തൃശൂർ:തൃശ്ശൂരിൽ നാലുവയസ്സുകാരനെ പുലി കടിച്ചുകൊന്നു.ആതിരപ്പള്ളി വാൽപ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം.തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകൻ സെയ്ദുള്ളയാണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടുകൂടിയാണ് കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടു പോയത്.തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി എട്ടുമണിയോടുകൂടി തല വേർപെട്ട നിലയിൽ കാട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കുളിപ്പിച്ച ശേഷം അമ്മ അകത്തേക്ക് പോയപ്പോളാണ് സംഭവം.അടുക്കള വാതിൽക്കൽ നിൽക്കുകയായിരുന്നു കുട്ടി.അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ആയുധവുമായി എത്തി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ഒരുവർഷം മുൻപ് ജാർഖണ്ഡിൽ നിന്നും തേയിലത്തോട്ടത്തിൽ ജോലിക്കായി എത്തിയതാണിവർ.
ചെമ്പേരി പയറ്റുചാലിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു
കണ്ണൂർ:ചെമ്പേരി പയറ്റുചാലിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോട് കൂടിയാണ് അപകടം നടന്നത്.പയറ്റുചാൽ-ചെമ്പേരി റോഡിലെ പഴയ ക്വാറി വളവിൽ വെച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡരികിലെ സംരക്ഷണ ഭിത്തിയും സമീപത്തുണ്ടായിരുന്ന പ്ലാവും തകർത്ത് 30 അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് ലോറി വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു മൂന്നുപേരെ തളിപ്പറമ്പ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ വ്യാപാരിയായ മഞ്ചേരി സ്വദേശി അലി ഒഴികെ മറ്റു മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്.കോയമ്പത്തൂരിൽ നിന്നും ചെമ്പേരി കോട്ടയിൽ ട്രേഡേഴ്സിലേക്ക് പ്ലാസ്റ്റിക് ബാരലുകളും കാനുകളുമായി വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപെട്ടത്.
കൊല്ലത്ത് എ.സി വോൾവോ ബസ്സിന് തീപിടിച്ചു
കൊല്ലം:കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെയുആർടിസി എ.സി വോൾവോ ബസ്സിന് തീപിടിച്ചു.എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിനാണ് കൊല്ലം കളക്റ്ററേറ്റിന് സമീപത്തു വെച്ച് എൻജിനിൽ തീപിടുത്തമുണ്ടായത്.ഡ്രൈവിംഗ് പാനലിൽ അപായ മുന്നറിയിപ്പ് കാണിക്കുകയും കരിഞ്ഞ ഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെ ഡ്രൈവർ ബസ് നിർത്തി.പരിശോധനയിൽ എൻജിന്റെ ഭാഗത്ത് തീപിടിച്ചത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.തുടർന്ന് ബസ്സിലെ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമവും ആരംഭിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിശമന സേനയും സ്ഥലത്തെത്തി.
കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കാൻ കൺസ്യൂമർ ഫെഡ് നടപടിയാരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കോഴിക്കോട്:കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കാൻ കൺസ്യൂമർ ഫെഡ് നടപടിയാരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.നെല്ലുല്‍പ്പാദനം നടത്തുന്ന സ്ഥലങ്ങളില്‍ നേരിട്ട് പോയി അരി വാങ്ങി കുറഞ്ഞ വിലയില്‍ പൊതു വിപണിയില്‍ ലഭ്യമാക്കാനാണ് കണ്‍സ്യൂമര്‍ ഫെഡിന്‍റെ ശ്രമം.കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് നാലുവയസ്സുകാരൻ മരിച്ചു
കൊല്ലം:പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് നാലുവയസ്സുകാരൻ മരിച്ചു. കൊല്ലം പുനലൂർ പ്ലാത്തറ സ്വദേശി അലൻ ആണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന മുത്തശ്ശിക്കും ഷോക്കേറ്റു.ഇന്ന് രാവിലെ എട്ടുമണിയോട് കൂടി മുത്തശ്ശിയുടെ ഒപ്പം വീടിനു സമീപത്തുള്ള കൃഷിസ്ഥലത്തേക്ക് പോകവെയാണ് ഇരുവർക്കും ഷോക്കേറ്റത്.ആദ്യം ഷോക്കേറ്റ് മുത്തശ്ശി നിലത്തു വീണതുകണ്ട അലൻ ഇവരുടെ അടുത്തക്ക് ഓടിയത്തുകയായിരുന്നു.ഇതോടെ അലനും ഷോക്കേറ്റു.ഇവരുടെ നിലവിളി കേട്ട് കൃഷി സ്ഥലത്ത് ജോലിചെയ്തിരുന്ന ആൾ ഓടിയെത്തി പൊന്നമ്മയെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾക്കും ഷോക്കേറ്റു.നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അലന്റെ ജീവൻ രക്ഷിക്കാനായില്ല. പൊന്നമ്മയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപം തീപിടുത്തം
കണ്ണൂർ:കണ്ണൂർ താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപം തീപിടുത്തം.ബസ്സ്റ്റാൻഡിന് പുറകിലെ ചതുപ്പിനോട് ചേർന്നുള്ള സ്ഥലത്താണ് ബുധനാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്. എന്നാൽ തീ കൂടുതൽ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഇതിനോട് ചേർന്നാണ് റെയിൽപാത കടന്നു പോകുന്നത്.ഇവിടേയ്ക്ക് തീ പടർന്നിരുന്നുവെങ്കിൽ അത് യാത്ര തടസ്സം ഉൾപ്പെടെയുള്ളവയ്ക്ക് കാരണമാകും.കഴിഞ്ഞ ദിവസവും ഇവിടെ തീപിടുത്തമുണ്ടായിരുന്നു. റെയിൽവെ ജീവനക്കാരുടെ നേതൃത്വത്തിൽ ട്രാക്കിനു സമീപത്തുള്ള പ്രദേശങ്ങൾ വൃത്തിയാക്കി തീയിടുന്നതാണ് തീപടരുന്നതിനു കാരണമെന്നു പരിസരവാസികൾ പറഞ്ഞു.
എസ്‌ബിഐയിൽ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഫെബ്രുവരി ഒൻപതിന് നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചതായി ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു.കേന്ദ്ര ഡെപ്യൂട്ടി ലേബർ കമ്മീഷണർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലുണ്ടായ ധാരണയെ തുടർന്നാണ് പണിമുടക്ക് മാറ്റിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 76 പിടികിട്ടാപുള്ളികളെ പോലീസ് വലയിലാക്കി
ചെന്നൈ:ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനിടെ ചെന്നൈയിൽ 76 പിടികിട്ടാപുള്ളികളെ പോലീസ് അറസ്റ്റ് ചെയ്തു.ചെന്നൈ അമ്പത്തൂർ മലയമ്പാക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷിക്കാൻ എത്തിയവരാണ് പോലീസ് പിടിയിലായത്.അൻപതുപേരടങ്ങിയ പോലീസ് സംഘമാണ് പിടികിട്ടാപുള്ളികളെ പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് പള്ളികരണയിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ മദൻ എന്ന ഗുണ്ട പോലീസ് പിടിയിലായതോടെയാണ് പിന്നാളാഘോഷത്തെ പറ്റി പൊലീസിന് വിവരം ലഭിക്കുന്നത്.ബിനുവിന്റെ പിറന്നാൾ ആഘോഷത്തിൽ നഗരത്തിലെ പ്രധാന ഗുണ്ടകളൊക്കെ പങ്കെടുമെന്നും ഇതിൽ പങ്കെടുക്കുന്നതിനാണ് താനും പോകുന്നതെന്നും മദൻ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ‘ഓപ്പറേഷൻ ബർത്ത്ഡേ’ എന്ന പേരിൽ ഗുണ്ടാ വേട്ട നടത്താൻ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തുള്ള വർക്ക് ഷോപ്പിനു സമീപമാണ് ആഘോഷം നടന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ 150 ലധികം പേർ എത്തിയിരുന്നു.വടിവാൾ ഉപയോഗിച്ചാണ് ബിനു കേക്ക് മുറിച്ചത്.ആഘോഷം തുടങ്ങിയതോടെ പോലീസ് സംഘം തോക്കുമായി ചാടിവീഴുകയായിരുന്നു. ഇതോടെ ഗുണ്ടകൾ ചിതറിയോടി.ഇവരിൽ പലരെയും തോക്കുചൂണ്ടി പോലീസ് പിടികൂടി.നാട്ടുകാരുടെ സഹകരണത്തോടുകൂടി നടത്തിയ തിരച്ചിലിലാണ് സമീപ പ്രദേശങ്ങളിൽ ഒളിച്ചിരുന്നവരെ പോലീസ് പിടികൂടിയത്.ചൊവ്വാഴ്ച രാത്രി ഒൻപതു മണിക്ക് തുടങ്ങിയ ഓപ്പറേഷൻ ബുധനാഴ്ച രാവിലെ അഞ്ചുമണി വരെ തുടർന്നു.പിടിയിലായവർ വിവിധ ക്രിമിനൽ കേസുകൾ പ്രതികളാണ്.പിടിയിലായവരുടെ അറസ്റ്റ് അതാതു പോലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ പോലീസ് രക്ഷപെട്ട ബിനു അടക്കമുള്ള പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കുമെന്നും അറിയിച്ചു.
കണ്ണൂർ പെരിങ്ങോത്ത് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി;നാലുപേർ അറസ്റ്റിൽ
കണ്ണൂർ:പെരിങ്ങോം മടക്കംപൊയിലിൽ അനധികൃത ക്വാറിയിൽ പോലീസ് സംഘം നടത്തിയ റെയ്‌ഡിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി.4500 ജെലാറ്റിൻ സ്റ്റിക്കുകൾ,500 ഡിറ്റണേറ്ററുകൾ,ഫ്യൂസ് വയറുകൾ എന്നിവയാണ് പിടിച്ചെടുത്തത്.രഹസ്യവിവരം ലഭിച്ചതനുസരിച്ച് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ പെട്ട സുരേഷ് കക്കറ, കെ.പ്രിയേഷ്, ഷറഫുദ്ദീന്‍ എന്നിവരും കെഎപിയിലെ ഉനൈസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘവും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വസുന്ധരൻ,സുജിത് സോമൻ,സുനിൽ,സുധീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
അഴീക്കോട് ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്
കണ്ണൂർ:അഴീക്കോട് കാപ്പിലെപീടികയ്ക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്.സംഭവത്തിൽ കാപ്പിലെപീടിക സ്വദേശികളായ ലഗേഷ്(30),നിഖിൽ(23) എന്നിവർക്ക് പരിക്കേറ്റു.ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്.ഈ സംഭവത്തിന് പിന്നാലെ രാത്രി പതിനൊന്നരയോട് കൂടി പൂതപ്പാറയിൽ ബിജെപി ഓഫീസിനു നേരെയും അക്രമം നടന്നു. പൂതപ്പാറ സ്കൂളിന് സമീപത്തെ ബിജെപി ഓഫീസായ കെ.ടി ജയകൃഷ്ണനെ മാസ്റ്റർ സ്മാരകമാണ് അടിച്ചു തകർത്തത്.അക്രമങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.