്തനംതിട്ട 199, ആലപ്പുഴ 125, കോട്ടയം 564, ഇടുക്കി 175, എറണാകുളം 1029, തൃശൂർ 464, പാലക്കാട് 175, മലപ്പുറം 156, കോഴിക്കോട് 388, വയനാട് 186, കണ്ണൂർ 225, കാസർഗോഡ് 136 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

സിവിൽ സർവീസുകാരുടെ പ്രതിഷേധം ഫലം കണ്ടില്ല; കെഎഎസ് അടിസ്ഥാന ശമ്പളം 81,800 ആയി നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി

keralanews protest by the civil service was not successful government has fixed the kas basic salary at 81800 rupees

തിരുവനന്തപുരം:കെഎഎസ് അടിസ്ഥാന ശമ്പളം 81,800 ആയി നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി.10 ശതമാനം ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയത്. ഗ്രേഡ് പേക്ക് പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകുകയാണ് ചെയ്യുക. കെഎഎസ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളം നൽകുന്നതിനെതിരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. തങ്ങൾ ആനുപാതിക ശമ്പളവർധനവ് വേണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകൾ സർക്കാരിനെ സമീപിച്ചിരുന്നു.സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കാള്‍ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പെഷല്‍ പേ നല്‍കണമെന്നുമുള്ള ആവശ്യത്തില്‍ സിവില്‍ സര്‍വീസ് സംഘടനകള്‍ ഉറച്ചു നില്‍ക്കുകയാണ്.

സഹോദരിയുടെ വിവാഹം നടത്താന്‍ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് തൃശൂരില്‍ യുവാവ് തൂങ്ങി മരിച്ചു

keralanews youth committed suicide after did not get loan for sisters marriage

തൃശൂര്‍: സഹോദരിയുടെ വിവാഹം നടത്താന്‍ വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിന് വിപിന്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയായിരുന്നു ആത്മഹത്യ. ഈ ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. രണ്ട് സെന്റ് സ്ഥലത്താണ് ഇവരുടെ വീട് സ്ഥിതിചെയ്യുന്നത്. എന്നാല്‍, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിക്കണമെങ്കില്‍ മൂന്ന് സെന്റിലധികം ഉണ്ടാവണമെന്നാണ് നിബന്ധന. അതുകൊണ്ട് തന്നെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിച്ചില്ല. എന്നാല്‍, ഒരു സ്ഥാപനം പണം നല്‍കാമെന്ന് അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങളെ സ്വര്‍ണവും മറ്റ് വസ്ത്രങ്ങളും വാങ്ങാന്‍ പറഞ്ഞയച്ച വിപിന്‍ വായ്പ നല്‍കാമെന്നറിയിച്ച സ്ഥാപനത്തിലെത്തി. എന്നാല്‍, ഇവിടെ നിന്ന് പണം നല്‍കാനാവില്ലെന്ന് അറിയിച്ചു. ഇതിനു പിന്നാലെ വീട്ടിലെത്തിയ വിപിന്‍ ജീവനൊടുക്കുകയായിരുന്നു.ജ്വല്ലറിയിൽ ഏറെ നേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും തിരികെ വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂപ്പർമാർക്കറ്റിൽ ജോലിയുണ്ടായിരുന്ന വിപിന് കൊറോണ കാലത്ത് അത് നഷ്ടപ്പെട്ടിരുന്നു.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം രാത്രി വീണ്ടും തുറന്നു; വീടുകളിൽ വെളളം കയറി; രോഷാകുലരായി പ്രദേശവാസികൾ

keralanews mullaperiyar dam reopens overnight without warning houses flooded

ഇടുക്കി:മുല്ലപ്പെരിയാറില്‍ നിന്ന് രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും വെള്ളം ഒഴുക്കി തമിഴ്‌നാട്‌.നേരത്തെ തുറന്നിരിക്കുന്ന ഒമ്പത് ഷട്ടറുകൾ 120 സെന്റീമീറ്റർ വീതമാണ് അധികമായി ഉയർത്തിയത്. ഷട്ടർ കൂടുതൽ ഉയർത്തിയതിന് പിന്നാലെ പെരിയാർ തീരത്തെ പല വീടുകളിലും വെള്ളം കയറി തുടങ്ങി. മഴ മാറി നിന്ന പകൽസമയത്ത് വെളളം തുറന്നുവിടാതെ രാത്രിയിൽ പതിവായി ഷട്ടർ തുറക്കുന്നതിൽ നാട്ടുകാർ രോഷാകുലരാണ്. പലരുടെയും വീടുകളിൽ വെളളം കയറി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. അണക്കെട്ടില്‍നിന്ന് 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഒഴുക്കിയതോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തില്‍ വെള്ളം കയറി. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ചപ്പാത്ത് പാലത്തിന്റെ കൈവരികള്‍ക്കിടയിലൂടെ വെള്ളം ഒഴുകിയത്. പെരിയാര്‍ തീരത്തെ വള്ളക്കടവ്, വികാസ്നഗര്‍, മഞ്ചുമല മേഖലകളിലെ പത്തിലധികം വീടുകളില്‍ വെള്ളം കയറി.എന്നാല്‍, രാത്രി പത്തോടെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് അടച്ചു. തുടര്‍ന്നും ആറ് ഷട്ടറുകളിലൂടെ 8380 ഘനയടി വെള്ളം ഒഴുകി.രാത്രി ഒന്‍പതേമുക്കാലോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്തെത്തി സ്ഥതിഗതികള്‍ വിലയിരുത്തി.രാവിലെയോടെ ഒന്ന് ഒഴികെ മറ്റെല്ലാ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. പിന്നാലെ വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.അതേസമയം രാത്രി വൻതോതിൽ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പകല്‍ തുറന്നുവിടാന്‍ സൗകര്യമുണ്ടായിട്ടും രാത്രിയില്‍ വന്‍തോതില്‍ വെള്ളം തുറന്നുവിടുകയാണ്. ഇത് ജനാധിപത്യ നടപടികള്‍ക്ക് വിരുദ്ധമാണ്.എല്ലായിടത്തും അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. രാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാട് തുറക്കുന്നത് സംബന്ധിച്ച് കേരളത്തിന്റെ പ്രതിഷേധം മേല്‍നോട്ടസമിതിയെ അറിയിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയെ വിവരം അറിയിക്കുമെന്നും ജലവിഭവവകുപ്പ് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 3277 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;30 മരണം;5833 പേർക്ക് രോഗമുക്തി

keralanews 3277 corona cases confirmed in the state today 30 deaths 5833 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3277 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂർ 267, തൃശൂർ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസർഗോഡ് 53 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 138 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,768 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3056 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5833 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 938, കൊല്ലം 524, പത്തനംതിട്ട 323, ആലപ്പുഴ 174, കോട്ടയം 461, ഇടുക്കി 146, എറണാകുളം 724, തൃശൂർ 598, പാലക്കാട് 187, മലപ്പുറം 397, കോഴിക്കോട് 741, വയനാട് 266, കണ്ണൂർ 287, കാസർഗോഡ് 67 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

സംസ്ഥാനത്ത് പച്ചക്കറിവില വീണ്ടും ഉയര്‍ന്നു; തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും സെഞ്ച്വറിയടിച്ച് തക്കാളി വില

keralanews vegetale price increased in the state tomato price croses 100 rupees in thiruvananthapuram and kozhikode

തിരുവനന്തപുരം:വില കുറയ്‌ക്കാനുള്ള ചർച്ചകൾ ഉദ്യോഗസ്ഥർക്കിടയിൽ പുരോഗമിക്കുമ്പോഴും സംസ്ഥാനത്ത് വീണ്ടും കുതിച്ച് ഉയർന്ന് പച്ചക്കറി വില. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറുരൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്.മറ്റ് പച്ചക്കറികൾക്കും ആഴ്ചകളായി ഉയർന്ന വില തുടരുകയാണ്. മുരിങ്ങക്കായ ആണ് നിലവിൽ തീ വിലയുള്ള പച്ചക്കറി ഇനം. 300 രൂപയാണ് ഇന്നത്തെ വില. വെണ്ടയ്‌ക്ക് കിലോയ്‌ക്ക് എഴുപത് രൂപയും, ചേന, ബീൻസ്, ക്യാരറ്റ് എന്നിവയ്‌ക്ക് അറുപത് രൂപയുമാണ് വില. ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതി കാരണം ഉൽപ്പാദനം കുറഞ്ഞതാണ് പച്ചക്കറിയ്‌ക്ക് വിലകൂടാൻ കാരണം. അതേസമയം, ഹോർട്ടികോർപ്പ് കുറഞ്ഞ വിലയ്‌ക്ക് വിൽപ്പന തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ 80 ടൺ പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തെങ്കാശിയിൽ നിന്നും നേരിട്ട് പച്ചക്കറി എത്തിക്കുന്നതിനായി ബുധനാഴ്ച കരാറൊപ്പിടുമെന്നാണ് ഹോർട്ടികോർപ്പ് അറിയിച്ചത്.

പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്ത് സമരം ചെയ്യുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍

keralanews medical pg students protesting in the state to strengthen the protest

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സമരം ചെയ്യുന്ന കേരളത്തിലെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നു. ബുധനാഴ്ച മുതല്‍ അത്യാഹിത വിഭാഗങ്ങള്‍ കൂടി ബഹിഷ്കരിക്കാനാണ് തീരുമാനം.ആറു മാസം വൈകിയ മെഡിക്കല്‍ പിജി അലോട്ട്മെന്‍റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.മറ്റ് സംസ്ഥാനങ്ങളില്‍ ആരോഗ്യവകുപ്പ് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും കേരളത്തില്‍ ഒരു നടപടിയുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപണം ഉയര്‍ത്തുന്നു.മെഡിക്കല്‍ പി ജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം തുടരുകയാണ്. ഡിസംബര്‍ 2 ന് സൂചന ഒപി ബഹിഷ്കരണം നടത്തിയതിന് ശേഷമാണ് 3 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.

കൊച്ചിയിൽ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ചൂതാട്ടം; പങ്കെടുത്തത് കൊച്ചിയിലെ പ്രമുഖർ

keralanews flat focused gambling in kochi prominent personalities from kochi participated

കൊച്ചി: ചെലവന്നൂരിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നടന്ന ചൂതാട്ടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളുടെ ഇടാപാടാണെന്ന് ഓരോ കളിയിലും നടന്നതെന്ന് പോലീസ് കണ്ടെത്തി. ആഴ്ചയിൽ രണ്ട് ദിവസമാണ് ഇവിടെ ചൂതാട്ടം നടന്നിരുന്നത്. കൊച്ചി വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരിപാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയിലാണ് പോലീസ് ഫ്‌ലാറ്റിൽ റെയ്ഡ് നടത്തിയത്. കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട നിരവധി വ്യക്തികൾ ചൂതാട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നത്. പോക്കർ കോയിനുകൾ ഉപയോഗിച്ചുളള ചൂതാട്ടമാണ് നടന്നിരുന്നത്.ചെലവന്നൂരിലെ ഹീര ഫ്‌ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലുള്ള ഡ്യൂപ്ലെ ഫ്‌ലാറ്റിലാണ് ചൂതാട്ടകേന്ദ്രം. അറുപതിനായിരം രൂപ കൊടുത്ത് വാടകയ്‌ക്ക് എടുത്ത ഫ്‌ലാറ്റിന്റെ മുകൾ ഭാഗത്തുള്ള മുറിയാണ് ചൂതാട്ട കേന്ദ്രമായി സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഇത് സജീവമായി പ്രവർത്തിക്കുകയായിരുന്നു. മാഞ്ഞാലി സ്വദേശി ടിപ്‌സന്റെ ഫോണിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സൈജു തങ്കച്ചൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ വിവിധ ഫ്‌ലാറ്റുകളിൽ പോലീസ് സംഘവും നർകോട്ടിക്ക്‌സ് സംയുക്തമായി പരിശോധന നടത്തിയത്. ഇവിടെ നിന്നും ലഹരി ഉപയോഗിക്കുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

എറണാകുളം നായരമ്പലത്ത് വീട്ടിനുള്ളില്‍ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ട മകനും മരിച്ചു

keralanews son found burned inside house with mother died

കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടിനുള്ളില്‍ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ട മകനും മരിച്ചു.സിന്ധുവിന്‍റെ മകന്‍ അതുലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്നലെ രാത്രി മരിച്ചത്.70 ശതമാനത്തോളം അതുലിന് പൊള്ളലേറ്റിരുന്നു. അതുലിന്റെ അമ്മയായ സിന്ധു ഇന്നലെ മരിച്ചിരുന്നു.ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വീട്ടിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ടെത്തിയ സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് വാതില്‍ തല്ലിപ്പൊളിച്ച്‌ അകത്തു കടന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നല്‍കിയിട്ടുണ്ട്.മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തെളിയിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇതിന് പിന്നില്‍ ആരാണെന്ന ചോദ്യത്തിന് സിന്ധു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.നേരത്തെ ഇയാള്‍ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച്‌ സിന്ധു പോലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. സിന്ധുവിന്റെ പരാതിയിന്മേല്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.