തിരുവനന്തപുരം:സംസ്ഥാനത്തു ബസ് യാത്ര നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ഇന്ധന വിലവർദ്ധനവ് മോട്ടോർ വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.ബസ് ചാർജ് കൂട്ടണമെന്ന ആവശ്യം ബസ്സുടമകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താനുമായി നടത്തിയ ചർച്ചയിൽ നിരക്കുവർധന ഇല്ലാതെ പിടിച്ചു നിൽക്കാനാകില്ലെന്നാണ് ബസുടമകൾ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ ജനുവരി 31 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പറഞ്ഞിരുന്നു.എന്നാൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനം ഉടൻ എടുക്കുമെന്ന ഉറപ്പിനെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു. മിനിമം ചാർജ് പത്തുരൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ചുരൂപയായും നിലവിലുള്ള നിരക്കിന്റെ അമ്പതു ശതമാനമായും പുനർനിർണയിക്കുക, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
കൊച്ചിയിൽ ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
കൊച്ചി:കൊച്ചിയിൽ ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി.ഹോങ്കോങ്ങിൽ നിന്നും കൊച്ചി സ്വദേശിയുടെ പേരിൽ പാർസലായി എത്തിയതാണ് മയക്കുമരുന്ന്.പാർസൽ കണ്ട് സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പാഴ്‌സലിൽ പേരുള്ള കൊച്ചി സ്വദേശിയെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. നിശാപാർട്ടികൾക്കും മറ്റും ഉപയോഗിക്കുന്ന മയക്കുമരുന്നായ ആംഫിറ്റമിൻ എന്ന മയക്കുമരുന്നാണ് പിടികൂടിയത്.വിദേശത്ത് ഒരു കിലോയ്ക്ക് രണ്ടു കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നാണിത്.അരക്കിലോ മയക്കുമരുന്നാണ് പാഴ്‌സലിൽ ഉണ്ടായിരുന്നത്.
കാസർകോഡ് മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചു
കാസർകോഡ്:കാസർകോഡ് മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചു.പൊസോട്ടെ പരേതനായ അബൂബക്കറിന്റെ മകൾ ആമിന(50),സഹോദരി ആയിഷ(40),ആയിഷയുടെ മൂന്നു വയസ്സുള്ള ആൺകുട്ടി എന്നിവരാണ് മരിച്ചത്.മഞ്ചേശ്വരം റെയിൽവെ സ്റ്റേഷന് സമീപം പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കാസർകോഡ് നിന്നും മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിൻ കടന്നുപോയ ഉടനെ ഇവർ പാളം മുറിച്ചു കടക്കുമ്പോൾ മംഗലാപുരം ഭാഗത്തും നിന്നും അടുത്ത ട്രാക്കിലൂടെ വന്ന എൻജിൻ തട്ടിയാണ് മൂവരും മരണപ്പെട്ടത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ദിവസങ്ങൾക്കകം നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞു.മുടക്കമില്ലാതെ പെന്‍ഷന്‍ കൊടുക്കാന്‍ കഴിയുന്ന അവസ്ഥയിലേയ്ക്ക് കെഎസ്ആര്‍ടിസി മാറുകയാണെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക സർക്കാർ ഏറ്റെടുക്കില്ലെന്നു മുഖ്യമന്ത്രി ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു.വരവിനേക്കാൾ കൂടുതൽ ചിലവ് വരുന്നതാണ് കെഎസ്ആർടിസി യിലെ പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു കൊന്നു
തൃശൂർ:സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു കൊന്നു. ഇരിങ്ങാലക്കുട സ്വദേശി പുതുക്കാട്ടിൽ സുജിത് വേണു ഗോപാലാണ്(26) മരിച്ചത്.മർദനമേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന സുജിത് ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറുമണിയോടുകൂടി ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം.സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ഓട്ടോ ഡ്രൈവറായ മിഥുൻ നിരന്തരം ശല്യം ചെയ്യുന്നതിനെ സുജിത് ചോദ്യം ചെയ്തിരുന്നു. സഹോദരിയെ ശല്യപ്പെടുത്തുന്നത് ആവർത്തിക്കരുതെന്നും സുജിത് മിഥുനോട് ആവശ്യപ്പെട്ടു.എന്നാൽ തന്നെ ചോദ്യം ചെയ്തതിൽ പ്രകോപിതനായ മിഥുൻ ഇരുമ്പുവടി ഉപയോഗിച്ച് സുജിത്തിനെ ക്രൂരമായി മർദിക്കുകയായിരുന്നു.മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആദ്യം താലൂക്ക് ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് സഹകരണ ആശുപതിയിലും പ്രവേശിപ്പിച്ചു.എന്നാൽ രണ്ടു ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ സുജിത് ചൊവ്വാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങി.സംഭവത്തിന് ശേഷം മിഥുൻ ഒളിവിൽ പോയിരിക്കുകയാണ്.ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ശ്രീജിത്ത് സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം:അനുജന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രെട്ടെറിയേറ്റ് പടിക്കൽ നടത്തി വന്ന സമരം പിൻവലിച്ചു.ഇന്ന് രാവിലെ സിബിഐ മുൻപാകെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സമരം പിൻവലിക്കുന്നതായി ശ്രീജിത്ത് അറിയിച്ചത്.സമരം എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു, ഇനിയും സമരം ചെയ്യേണ്ട ആവശ്യമില്ല,സിബിഐ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.ഇന്ന് രാവിലെ പത്തുമണിയോട് കൂടിയാണ് ശ്രീജിത്തിന്റെയും അമ്മ രമണിയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയത്.
മഞ്ജു വാര്യർ ചിത്രം ‘ആമി’ക്ക് പ്രദർശനാനുമതി നല്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
കൊച്ചി:മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രം ‘ആമി;ക്ക് പ്രദർശനാനുമതി നല്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.ഇടപ്പള്ളി സ്വദേശി കെ.രാമചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.മഞ്ജു വാര്യരാണ് ചിത്രത്തിൽ മാധവിക്കുട്ടിയായി അഭിനയിച്ചിരിക്കുന്നത്. മാധവിക്കുട്ടിയുടെ കഥയെ ആസ്പതമാക്കിയുള്ളതാണ് ചിത്രമെന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥ വിവരങ്ങൾ പലതും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്നും ഹർജിക്കാരൻ പറയുന്നു.കൂടാതെ കോടതി ചിത്രത്തിന്റെ തിരക്കഥ പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ചിത്രമെങ്കിൽ പ്രദർശനാനുമതി നിഷേധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.ഹർജി കോടതി ഇന്ന് പരിഗണിക്കും.
മട്ടന്നൂരിൽ വീടിന്റെ ജനലിൽ കറുത്ത സ്റ്റിക്കർ; ജനങ്ങൾ ഭീതിയിൽ
മട്ടന്നൂർ: പരിയാരം ഹസൻ മുക്കിൽ വീടിന്‍റെ ജനൽ ഗ്ലാസിൽ കറുത്ത സ്റ്റിക്കർ പതിച്ച നിലയിൽ കണ്ടെത്തിയത് ജനങ്ങളെ ഭീതിയിലാക്കി. ഹസൻ മുക്കിലെ ബൈത്തുൽ ആയിഷയിലെ ലത്തീഫിന്‍റെ വീടിന്‍റെ ജനൽ ഗ്ലാസിലാണ് സ്റ്റിക്കർ പതിച്ചത്. മൂന്നു ജനൽ ഗ്ലാസിലും ഒരേ തരത്തിലുള്ള കറുത്ത സ്റ്റിക്കർ ആണ് പതിച്ചത്.നാട്ടുകാർ വിവരം നൽകിയതിനെത്തുടർന്നു മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഇന്നലെ രാവിലെ വീട്ടു സാധനങ്ങൾ വിൽക്കാൻ അപരിചിതരായ സ്ത്രീകൾ ഇവിടുത്തെ വീടുകളിൽ വന്നതായി വിട്ടുകാർ പറയുന്നു. വീടുകളിൽ ഭിക്ഷാടനത്തിനും മറ്റുമായിവരുന്ന അപരിചിതരെ കണ്ടാൽ ഉടൻ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പരിഭ്രാന്തി പരത്തക്കവിധത്തിലുള്ള സാഹചര്യമൊന്നും നിലവിലില്ലെന്നും മട്ടന്നൂർ സിഐ എ.വി. ജോൺ അറിയിച്ചു.
ഫെബ്രുവരി 9ന് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ പണിമുടക്കും
തിരുവനന്തപുരം:ഫെബ്രുവരി 9 ന് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ പണിമുടക്കും.അന്യായമായ സ്ഥലം മാറ്റത്തിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ ജീവനക്കാരാണ് പണിമുടക്കുക.ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് (എഐബിഇഎ) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി കെ.എസ്.കൃഷ്ണ അറിയിച്ചു.
ആകാശത്ത് വിസ്മയമൊരുക്കി ഇന്ന് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ
കൊച്ചി:152 വർഷത്തിന് ശേഷം ആകാശത്തു വിസ്മയക്കാഴ്ചയൊരുക്കി ഇന്ന് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ.ഇന്ന് ചന്ദ്രന്റെ നിറം കടും ഓറഞ്ചാകും.ഒപ്പം വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലധികം വർധിക്കുകയും ചെയ്യും.ഒരു മാസത്തിൽ രണ്ടു തവണ പൂർണ്ണ ചന്ദ്രനെ ദൃശ്യമാകുന്ന പ്രതിഭാസമാണ് ബ്ലൂ മൂൺ.ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കുറവായി വരുന്നതാണ് സൂപ്പർ മൂൺ.ഈ സമയത്തു സാധാരണ കാണുന്നതിനേക്കാൾ പതിനാലു ശതമാനം വരെ കൂടുതൽ വലിപ്പത്തിലാണ് ചന്ദ്രനെ കാണാൻ കഴിയുക.ഭൂമി സൂര്യനെ മറയ്ക്കുന്ന സമയത്ത് ചന്ദ്രൻ അസാധാരണമായ ചുവപ്പ് നിറത്തിൽ കാണുന്ന പ്രതിഭാസമാണ് ബ്ലഡ് മൂൺ.ഈ മൂന്നു പ്രതിഭാസവും ഒരേ ദിവസം സംഭവിക്കുന്ന അപൂർവ പ്രതിഭാസമാണ് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ.ഒന്നര നൂറ്റാണ്ടിനു ശേഷമുള്ള ഈ അത്ഭുത പ്രതിഭാസത്തിനായി കാത്തിരിക്കുകയാണ് ലോകം ഇന്ന്.ഇന്ന് വൈകിട്ട് 5.18 മുതൽ രാത്രി 8.43 വരെ ചന്ദ്രനെ ഇത്തരത്തിൽ കാണാനാകുമെങ്കിലും കേരളത്തിൽ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് ഇത് കാണാനാകുക.