കൊച്ചി:ഞായറാഴ്ചകളിലെ സൗജന്യ കോളുകൾ നിർത്തലാക്കാനുള്ള തീരുമാനം ബിഎസ്എൻഎൽ പിൻവലിച്ചു.മൂന്നു മാസത്തേക്ക് കൂടി ഓഫർ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.ഞായറഴ്ചകളിൽ ബിഎസ്എൻഎൽ ലാൻഡ് ലൈനുകളിൽ നിന്നും ഏതു നെറ്റ്‌വർക്കിലേക്കും സൗജന്യമായി വിളിക്കുന്നതിനുള്ള ഓഫർ ഫെബ്രുവരി ഒന്ന് മുതൽ നിർത്തലാക്കാനായിരുന്നു ബിഎസ്എൻഎൽ തീരുമാനം.രാത്രികാല സൗജന്യ കോളുകൾ ബിഎസ്എൻഎൽ നേരത്തെ നിർത്തലാക്കിയിരുന്നു. മൊബൈൽ ഫോണുകളുടെ വരവോടെ ലാൻഡ് ഫോണുകൾക്ക് നഷ്ട്ടപ്പെട്ട ജനപ്രീതി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ 2016 ലെ സ്വതന്ത്ര ദിനത്തിലാണ് ബിഎസ്എൻഎൽ ഞായറാഴ്ചകളിൽ സൗജന്യ കോൾ പദ്ധതി അവതരിപ്പിച്ചത്.
മട്ടന്നൂരിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
മട്ടന്നൂർ:മട്ടന്നൂർ കോടതിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോട് കൂടിയായിരുന്നു അപകടം. എസ്എഫ്ഐ തലശ്ശേരി ഏരിയ വൈസ് പ്രെസിഡന്റും ഡിവൈഎഫ്ഐ മുഴപ്പിലങ്ങാട് മേഖല കമ്മിറ്റി അംഗവുമായ കൂടക്കടവ് ചേറാലക്കണ്ടി താഹിറ മൻസിലിൽ പി.കെ ഹർഷാദ്(22),സഹയാത്രികൻ തലശ്ശേരി റോയൽ റോബ്‌സിലെ സെയിൽസ്മാൻ എം.എം റോഡിൽ നെങ്ങതാൻ ഹൗസിൽ കെ.എം മുഹമ്മദ് സഫ്‌വാൻ(21) എന്നിവരാണ് മരിച്ചത്.കൂരൻമുക്കിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ പുറപ്പെട്ടതാണ് ഇരുവരും.റോഡിൽ തെറിച്ചു വീണ ഇവരെ നാട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കണ്ണൂർ എ കെ ജി സഹകരണാശുപത്രി മോർച്ചറിയിൽ.
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം:ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കിളിമാനൂര്‍ സ്വദേശി സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, ഇവരുടെ ഏകമകന്‍ സനാതനന്‍ എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുൻപായി ഇവർ പോലീസ് സ്റ്റേഷനിലേക്കയച്ച ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് പോലീസ് വിവരമറിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി തന്നെ പോലീസ് സംഘം ശാസ്തമംഗലത്തെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൂന്നു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ മരണാനന്തര ചടങ്ങുകള്‍ക്കായി മാറ്റിവച്ച പണവും കണ്ടെത്തി. ഈ പണത്തെക്കുറിച്ച് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.പൊതുമരാമത്ത് വകുപ്പില്‍ നിന്നും വിരമിച്ച കിളിമാനൂര്‍ സ്വദേശി സുകുമാരന്‍ നായരും കുടുംബവും അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുക്കളുമായും ഇവര്‍ക്ക് വലിയ അടുപ്പമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ കഴിഞ്ഞദിവസം രാത്രി പോലീസ് എത്തിയപ്പോഴാണ് അയല്‍വാസികള്‍ പോലും സംഭവമറിഞ്ഞത്.
കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി
കണ്ണൂർ:കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന പുതിയ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് മട്ടന്നൂര്‍ സ്വദേശിയും തലശേരി കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനുമായ ബൈജു എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പലരില്‍ നിന്നും പണം വാങ്ങിയതായാണ് ആരോപണം.ഇതിനു പിന്നില്‍ വന്‍ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. വിമാനത്താവളത്തിലെ ജോലിക്കായി തലശേരി സ്വദേശിയില്‍ നിന്നും ഇയാള്‍ മൂന്ന് ലക്ഷം രൂപ കൈപ്പറ്റുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.
കാസർകോട്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്;രണ്ടുപേരുടെ നില ഗുരുതരം
കാസർകോഡ്:കുമ്പള ആരിക്കാടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.മംഗളൂരുവിൽ നിന്നും കാസർകോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും കാസർകോഡ് ഭാഗത്തു നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.ആൾട്ടോ കാറിലിടിച്ച സ്വിഫ്റ്റ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു.പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസ്;തെളിവുകളുടെയും രേഖകളുടെയും പട്ടിക പോലീസ് കോടതിയിൽ സമർപ്പിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളുടെയും രേഖകളുടെയും പട്ടിക തയ്യാറാക്കി പോലീസ് കോടതിയിൽ സമർപ്പിച്ചു.നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഒഴികെയുള്ള മറ്റു സിസിടിവി ദൃശ്യങ്ങൾ,പെൻഡ്രൈവ്,സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പോലീസ് അങ്കമാലി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.വിചാരണ വേളയിൽ തെളിവായി ഉപയോഗിക്കുന്നവരുടെ പട്ടികയും സത്യവാങ്മൂലവുമാണ് കോടതിയിൽ നൽകിയത്. കേസിലെ പ്രതിയായ ദിലീപ് രേഖകൾ ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിച്ച കോടതി കേസിലെ മുഴുവൻ തെളിവുകളുടെയും രേഖകളുടെയും പട്ടിക തയ്യാറാക്കി നല്കാൻ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.അതേസമയം നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ചിരിക്കുന്ന ഹർജി കോടതി അഞ്ചാം തീയ്യതി പരിഗണിക്കും.
കണ്ണൂർ ബീച്ച് മിനി മാരത്തൺ നാളെ നടക്കും
കണ്ണൂർ:നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന കണ്ണൂർ ബീച്ച് മിനി മാരത്തൺ നാളെ നടക്കും.രാവിലെ ആറുമണിക്ക് പയ്യാമ്പലം പാർക്കിൽ നിന്നും തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന തരത്തിലാണ് ബീച്ച് റൺ ക്രമീകരിച്ചിരിക്കുന്നത്. വിദേശതാരങ്ങളടക്കം നിരവധിപേർ മത്സരത്തിൽ പങ്കെടുക്കും.എലൈറ്റ്(രാജ്യാന്തരം), അമച്വർ,ഹെൽത്ത് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.പതിനെട്ട് വയസ്സ് പൂർത്തിയായവരാണ് അമച്വർ മത്സരത്തിൽ പങ്കെടുക്കുക.എലൈറ്റ് വിഭാഗത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 50000,25000,5000 രൂപ സമ്മാനമായി ലഭിക്കും.അമച്വർ വിഭാഗത്തിൽ യഥാക്രമം 25000,15000,5000 എന്നിങ്ങനെയാണ് സമ്മാനത്തുക.മുംബൈ മാരത്തണിന്റെ ടൈമിംഗ് ഗ്രൂപ്പാണ് കണ്ണൂർ ബീച്ച് റൺ നിയന്ത്രിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശനിയാഴ്ച ഉച്ച വരെ കണ്ണൂർ ചേംബർ ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്റ്റർ ചെയ്തവർ വൈകുന്നേരം ആറുമണിക്ക് മുൻപായി ഓഫീസിലെത്തി ചിപ്പ് കൈപ്പറ്റണമെന്നും സംഘാടകർ അറിയിച്ചു.
ഇതര സംസ്ഥാനങ്ങളിൽ അനധികൃതമായി രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾ കേരളത്തിൽ റീറെജിസ്റ്റർ ചെയ്യണം
തിരുവനന്തപുരം:പോണ്ടിച്ചേരി അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ അനധികൃതമായി രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾ കേരളത്തിൽ റീറെജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി തോമസ് ഐസക്.പോണ്ടിച്ചേരിയിൽ രജിസ്‍ട്രേഷന്‍ ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് ഏപ്രില്‍ വരെ നികുതി അടയ്‌ക്കാമെന്നും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ അടയ്‌ക്കേണ്ട നികുതിക്ക് തുല്യമായ തുകയാണ് അടയ്‌ക്കേണ്ടതെന്നും മന്ത്രി അറിയിച്ചു.റീ-രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള കർശന നടപടികളുണ്ടാകുമെന്നും ഇത്തരം വാഹനങ്ങൾക്ക് നികുതി അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്നും മന്ത്രി ബജറ്റിൽ അറിയിച്ചു.
നടി സനുഷയ്ക്ക് ഡിജിപിയുടെ അനുമോദനം
തിരുവനന്തപുരം:ട്രെയിനിൽ വെച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചയാളെ ധീരതയോടെ നേരിട്ട നടി സനുഷയ്ക്ക് ഡിജിപിയുടെ അഭിനന്ദനം.ഡിജിപിയുടെ ബോർഡ് റൂമിൽ നടന്ന ചടങ്ങിൽ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ സനുഷയ്ക്ക് അനുമോദന പത്രം നല്‍കി ആദരിച്ചു. സനുഷക്ക് പിന്തുണ നല്‍കിയ മാതാപിതാക്കളെയും ഡിജിപി അനുമോദിച്ചു.സമപ്രായക്കാരായ പെൺകുട്ടികൾക്ക് ധൈര്യം നൽകാനുള്ള പ്രചോദനമായി പ്രവർത്തിക്കണമെന്നും ഇനിയും ഏറെ മുന്നോട്ട് പോകണമെന്നും സനുഷയോട് ഡിജിപി പറയുകയുണ്ടായി.അതേസമയം സനുഷയെ സഹായിക്കാന്‍ രണ്ട് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് ഖേദകരമാണെന്നും പ്രതിസന്ധികളിൽ സഹജീവികളെ ഒറ്റയ്ക്കാക്കുന്ന മനോഭാവത്തിൽ മാറ്റം വരുത്തണമെന്നും ഡിജിപി ആവശ്യപ്പെടുകയുണ്ടായി.
തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്; സ്ത്രീ സുരക്ഷയ്ക്കും സാമൂഹ്യസേവനത്തിനും ഊന്നൽ നൽകി പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ്
തിരുവനന്തപുരം:ഓഖി ദുരന്തത്തിൽ തകർന്ന തീരദേശത്തിന്റെ സമഗ്ര വികസനത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചും ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകിയും പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. തീരദേശത്ത് സൗജന്യ വൈ ഫൈ, ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതി, തീരദേശത്തിന്‍റെ 50 മീറ്റർ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് 150 കോടി, മത്സ്യ മേഖലയ്ക്ക് 600 കോടി തുടങ്ങി തീരപ്രദേശത്തെ ക്ഷേമത്തിന് സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.കൂടാതെ സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു.അതിക്രമങ്ങളെ അതിജീവിക്കുന്നവരെ സഹായിക്കാന്‍ 3 കോടി രൂപ വകയിരുത്തും.എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതിനായി 25 കോടി രൂപ മാറ്റി വെയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.