മലപ്പുറം:മലപ്പുറം വളാഞ്ചേരി ദേശീയപാതയിൽ മറിഞ്ഞ ടാങ്കർ ലോറിയിലെ വാതകചോർച്ച അടച്ചു.പുലർച്ചെ രണ്ടുമണിയോടെയാണ് ചോർച്ച അടച്ചത്.ഇന്നലെ രാത്രി ഏഴര മണിയോടെയാണ് വളാഞ്ചേരി വട്ടപ്പാറ വളവിൽ പാചകവാതക ലോറി മറിഞ്ഞത്.ലോറിയിൽ നിന്നും വാതകം ചോർന്നതിനെ തുടർന്ന് പരിസരവാസികളെ ഒഴിപ്പിച്ചിരുന്നു.അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് രാമനാഥപുരം സ്വദേശി ശരവണ പാണ്ട്യന് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മേഖലയിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.17 ടൺ പാചകവാതകമാണ് ലോറിയിൽ ഉണ്ടായിരുന്നത്.
‘അക്ഷരലക്ഷം’ പദ്ധതി;റിപ്പബ്ലിക്ക് ദിനത്തിൽ 46349 നിരക്ഷരർ ക്ലാസ്സിലേക്ക്
തിരുവനന്തപുരം:അക്ഷരലക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി 46349 നിരക്ഷരർ റിപ്പബ്ലിക്ക് ദിനത്തിൽ ക്ലാസ്സിലേക്ക്.പഠിതാക്കൾ ഭരണഘടനയുടെ ആമുഖം ഏറ്റുചൊല്ലുന്നതോടെ ക്ലാസ്സുകൾക്ക് തുടക്കമാകും.16 നും 75 നും ഇടയിൽ പ്രായമുള്ള നിരക്ഷരരെ സാക്ഷരരാക്കുന്നതിനായി സാക്ഷരതാ മിഷൻ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘അക്ഷരലക്ഷം’. പദ്ധതിയുടെ ഭാഗമായി നടന്ന ആദ്യഘട്ട സർവേയിൽ കേരളത്തിൽ 47,241 നിരക്ഷരർ ഉണ്ടെന്നു കണ്ടെത്തി.ഇതിൽ ഏറ്റവും കൂടുതൽപേർ പാലക്കാട് ജില്ലയിലാണ് 10348 പേർ.കുറവ് പത്തനംതിട്ട ജില്ലയിലും 434 പേർ.തുടർവിദ്യാകേന്ദ്രങ്ങളുള്ള 2086 വാർഡിലെ ആറിനും എഴുപത്തഞ്ചിനും ഇടയിലുള്ളവരിലാണ് സർവ്വേ നടത്തിയത്.20 പഠിതാക്കൾക്ക് ഒരുകേന്ദ്രം എന്ന തരത്തിലാണ് ക്‌ളാസ്സുകൾ നടത്തുക.ഏപ്രിൽ ആദ്യവാരം പരീക്ഷ നടത്തും.ഏപ്രിൽ 18 ന് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനവും നടത്തും.പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയിലെ തിരഞ്ഞെടുത്ത ഒരു തദ്ദേശ സ്ഥാപനത്തിൽ നടപ്പാക്കും.യുനെസ്കോയുടെ മാനദണ്ഡ പ്രകാരം കേരളം സമ്പൂർണ സാക്ഷരതാ കൈവരിച്ചെങ്കിലും 2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ ഇനിയും 18 ലക്ഷം നിരക്ഷരർ ഉണ്ടെന്നാണ് കണക്ക്.
‘ഉഡാൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂരിൽ നിന്നും രാജ്യത്തെ എട്ടു നഗരങ്ങളിലേക്ക് ചെറുവിമാന സർവീസ് തുടങ്ങും
ന്യൂഡൽഹി:വ്യോമയാന മന്ത്രാലയത്തിന്റെ ‘ഉഡാൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂരിൽ നിന്നും രാജ്യത്തെ എട്ടു നഗരങ്ങളിലേക്ക് ചെറുവിമാന സർവീസ് തുടങ്ങും.വിമാനത്താവളം പ്രവർത്തനമാരംഭിക്കുന്ന ദിവസം തന്നെ ഈ സർവീസുകളും തുടങ്ങാനാണ് പദ്ധതി.ചെലവ് കുറഞ്ഞ വിമാന സർവീസുകൾക്കായുള്ള ‘ഉഡാൻ’ പദ്ധതിയിൽ കേരളത്തിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിനെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.കണ്ണൂരിൽ നിന്നും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സ്‌പൈസ് ജെറ്റ്,ഇൻഡിഗോ എന്നീ വിമാനങ്ങളാണ് സർവീസ് നടത്തുക.മുംബൈ,ഹിന്റൻ,ഹുബ്ബള്ളി,ജോയ്,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോയും ബെംഗളൂരു,ചെന്നൈ നഗരങ്ങളിലേക്ക് സ്‌പൈസ് ജെറ്റ് ആഴ്ചയിൽ 14 സർവീസുകളും ഇൻഡിഗോ ആഴ്ചയിൽ 7 സർവീസുകളും നടത്തും.ബാക്കി ആറു നഗരങ്ങളിലേക്ക് ഇൻഡിഗോ ആഴ്ചയിൽ ഏഴ് വീതം സർവീസുകളാണ് നടത്തുക.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് ദുബായിലെ കമ്പനിയിൽ നിന്നും കോടികൾ തട്ടിയെടുത്തതായി പരാതി
തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി 13 കോടി രൂപ തട്ടിയതായി പരാതി. ദുബൈയിലെ ടൂറിസം കമ്പനിയില്‍ നിന്ന് പണം വാങ്ങി തിരിച്ചടയ്ക്കാതെ മുങ്ങിയ ബിനോയ്‌ക്കെതിരെ ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ് പരാതിക്കാര്‍. ദുബൈയില്‍ ബിസിനസ് നടത്തുകയായിരുന്ന ബിനോയ് കോടിയേരി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയില്‍ നിന്ന് പലതവണയായി 8 കോടി രൂപ വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി.ജാസ് കമ്പനി മേധാവി ഹസ്സൻ ഇസ്മായീൽ ആണ് പരാതി നൽകിയിരിക്കുന്നത്.തന്റെ ബിസിനെസ്സ് പങ്കാളിയായ രാഹുൽ കൃഷ്ണന്റെ സഹായത്തോടെ കാർ വാങ്ങുന്നതിനായി 313200 ദിർഹവും വായ്‌പ്പാ എടുത്തിരുന്നതായും പരാതിയിൽ പറയുന്നു. പണം തിരിച്ചുവാങ്ങാനായി കോടിയേരി ബാലകൃഷ്ണനെയടക്കം നേരില്‍ കണ്ട് സംസാരിച്ചു. പണം നല്‍കാന്‍ കോടിയേരി നല്‍കിയ അവധിയും തെറ്റിയതോടെയാണ് കമ്പനി കേസ് കൊടുത്തത്. പ്രശ്‌നപരിഹാരത്തിന് സിപിഎം കേന്ദ്രനേതൃത്വത്തേയും കമ്പനി അധികൃതര്‍ സമീപിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് പരാതികളൊന്നും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.തന്റെ കമ്പനിക്ക് പുറമെ നിരവധി ആളുകളിൽ നിന്നും ബിനോയ് പണം വാങ്ങിയിട്ടുണ്ടെന്നും തുടർന്ന് പണം മടക്കി നൽകാതെ ഇന്ത്യയിലേക്ക് മുങ്ങുകയായിരുന്നുവെന്നും ഇയാൾക്കെതിരെ അഞ്ചു കേസുകൾ രാജ്യത്തുണ്ടെന്നും പരാതിക്കാർ ആരോപിച്ചു.
മലപ്പുറം വളാഞ്ചേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; നാട്ടുകാരെ ഒഴിപ്പിക്കുന്നു
മലപ്പുറം:തൃശൂർ-കോഴിക്കോട് ദേശീയ പാതയിൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ടാങ്കർ ലോറി മറിഞ്ഞു.ബുധനാഴ്ച രാത്രി ഏഴരയോടെ കൊച്ചിയിലേക്ക് പാചകവാതകം കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.ടാങ്കറിൽ നിന്നും വാതകം ചോരുന്നുണ്ടെന്ന ആശങ്കയെ തുടർന്ന് പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു വരികയാണ്.വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് തൃശൂർ-കോഴിക്കോട് ഹൈവേയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ചെറുപുഴയിൽ മാതാപിതാക്കളെയും വിദ്യാർത്ഥിനിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
ചെറുപുഴ:ചെറുപുഴയിൽ മാതാപിതാക്കളെയും വിദ്യാർത്ഥിനിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി.ചെറുപുഴ ചന്ദ്രവയൽ വെള്ളരിക്കുന്നിലെ ബാർബർ തൊഴിലാളിയായ രാഘവൻ(55),ഭാര്യ ശോഭ(45),മകൾ തൃശ്ശൂരിലെ സ്വകാര്യ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ ഗോപിക(18) എന്നിവരെയാണ് ഇന്ന് ഉച്ചയോടെ വീടിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. രാഘവന്റെ മൂത്ത മകൻ ജിതിൻ മാസങ്ങൾക്ക് മുൻപ് തൂങ്ങിമരിച്ചിരുന്നു.ഇതിനു ശേഷം ഇവർ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.രാഘവന്റെയും ശോഭയുടെയും മൃതദേഹം കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലും ഗോപികയെ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നടൻ ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരം; നാളെ ആശുപത്രി വിടും
കൊച്ചി:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.അദ്ദേഹത്തിന് മറ്റ് അസുഖങ്ങളാണെന്ന് കാണിച്ച് പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ശ്രീനിവാസന്റെ മകനും നടനുമായ വിനീത് ശ്രീനിവാസൻ പ്രതികരിച്ചു.ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വ്യത്യാസം കാരണമാണ് അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നതെന്നും ഇന്നൊരു ദിവസം ഇവിടെ തുടർന്ന് നാളെ ഡിസ്ചാർജ് ചെയ്യുമെന്നും വിനീത് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.ശ്രീനിവാസനെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.
താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് പയ്യന്നൂർ സ്വദേശി മരിച്ചു
ചൊക്ലി:ചൊക്ലി നിടുമ്പ്രം മുച്ചിലോട്ട് കാവ് താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് പയ്യന്നൂർ സ്വദേശി മരിച്ചു.കുഞ്ഞിമംഗലം സ്വദേശി മഹേഷാണ് മരിച്ചത്. ഘോഷയാത്രയിൽ പ്രദർശിപ്പിച്ച കാഴ്ചപ്ലോട്ടിൽ നിന്നും വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.’വിസ്മയം കുഞ്ഞിമംഗലം’ എന്ന പേരിൽ ഉത്സവങ്ങൾക്ക് കാഴ്ച ശിൽപ്പങ്ങൾ നിർമിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം നടത്തി വരികയായിരുന്നു മഹേഷ്.നല്ലൊരു ശിൽപി കൂടിയാണ്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ കൂത്തുപറമ്പ് സ്വദേശിക്ക് ഒരുകോടി രൂപ സമ്മാനം
കണ്ണൂർ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ കൂത്തുപറമ്പ് സ്വദേശിക്ക് ഒരു കോടിയുടെ സമ്മാനം. ദുബായിയിൽ വസ്ത്രവ്യാപാരിയായ ചെമ്പയിൽ ഷംസുദീനാണ് 45 ലക്ഷം രൂപ വിലവരുന്ന ഇൻഫിനിറ്റ് കാറും 55 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചത്.21 വർഷമായി ദുബായിയിൽ ബിസിനസ് നടത്തുന്ന ഷംസുദ്ദീൻ നിരവധി തവണ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്.ദുബായ് ഗ്ലോബൽ വില്ലേജിൽ നടന്ന ചടങ്ങിൽ ദുബായ് ടൂറിസം വകുപ്പ് സിഇഒ അബ്ദുള്ളയാണ് നറുക്കെടുപ്പിലൂടെ സമ്മാനം പ്രഖ്യാപിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി:പക്ഷാഘാതത്തെ തുടർന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു.പക്ഷാഘാതത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ എത്തിച്ചതെന്നും കൂടുതൽ പരിശോധനയ്ക്കായാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.