കൊച്ചി:നടൻ ഉണ്ണിമുകുന്ദനെതിരായുള്ള കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.പീഡനശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദനും പോലീസ് സംരക്ഷണം വേണമെന്ന് പരാതിക്കാരിയും നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു.ഇതിനെ തുടർന്നാണ് കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.അടച്ചിട്ട കോടതിയിലെ നടപടിക്രമങ്ങൾ ഒന്നര മണിക്കൂറോളം നീണ്ടു നിന്നു.ഉണ്ണി മുകുന്ദൻ യുവതിയെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.ഇതേ തുടർന്ന് യുവതിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു.കേസ് അടുത്ത മാസം 24 ന് വീണ്ടും പരിഗണിക്കും.
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും വീട്ടമ്മയ്ക്ക് ഷോക്കേറ്റു;ചോദ്യം ചെയ്ത ഭർത്താവിനെയും മകനെയും ജീവനക്കാർ മർദിച്ചതായി പരാതി
തളിപ്പറമ്പ്:വീട്ടുപറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും വീട്ടമ്മയ്ക്ക് ഷോക്കേറ്റു. ഇതിനെ കുറിച്ച് പരാതിപ്പെട്ട ഭർത്താവിനെയും മകനെയും വൈദ്യുതി വകുപ്പ് ജീവനക്കാർ മർദിച്ചതായി പരാതി.ചെമ്പന്തൊട്ടി തോപ്പിലായിയിലെ കുഴിഞ്ഞാലിൽ ആന്‍റണി തോമസ് (35), മകൻ അനിക്സ് (13) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരേയും തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ പശുവിനെ കറക്കാൻ പോകുമ്പോഴാണ് എൽസമ്മയ്ക്ക് (32) വീട്ടുവളപ്പിൽവച്ച്ഷോക്കേറ്റത്.ഷോക്കേറ്റ് തെറിച്ചുവീണ എൽസമ്മയുടെ നിലവിളി കേട്ടെത്തിയ ആന്‍റണിയും മക്കളും നാട്ടുകാരെ വിളിച്ചു വരുത്തി വൈദ്യുതി ഓഫീസിൽ വിവരമറിയിച്ച ശേഷം ട്രാൻസ്ഫോർമറിൽ നിന്നും ഫ്യൂസ് ഊരിമാറ്റിയാണ് അപകടം ഒഴിവാക്കിയത്.നടുവിൽ വൈദ്യുതി ഓഫീസിൽ നിന്നും അസിസ്റ്റൻറ് എൻജിനിയറുടെ നേതൃത്വത്തിലെത്തിയ ജീവനക്കാർ പൊട്ടിവീണ കമ്പി താത്കാലികമായി കെട്ടി പ്രശ്നം പരിഹരിക്കാമെന്ന് അറിയിക്കുകയായിരുന്നു. പരിക്കേറ്റ എൽസമ്മയുമായി ആന്‍റണി ആശുപത്രിയിൽ പോയ സമയം പോയപ്പോൾ ലൈൻ കെട്ടാൻ തുടങ്ങിയ വൈദ്യതി ജീവനക്കാരോട് പിതാവ് വന്നതിന് ശേഷം കെട്ടിയാൽ മതിയെന്ന് പറഞ്ഞ അനിക്സിനെ വൈദ്യുതി ജീവനക്കാർ തള്ളിയിടുകയായിരുന്നുവത്രെ. സംഭവമറിഞ്ഞെത്തിയ ആന്‍റണിയെ കെഎസ്ഇബി ജീവനക്കാരായ ആറംഗസംഘം മർദിച്ചതായാണ് പരാതി.
നന്ദൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡലിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം:അപസ്മാരത്തെ തുടർന്ന് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നന്ദൻകോഡ് കൂട്ടക്കൊലക്കേസ് പ്രതി കേഡലിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.ന്യുമോണിയ കൂടി ബാധിച്ചതോടെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ നടത്തുന്നത്. മരുന്നുകളോട് നേരിയ തോതിൽ മാത്രമേ പ്രതികരിക്കുന്നുള്ളൂ.കേഡലിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനായി ഏഴുവിഭാഗങ്ങളിലുള്ള ഡോക്റ്റർമാരെ ഉൾപ്പെടുത്തി രൂപീകരിച്ച മെഡിക്കൽ ബോർഡ് തിങ്കളാഴ്ച ചേരും .വ്യാഴാഴ്ച പുലർച്ചെയാണ് കേഡലിനെ പൂജപ്പുര സെൻട്രൽ ജയിലിലെ സെല്ലിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ അമോണിയ ചോർന്നത് പരിഭ്രാന്തി പരത്തി
കൊച്ചി:കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ ഫാക്റ്റിന്റെ ഗോഡൗണിൽ അമോണിയ ചോർന്നത് പരിഭ്രാന്തി പരത്തി.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അമോണിയ സംഭരണിയിൽ നിന്നും ഫാക്റ്റിലേക്ക് കൊണ്ടുപോകാനായി ബുള്ളെറ്റ് ടാങ്കറിലേക്ക് അമോണിയ നിറയ്ക്കുന്നതിനിടെ വാൽവിൽ നിന്നും ചോർച്ചയുണ്ടായത്. അമോണിയ ചോർന്നതിനെ തുടർന്ന് രണ്ടുപേർക്ക് അസ്വസ്ഥത ഉണ്ടായി.ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.സമീപത്തെ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെയും ക്വാർട്ടേസിൽ താമസിക്കുന്നവരെയും ഉടൻ ഒഴിപ്പിച്ചു. ഫാക്റ്റിലെ ഉദ്യോഗസ്ഥരും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചോർച്ചയടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.തുടർന്ന് ടാങ്കറിന്റെ നാലുഭാഗത്തും നിന്നും വെള്ളം പമ്പ് ചെയ്താണ് അപകടം ഒഴിവാക്കിയത്.ഏഴു യൂണിറ്റ് ഫയർഫോഴ്സും ആബുലന്സും പോലീസുമെല്ലാം സ്ഥലത്തെത്തിയിരുന്നു. മൂന്നുമണിക്കൂർ കൊണ്ടാണ് അമോണിയം ചോർച്ച അപകടകരമല്ലാത്ത വിധം നിയന്ത്രണ വിധേയമാക്കിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫോൺ കെണി കേസിൽ എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി
തിരുവനന്തപുരം:ഫോൺ കെണി കേസിൽ മുൻ മന്ത്രി എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.പരാതിയില്ലെന്ന് ചാനൽ പ്രവർത്തകയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. തനിക്കു പരാതിയില്ലെന്നും ഫോണിൽ തന്നോട് അശ്ലീല സംഭാഷണം നടത്തിയ ആൾ ശശീന്ദ്രനാണോ എന്നറിയില്ലെന്നും പരാതിക്കാരിയായ ചാനൽ പ്രവർത്തക കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വാർത്തയിൽ 2016 നവംബർ എട്ടിനു പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവർത്തകയോട് മന്ത്രിയായിരിക്കെ ശശീന്ദ്രൻ മോശമായി പെരുമാറിയെന്നായിരുന്നു പരാതി. മന്ത്രിയുടേത് എന്ന പേരിൽ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോൺ സംഭാഷണം സ്വകാര്യ വാർത്താ ചാനൽ പുറത്തു വിടുകയും ചെയ്തു.ഇതേ തുടർന്ന് മന്ത്രി രാജിവെയ്ക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ചാനൽ ഒരുക്കിയ കെണിയായിരുന്നു ഇതെന്ന് മനസ്സിലായത്.
ബസ് സമരം;മുഖ്യമന്ത്രി ബസ്സുടമകളുമായി ചർച്ച നടത്തും
തിരുവനന്തപുരം:ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നിശ്ചയിച്ചിരിക്കുന്ന അനിശ്ചിതകാല ബസ് സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രി ബസ്സുടമകളുമായി ചർച്ച നടത്തും.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് ചർച്ച.മിനിമം ചാർജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്.കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയായും വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ചരിത്രത്തിലാദ്യമായി മുസ്ലിം വനിത മലപ്പുറത്ത് ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി
മലപ്പുറം:രാജ്യത്തിൻറെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിത മലപ്പുറത്ത് ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി.മലപ്പുറം ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്ക്കാരം.സൊസൈറ്റി ജനറൽ സെക്രെട്ടറി ജാമിദയാണ് ഇമാം ആയത്.സാധാരണ രീതിയിൽ മുസ്ലിം സമുദായത്തിൽ വെള്ളിയാഴ്ച പുരുഷന്മാരാണ് ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നത്.എന്നാൽ പുരുഷന്മാർ തന്നെ നേതൃത്വം നൽകണമെന്ന് ഖുറാനിൽ പറഞ്ഞിട്ടില്ലെന്നാണ് സുന്നത്ത് സൊസൈറ്റിയുടെ വാദം.സ്ത്രീകൾ നാസക്കാരത്തിനു നേതൃത്വം നൽകുന്നത് വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു.അതേസമയം നമസ്‌കാരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ ജാമിദയ്ക്ക് വധഭീഷണി ഉണ്ടെന്നും സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
മഹാരാഷ്ട്രയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു
പുണെ:പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കൊൽഹാപൂരിൽ പാഞ്ചഗംഗ നദിയിലേക്ക് ബസ് മറിഞ്ഞ് 12 പേർ മരിച്ചു.മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടം നടന്നത്.ശിവജി പാലത്തിൽ വെച്ച് ഡ്രൈവർക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. ഗൺപതിപുലിൽ നിന്നും പുണെയിലേക്ക് പോവുകയായിരുന്നു ബസ്.പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അനുവദനീയമായതിലും കൂടുതൽ രാസവസ്തു; പതഞ്‌ജലി ഉൽപ്പനങ്ങൾ ഖത്തറിൽ നിരോധിച്ചു
ദോഹ:അനുവദനീയമായതിലും കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് പതഞ്‌ജലി ഉത്പന്നങ്ങൾ ഖത്തറിൽ നിരോധിച്ചു.ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലിയറൻസ് ലഭിക്കുന്നത് വരെ ഇനി പതഞ്‌ജലി ഉൽപ്പന്നങ്ങൾ വിൽക്കാനാകില്ല.നേരത്തെ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് പതഞ്‌ജലി ഉൽപ്പനങ്ങൾ നേപ്പാൾ സർക്കാർ തിരിച്ചു വിളിച്ചിരുന്നു.ഇന്ത്യയിൽ വിൽക്കുന്ന പതഞ്‌ജലി ഉൽപ്പങ്ങൾക്കും ഗുണനിലവാരമില്ലെന്നു കണ്ടെത്തിയിരുന്നു.
ഇലക്ട്രിക്ക് പോസ്റ്റ് ദേഹത്തു വീണ് വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്:ഇലക്ട്രിക്ക് പോസ്റ്റ് ദേഹത്തു വീണ് വിദ്യാർത്ഥി മരിച്ചു.മാത്തറ എംജി നഗറിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമിക് റെസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദിഷാണ് മരിച്ചത്.സ്കൂൾ ബസ് പിറകിലേക്ക് എടുത്തപ്പോൾ വൈദ്യുതി ബന്ധമില്ലാത്ത ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ ദേഹത്ത് പതിക്കുകയുമായിരുന്നു.എംജി നഗർ ഇരിങ്ങല്ലൂർ ചാലിൽ ഷാജിയുടെയും ധന്യയുടെയും മകനാണ് ആദിഷ്. സഹോദരൻ അശ്വിൻ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.