വയനാട്:വൈത്തിരിയിൽ വളർത്തുനായയുടെ കടിയേറ്റ് സ്ത്രീ മരിച്ചു.വൈത്തിരി അംബേദ്കർ കോളനി നിവാസിയായ രാജമ്മ (54) ആണ് മരിച്ചത്.രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയാണ് ഇവർക്ക് നായ കടിയേറ്റത്.ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.സ്ത്രീ മരിച്ചതിന് പിന്നാലെ നായയുടെ ഉടമയ്ക്കെതിരേ പോലീസ് നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു. റോട‌്‌വീലർ ഇനത്തിൽപെട്ട നായയാണ് സ്ത്രീയെ ആക്രമിച്ചത്.
പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട;രണ്ടുപേർ പിടിയിൽ
മലപ്പുറം:പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട.പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് 15 കിലോ കഞ്ചാവുമായി രണ്ടുപരെ പോലീസ് പിടികൂടിയത്. തേലക്കാട് സ്വദേശി ആഷിക്ക്,മഞ്ചേരി സ്വദേശി ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്.ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂരിൽ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു; സംഭവത്തിൽ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
ഇരിട്ടി:മുണ്ടയാംപറമ്പിൽ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു.സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കണ്ടതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.മുണ്ടയാംപറമ്പ് നാട്ടേല്‍ പെരിയപ്പുറത്ത് മേരിക്കാണ്(58) പൊള്ളലേറ്റത്.ഞായറഴ്ച പുലര്‍ച്ചെ 5.30 തോടെ മേരിയുടെ വീട്ടില്‍ നിന്നു നിലവിളികേട്ട അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ വീട്ടമ്മയെ കഴുത്തിനു താഴേക്കു പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.പുറത്തുനിന്നെത്തിയ ആരോ തീകൊളുത്തിയതാണെന്നാണ് മേരി പോലീസിന് നൽകിയിരിക്കുന്ന മൊഴി.പിന്നീട് മജിസ്‌ട്രേറ്റ് ഇവരുടെ മൊഴിയെടുക്കാനായി പരിയാരത്ത് പോയെങ്കിലും അബോധാവസ്ഥയിലാതിനാല്‍ മൊഴിയെടുക്കാനായില്ല.സംഭവം നടക്കുമ്പോൾ വീട്ടിൽ മേരിയുടെ ഭർത്താവ് മാത്രമാണ് ഉണ്ടായിരുന്നത്.ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, കരിക്കോട്ടക്കരി എസ്‌ഐ ടോണി ജെ.മറ്റം എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കണ്ണൂരിൽ സ്കൂൾ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു കുട്ടികൾക്ക് പരിക്ക്
കണ്ണൂർ:കണ്ണൂരിൽ സ്കൂൾ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു കുട്ടികൾക്ക് പരിക്ക്.തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂളിലെ വിദ്യാർഥികളായ വൈഷ (6), വിഷ്ണു (7) എന്നിവർക്കാണ് പരിക്കേറ്റ്. ഇവരെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ ഒന്പതുമണിയോട് കൂടി അലവിൽ പുതിയാപറമ്പ് കള്ളുഷാപ്പിനു മുൻവശം വച്ചാണ് അപകടമുണ്ടായത്.പയ്യാമ്പലം ഉർസുലിൻ സ്കൂളിന്‍റെ ബസും തളാപ്പ് മിക്സഡ് യുപി സ്കൂളിലെ ബസുമാണ് അപകടത്തിൽപെട്ടത്.രണ്ട് ബസിലും നിറയെ കുട്ടികള്‍ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് സമീപത്തെ പോസ്റ്റിലേക്ക് ഇടിച്ചു കയറി.പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
നടിയെ ആക്രമിച്ച കേസ്;സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ദിലീപിന് കൈമാറി
കൊച്ചി:നടിയെ അകമിച്ച കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ദിലീപിന് കൈമാറി.സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് പരിശോധന ഫലങ്ങൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവയാണ് പ്രോസിക്യൂഷൻ പ്രതിഭാഗത്തിന് കൈമാറിയത്. രണ്ട് മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലവും കൈമാറിയിട്ടുണ്ട്.കേസിലെ മുഖ്യപ്രതി സുനിൽകുമാർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കുറ്റസമ്മതം നടത്തുന്നതിന്‍റെ ശബ്ദരേഖയും കൈമാറിയിട്ടുണ്ട്. അതേസമയം നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ കോടതി ഇന്ന് വിധിപറഞ്ഞേക്കും. നേരത്തെ ഹർജി പരിഗണിക്കുമ്പോൾ ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങൾ അടർത്തിമാറ്റി നടിയെ അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു
ശ്രീജിത്ത് വീണ്ടും സമരം ആരംഭിച്ചു
തിരുവനന്തപുരം:തന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം നടത്തിയ ശ്രീജിത്ത് വീണ്ടും സമരം തുടങ്ങി.തന്റെ ജീവന് ഭീഷണിയുണ്ടെന്നും കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രെട്ടറിയേറ്റ് പടിക്കൽ വീണ്ടും സമരം നടത്തുന്നത്.ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. സിബിഐ അന്വേഷണം ആരംഭിച്ച് അഞ്ചു ദിവസം പിന്നിട്ടപ്പോഴാണ് കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീജിത്ത് വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.കേസിൽ ഉൾപ്പെട്ടിരിക്കുന്നത് സമീപവാസികളായ പോലീസുകാരായതിനാൽ വീട്ടിൽ നില്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.രണ്ടു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് ശ്രീജിത്ത് വീണ്ടും സെക്രെട്ടറിയേറ്റ് പടിക്കൽ സമരത്തിനെത്തിയിരിക്കുന്നത്.
ദേശീയപാതയിൽ ലോറിയിടിച്ച് മൂന്നു വാഹനങ്ങൾ തകർന്നു;മൂന്നുപേർക്ക് പരിക്കേറ്റു
കരിവെള്ളൂർ:ദേശീയപാതയിൽ അതിവേഗത്തിൽ വന്ന ലോറിയിടിച്ച് മൂന്നു വാഹനങ്ങൾ തകർന്നു.കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു.ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് മീൻ കൊണ്ടുപോവുകയായിരുന്ന ലോറി ഓണക്കുന്നിൽ വെച്ച് എതിർദിശയിൽ വരികയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും ടയറും പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന മഞ്ചേരി സ്വദേശികളായ അബ്ദുൽ ഷെഫീക്ക്,അമീർ,ബഷീർ എന്നിവർക്ക് പരിക്കേറ്റു.കാറിലിടിച്ച ലോറി നിർത്താതെ അതിവേഗത്തിൽ പയ്യന്നൂർ ഭാഗത്തേക്ക് പോയി. തുടർന്ന് ഓണക്കുന്ന്,ചേടികുന്ന് ഭാഗങ്ങളിലെ നാട്ടുകാരും വ്യാപാരികളും പല വണ്ടികളിലായി ലോറിയെ പിടികൂടാൻ പിന്തുടർന്നു.ഒപ്പം കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് ചാലക്കുടിയിലേക്ക് മടങ്ങുകയായിരുന്ന കാറിലെ ഡ്രൈവർ ജോഷിയോടും സഹായം അഭ്യർത്ഥിച്ചു. ഇയാൾ കണ്ടോത്ത് വെച്ച് കാർ ലോറിക്ക് കുറുകെയിട്ട് തടയാൻ ശ്രമിച്ചുവെങ്കിലും കാറിനെ ഇടിച്ചു തെറിപ്പിച്ച് ലോറി പിന്നെയും മുൻപോട്ടെടുത്തു. ഇതിനിടെ ഒരു ഓട്ടോയിലും ലോറിയിടിച്ചു.അപ്പോഴേക്കും മറ്റു വാഹനങ്ങൾ മുന്നിൽ കയറി തടസം നിന്നതിനാൽ ലോറിക്ക് മുന്നോട്ട് പോകാനായില്ല.പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ലോറി ഡ്രൈവർമാരായ കർണാടക സ്വദേശികളായ സാദിക്ക്,തൗഫീക്ക് എന്നിവരെ കസ്റ്റഡിയിലെടുത്തു.
തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിനുള്ളിൽ തീപിടുത്തം
തലശ്ശേരി:തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിനുള്ളിൽ തീപിടുത്തം.ബസ്സ്റ്റാന്റിനുള്ളിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഫയർഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്.കേസിൽ നേരത്തെ വിചാരണ കോടതിയിൽ സമർപ്പിക്കാനുള്ള രേഖകളുടെയും തെളിവുകളുടെയും പട്ടികയും സത്യവാങ്മൂലവും പോലീസ് പ്രതിഭാഗത്തിനു നൽകിയിരുന്നു.ഏഴാം തീയതി വരെ ഇത് പരിശോധിക്കാൻ പ്രതികൾ സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ എല്ലാ പ്രതികളോടും ഈ മാസം ഏഴിന് കോടതിയിൽ ഹാജരാകാനും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി
ഹൂസ്റ്റൺ:ചലച്ചിത്ര താരവും നർത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി.ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മേൽശാന്തി ശ്രീ കക്കാട്ടുമന ശശിധരന്റെ കാർമ്മികത്വത്തിലായിരുന്നു വിവാഹം.മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് വരൻ.നാല് വർഷമായി ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനായ അരുൺ അവിടെ എൻജിനീയറാണ്.സിനിമയിൽ സജീവമായിരിക്കുന്ന സമയത്തായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹം. അമേരിക്കൻ മലയാളിയായ സുധീറായിരുന്നു വരൻ.പിന്നീട് ആദ്യ ഭർത്താവുമായുള്ള വിവാഹ മോചനം ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാഹ മോചനം.ഈ ബന്ധത്തിൽ ദിവ്യയ്ക്ക് രണ്ടുമക്കളുണ്ട്.ഹൂസ്റ്റണിൽ നൃത്ത വിദ്യാലയം നടത്തുകയാണ് ദിവ്യ ഉണ്ണി ഇപ്പോൾ.