തിരുവനന്തപുരം:സംസ്ഥാനത്ത് വർധിപ്പിച്ച ബസ് ചാർജ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.ഇതോടെ മിനിമം യാത്രാനിരക്ക് എട്ടു രൂപയാകും.ഓർഡിനറി,സിറ്റി, സിറ്റി ഫാസ്റ്റ് എന്നിവയിലെ മിനിമം നിരക്കാണ് എട്ടു രൂപയായത്.ഫാസ്റ്റ് പാസ്സഞ്ചറിൽ പത്തു രൂപയിൽ നിന്നും പതിനൊന്നു രൂപയായി ഉയരും.സൂപ്പർ ഫാസ്റ്റിൽ പതിമൂന്നു രൂപയുണ്ടായിരുന്നത് പതിനഞ്ചായും ഉയരും.വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്കിൽ വർധനയില്ലെങ്കിലും രണ്ടുരൂപ മുതൽ മുകളിലോട്ട് വർധിക്കുന്ന സ്ലാബുകളിൽ കൂടുന്ന തുകയുടെ 25 ശതമാനം കൂടി ഈടാക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
മധുവിന്റെ കൊലപാതകം;ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ജനക്കൂട്ടത്തിന്റെ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.സുരേന്ദ്ര മോഹൻ നൽകിയ കത്ത് ഹർജിയായി പരിഗണിച്ചാണ് കേസെടുത്തത്. വിദ്യാസമ്പന്നരായ ജനതയ്ക്ക് യോജ്യമായ പ്രവർത്തിയാണ് നടന്നത്.സംഭവം സാക്ഷര കേരളത്തിന് നാണക്കേടാണെന്നാണ് കത്തിൽ പറയുന്നത്.കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ.ദീപക്കിനെ ഹൈക്കോടതി നിയോഗിച്ചു.വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാമെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.അതേസമയം കേസ് സർക്കാരിനെതിരല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഷുഹൈബ് വധം;കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു
കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. മൂന്ന് വാളുകളാണ് പൊലീസ് പരിശോധനയില്‍ ലഭിച്ചത്. നേരത്തെ പ്രദേശത്ത് നിന്നും ഒരു വാള്‍ ലഭിച്ചിരുന്നു. മട്ടന്നൂരിന് സമീപം വെള്ളാംപറമ്പിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.ആയുധങ്ങൾ ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് കണ്ടെടുത്തില്ല എന്ന് ഹൈക്കോടതി ചൊവ്വാഴ്ച സർക്കാരിനോട് ചോദിച്ചിരുന്നു. ശുഹൈബിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് പ്രതികൾ ആയുധങ്ങൾ ഒളിപ്പിച്ചിരുന്നത്. കൊലയ്ക്ക് പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ തന്നെയാണോ കണ്ടെടുത്തതെന്ന് പോലീസ് പരിശോധിക്കുകയാണ്.ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ചൊവ്വാഴ്ച ഉന്നയിച്ചത്.’ആയുധങ്ങള്‍ ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് കണ്ടെടുത്തില്ല’ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പ്രതികൾ ഉപയോഗിച്ച വാഹനവും ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് കണ്ടെടുത്തത്.പൊലീസ് സിപിഎം പറയുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ്സ് ആരോപണമുന്നയിച്ചിരുന്നു.
കേരളാ വ്യാപാരി വ്യവസായി സമിതി കണ്ണൂർ കോർപറേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ അന്യായമായി വർധിപ്പിച്ച വ്യാപാര ലൈസൻസ് ഫീസും തൊഴിൽ നികുതിയും പിൻവലിക്കുക, കോർപറേഷൻ അധീനതയിലുള്ള കെട്ടിടങ്ങൾക്ക് അന്യായമായി വർധിപ്പിച്ച വാടക പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ കോർപറേഷനിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ സെക്രട്ടറി പി. ഗോപിനാഥ് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്‍റ് സെക്രട്ടറി പി.പി. ജയറാം അധ്യക്ഷത വഹിച്ചു. കെ.വി. സലീം, എം.എ. ഹമീദ് ഹാജി, കുനിയിൽ രവീന്ദ്രൻ, കെ.പി. അബ്ദുൾ റഹ്മാൻ, പ്രേമൻ, സി.എച്ച്. പ്രദീപൻ, സി. മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.
മൊറാഴയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ ആക്രമണം
കണ്ണൂർ:മൊറാഴയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ ആക്രമണം.ആക്രമണത്തിൽ പരിക്കേറ്റ ബക്കളം പുന്നക്കുളങ്ങരയിലെ സി.മുബഷീർ(22),സി.എച് തൻസീർ(19) എന്നിവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ പതിനെട്ടോളം സിപിഎം പ്രവർത്തകർ ബൈക്കിൽ പിന്തുടർന്നു.ഒഴക്രോത്തെത്തിയപ്പോൾ മുബഷീറും തൻസീറും സഞ്ചരിച്ച ബൈക്കിന് ചുറ്റും സിനിമാ സ്റ്റൈലിൽ ബൈക്കുകൾ നിർത്തി ഇവരെ ചോദ്യം ചെയ്തു.ശേഷം മൊറാഴ ചിത്ര ഗേറ്റിനു സമീപത്തേക്ക് കൊണ്ടുപോയി ഇരുവരുടെയും ദേഹത്ത് താക്കോൽ ഉപയോഗിച്ച് വരയ്ക്കുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി.കണ്ണൂരിൽ നിരാഹാരമനുഷ്ഠിക്കുന്ന കെ.സുധാകരന് അഭിവാദ്യമർപ്പിക്കാൻ പോയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.
ബസ് ചാർജ് വർധന നാളെ മുതൽ നിലവിൽ വരും
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാർജ് വർധന നാളെ മുതൽ നിലവിൽ വരും. വിദ്യാത്ഥികളുടെ മിനിമം നിരക്ക് ഒരുരൂപയിൽ തന്നെ നിലനിർത്തിക്കൊണ്ടാണ് ചാർജ് വർധന നടപ്പിലാക്കുന്നത്.അതേസമയം രണ്ടാമത്തെ ഫെയർ സ്റ്റേജിൽ ഒരു രൂപ കുറച്ചു.നിലവിൽ ഒൻപത് രൂപയായിരുന്നത് എട്ടായി കുറഞ്ഞു.വർധനയുടെ 25 ശതമാനം മാത്രം ഈടാക്കാനാണ് സർക്കാർ ഉത്തരവിലുള്ളത്.ഇത് പ്രകാരം ഒരുരൂപ വർധിപ്പിക്കുമ്പോൾ 25 പൈസ മാത്രമേ രണ്ടാം സ്റ്റേജിൽ ഈടാക്കാനാകൂ.എന്നാൽ 50 പൈസക്ക് താഴെയുള്ള വർധന കണക്കിലെടുക്കാൻ കഴിയില്ല. ഇതിനാൽ പഴയ നിരക്ക് തന്നെ തുടരും.ഇതാണ് രണ്ടാം സ്റ്റേജിൽ നിരക്കുവർധന ഒഴിവായത്. പത്തുരൂപ നിരക്കുള്ള മൂന്നാം സ്റ്റേജിൽ രണ്ടുരൂപയാണ് വിദ്യാർത്ഥികളുടെ നിരക്ക്.12,13 രൂപ ഈടാക്കുന്ന നാല്,അഞ്ച് സ്റ്റേജുകളിൽ രണ്ടു രൂപ ഈടാക്കിയിരുന്നത് മൂന്നു രൂപയായി ഉയർത്തി. പുതിയ നിരക്കുപ്രകാരം ദീർഘദൂരം യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് കാര്യമായ വർധന.കോളേജ് വിദ്യാർത്ഥികളെയാകും ഇത് കാര്യമായി ബാധിക്കുക.22 രൂപയുടെ പത്താം സ്റ്റേജിൽ 3.50 പൈസ ആയിരുന്നത് 7 രൂപയായി ഉയർന്നിട്ടുണ്ട്. ജന്റം,ലോ ഫ്ലോർ എ.സി,നോൺ എ.സി,സൂപ്പർ എയർ എക്സ്പ്രസ്,മൾട്ടി ആക്സിൽ സ്‌കാനിയ,വോൾവോ ബസ്സുകളുടെ നിരക്കും നാളെ മുതൽ വർധിപ്പിക്കും.ജന്റം ലോ ഫ്ലോർ നോൺ എ.സി ബസ്സുകളുടെ മിനിമം നിരക്ക് എട്ടു രൂപയിൽ നിന്നും പത്തു രൂപയാക്കി.ലോ ഫ്ലോർ എ.സി ബസ്സുകളുടെ മിനിമം നിരക്ക് 15 രൂപയിൽ നിന്നും 20 രൂപയാക്കി.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈകോടതിയിൽ ഹർജി നൽകി
കൊച്ചി:യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി.ഹർജി ജസ്റ്റിസ് കമാൽ പാഷയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നുമാണ് പിതാവ് സി.പി മുഹമ്മദ് ആവശ്യപ്പെട്ടത്. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നുവെന്നും ഇത് പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും മാതാപിതാക്കൾ ഹൈക്കോടതിയെ അറിയിച്ചു.ഷുഹൈബ് വധത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ യുഡിഎഫും തീരുമാനിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് ഇന്ന് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഷുഹൈബ് വധം;കെ.സുധാകരൻ നിരാഹാരസമരം അവസാനിപ്പിച്ചു
കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കെ.സുധാകരൻ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.മുഴുവൻ പ്രതികളെയും പിടികൂടുക,കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സുധാകരൻ സമരം ആരംഭിച്ചത്.ഒൻപതു ദിവസം നീണ്ടുനിന്ന സമരം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സമരപ്പന്തലിലെത്തി നാരങ്ങാനീര് നൽകിയാണ് അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട ശുഹൈബിന്റെ കുടുംബാംഗങ്ങൾ,കോൺഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപ്പിള്ള,വയലാർ രവി എന്നിവരും സമരപന്തലിൽ എത്തിയിരുന്നു.
കണ്ണൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു
കണ്ണൂർ:കണ്ണൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.കണിച്ചാർ വലയംചാലിൽ ഇന്ന് രാവിലെ ഒൻപതുമണിയോടു കൂടിയാണ് അപകടം നടന്നത്.വലയംചാലിൽ വെട്ടുനിരപ്പിൽ റെജി,ഭാര്യാമാതാവ് സൂസമ്മ,പിതാവ് രാജൻ എന്നിവർക്കാണ് പരിക്കേറ്റത്. അടുപ്പിൽ നിന്നും സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. സിലിണ്ടറിൽ ചോർച്ചയുള്ളതു ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.അടുക്കളയിൽ ഉണ്ടായിരുന്ന സൂസമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയതാണ് റെജിയും രാജനും.നിലവിളികേട്ട് എത്തിയ നാട്ടുകാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂരിൽ നിന്നെത്തിയ അഗ്നിശമനസേന പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.അടുക്കളഭാഗം പൂർണ്ണമായും കത്തിനശിച്ചു.
ഷുഹൈബ് വധം;പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി
കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ പോലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി.ഷുഹൈബ് കൊല്ലപ്പെട്ട തട്ടുകട,രക്ഷപെടാൻ ഉപയോഗിച്ച വഴി,കൊലപാതകത്തിന് മുൻപ് പ്രതികൾ സംഘടിച്ചിരുന്ന വെള്ളപ്പറമ്പിലെ ആളൊഴിഞ്ഞ പ്രദേശം എന്നിവിടങ്ങളിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.കൊലപാതകത്തിന് തൊട്ടു മുൻപ് ഒരു വാൾ വെള്ളപ്പറമ്പ് ഭാഗത്ത് നഷ്ടപ്പെട്ടതായി പ്രതികൾ മൊഴി നൽകി.പ്രതികളായ ആകാശ് തില്ലങ്കേരി,രജിൽരാജ് എന്നിവരെ സ്ഥലത്തെത്തിച്ച തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇവർ പൊലീസിന് മൊഴിനല്കിയിരിക്കുന്നത്. മട്ടന്നൂർ സിഐ എ.വി ജോൺ,എസ.ഐ കെ.രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.ഇതിനിടെ പ്രതികൾ സഞ്ചരിച്ച കാർ ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ചു.കാർ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച മറ്റൊരു കാറിനെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കൂടി കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.