കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയയാൾക്കെതിരെ പോലീസ് കേസെടുത്തു.പോലീസ് ഹൈടെക് സെല്ലിന്‍റെ അന്വേഷണത്തിൽ പയ്യന്നൂർ സ്വദേശിയുടേതാണെന്ന് ഫോൺ നമ്പർ എന്ന് കണ്ടെത്തിയിരുന്നു.എന്നാൽ ഇയാളെ തേടി അന്വേഷണ സംഘം ഞായറാഴ്ച പയ്യന്നൂരിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.ശനിയാഴ്ച ഉച്ചയോടെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ ഫോണിലേക്കാണ് വധഭീഷണിയുമായി വിളിയെത്തിയത്.അദ്ദേഹം ഉടൻ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിച്ചു.തുടർന്ന് അടിയന്തര അന്വേഷണത്തിന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിടുകയായിരുന്നു.സന്ദേശമെത്തുമ്പോൾ മുഖ്യമന്ത്രി ചെന്നൈയിൽ ആശുപത്രിയിലായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിർദേശത്തെ തുടർന്ന് ഉടൻ തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് അപ്പോളോ ആശുപത്രിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.വധഭീഷണിയെ തുടർന്ന് മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മാക്കൂട്ടം ചുരത്തിൽ വാഹനാപകടം;ഒരാൾ മരിച്ചു
ഇരിട്ടി:മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.അഞ്ചുപേർക്ക് പരിക്കേറ്റു. വീരാജ്പേട്ട സ്വദേശി മുസ്തഫ(50) ആണ് മരിച്ചത്.അഹമ്മദ്,യൂസഫ്, ഇബ്രാഹിം,അലി, നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കണ്ണൂര്‍ എ കെ ജി ആശുപത്രി,പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു.രാവിലെ 11മണിയോടെ മാക്കൂട്ടം കുട്ടപ്പാലത്തായിരുന്നു അപകടം നടന്നത്.മാക്കൂട്ടത്ത് നിന്നും ഇരിട്ടിയിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം നടന്നത്.
കൂത്തുപറമ്പിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
കൂത്തുപറമ്പ്:കൂത്തുപറമ്പ് പുറക്കളത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്.കോൺഗ്രസ് പ്രവർത്തകൻ പുരുഷോത്തമന്റെ വീടിനു നേരെയാണ് ഇന്ന് പുലർച്ചെ ഒരു സംഘം ബോംബെറിഞ്ഞത്.ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. പുരുഷോത്തമന്റെ മക്കൾ ബി ജെ പി പ്രവർത്തകരാണ്. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചു.
സ്വകാര്യ ആശുപതിയിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് ഉപേക്ഷിച്ചു.നഴ്സുമാരുടെ പരിഷ്കരിച്ച ശമ്പള വർധന സംബന്ധിച്ച ഉത്തരവ് മാർച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം ഉപേക്ഷിക്കുന്നത്.അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ അവധിയെടുത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.കഴിഞ്ഞ വർഷം ജൂലൈയിലാണ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം സർക്കാർ 20,000 രൂപയായി നിശ്ചയിച്ചത്. എന്നാൽ അടിസ്ഥാന ശമ്പളം ലഭിക്കാതെ വന്നതോടെയാണ് നഴ്സുമാർ സമരവുമായി രംഗത്തിറങ്ങിയത്.ഈ മാസം അഞ്ചു മുതൽ അനിശ്ചിതകാല സമരം നടത്താൻ യുഎൻഎ നേരത്തെ തീരുമാനിച്ചിരുന്നു.എന്നാൽ ഈ സമരം സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഇതേതുടർന്ന് ഈ മാസം ആറുമുതൽ നഴ്സുമാർ ലീവെടുത്തു പ്രതിഷേധിക്കാൻ തീരുമാനിക്കുകയായിരുന്നു.സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന 62,000-ത്തോളം നഴ്സുമാർ അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു തീരുമാനം.അതേസമയം ചേർത്തല കെവിഎം ആശുപത്രിയിലെ വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച ലേബർ കമ്മീഷണർ വിളിച്ച യോഗത്തിൽ ചർച്ച ചെയ്യുമെന്നും യുഎൻഎ പ്രതിനിധികൾ അറിയിച്ചു. കഴിഞ്ഞ ദിവസം ലേബർ കമ്മീഷണർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
കാഞ്ഞങ്ങാട് നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തി. കാസർകോഡ് കളനാട് റെയിൽവെ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഈ മാസം ഒന്നാം തീയതിയാണ് മാങ്ങാട്ടെ ജാഫർ-ഫരീദ ദമ്പതികളുടെ മകൻ മുഹമ്മദ് ജാസിമിനെ കാണാതാകുന്നത്.ചട്ടഞ്ചാൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന ജാസിം സ്കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനുള്ള ഡ്രസ്സ് വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ജാസിമിനെ കാണാതാവുകയായിരുന്നു.പോലീസും പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്ന് ജാസിമിനായുള്ള അന്വേഷണം നടത്തിവരികയായിരുന്നു.സംഭവത്തിൽ ജാസിമിന്റെ കൂട്ടുകാരായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.
അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസുകാർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി;ഒരു പോലീസുകാരൻ മരിച്ചു
കൊട്ടാരക്കര:വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസുകാർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി ഒരു പോലീസുകാരൻ മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.പോലീസ് കൺട്രോൾ യൂണിറ്റിലെ ഡ്രൈവർ വിപിനാണ് മരിച്ചത്.പോലീസ് കൺട്രോൾ യൂണിറ്റിലെ എസ്‌ഐ വേണുഗോപാൽ, എഎസ്ഐ അശോകൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇന്ന് പുലർച്ചെ എംസി റോഡിലാണ് അപകടം നടന്നത്.രാത്രിയിൽ ഇവിടെ ഒരു കാർ വൈദ്യുതി തൂണിലിടിച്ച് അപകടമുണ്ടായിരുന്നു.ഇവിടെ രക്ഷാപ്രവർത്തനത്തിനായി എത്തിയതാണ് പോലീസുകാർ.അപകടത്തിന്റെ മഹസർ തയ്യാറാക്കുന്നതിനിടെ പോലീസുകാർക്കിടയിലേക്ക് അതിവേഗത്തിൽ വന്ന ലോറി പാഞ്ഞുകയറുകയായിരുന്നു. കാർ തകർത്ത ലോറി പോലീസുകാരുടെമേൽ ഇടിച്ചുകയറി. പരിക്കേറ്റ മൂന്നു പോലീസുകാരെയും തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിപിൻ മരണത്തിനു കീഴടങ്ങുകയായിരുന്നു.
വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയ നീലേശ്വരം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു
നീലേശ്വരം:വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയ നീലേശ്വരം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു.വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപം ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി നീലേശ്വരത്തു നിന്നുമാണ് കുടുംബം രണ്ടു വാഹനങ്ങളിലായി സുല്‍ത്താന്‍ ബത്തേരിയിലേക്ക് വിനോദയാത്രയ്ക്ക് പോയത്. രാവിലെ 7.30 മണിയോടെ സുല്‍ത്താന്‍ ബത്തേരിയിലെത്തുന്നതിന് 12 കിലോമീറ്റര്‍ മുൻപ് വിനോദ യാത്ര സംഘത്തിലെ ആറു പേര്‍ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കോട്ടപ്പുറത്തെ നബീര്‍ (33), കോട്ടപ്പുറത്തെ ഷബീര്‍ മന്‍സിലില്‍ ഷബീറിന്റെ മകന്‍ അമാന്‍ (നാല്) എന്നിവരാണ് മരിച്ചത്.കാറോടിച്ചിരുന്ന ഷബീര്‍ (35), ഷംസീറ (28), കബീര്‍ (അഞ്ച്), സുമയ്യ (ഒന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഷബീറിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് മീനങ്ങാടി പോലീസ് പറഞ്ഞു.
നഴ്സുമാരുടെ സമരം;ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം
കോട്ടയം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല അവധിയെടുക്കല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചർച്ച പരാജയപ്പെട്ടു. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 നഴ്സുമാര്‍ മാർച്ച് ആറുമുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) അറിയിച്ചിരുന്നു.എന്നാൽ സമരം ഹൈക്കോടതി വിലക്കിയിരുന്നു. എന്നാൽ സമരം വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി ലംഘിച്ച് അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാനാണ് നഴ്സുമാരുടെ നീക്കം. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള 20,000 രൂപ ശമ്ബളം നല്‍കുന്ന ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലിയില്‍ പ്രവേശിക്കുമെന്നും യു.എന്‍.എ അറിയിച്ചിട്ടുണ്ട്.നഴ്സുമാരുടെ നീണ്ടകാലത്തെ സമരത്തിനു ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10നായിരുന്നു നഴ്സുമാരുടെ കുറഞ്ഞ ശമ്ബളം 20,000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ പല സ്വകാര്യ ആശുപത്രി മാനേജ്മെന്റും ഇത് നടപ്പാക്കാന്‍ തയ്യാറായിട്ടില്ല.
നാഗാലാൻഡിൽ ബിജെപി മുന്നിൽ
കൊഹിമ:നാഗാലാൻഡിൽ ബിജെപി ശക്തമായി തിരിച്ചുവരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ എൻപിഎഫിനെ പിൻതള്ളി ബിജെപി സഖ്യം മുന്നേറുന്നു.31 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്.ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ പരാജയപ്പെടുത്തി എന്‍ഡിപിപി-ബിജെപി സഖ്യം അധികാരത്തിലേറുമെന്നാണ് സൂചന.
നാളെ വൈദ്യുതി മുടങ്ങും
കണ്ണൂർ:കാഞ്ഞിരോട് സബ് സ്റ്റേഷനിലേക്കുള്ള 220 കെ.വി ഓർക്കാട്ടേരി-കാഞ്ഞിരോട്, അരീക്കോട്-കാഞ്ഞിരോട് ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെ കണ്ണൂർ,കാസർകോഡ് ജില്ലകളിൽ വൈദ്യുതി വിതരണം മുടങ്ങും.