തിരുവനന്തപുരം:സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി.ദക്ഷിണമേഖലാ എഡിജിപി ആയി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അനിൽകാന്തിനെ നിയമിച്ചു.നിലവിലെ എഡിജിപി ബി സന്ധ്യയെ ട്രെയിനിങ് വിഭാഗം എഡിജിപിയായി മാറ്റി നിയമിച്ചു.നിലവിൽ തൃശൂർ പോലീസ് അക്കാദമിയുടെ ഡയറക്റ്ററായി പ്രവർത്തിക്കുന്ന എഡിജിപി പത്മകുമാറിനെ ട്രാൻസ്‌പോർട് കമ്മീഷണറായി മാറ്റി നിയമിച്ചു.എറണാകുളം റേഞ്ച് ഐജി പി.വിജയനെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ഭരണ വിഭാഗം ഐജിയായി മാറ്റി നിയമിച്ചു.നീണ്ടകാലത്തെ ഡെപ്യുട്ടേഷന് ശേഷം സംസ്ഥാനത്തു തിരിച്ചെത്തിയ വിജയ് സാഖറെയാകും പുതിയ എറണാകുളം റേഞ്ച് ഐജി.
തിരുവനന്തപുരത്ത് ഭക്ഷ്യ വിഷബാധയെ തുടർന്ന് 57 വിദ്യാർഥികൾ ആശുപത്രിയിൽ
തിരുവനന്തപുരം:തിരുവനന്തപുരത്ത് ഭക്ഷ്യ വിഷബാധയെ തുടർന്ന് 57 വിദ്യാർഥികൾ ആശുപത്രിയിൽ.തോന്നയ്ക്കൽ എൽപി സ്കൂൾ വിദ്യാർത്ഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.വ്യാഴാഴ്ചയാണ് കുട്ടികളെ കടുത്ത പനിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് കുട്ടികൾക്ക് നൽകിയ മുട്ടയിൽ നിന്നോ കറിയിൽ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.ബുധനാഴ്ച കുട്ടികൾക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.എന്നാൽ വ്യാഴാഴ്ച സ്കൂളിലെത്തിയ പത്തു കുട്ടികൾ അസ്വസ്ഥത കാരണം മടങ്ങിപ്പോയി.വൈകുന്നേരത്തോടെ കൂടുതൽ കുട്ടികൾ അസ്വസ്ഥത കാണിച്ചതോടെയാണ് അധ്യാപകർക്കും രക്ഷിതാക്കൾക്കും സംശയം തോന്നിയത്.തുടർന്ന് ഇവരെ വേങ്ങോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് രക്ഷകർത്താക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടികൾ തലേദിവസം കഴിച്ച മുട്ടയിൽ നിന്നോ കറിയിൽ നിന്നോ ആകാം ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയം ഉണ്ടായത്.
എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം:മാർച്ച് 12 ന് നടക്കേണ്ടിയിരുന്ന എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷ മാറ്റിവെച്ചു.അതേമാസം 28 ലേക്കാണ് പരീക്ഷ മാറ്റിയിരിക്കുന്നത്.മാർച്ച് 12 ന് വൈകുണ്ഠസ്വാമി ജന്മദിനം പ്രമാണിച്ച് അവധിയായതിനാലാണ് പരീക്ഷ മാറ്റിയത്.
ജനുവരി 24 ന് സംസ്ഥാനത്ത് വാഹനപണിമുടക്ക്
തിരുവനന്തപുരം:ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സംയുക്തമായി ഈ മാസം 24 ന് വാഹനപണിമുടക്ക് നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സ് വാഹനങ്ങൾ, ചരക്ക്-ടാങ്കർ ലോറികൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം, നേരത്തെ വര്‍ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ചാണ് സംയുക്ത സമര സമിതി ബുധനാഴ്ച വാഹന പണിമുടക്ക് നടത്തുന്നത്.
കൊട്ടിയത്തെ പതിനാലുകാരന്റെ കൊലപാതകം; കൊന്നത് താൻ ഒറ്റയ്‌ക്കെന്ന് മാതാവ്
കൊല്ലം:കൊട്ടിയത്ത് ദുരുഹ സാഹചര്യത്തിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കൈകാലുകൾ വെട്ടിമാറ്റി കത്തി കരിഞ്ഞ നിലയിൽ വീടിനു സമീപത്തെ പറന്പിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം ചെയ്തത് താൻ ഒറ്റയ്ക്കാണെന്ന് മാതാവിന്റെ മൊഴി.എന്നാൽ ഈ വാക്കുകൾ പോലീസ് മുഖവിലയ്ക്ക് എടുത്തില്ല. ജയമോൾക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്തി മൃതശരീരം വെട്ടിമുറിച്ച് കത്തിക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്. അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണോ കൊലപാതകത്തിനു കാരണമെന്നും പോലീസ് സംശയിക്കുന്നു.അതേസമയം ജയമോൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഭർത്താവ് പറയുന്നത്.അമ്മയ്ക്ക് വട്ടാണെന്ന് മകൻ പറഞ്ഞത് ജയയെ പ്രകോപിപ്പിച്ചതായും ഭർത്താവ് കൂട്ടിച്ചേർത്തു.സ്കെയിൽ വാങ്ങാൻ അമ്പതു രൂപയും വാങ്ങി കടയിലേക്ക് പോയ ജിത്തു തിരിച്ചു വന്നില്ലെന്നാണ് മാതാവ് ജയ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. കുട്ടിയുടെ പിതാവ് ചാത്തന്നൂർ പോലീസിൽ പരാതി യും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരവെയാണ് ബുധനാഴ്ച വൈകുന്നേരം നാലരമണിയോടെ വരുടെ വീട്ടിൽ നിന്നും ഏകദേശം ഇരുനൂറു മീറ്റർ അകലെ കുട്ടിയുടെ പിതാവ് ജോബിന്‍റെ കുടുംബ വീടിനടുത്ത് ആളൊഴിഞ്ഞ മരച്ചീനി കൃഷി തോട്ടത്തിലമൃതദേഹം കണ്ടെത്തുകയായിരുന്നു.ഒരു കാൽ വെട്ടിമാറ്റിയ നിലയിലും മറ്റൊരു കാൽ വെട്ടേറ്റു തൂങ്ങിയ നിലയിലുമായിരുന്നു. കൈകൾക്കും വേട്ടേറ്റ നിലയിൽ നിലയിൽ കണ്ടെത്തിയ മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു.
ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂരിൽ അറസ്റ്റ് ചെയ്ത അഞ്ചുപേർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു
കണ്ണൂർ:ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കണ്ണൂർ സ്വദേശികളായ അഞ്ചു പേർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. യുഎപിഎ 38, 39 പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മിഥിലാജ് (26), അബ്ദുൾ റസാഖ് (34), എം.വി. റഷീദ് (24), മനാഫ് റഹ്മാൻ (42), യു.കെ. ഹംസ (57) എന്നിവർക്കെതിരെയാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.തുർക്കിയിൽനിന്നു പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുർക്കി പോലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച ഇവരെ കഴിഞ്ഞ ഒക്ടോബറിലാണ് കണ്ണൂരിൽ പോലീസ് പിടികൂടിയത്.ഇവർക്കെതിരെ കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കേസ് കേരള പോലീസിൽനിന്നു കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
സംസ്ഥാനത്ത് ജനുവരി മുപ്പതുമുതൽ അനിശ്ചിതകാല ബസ് സമരം
തിരുവനന്തപുരം:ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ജനുവരി മുപ്പതു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.ബസ് ഓപ്പറേറ്റർസ് ഫെഡറേഷനാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.സമരത്തിന് മുന്നോടിയായി ജനുവരി 22 ന് സെക്രെട്ടെറിയേറ്റ് പടിക്കൽ നിരാഹാരമിരിക്കുമെന്നും ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ അറിയിച്ചു.മിനിമം ചാർജ് പത്തു രൂപയാക്കുക,കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തുക,വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയായും വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
പരിയാരത്ത് അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
പരിയാരം:പരിയാരം ദേശീയപാതയില്‍ അലക്യംപാലത്തിന് സമീപം കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തന്മാർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് സ്വാമിമാർക്ക് പേര്‍ക്ക് പരിക്കേറ്റു.ഗോകര്‍ണത്തിന് സമീപം മദനഗിരിയിലെ താക്കു(48),ബൊമ്മയ്യ(38),മാരുതി(23),ആദിത്യ(9), ജനാര്‍ദ്ദന(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പയ്യന്നൂരില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് വാഹനത്തില്‍ കുടുങ്ങിപ്പോയ അയ്യപ്പഭക്തരെ രക്ഷിച്ചത്.പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നു.ശബരിമല ദർശനം കഴിഞ്ഞ് ഗോകര്‍ണത്തേക്ക് തിരിച്ചു പോകുന്നതിനിടെയായിരുന്നു അപകടം.
ഐഎസ്സിൽ ചേർന്ന ഒരു കണ്ണൂർ സ്വദേശി കൂടി കൊല്ലപ്പെട്ടു
കണ്ണൂർ:ഐഎസ്സിൽ ചേർന്ന ഒരു കണ്ണൂർ സ്വദേശി കൂടി കൊല്ലപ്പെട്ടു.കണ്ണൂർ വളപട്ടണം സ്വദേശി അബ്ദുൽ മനാഫ് ആണ് സിയാൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സിറിയയിലുള്ള മയ്യിൽ സ്വദേശി അബ്ദുൽ ഖയ്യൂമാണ് വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.വാട്ട്സ് ആപ്പ് വഴിയാണ് വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.മരണം പോലീസ് സ്ഥിതീകരിച്ചിട്ടില്ല.കണ്ണൂർ ജില്ലയിൽ നിന്നുള്ള അഞ്ചുപേരുടെ മരണം പോലീസ് നേരത്തെ സ്ഥിതീകരിച്ചിരുന്നു.ഇനിയും എൺപതോളം മലയാളികൾ സിറിയയിലെ ഐഎസ് താവളങ്ങളിൽ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം.കഴിഞ്ഞ ഒരു വർഷത്തിനിടെ സിറിയയിൽ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 16 ആയതായാണ് പോലീസിന്റെ കണക്ക്.
തലശ്ശേരിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തലശ്ശേരി:തലശ്ശേരി കുട്ടിമാക്കൂലിൽ യുവാവിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.സിപിഎം പ്രവര്‍ത്തകനായ കുട്ടിമാക്കൂല്‍ ശാന്ത ഭവനില്‍ പച്ച സുധീര്‍ എന്ന സുധീറിനെ(39) നെയാണ് വീടിന്‍റെ ഹാളില്‍ വായില്‍ നിന്നും രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ സഹോദരന്‍ രതീഷ് ജോലി കഴിഞ്ഞ് രാത്രി രണ്ടോടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ മൃതദേഹം കാണപ്പെട്ടത്.സിനിമ ലൊക്കേഷനുകളിലേക്ക് ഫര്‍ണിച്ചറുകള്‍ നിര്‍മ്മിച്ചു നല്‍കലായിരുന്നു സുധീറിന്‍റെ തൊഴില്‍. മൃതദേഹം ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.