തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പതിവ് പരിശോധനയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പരിശോധന നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതേസമയം മുഖ്യമന്ത്രിക്ക് രക്തത്തിൽ പ്ളേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കണ്ണൂർ മാങ്ങാട് ബസ്‌സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി രണ്ടുപേർ മരിച്ചു
കണ്ണൂർ:മാങ്ങാട് റെജിസ്ട്രർ ഓഫീസിന് മുന്നിലെ ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി പ്ലസ് ടു വിദ്യാർത്ഥിനിയടക്കം രണ്ടുപേർ മരിച്ചു.മാങ്ങാട് സ്വദേശികളായ അഫ്‌റ(16),ഖാദർ(58) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കല്യാശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് അഫ്‌റ.സ്കൂളിലെ സ്പെഷ്യൽ ക്ലാസിനു പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. തലശ്ശേരിയിൽ നിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന കാർ ബസ്റ്റോപ്പിലേക്ക് പാഞ്ഞ് കയറുകയും പിന്നീട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. മൃതദേഹം കണ്ണൂർ എ കെ ജി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ മാർച്ച് ആറുമുതൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ മാർച്ച് ആറുമുതൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങുന്നു.ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 62,000-ത്തോളം നഴ്സുമാര്‍ അവധിയെടുത്ത് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും.നേരത്തെ ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം താത്കാലികമായി വിലക്കിയിരുന്നു.മാനേജ്മെന്‍റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി.ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.ഹർജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
വൈദികന്റെ കൊലപാതകം;പ്രതിയായ കപ്യാർ പിടിയിൽ
കൊച്ചി:മലയാറ്റൂര്‍ കുരുശുപള്ളിയില്‍ ഫാ.സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുന്‍ കപ്യാര്‍ ജോണി പൊലീസ് പിടിയില്‍. പെരുമ്ബാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിക്കായി തിരച്ചില്‍ തുടരുകയായിരുന്നു. വ്യക്തി വൈര്യാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലില്‍ കുത്തേറ്റ വൈദികന്‍ രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.കുരിശുമുടി ആറാം സ്ഥലത്ത് വച്ച് ഫാദറിനെ ആക്രമിച്ച ജോണി ഉടൻതന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ആറാം സ്ഥലത്ത് നിന്നും വനത്തിനുള്ളിലേക്കാണ് ജോണി ഓടിരക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികളാണ് പോലീസിനെ അറിയിച്ചത്.ദൃക്സാക്ഷികൾ നൽകിയ വിവരമനുസരിച്ച് പോലീസ് കഴിഞ്ഞദിവസം വനത്തിനുള്ളിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ജോണിയെ കണ്ടെത്തിയിരുന്നില്ല. പിന്നീട് വെള്ളിയാഴ്ച രാവിലെ മുതൽ വീണ്ടും പോലീസ് തിരച്ചിൽ നടത്തിയപ്പോഴാണ് കുരിശുമുടി ഒന്നാം സ്ഥലത്ത് നിന്നും ജോണിയെ കണ്ടെത്തിയത്.ഒന്നാം സ്ഥലത്തെ പന്നി ഫാമിന് സമീപം തീർത്തും അവശനായ നിലയിലാണ് ജോണിയെ പോലീസ് സംഘം കണ്ടെത്തിയത്. കപ്യാർ ജോലിയിൽ നിന്നും തന്നെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് ജോണി പോലീസിനോട് സമ്മതിച്ചു.
ഷുഹൈബ് വധം;ഒരാൾ കൂടി പിടിയിൽ
കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി.കുമ്മാനം സ്വദേശി സംഗീതിനെയാണ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തിന് ശുഹൈബിനെ കുറിച്ചുള്ള വിവരം നൽകിയത് സംഗീതാണെന്നും പോലീസ് പറഞ്ഞു.വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട് പാലയോട് സ്വദേശി സഞ്ജയിനെയും രജത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ശുഹൈബിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിൽ സഞ്ജയ്‌ക്ക് പങ്കുണ്ടെന്നും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഒളിപ്പിച്ചതിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു.രജത്താണ് പ്രതികളെ രക്ഷപെടാൻ സഹായിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. കേസിൽ നേരത്തെ ആകാശ് തില്ലങ്കേരി, രജിൽ രാജ്, അസ്കർ എടയന്നൂർ, അൻവർ സാദത്ത് തില്ലക്കേരി, അഖിൽ പാലയോട്, ജിതിൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
തലശ്ശേരി ജനറൽ ആശുപത്രിൽ ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു;മതിയായ ചികിത്സ ലഭിക്കാത്തതിനാലാണെന്ന് ബന്ധുക്കൾ ആരോപിച്ചു
തലശ്ശേരി:തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പേരട്ട നരിമട ആദിവാസി കോളനിയിലെ ആദിവാസി യുവാവ് രാജു മരിക്കാനിടയായത് മതിയായ ചികിത്സ ലഭിക്കാത്തതിനാലാണെന്ന് ബന്ധുക്കൾ ആരോപിച്ചു.നേരത്തെ ഇരിട്ടി താലൂക്ക് ആശുപത്രിൽ ചികിത്സയിലായിരുന്ന യുവാവിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റണമെന്ന ഡോക്റ്ററുടെ കുറിപ്പും നൽകിയിരുന്നു.എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ സ്ഥലമില്ലാത്തതിനാൽ രാജുവിനെ പുറത്താണ് കിടത്തിയത്.രോഗം മൂർച്ഛിച്ചപ്പോൾ നഴ്സിനോട് പലതവണ വിവരം പറഞ്ഞിട്ടും ഡോക്റ്റർ പരിശോധിക്കാൻ എത്തിയില്ലെന്നും രാജുവിന്റെ ഭാര്യ സീമ പറഞ്ഞു.ഭാര്യയും മൂന്നു കുട്ടികളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു രാജു എന്നും രാജുവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഇവരെ സഹായിക്കാൻ സർക്കാർ തലത്തിൽ സഹായം ഉണ്ടാകണമെന്നും സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.ഐടിഡിപി രാജുവിന്റെ കുടുംബത്തിന് അനുവദിച്ച 5000 രൂപയും എംഎൽഎ കുടുംബത്തിന് കൈമാറി.കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കണമെന്നുകാണിച്ച് പായം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിവേദനം രാജുവിന്റെ ഭാര്യ സീമ ഡിഎംഒയ്ന് കൈമാറി. അതേസമയം സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ഡിഎംഒ ഡോ.നാരായണ നായ്ക്ക് പറഞ്ഞു.
ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം;നാലുപേർ പിടിയിൽ
കണ്ണൂർ:നഗരത്തിലെ ലോഡ്ജിൽ താമസിച്ച് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ നാലുപേർ പോലീസ് റെയ്‌ഡിൽ പിടിയിലായി.ഏജന്റുമാരെ നിയോഗിച്ചും വാട്സാപ്പ് ഗ്രൂപ്പിലൂടെയുമാണ് ഇവർ ചൂതാട്ടം നടത്തിവന്നിരുന്നത്.തയ്യിൽ സ്വദേശികളായ പി.വി ബിജു,സി.എച് പ്രജീന്ദ്രൻ, തോട്ടട സ്വദേശി ഹരീഷ് കുമാർ,തളിക്കാവ് സ്വദേശി ഇന്ദ്രജിത് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 40000 രൂപയും അഞ്ചു മൊബൈൽ ഫോണുകളും പിടികൂടി. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 10 ഏജന്റുമാരാണ് ഇവർക്കുള്ളത്.വിന്നേഴ്സ് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ് വഴിയാണ് ഇവർ നമ്പർ അറിയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.കേരള ഭാഗ്യക്കുറിയുടെ അവസാന മൂന്നക്കമാണ് ചൂതാട്ടത്തിനായി നൽകുന്നത്.ഒരു നമ്പർ നൽകുന്നതിന് പത്തു രൂപയാണ് നൽകേണ്ടത്.നറുക്കെടുപ്പിൽ സമ്മാനം ലഭിച്ച ഭാഗ്യക്കുറി നമ്പറിൽ ഈ മൂന്നക്കമുണ്ടായാൽ 5000 രൂപയാണ് നൽകുക.ഒരാൾക്ക് എത്ര നമ്പർ വേണമെങ്കിലും നൽകാം. കണ്ണൂർ സിഐ ടി.കെ രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. സിവിൽ പോലീസ് ഓഫീസർമാരായ സഞ്ജയ്,ലിജേഷ്,സജിത്ത് മുരളി,റയീസ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
സംസ്ഥാനത്ത് തീയേറ്റർ സമരം ആരംഭിച്ചു
തിരുവനന്തപുരം:ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ചൂഷണം ചെയ്യുന്നു എന്നാരോപിച്ച് ദക്ഷിണേന്ത്യയിലെ സിനിമ തീയേറ്ററുകൾ ഇന്ന് അടച്ചിടും. കേരളത്തോടൊപ്പം തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും തീയേറ്ററുകൾ ഇന്ന് അടച്ചിടും.മാർച്ച് രണ്ടു മുതൽ ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അനിശ്ചിതകാലത്തേക്കു തിയറ്ററുകൾ അടച്ചിടാനാണു തീരുമാനം. ഇതിനോടു പിന്തുണ പ്രഖ്യാപിച്ചാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിയറ്ററുകൾ അടച്ചിടുന്നത്.കേരളത്തിൽ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ 604 തീയേറ്ററുകളിൽ ഇന്ന് പ്രദർശനം ഉണ്ടാകില്ല.തെക്കൻ സംസ്ഥാനങ്ങളിലെ ഫിലിം ചേമ്പറുകളുടെ പിന്തുണയോടെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ നിർദേശപ്രകാരമാണ് പണിമുടക്ക്.
ഇന്ന് ആറ്റുകാൽ പൊങ്കാല;ഭക്തിയുടെ നിറവിൽ അനന്തപുരി
തിരുവനന്തപുരം:അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ഇന്ന് ആറ്റുകാൽ പൊങ്കാല.തലസ്ഥാന നഗരിയിലെ തെരുവീഥികളിൽ ആയിരങ്ങൾ രാവിലെ മുതൽ തന്നെ പൊങ്കാലയ്ക്കായി നിരന്നു കഴിഞ്ഞു.രാവിലെ 9.45 ന് ശുദ്ധപുണ്ണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.തുടർന്ന് ക്ഷേത്രമുറ്റത്ത് കണ്ണകീചരിതം പാടുന്ന തോറ്റം പാട്ടുകാർ ചിലപ്പതികാരത്തിൽ പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം പാടിത്തീരുമ്പോൾ ക്ഷേത്ര തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി വാമനൻ നമ്പൂതിരിക്ക് കൈമാറും.10.05 ഓടെ മേൽശാന്തി ക്ഷേത്രത്തിലേക്കുള്ള നിവേദ്യങ്ങൾ ഒരുക്കുന്ന മടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീപകരും.പിന്നീട് ദീപം സഹമേൽശാന്തിക്ക് കൈമാറും.സഹമേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും പണ്ടാര അടുപ്പിലും അഗ്നി പകരും.തുടർന്ന് തിരുവനന്തപുരം നഗരത്തിൽ നിരന്നിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല അടുപ്പിലേക്ക് അഗ്നി കൈമാറും.പൊങ്കാല കലങ്ങളിൽ നിവേദ്യം തയ്യാറാക്കുന്ന ഭക്തജനങ്ങൾ ഉച്ചയ്ക്ക് 2.30 ഓടെ ഈ നിവേദ്യം സമർപ്പിക്കും.ഈ സമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി 7.45ന് ക്ഷേത്രാങ്കണത്തിൽ വ്രതമെടുത്തു കഴിയുന്ന ബാലന്മാർക്ക് ചൂരൽ കുത്താനാരംഭിക്കും. ഇതിനു പിന്നാലെ മണക്കാട് ക്ഷേത്രത്തിലേക്കുള്ള ദേവി എഴുന്നള്ളത്തും നടക്കും.പറയെടുപ്പ് പൂർത്തിയാക്കി മണക്കാട് ശ്രീധർമശാസ്താക്ഷേത്രത്തിലെത്തി പിറ്റേന്ന് രാവിലെ എഴുന്നള്ളിപ്പ് മടങ്ങിവരും വരെ കുത്തിയോട്ട ബാലന്മാർ അകമ്പടി സേവിക്കും.ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ കാപ്പഴിച്ചു കുടിയിലാക്കിയ ശേഷം കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കും.
നടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 14 ന് തുടങ്ങും
കൊച്ചി:കൊച്ചിയെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ഈ മാസം 14 ന് തുടങ്ങും. വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള പ്രതികൾക്ക് സമൻസ് അയക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു.ഈ മാസം 14ന് കോടതിയിൽ ഹാജരാകാനാണ് സമൻസിൽ നിർദേശം നൽകിയിരിക്കുന്നത്.നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും കൈമാറിയ കുറ്റപത്രം വിചാരണ നടപടികൾക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.അതേസമയം കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.ഇതേ ആവശ്യം ഉന്നയിച്ച് ആക്രമിക്കപ്പെട്ട നടിയും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.കേസിൽ നടൻ ദിലീപിനെ എട്ടാംപ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1542 പേജുള്ള കുറ്റപത്രത്തിൽ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജുവാര്യർ ഉൾപ്പെടെ 355 സാക്ഷികളാണുള്ളത്. ഇതിൽ അന്പതോളംപേർ സിനിമാ മേഖലയിൽനിന്നുള്ളവരാണ്. മൊബൈൽ ഫോണ്‍ രേഖകൾ ഉൾപ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു.