തിരുവനന്തപുരം:സംസ്ഥാനത്ത് അനിശ്ചിതകാല സമരം നടത്തുന്ന ബസ്സുടകൾക്കെതിരെ കടുത്ത നടപടികളുമായി സർക്കാർ.സമരം നടത്തുന്ന സ്വകാര്യ ബസുടമകൾക്ക് നോട്ടീസ് നല്കാൻ ട്രാൻസ്‌പോർട് കമ്മീഷണർ എല്ലാ ആർടിഒമാർക്കും നിർദേശം നൽകി.കാരണം ബോധിപ്പിക്കാത്ത ബസുടമകളുടെ പെർമിറ്റ് റദ്ദാക്കുവാനും നിർദേശമുണ്ട്.സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ബസ്സുടമകൾക്കുമേൽ സമ്മർദം ചെലുത്താൻ സർക്കാർ ഒരുങ്ങുന്നത്.വിദ്യാർത്ഥികളുടെ മിനിമം ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകൾ ഇപ്പോൾ സമരം നടത്തുന്നത്. ഇതിനിടെ സമരം നടത്തുന്ന ബസ്സുകൾ എസ്മ പ്രകാരം പിടിച്ചെടുക്കണമെന്ന് കാണിച്ച് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി.ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണെന്നും മോട്ടോർ വാഹന നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.പൊതുതാൽപ്പര്യ ഹർജി ഉച്ചയ്ക്ക് 1.45 ന് കോടതി പരിഗണിക്കും.
കണ്ണൂരിൽ ഈ മാസം 21 ന് സമാധാന യോഗം നടത്തും
കണ്ണൂർ:യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ഈ മാസം 21 ന് സമാധാന യോഗം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളും ജില്ലാ കളക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഷുഹൈബ് വധം;അന്വേഷണ വിവരങ്ങൾ ചോരുന്നതായി കണ്ണൂർ എസ്പി
കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ അന്വേഷണ വിവരങ്ങൾ ചോരുന്നതായുള്ള ഗുരുതര ആരോപണവുമായി കണ്ണൂർ എസ്പി ശിവവിക്രം. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ റെയ്ഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തുന്നതായി എസ്പി ശിവവിക്രം ഡിജിപി,എഡിജിപി, ഐജി എന്നിവരെ അറിയിച്ചു.ഇതിനെ തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.അന്വേഷണ വിവരങ്ങൾ ചോർത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.
ആകാശചിറകിലേറി ഇനി കണ്ണൂരും;കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണപറക്കൽ വിജയം
കണ്ണൂർ:ആകാശചിറകിലേറി ഇനി കണ്ണൂരും.വിമാനത്താവളത്തിലെ ഡോപ്ലർ വെരിഹൈ ഫ്രീക്വൻസി ഓമ്നി റേഞ്ച്(ഡി.വി.ഓ.ആർ) സംവിധാനം പരിശോധിക്കുന്നതിനുള്ള പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി.ഇന്നലെ രാവിലെയാണ് ബെംഗളൂരുവിൽ നിന്നെത്തിയ എയർപോർട്ട് അതോറിറ്റിയുടെ ഡോണിയർ വിമാനം വിമാനത്താവളത്തിന് മുകളിലൂടെ ചുറ്റിപ്പറന്ന് സിഗ്നലുകൾ സ്വീകരിച്ചത്.എന്നാൽ ആകാശം മേഘാവൃതമായതിനാൽ 5000 മുതൽ 8000 അടി ഉയരത്തിൽ പറന്ന വിമാനം താഴെ നിന്നവർക്ക് കാണാനായില്ല.രാവിലെ 9.52 ന് ബെംഗളൂരുവിൽ നിന്നും പറന്നുയർന്ന വിമാനം 10.45 ഓടെ വ്യോമപരിധിയിൽ പ്രവേശിച്ചു.പല ഉയരങ്ങളിലും ദിശകളിലും പറന്ന് റഡാറിൽ നിന്നും സിഗ്നലുകൾ സ്വീകരിച്ചു. ഡി.വി.ഓ.ആർ കമ്മീഷൻ ചെയ്യുന്നതോടെ വിമാനത്താവളത്തിലേക്കുള്ള അന്താരാഷ്ട്ര വ്യോമമാർഗം നിലവിൽ വരും. വിമാനത്താവളത്തിന്റെ ലൈസൻസിനുള്ള നടപടിക്രമങ്ങളുടെ സുപ്രധാന ഘട്ടമാണ് നാവിഗേഷൻപരിശോധനയോടെ പിന്നിട്ടതെന്നു കിയാൽ എംഡി പി.ബാലകിരൺ പറഞ്ഞു. ബെംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നും നേരിട്ട് കണ്ണൂർ വിമാനത്താവളത്തിലേക്ക് വ്യോമപാത സാധ്യമാകുമെന്നാണ് പരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. കണ്ണൂരിലേക്കുള്ള വ്യോമമാർഗം എയ്‌റോനോട്ടിക്കൽ ഇൻഫർമേഷൻ റെഗുലേഷൻ ആൻഡ് കൺട്രോൾ വിഭാഗം അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തും.ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ എയർപോർട്ട് അതോറിറ്റിക്ക് കൈമാറുന്നതോടെ വിമാനത്താവളത്തിന്റെ ലൈസൻസിനുള്ള നടപടിക്രമങ്ങൾക്ക് വേഗമേറും.
ഷുഹൈബ് വധം;കൊലയാളി സംഘത്തിൽ അഞ്ചുപേരുണ്ടെന്ന് പോലീസ്;രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.റിജിൻ,ആകാശ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർ രണ്ടുപേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊലയാളി സംഘത്തിൽ അഞ്ചുപേർ ഉള്ളതായും മറ്റുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.പ്രതികൾക്കായി സിപിഎം ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ പോലീസ് ശക്തമായ തിരച്ചിൽ തുടരുകയാണ്.അതേസമയം ഡമ്മി പ്രതികളെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ നടത്തുന്ന രണ്ടു ദിവസത്തെ നിരാഹാര സമരം ഇന്ന് ആരംഭിക്കും.
സ്വകാര്യ ബസ് സമരം;ബസ്സുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം:സമരം തുടരുന്ന ബസ്സുടമകൾക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി.സ്വകാര്യ ബസുടമകൾ സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ബസ്സുടമകൾ സമരത്തിൽ നിന്നും പിന്മാറണം.വിദ്യാർത്ഥികളുടെ യാത്ര നിരക്ക് കൂട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് ഇന്നലെ ബസ്സുടമകൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു.മിനിമം ചാർജ് എട്ടുരൂപയാക്കിയത് അംഗീകരിക്കുന്നതായും വിദ്യാർത്ഥികളുടെ മിനിമം ചാർജ് രണ്ടുരൂപയാക്കണമെന്നുമായിരുന്നു ബസ് ഉടമകളുടെ ആവശ്യം.എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല.ഇതോടെ ചർച്ച അലസിപ്പിരിയുകയായിരുന്നു. അതേസമയം യാത്രാക്ലേശം പരിഹരിക്കാൻ സംസ്ഥാനത്തൊട്ടാകെ കെഎസ്ആർടിസി അധിക സർവീസ് നടത്തുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തും
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തും.ആലപ്പുഴയിൽ കെഎസ്‌യു സംഘടിപ്പിച്ച സമരകാഹള റാലിക്ക് നേരെ സിപിഐഎം നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്.പത്താം ക്ലാസ്,പ്ലസ് ടു മോഡൽ പരീക്ഷകളെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന നേതൃത്വം അറിയിച്ചു.
കൂത്തുപറമ്പ് മാനന്തേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:കൂത്തുപറമ്പ് മാനന്തേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.കിഴക്കേ കതിരൂർ സ്വദേശി ഷാജനാണ്(42) വെട്ടേറ്റത്.പാൽ വിതരണത്തിനിടെയാണ് ഇയാൾക്ക് വെട്ടേറ്റത്.കാലിനു പരിക്കേറ്റ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് മാനന്തേരി.
ചർച്ചയിൽ തീരുമാനമായില്ല;സ്വകാര്യ ബസ് സമരം തുടരും
കോഴിക്കോട്:കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് ബസുടമകളുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു.വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കാതെ വന്നതിനെ തുടർന്നാണ് ചർച്ച അലസിയത്.ഇതോടെ ജനജീവിതം ദുസഹമാക്കി സ്വകാര്യബസുകളുടെ സമരം നാലാം ദിവസവും തുടരും.മിനിമം ചാർജ് എട്ടു രൂപയെന്നത് അംഗീകരിക്കുന്നതായും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ബസ് ഉടമകൾ നിലപാടെടുത്തു.വിദ്യാർഥികളുടെ മിനിമം ചാർജ് രണ്ടു രൂപയാക്കണമെന്നതായിരുന്നു ആവശ്യം.എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല. ഇതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് പുരസ്ക്കാരം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്
കണ്ണൂർ:ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് പുരസ്ക്കാരം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്.സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും പഞ്ചായത്ത് കരസ്ഥമാക്കി.ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള 10 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും,സംസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്തിനുള്ള 15 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് ലഭിച്ചത്.സാമുഹ്യക്ഷേമം,ആരോഗ്യം,എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ പഞ്ചായത്തിന് സാധിച്ചതും വികസന പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ്മ ഉണ്ടാക്കിയെടുക്കാനും സാധിച്ചു എന്നുള്ളതുമാണ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ നേട്ടത്തിന് മുതല്‍കൂട്ടായത്.പഞ്ചായത്ത് കമ്മിറ്റി,സ്റ്റാന്റിംഗ് കമ്മിറ്റി,നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍, പൊതുജന പിന്തുണയോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പഞ്ചായത്തിനെ പുരസ്ക്കാരത്തിന് അർഹമാക്കിയത്.