കണ്ണൂർ:സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം.കൊടിമരം, പതാക, ദീപശിഖ എന്നിവ ഇന്നു സമ്മേളനനഗരിയായ കണ്ണൂരിലെത്തും. പതാക കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്നും കൊടിമരം തലശേരി ജവഹർഘട്ടിൽ നിന്നും ദീപശിഖ കാവുമ്പായി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും റിലേയായാണ് സമ്മേളന നഗരിയിലെത്തിക്കുക.പതാക ജാഥയുടെ പര്യടനം ഇന്നു രാവിലെ ഒമ്പതുമണിക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ ഉൽഘാടനം ചെയ്തു.ഒ.വി. നാരായണനാണ് ജാഥാ ലീഡർ. എം. പ്രകാശൻ നയിക്കുന്ന കൊടിമര ജാഥയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 1.30ന് ടി.വി. രാജേഷ് എംഎൽഎ നിർവഹിച്ചു.കാവുമ്പായി രക്തസാക്ഷി മണ്ഡപത്തിൽനിന്നും കെ.എം. ജോസഫിന്‍റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖാ റാലിയുടെ ഉദ്ഘാടനം രാവിലെ 9.30ന് ജയിംസ് മാത്യു എംഎൽഎ നിർവഹിച്ചു.വൈകുന്നേരത്തോടെ മൂന്നു ജാഥകളും കണ്ണൂർ കാൽടെക്സിൽ സംഗമിച്ചു പൊതുസമ്മേളന നഗരിയായ ജവഹർ സ്റ്റേഡിയത്തിൽ സമാപിക്കും.ഇതോടൊപ്പം ജില്ലയിലെ 162 പാർട്ടി രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്നുമായി ദീപശിഖകൾ സമ്മേളന നഗരിയിലെത്തിക്കും.നാളെ പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കുന്ന മൂന്നു ദിവസം നീളുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ക്രമസമാധാനപാലനത്തിനുള്ള ഡിജിപിയുടെ സംസ്ഥാനതല ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്
കണ്ണൂർ: ക്രമസമാധാനപാലനത്തിനുള്ള ഡിജിപിയുടെ സംസ്ഥാനതല ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്.കേരള പോലീസിലെ 196 പേർക്ക് ഇത്തവണ ഡിജിപിയുടെ ബാഡ്ജ് പ്രഖ്യാപിച്ചതിൽ ക്രമസമാധാനപാലന വിഭാഗത്തിൽ ശിവ വിക്രം മാത്രമാണുള്ളത്.2016ൽ തിരുവനന്തപുരം സിറ്റി പോലീസിൽ ഡപ്യൂട്ടി കമ്മീഷണറായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പ്, സെക്രട്ടേറിയറ്റ് മാർച്ചുകൾ, തലസ്ഥാനത്തെ മറ്റ് സമരങ്ങൾ, വിവിഐപികളുടെ സന്ദർശനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ക്രമസമാധാനപാലനം കുറ്റമറ്റ രീതിയിൽ നിർവഹിച്ചതാണ് ശിവ വിക്രമിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
വളപട്ടണം കീരിയാട് സ്ഫോടനം;ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു;രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ:വളപട്ടണം കീരിയാട് നടന്ന സ്‌ഫോടനത്തിൽ ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റു.ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് സ്ഫോടനം നടന്നത്.ജിപ്സം ബോർഡ് പണിയെടുക്കുന്ന തൊഴിലാളികൾ കപ്പാസിറ്ററിന് മുകളിൽ സിൽവർ കോട്ടിംഗ് ചുറ്റുമ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് സൂചന.യു പി സ്വദേശി ബർകത്താണ് മരിച്ചത്.
റിപ്പബ്ലിക്ക് ദിനാഘോഷം;കണ്ണൂരിൽ മന്ത്രി കെ.കെ ശൈലജ സല്യൂട്ട് സ്വീകരിക്കും
കണ്ണൂർ:കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ മന്ത്രി കെ.കെ ശൈലജ സല്യൂട്ട് സ്വീകരിക്കും.പരേഡിന്റെ ഭാഗമായി ദേശീയോഗ്രഥനം എന്ന വിഷയത്തിലുള്ള ഫ്ളോട്ടുകൾ ഉണ്ടാകും.ഇവയിൽ ആദ്യത്തെ മികച്ച മൂന്ന് എണ്ണത്തിന് യഥാക്രമം 10,000 രൂപ, 5,000 രൂപ, 3,000 രൂപ സമ്മാനം നല്‍കും.പൊതുജനങ്ങള്‍ക്ക് ചടങ്ങ് വീക്ഷിക്കാന്‍ പോലീസ് പരേഡ് ഗ്രൗണ്ടിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിലോ അവരവരുടെ ഓഫീസുകളിലോ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
തളിപ്പറമ്പ് കുപ്പം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന പാർസൽ ലോറിയിൽ നിന്നും 3.85 ലക്ഷത്തിന്‍റെ സാധനങ്ങൾ കവർന്നു
തളിപ്പറമ്പ്:തളിപ്പറമ്പ്-കുപ്പം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന പാർസൽ ലോറിയിൽ നിന്നും 3.85 ലക്ഷത്തിന്‍റെ സാധനങ്ങൾ കവർന്നു.മുംബൈയിലെ സ്മാർട്ട് പാർസൽ സർവീസിന്റെ നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നുമാണ് വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കവർന്നത്.കണ്ണൂരിലേയും കോഴിക്കോട്ടെയും വിവിധ ഷോറൂമുകളിലേക്ക് സാധനങ്ങളുമായി പോകുന്ന ലോറി കഴിഞ്ഞ ദിവസം രാത്രിയാണ് കുപ്പം ദേശീയപാതയില്‍ കൊള്ളയടിക്കപ്പെട്ടത്. കുപ്പം എയുപി സ്കൂളിന് സമീപമാണ് ലോറി നിർത്തിയിട്ടിരുന്നത്.ഡ്രൈവർമാരായ കോഴിക്കോട് സ്വദേശി അബ്ദുൽ റസാക്ക്,മാനന്തവാടി സ്വദേശി അനീഷ് മാത്യു എന്നിവർ ലോറിയിൽ ഉണ്ടായിരുന്നു.ക്ഷീണം കാരണം ഇവർ ക്യാബിനിൽ ഉറങ്ങിപോയിരുന്നു.രാവിലെ ഉറക്കമുണർന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ടാര്‍പോളിന്‍ കൊണ്ട് മൂടിയ ലോറിയുടെ ഷീറ്റ് കീറി പിറകില്‍ നിന്നും മുകളില്‍ നിന്നും സാധനങ്ങള്‍ അടങ്ങിയ പെട്ടികൾ എടുത്തുകൊണ്ടുപോകുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് എസ്എച്ച്ഒ പി.കെ.സുധാകരന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു
വിലക്ക് ലംഘിച്ച് മോഹൻ ഭാഗവത് ഇത്തവണയും പാലക്കാട് സ്കൂളിൽ പതാകയുയർത്തി
പാലക്കാട്:വിലക്ക് ലംഘിച്ച് മോഹൻ ഭാഗവത് ഇത്തവണയും പാലക്കാട് സ്കൂളിൽ പതാകയുയർത്തി. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലാണ് ഇത്തവണ മോഹൻ ഭാഗവത് പതാകയുയർത്തിയത്.സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ സ്കൂൾ മേധാവിയെ ജനപ്രതിനിധികളോ മാത്രമേ ദേശീയ പാത ഉയർത്താവൂ എന്നാണ് നിയമം.ഇത് മറികടന്നാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്.ചടങ്ങിന് വൻ പോലീസ് സുരക്ഷാ ഒരുക്കിയിരുന്നു. നേരത്തെ കഴിഞ്ഞ സ്വാതന്ത്രദിനത്തിൽ പാലക്കാട് കർണകിയമ്മൻ സ്കൂളിൽ വിലക്ക് ലംഘിച്ച് മോഹൻ ഭഗവത് പതാക ഉയർത്തിയത് വിവാദമായിരുന്നു.ഇതേത്തുടർന്ന് ഇത്തവണ സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും അതതു സ്ഥാപനങ്ങളിലെ മേധാവികൾ തന്നെ പതാക ഉയർത്തണമെന്ന് സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഇതിനിടെയാണ് മോഹൻഭഗവത് വീണ്ടും സ്കൂളിൽ പതാക ഉയർത്തിയത്.
തിരൂരിൽ സിപിഎം പ്രവത്തകന് വെട്ടേറ്റു
മലപ്പുറം:മലപ്പുറം തിരൂരിൽ സിപിഎം പ്രവത്തകന് വെട്ടേറ്റു.തിരൂർ പറവണ്ണയിൽ കാസിമിനാണ് വെട്ടേറ്റത്.പരിക്കേറ്റ കാസിമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ജില്ലയിൽ വാഹനപണിമുടക്ക് പൂർണ്ണം
കണ്ണൂർ:ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വാഹന ഉടമകളും തൊഴിലാളികളും സംയുക്തമായി നടത്തിയ വാഹനപണിമുടക്ക് ജില്ലയിൽ പൂർണ്ണം.മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്.പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കെഎസ്ആർടിസി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു.കണ്ണൂർ ടൗണിൽ സർവീസ് നടത്തിയ ചില വാഹനങ്ങൾ പണിമുടക്കനുകൂലികൾ തടഞ്ഞു.തലശ്ശേരിയിലും നേരിയ അക്രമം നടന്നു.രാവിലെ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ഒരുകൂട്ടം ആളുകൾ മൽസ്യവണ്ടി തടഞ്ഞ് ഡ്രൈവറെ മർദിച്ചു.വാനിന്റെ ഡ്രൈവർ മംഗളൂരു സ്വദേശി മുഹമ്മദ് ഫാറൂക്കിനാണ് മർദനമേറ്റത്. അക്രമത്തിൽ പിക്ക് അപ്പ് വാനിന്റെ ചില്ലുകൾ തകർന്നു. മർദനത്തിൽ പരിക്കേറ്റ ഫാറൂക്ക് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ ഫോൺ നഷ്ടപ്പെട്ടതായി ഫാറൂക്ക് പോലീസിനോട് പറഞ്ഞു.
വാതക ശ്മശാനത്തിനെതിരായുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
കണ്ണൂർ: കടമ്പൂർ പഞ്ചായത്ത് കോട്ടൂർ കരിപ്പാച്ചാൽ കുന്നിൻമുകളിൽ വാതകശ്മശാനവും പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രവും നിർമിക്കുന്നതിനെതിരേ പ്രദേശവാസികൾ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈകോടതി എതിർകക്ഷികളായ പഞ്ചായത്ത് പ്രസിഡന്‍റിനും, ജില്ലാ കളക്‌ടർക്കും പതിനാല് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.ജനവാസ കേന്ദ്രത്തിന് മധ്യത്തിലുള്ള കുന്നിൻ മുകളിലാണ് വാതകശ്മശാനം നിർമിക്കുന്നത്. മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി എന്ന പേരിൽ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രമാണ് പഞ്ചായത്ത് നിർമിക്കുന്നതെന്നും ഇത് പ്രദേശവാസികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം ശ്രീപത്മനാഭ തീയേറ്ററിൽ തീപിടുത്തം
തിരുവനന്തപുരം:തിരുവനന്തപുരം ശ്രീപത്മനാഭ തീയേറ്ററിൽ തീപിടുത്തം.ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.സെക്യൂരിറ്റി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തി.തീപിടുത്തത്തിൽ തീയേറ്ററിലെ സീറ്റുകൾ കത്തി നശിച്ചിട്ടുണ്ട്.എസിയും കത്തിപ്പോയി.പ്രൊജക്റ്ററിന് കേടു സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.അപകട കാരണം വ്യക്തമല്ല.