കൂത്തുപറമ്പ്:കണ്ണവം മേഖലയിൽ അഞ്ച് എസ്‌ഡിപിഐ പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം.കഴിഞ്ഞ ദിവസം കാക്കയങ്ങാട് എബിവിപി പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.ഇതിനെ തുടർന്നാണ് വീടുകൾക്ക് നേരെ ആക്രമണം നടന്നത്.അക്രമികൾ വീട്ടുപകരണങ്ങളും ബൈക്കും ഉള്‍പ്പെടെ അടിച്ചുതകര്‍ത്തു. ആലപ്പറമ്പ് പതിനേഴാം മൈലിലെ സൈനബയുടെ വടക്കേതോട്ടത്തില്‍ ഹൗസിനു നേരെ ഒരു സംഘം ആക്രമണം നടത്തി.വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചറുകളും തകര്‍ത്തു.വടക്കേ തോട്ടത്തില്‍ റഹ്മത്തിന്റെ വീടിനു നേരെ നടന്ന അക്രമത്തില്‍ വീടിന്റെ വാതില്‍ തകർക്കുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തു.സൈനബയുടെ സഫ്നാസ് മന്‍സിലില്‍ അക്രമം നടത്തിയ സംഘം എ.സി.യും ഫര്‍ണിച്ചറുകളും തകര്‍ത്തു. വടക്കേ തോട്ടത്തില്‍ അബ്ബാസിന്റെ വീടിനു നേരെയും അക്രമം നടന്നു.അക്രമത്തില്‍ ഫര്‍ണിച്ചറുകളും സ്‌കൂട്ടറും തകര്‍ത്തിട്ടുണ്ട്.എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അന്‍സിറിന്റെ വീട്ടില്‍ നടന്ന അക്രമത്തില്‍ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് തലശ്ശേരി എ.എസ്.പി തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം കണ്ണവം മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഹരിയാനയിൽ വിദ്യാർത്ഥിയുടെ വെടിയേറ്റ് പ്രിൻസിപ്പൽ കൊല്ലപ്പെട്ടു
യമുനാനഗർ:ഹരിയാനയിലെ യമുന നഗറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ വെടിയേറ്റ് പ്രിൻസിപ്പൽ മരിച്ചു.പ്രിൻസിപ്പൽ റിത ചന്പ്രയാണ് കൊല്ലപ്പെട്ടത്. യമുനാനഗറിലെ താപ്പർ കോളനിയിലുള്ള സ്വാമി വിവേകാനന്ദ സ്കൂളിലായിരുന്നു സംഭവം.തുടർച്ചയായി സ്കൂളിൽ ഹാജരാകാത്തതിനെ തുടർന്ന് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഇന്ന് സ്കൂളിലെത്തിയ വിദ്യാർത്ഥി രാവിലെ 11.35 പ്രിൻസിപ്പലിന്‍റെ മുറിയിൽ അതിക്രമിച്ചു കയറി റിതയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു.പിന്നിട് രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയെ അധ്യാപകരും മറ്റു വിദ്യാർഥികളും ചേർന്ന് പിടിച്ച് പോലീസിനു കൈമാറി.
ബുധനാഴ്ചത്തെ വാഹന പണിമുടക്കിൽ കെഎസ്ആർടിസിയും പങ്കെടുക്കും
തിരുവനന്തപുരം:ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിൽ കെഎസ്ആർടിസിയിലെ ഇടതു സംഘടനകളും പങ്കെടുക്കുമെന്ന് അറിയിച്ചു.ഇത് സംബന്ധിച്ച് നോട്ടീസ് സിഐടിയു,എഐടിയുസി സംഘടനകൾ നൽകി.ബുധനാഴ്ച രാവിലെ ആറുമണിമുതൽ വൈകുന്നേരം ആറു മണിവരെ നടക്കുന്ന പണിമുടക്കിൽ സ്വകാര്യ ബസുകൾ,ഓട്ടോറിക്ഷകൾ, ചരക്ക്-ടാങ്കർ ലോറികൾ തുടങ്ങിയവയാണ് പങ്കെടുക്കുന്നത്.
ഇരിക്കൂർ പെരുമണ്ണിൽ ബോംബ് സ്ഫോടനം
ഇരിക്കൂർ:ഇരിക്കൂർ പെരുമണ്ണിൽ ബോംബ് സ്ഫോടനം.പെരുമണ്ണിൽ സ്‌മൃതി മണ്ഡപത്തിന് സമീപമാണ് സ്ഫോടനം നടന്നത്.കാടുവെട്ടിത്തെളിച്ച് തീയിടുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവത്തിൽ പരിസരവാസിയായ സി.വി രവീന്ദ്രന് പരിക്കേറ്റു.
നടി ആക്രമിക്കപ്പെട്ട കേസ്;കുറ്റപത്രം ചോർന്നതിൽ അന്വേഷണം ആവശ്യമില്ലെന്ന് കോടതി
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോർന്ന സംഭവത്തിൽ അന്വേഷണം വേണ്ടെന്ന് കോടതി.ഇതുമായി ബന്ധപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചു.കുറ്റപത്രം ചോർന്നതുമായി ബന്ധപ്പെട്ട് പോലീസിനെ കോടതി താക്കീത് ചെയ്തു. ദിലീപ് നൽകിയ ഹർജിയിലെ ആശങ്കകൾ ന്യായമാണെന്നും കുറ്റപത്രവും കേസിലെ തെളിവുകളും ചോരാതിരിക്കാൻ പോലീസിന്റെ ഭാഗത്തു നിന്നും ജാഗ്രത വേണമെന്നും കോടതി നിരീക്ഷിച്ചു.കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പോലീസാണെന്നായിരുന്നു ദിലീപിന്റെ പരാതി.കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണമെന്നും ദിലീപ് ഹർജിയിൽ വാദിച്ചിരുന്നു.എന്നാൽ കുറ്റപത്രം ചോർന്നതിൽ പൊലീസിന് പങ്കില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പകർച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായുള്ള ആരോഗ്യജാഗ്രത പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി
കണ്ണൂർ:പകർച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായുള്ള ആരോഗ്യജാഗ്രത പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിൽ ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.21 ന് ജില്ലയിലെ എല്ലാ വീടുകളിലും സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടക്കും. ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്യുകയും വീടിന്റെ പരിസരം നിരീക്ഷിച്ച് രോഗപ്രതിരോധാവസ്ഥ നിർണയം നടത്തുകയും ചെയ്യും. കുടുംബശ്രീ,ശുചിത്വ മിഷൻ ആരോഗ്യസേന എന്നിവയുടെ സഹകരണത്തോടെയാണിത്. ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക.
കണ്ണൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം;നാല് എസ്‌ഡിപിഐ പ്രവർത്തകർ പിടിയിൽ
പേരാവൂർ:എബിവിപി പ്രവർത്തകനും കാക്കയങ്ങാട് ഗവ.ഐടിഐ വിദ്യാർത്ഥിയുമായ ശ്യാംപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് എസ്‌ഡിപിഐ പ്രവർത്തകർ പോലീസ് പിടിയിലായി.കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി മുഹമ്മദ്(20),മിനിക്കോൽ സലിം(26),നീർവേലി സ്വദേശി സമീർ(25),പാലയോട് സ്വദേശി ഹാഷിം(39),എന്നിവരെയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ വയനാട് തലപ്പുഴയിൽ വെച്ചാണ് പ്രതികൾ പിടിയിലാകുന്നത്.കൊലപാതകത്തിന് ശേഷം നെടുംപൊയിൽ ഭാഗത്തേക്ക് അക്രമിസംഘം പോയതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞതനുസരിച്ച് പേരാവൂർ സിഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈ മേഖലയിൽ പരിശോധന നടത്തിയിരുന്നു.ഇതിനിടെ ബാവലി അന്തർസംസ്ഥാന പാതവഴി കർണാടകത്തിലേക്ക് കടക്കുന്ന സാധ്യത കൂടി കണക്കിലെടുത്ത് തലപ്പുഴ സ്റ്റേഷനിലേക്കും വിവരം കൈമാറിയിരുന്നു. ഇതനുസരിച്ച് തലപ്പുഴ പോലീസ് നടത്തിയ പരിശോധനയിലാണ് അക്രമികളെ ഇവർ സഞ്ചരിച്ച കാർ ഉൾപ്പെടെ പോലീസ് പിടികൂടിയത്.ഇവരെ പിന്നീട് അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
കണ്ണൂരിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു
കണ്ണൂർ:ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇന്നലെ വൈകുന്നേരം കാക്കയങ്ങാട്ടുവെച്ചാണ് എബിവിപി പ്രവർത്തകനും കാക്കയങ്ങാട് ഗവ.ഐടിഐ വിദ്യർഥിയുമായ ശ്യാമപ്രസാദിനെ ഒരുസംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.വെട്ടേറ്റ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ എത്തിയ അക്രമിസംഘം ശ്യാമപ്രസാദിന്റെ വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഇന്ന് കൂത്തുപറമ്പിലെത്തിക്കും.ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം കൊല്ലപ്പെട്ട ശ്യാമപ്രസാദിന്‍റെ പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളജിൽ പൂർത്തിയായി. മൃതദേഹം വിലാപയാത്രയായി കൊണ്ടുവന്ന് തളിപ്പറമ്പ്, കണ്ണൂർ പഴയസ്റ്റാന്‍റ്, കൂത്തുപറമ്പ് ,കണ്ണവം തൂടങ്ങിയ സ്ഥലങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം നാലോടെ ചിറ്റാരിപ്പറമ്പിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടത്തുക.
കാക്കയങ്ങാട് എബിവിപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി;കണ്ണൂരിൽ നാളെ ബിജെപി ഹർത്താൽ
കണ്ണൂർ:കാക്കയങ്ങാട് എബിവിപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി.കോളയാട് ആലപ്പറമ്പ് സ്വദേശി ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്.കാക്കയങ്ങാട് ഗവണ്‍മെന്‍റ് ഐടിഐ വിദ്യാർത്ഥിയായ ശ്യാമപ്രസാദ് വെള്ളിയാഴ്‌ച വൈകുന്നേരം ബൈക്കിൽ സഞ്ചരിക്കവേ കാറിൽ എത്തിയ മുഖംമൂടി സംഘം ആക്രമിക്കുകയായിരുന്നു.സമീപത്തെ വീട്ടിൽ ഓടിക്കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ അക്രമിസംഘം വെട്ടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ശനിയാഴ്ച ഹർത്താൽ ആചരിക്കാൻ ബിജെപി നേതൃത്വം ആഹ്വാനം ചെയ്തു.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താലിൽനിന്ന് വാഹനങ്ങളെ പൂർണമായും ഒഴിവാക്കിയതായി പാർട്ടി അറിയിച്ചു.
കാസർകോട്ട് വീട്ടമ്മ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ;സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി സംശയം
പെരിയ:കാസർകോഡ് പെരിയയിൽ വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയാണ്(60) കൊല്ലപ്പെട്ടത്. കൈകാലുകൾ ബന്ധിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.വീട്ടിൽ നിന്നും സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി സംശയിക്കുന്നുണ്ട്.വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കൊലപാതക വിവരം നാട്ടുകാരറിയുന്നത്.ഒറ്റയ്ക്ക് താമസിക്കുന്ന സുബൈദ സ്ഥിരമായി തൊട്ടടുത്തുള്ള വീട്ടിൽ പോകാറുണ്ടായിരുന്നു.എന്നാൽ ഇന്ന് ഉച്ചയായിട്ടും സുബൈദയെ കാണാത്തതിനെത്തുടർന്ന് അയല്പക്കത്തെ വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് സുബൈദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബേക്കൽ പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.