മൈസൂർ:മൈസൂരിൽ വാഹനാപകടത്തിൽ രണ്ട് കാസർകോഡ് സ്വദേശികൾ മരിച്ചു.ബുധനാഴ്ച പുലർച്ചെ മൈസൂർ-ബെംഗളൂരു റൂട്ടിൽ എൽവാൽ എന്ന സ്ഥലത്താണ് അപകടം നടന്നത്. കർണാടക ആർടിസി ബസ്സും പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ കാസർകോഡ് സ്വദേശികളായ ജുനൈദ്(26),അസ്ഹറുദ്ധീൻ(26) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പാർസൽ എടുക്കാനായി മൈസൂരിലേക്ക് പോയ യുവാക്കൾ മടങ്ങി വരുമ്പോൾ യുവാക്കൾ സഞ്ചരിച്ച പിക്കപ്പിൽ എതിരെ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.ഇരുവരും അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും
കൊച്ചി:എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു.ശുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ച് ജസ്റ്റീസ് ബി.കെമാൽപാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി കേസിലെ പ്രതികൾക്കെതിരേ യുഎപിഎ ചുമത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനെ എതിർത്ത് സർക്കാർ ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും കോടതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടിയുണ്ടായില്ല. അന്വേഷണത്തിന്‍റെ ഇതുവരെയുള്ള വിവരങ്ങളെല്ലാം സർക്കാർ കോടതിയെ ധരിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും ആയുധം കണ്ടെത്തിയതിന്‍റെ വിശദാംശങ്ങളും ഹൈക്കോടതിക്ക് കൈമാറി.സിബിഐ അന്വേഷണത്തിന് സർക്കാർ എല്ലാ സഹായവും നൽകണം. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം സിബിഐക്ക് കൈമാറണം. ഈ ഒരു വിധിന്യായം കൊണ്ടെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യമുണ്ടാകട്ടെ എന്ന ശുഭപ്രതീക്ഷയോടെയാണ് കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. രാവിലെ കേസ് പരിഗണിച്ചപ്പോൾ മുതൽ അതിരൂക്ഷ പരാമർശങ്ങളാണ് സർക്കാരിനെതിരേ കോടതി ഉന്നയിച്ചത്.ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ഓർമിപ്പിച്ച കോടതി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതികളുടെ ഉന്നതബന്ധം തള്ളിക്കളയാനാകില്ലെന്നും പറഞ്ഞു.
പയ്യന്നൂർ കോളേജിൽ സംഘർഷം;അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്ക്
പയ്യന്നൂർ:പയ്യന്നൂർ കോളേജിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെ കെഎസ് യു പ്രവർത്തകരെ എസ്എഫ് ഐയുടെ പയ്യന്നൂർ കോളജിലെ ഗുണ്ടകൾ രാഷ്ട്രീയ വിരോധത്താൽ അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് കെ.ജയരാജ് ആവശ്യപ്പെട്ടു.എന്നാൽ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചരിത്രവിജയം നേടിയ പയ്യന്നൂർ കോളജിലെ വിജയികളെ അനുമോദിക്കാനായുള്ള പരിപാടിയുടെ ഭാഗമായി പ്രകടനം നടത്തുന്നതിനിടയിൽ കെഎസ്‌യുപ്രവർത്തകർ ആക്രമിക്കുകയായിരുന്നവെന്ന് എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറിയും പയ്യന്നൂർ കോളജ് മൂന്നാം വർഷ വിദ്യാർഥിയുമായ നവനീത് നാരായണൻ, യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയും ഒന്നാം വർഷ സുവോളജി വിദ്യാർഥിയുമായ സി.കെ.ഹർഷരാജ്, മുൻ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ സുവോളജി വിദ്യാർഥിയുമായ മാത്യു ഐസക് എന്നിവർക്കാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ നവനീതിനേയും ഹർഷരാജിനേയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.
എസ്എസ്എൽസി,ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും
തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി,ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും.ഹയർ സെക്കണ്ടറി പരീക്ഷ രാവിലെ പത്തുമണിക്കും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് 1.45 നുമാണ് തുടങ്ങുക.റെഗുലർ വിഭാഗത്തിൽ 3046 കേന്ദ്രങ്ങളിലായി 4,41,103 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.ഗൾഫിലും ലക്ഷദ്വീപിലും ഒൻപതു കേന്ദ്രങ്ങൾ വീതമാണ് ഉള്ളത്.ഓരോ വിഷയത്തിലും 25 ശതമാനം അധികം ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇത്തവണ ചോദ്യപേപ്പറുകൾ തയ്യാറാക്കിയിരിക്കുന്നത്.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്.ഏറ്റവും കുറവ് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലുമാണ്.ഹയർസെക്കണ്ടറി വിഭാഗത്തിൽ 2067 കേന്ദ്രങ്ങളിലായി 4,76,076 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക.28 ന് പരീക്ഷ സമാപിക്കും.
ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച സ്കൂൾ ബസ് ലോറിയിലിടിച്ച് പത്തു വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു
മഞ്ചേശ്വരം:ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച സ്കൂൾ ബസ് ലോറിയിലിടിച്ച് പത്തു വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.മഞ്ചേശ്വരം പത്താം മൈലിന് സമീപം ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടമുണ്ടായത്. തലപ്പാടി ഭാഗത്തു നിന്നും വിദ്യാര്‍ത്ഥികളുമായി മൊര്‍ത്തണയിലേക്ക് പോവുകയായിരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ബസും ഉപ്പള ഭാഗത്ത് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പോലീസ് പരിശോധനയ്ക്കിടെ നിര്‍ത്താതെ ഓടിച്ചുപോയ ബൈക്കിലിടിക്കാതിരിക്കാന്‍ സ്കൂള്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും.സര്‍ക്കാരും സിബിഐയും ഹരജിയില്‍ വിശദീകരണം നല്‍കും.സിപിഎമ്മിലെ കണ്ണൂർ ലോബി സ്പോൺസർ ചെയ്ത കൊലപാതകമാണിതെന്നാണ് ഷുഹൈബിന്‍റെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മന്ത്രി എ കെ ബാലന്‍ സിബിഐ അന്വേഷണം നടത്താമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കണ്ണൂർ ലോബി മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി. ഇതിനാലാണ് സിബിഐ അന്വേഷണം വേണ്ട എന്ന് സർക്കാരിന് പറയേണ്ടി വന്നത്. തീവ്രവാദ സ്വഭാവമുള്ള കൊലപാതകമാണ് ഷുഹൈബിന്‍റേതെന്നും ഹർജിയിൽ പറയുന്നു.
നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകാനാവില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്
തിരുവനന്തപുരം:നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകാനാവില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.ഇക്കാര്യത്തിൽ നിയമനടപടികളിലേക്ക് നീങ്ങാനാണ് മാനേജ്മെന്‍റുകളുടെ തീരുമാനം.സർക്കാർ പ്രഖ്യാപിച്ച 20000രൂപ എന്ന മിനിമം വേതനം നല്കാനാകില്ല.ഇത് വലിയ വർധനവാണെന്നും തങ്ങൾക്ക് ഇത് അംഗീകരിക്കാനാകില്ലെന്നും മാനേജമെന്റ് അറിയിച്ചു.അങ്ങനെ വന്നാൽ രോഗികളുടെ ചികിത്സ ചിലവ് കൂടുന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാനേജമെന്റ് വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ നിശ്ചയിച്ചിരുന്ന പണിമുടക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉപേക്ഷിച്ചിരുന്നു. നഴ്സുമാരുടെ പരിഷ്കരിച്ച ശമ്പള വർധന സംബന്ധിച്ച ഉത്തരവ് മാർച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം ഉപേക്ഷിച്ചത്.കഴിഞ്ഞ വർഷം ഫെബ്രുവരി 10 നാണ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കി സർക്കാർ വർധിപ്പിച്ചത്.എന്നാൽ ഇത് മിക്ക ആശുപത്രികളിലും നടപ്പാക്കിയിരുന്നില്ല.ഇതിൽ പ്രതിഷേധിച്ചാണ് ഈ മാസം ആറുമുതൽ നഴ്സുമാർ സമരം നടത്താൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിക്ക് വധഭീഷണി;ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ പിടിയിലായി.കണ്ണൂർ ചെറുതാഴം മുണ്ടൂർ ഹനുമാരമ്പലത്തിന് സമീപം വിജേഷ് ബാലൻ(30)എന്നയാളാണ് അറസ്റ്റിലായത്.കാസർകോട്ട് നിന്നാണ് ഇയാൾ പിടിയിലാകുന്നത്.കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡ് ഇയാളുടെ മൊബൈൽ ഫോൺ സിഗ്‌നൽ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലാകുന്നത്.ഇയാളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.ഇയാൾക്ക് ചെറിയ തോതിൽ മനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളിയെത്തിയത്. മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഭീഷണി. അദ്ദേഹം ഉടൻ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിൽ ചെറുതാഴത്തിന് സമീപത്തെ യുവതിയുടെ പേരിലുള്ള സിം കാർഡിൽ നിന്നുമാണ് വിളി വന്നതെന്ന് കണ്ടെത്തി.എന്നാൽ യുവതി ഏതാനും മാസമായി ഈ നമ്പർ ഉപയോഗിക്കാറില്ലെന്ന് വ്യക്തമായി.പിന്നീട് മൊബൈൽ ഫോൺ കമ്പനിയുമായി ബന്ധപ്പെട്ട് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ സിം കാർഡ് ഇപ്പോൾ വിജേഷിന്റെ പേരിലാണെന്ന് കണ്ടെത്തിയത്.പിന്നീട് നടത്തിയ തിരച്ചിലിൽ കാസർകോഡ് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും ഇയാൾ പിടിയിലായി.അച്ഛനും അമ്മയും മരിച്ച ശേഷം നാടുവിട്ട വിജേഷ് കുറേക്കാലമായി കണ്ണൂരിലേക്ക് വരാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.സ്ഥിരമായി എവിടെയും തങ്ങാത്ത സ്വഭാവമാണ് ഇയാളുടേതെന്നും പരിചയക്കാർ പറയുന്നു.കുറച്ചുകാലം എറണാകുളത്ത് ജോലി ചെയ്തിരുന്നു.ജോലിക്കായാണ് കാസർകോഡ് എത്തിയതെന്നാണ് വിജേഷ് മൊഴി നൽകിയിരിക്കുന്നത്. ത്രിപുര തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വിജയത്തിൽ ഹരം കയറിയാണ് ഓഫീസിലേക്ക് വിളിച്ചതെന്നാണ് വിജേഷ് പറയുന്നത്.
ഷുഹൈബ് വധം;രണ്ടുപേർ കൂടി അറസ്റ്റിൽ
കണ്ണൂർ:മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി പോലീസ് പിടിയിലായി. സിഐടിയു പ്രവർത്തകൻ ബൈജു,ദീപ്‌ചന്ദ് എന്നിവരാണ് പിടിയിലായത്.പിടിയിലായ ദീപ്‌ചന്ദ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി.ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊലപാകത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയായി എന്ന് കരുതുന്ന സംഗീത് എന്നയാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
കണ്ണൂർ ചാലയിൽ വാഹനാപകടം;മൂന്നുപേർ മരിച്ചു
കണ്ണൂർ:ചാല ബൈപാസിൽ ഓമ്നി വാൻ ടിപ്പർ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു.വാനിൽ യാത്ര ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശികളായ രാമർ(35),ചെല്ലദുരൈ(45), കുത്താലിംഗം(70) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ആറുമണിയോടുകൂടി ചാല ബൈപാസ്സിലാണ് അപകടം നടന്നത്.തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓമ്നി വാൻ നിയന്ത്രണം വിട്ട് മുൻപിൽ പോവുകയായിരുന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.രാവിലെ പത്തുമണിയോട് കൂടി പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.അപകടത്തെ തുടർന്ന് ഏറെനേരം ചാല ബൈപാസിൽ ഗതാഗതം തടസ്സപ്പെട്ടു.