ഇരിട്ടി:കർണാടകയിൽ നിന്നും രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ കുഴല്പണവുമായി രണ്ടുപേർ പിടിയിൽ.ഇന്ന് പുലർച്ചെ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ കുന്നോത്ത് വെച്ചാണ് ഇവർ പിടിയിലാകുന്നത്.സംഭവത്തിൽ കെ.സി സോണി,മുഹമ്മദ് അൻഷാദ് എന്നിവരെ അറസ്റ്റ് ചെയ്തു.ഇവരിൽ നിന്നും ഒരു കോടി രൂപയാണ് പോലീസ് പിടിച്ചെടുത്തത്.കർണാടകയിൽ നിന്നും കണ്ണൂരിലേക്ക് രണ്ടു ബസ്സുകളിലായിട്ടാണ് ഇവർ വന്നത്.പ്ലാസ്റ്റിക്ക് കവറിലാക്കി ബസ്സിൽ അലക്ഷ്യമായി സൂക്ഷിച്ച നിലയിലായിരുന്നു പണം.ഇവരെ ഇരിട്ടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
അതിരപ്പള്ളി വനമേഖലയിൽ വൻ കാട്ടുതീ
ചാലക്കുടി: അതിരപ്പള്ളി വനമേഖലയിലെ പിള്ളപ്പാറ, വാടാമുറി, കൊടപ്പൻകല്ല് എന്നിവടങ്ങളിൽ വൻ കാട്ടുതീ പടർന്നു പിടിച്ചു.നാട്ടുകാരും,വനപാലകരും സന്നദ്ധപ്രവർത്തകരും ചേർന്ന് തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.പലസംഘങ്ങളായി തിരിഞ്ഞ് നൂറോളം പേരാണ് തീയണയ്ക്കാൻ കാടിനുള്ളിൽ കയറിയിരിക്കുന്നത്. അടിക്കാടുകൾക്ക് തീപിടിക്കുന്നതാണ് വൻതോതിൽ തീപടരാൻ കാരണമാകുന്നത്.അതിനാൽ തീപിടിക്കാൻ സാധ്യതയുള്ള മേഖലകളിലെ അടിക്കാടുകൾ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ വെട്ടിക്കളയുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം വാടാമുറിയിലുണ്ടായ കാട്ടുതീയിൽ 30 ഹെക്ടർ വനം കത്തിനശിച്ചിരുന്നു.ഇതിന് പിന്നാലെ വീണ്ടും കാട്ടുതീയുണ്ടായതിൽ അട്ടിമറി സാധ്യതയുള്ളതായി വനംവകുപ്പ് സംശയിക്കുന്നുണ്ട്.
തീവ്ര ന്യൂനമർദം;ശക്തമായ കാറ്റിന് സാധ്യത;തീരത്ത് കനത്ത ജാഗ്രത നിർദേശം
തിരുവനന്തപുരം:ന്യൂനമർദം ശക്തിപ്രാപിച്ചതിനെ തുടർന്ന് കേരളാതീരത്ത് ശക്തമായ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുമെന്നാണ് പ്രവചനം.തിരമാല രണ്ടര മുതൽ മൂന്നര വരെ മീറ്റർ ഉയരാനും സാധ്യതയുണ്ട്. കടൽ അത്യന്തം പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ ശ്രീലങ്കയ്ക്കു പടിഞ്ഞാറും ലക്ഷദ്വീപിനു കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും മാലിദ്വീപിന് സമീപവും ഉള്ള തെക്കൻ ഇന്ത്യൻ കടലിൽ 14 വരെ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.കേരളാതീരത്ത് കനത്ത ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.കന്യാകുമാരിക്കു തെക്ക് ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മാലി തീരത്തേക്കു നീങ്ങുകയയാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോഴത് കേരളാതീരത്ത് ശക്തമാകുന്നതായാണ് വിവരം. സാഹചര്യം വിലയിരുത്താൻ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.റവന്യൂ സെക്രട്ടറി,ഫിഷറീസ് സെക്രട്ടറി, ദുരന്തനിവാരണ സേനാംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കെഎസ്ആർടിസി പെൻഷൻ പ്രായം കൂട്ടൽ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കെഎസ്ആർടിസി പെൻഷൻ പ്രായം കൂട്ടൽ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി.നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.കെഎസ്ആർടിസി പെൻഷൻ പ്രായം കൂട്ടുന്നകാര്യത്തിൽ ചർച്ച നടക്കുകയാണെന്നും എന്നാൽ പെൻഷൻ പ്രായം ഉയർത്തുകയെന്നുള്ളത് നിർദേശം മാത്രമാണെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.സുശീൽ ഖന്ന സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചർച്ചയായത്. ചെറുപ്പക്കാർക്ക് ആശങ്കവേണ്ട. തൊഴിൽ അവസരങ്ങളും തൊഴിൽ സാധ്യതകളും കൂട്ടും. സർക്കാർ-പൊതുമേഖലകളിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മണ്ണെണ്ണ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിൽ രണ്ടുപേർ പോലീസ് പിടിയിൽ
കണ്ണൂർ:റേഷൻ കടകളിൽ വിതരണത്തിനായി കൊണ്ടുവന്ന മണ്ണെണ്ണ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിൽ രണ്ടുപേർ പോലീസ് പിടിയിലായി.തിങ്കളാഴ്ച്ച വൈകുന്നേരം കണ്ണോത്തുംചാലിലെ സ്വകാര്യ ഗോഡൗണിൽ മണ്ണെണ്ണ വിൽക്കുന്നതിനിടെയാണ് അറസ്റ്റ്.മുഴപ്പാല സ്വദേശി ഇ.കെ സുധീർ,പള്ളിപ്രം സ്വദേശി കെ.രാജീവൻ എന്നിവരാണ് അറസ്റ്റിലായത്.മണ്ണെണ്ണ കൊണ്ടുവന്ന ടാങ്കർ ലോറിയുടെ ഡ്രൈവറും ക്ലീനറുമാണിവർ.കണ്ണൂർ ടൌൺ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.കോഴിക്കോട് സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്നും തളിപ്പറമ്പിലേക്ക് കൊണ്ടുവരികയായിരുന്നു മണ്ണെണ്ണ.ഇതാണ് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ചത്.1200 ലിറ്റർ മണ്ണെണ്ണ നിറച്ച ടാങ്കർ ലോറിയും 200 ലിറ്ററിന്റെ ബാരലുകളുമാണ് പോലീസ് പിടികൂടിയത്. പോലീസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളായി ഈ ഗോഡൗൺ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഗോഡൗണിന്റെ തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനാണെന്ന വ്യാജേനയാണ് മണ്ണെണ്ണക്കടത്തു നടത്തിയിരുന്നത്.ടാങ്കറിൽ നിന്നും ഇവിടുത്തെ ബാരലുകളിലേക്ക് മണ്ണെണ്ണ മാറ്റുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്.ഇത് കരിഞ്ചന്തയിൽ ഇടനിലക്കാർ വഴി പുറത്ത് വിൽക്കുകയും ചെയ്യും.ഈ തട്ടിപ്പിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.അവശ്യവസ്തു സംരക്ഷണ നിയമപ്രകാരമാണ് പോലീസ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ
കൂത്തുപറമ്പ്:ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ അറസ്റ്റിലായി.ചൊക്ലി മേലപ്രം സ്വദേശി സി.പി സജിത്താണ് കൂത്തുപറമ്പ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.ഇയാളിൽ നിന്നും 200 ഗ്രാം കഞ്ചാവും പിടികൂടി.ഓട്ടോയിലും പ്രതിയുടെ ശരീര ഭാഗത്തും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചൊക്ലിയിലും പരിസര പ്രദേശങ്ങളിലും വില്പനയ്ക്കായാണ് കഞ്ചാവ് കൊണ്ടുപോകുന്നതെന്ന് ഇയാൾ എക്‌സൈസ് സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. എക്‌സൈസ് ഇൻസ്പെക്റ്റർ സി.രജിത്ത്,അസി.എക്‌സൈസ് ഇൻസ്പെക്റ്റർ പി.ചിദംബരൻ,ഓഫീസർമാരായ വി.സുധീർ,അനീഷ്‌കുമാർ,പി.ജലീഷ്,ഷാജി അളോക്കാൻ, ബാബു ജയേഷ്,കെ.ഇസ്മായിൽ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
രണ്ടത്താണിയിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കേളകം സ്വദേശികളായ രണ്ടുപേർ മരിച്ചു
കോട്ടയ്ക്കൽ:ദേശീയപാതയിൽ കോട്ടയ്ക്കലിന് സമീപം രണ്ടത്താണിയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കേളകം സ്വദേശികളായ രണ്ടുപേർ മരിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെ ഒരുമണിയോടുകൂടി ത്രിശ്ശൂരിൽ നിന്നും പുൽപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന കേളകം സ്വദേശികളായ ഡൊമിനിക് ജോസഫ്(55),പേരക്കുട്ടി ഡാൻ ജോർജ്(3) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ മേഴ്സി(50),ജോർജ്(31) എന്നിവരെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് യാത്രക്കാരായ ചിലർക്കും നിസ്സാര പരിക്കേറ്റു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്.അമിത വേഗത്തിൽ വന്ന കാർ ബസ്സിൽ ഇടിക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു.
ബിജെപി പ്രവർത്തകന് വെട്ടേറ്റു;മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇന്ന് ഹർത്താൽ
കണ്ണൂർ:മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച് മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇന്ന് ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.ഇന്നലെയാണ് ഓട്ടോ ഡ്രൈവറും മുഴപ്പിലങ്ങാട് ബിജെപി പഞ്ചായത്ത് പ്രെസിഡന്റുമായ പി.സന്തോഷിന് വെട്ടേറ്റത്. ഇരുകൈകൾക്കും വെട്ടേറ്റ സന്തോഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.കേസിലെ പ്രതി എന്ന നിലയ്ക്ക് കേസിന്‍റെ രേഖകൾ തനിക്ക് നൽകിയിട്ടില്ലെന്നും അതിനാൽ വിചാരണ ഉടൻ തുടങ്ങരുതെന്നും ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളുടെ പകർപ്പും വേണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.നേരത്തെ ഈക്കാര്യം അവധ്യപ്പെട്ട ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ഹർജി തള്ളുകയായിരുന്നു. ദിലീപിന് ദൃശ്യങ്ങളുടെ പകർപ്പ് നൽകുന്നതിനെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലും ശക്തമായി എതിർത്തു. ദിലീപിന്‍റെ കൈവശം ആക്രമണ ദൃശ്യങ്ങൾ ചെന്നാൽ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.കേസ് മാർച്ച് 21 ന് കോടതി വീണ്ടും പരിഗണിക്കും.
പെരുമ്പാവൂരിൽ രണ്ടുകോടി രൂപയോളം വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
പെരുമ്പാവൂർ:വാഹന പരിശോധനയ്ക്കിടെ രണ്ടു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി യുവാവിനെ പെരുന്പാവൂർ പോലീസ് പിടികൂടി.രണ്ടു കുപ്പികളിലായി രണ്ടു കിലോ ഹാഷിഷാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി കൊന്നത്തടി മാടപ്പിള്ളി ആന്‍റണി അഗസ്റ്റ്യൻ (38) നെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നു രാവിലെ 9.30 ഓടെ എ.എം റോഡിൽ ആശ്രമം ഹയർസെക്കൻഡറി സ്കൂളിനു സമീപത്തുവച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ഇയാൾക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരുന്പാവൂർ പ്രിൻസിപ്പൽ എസ്ഐ പി.എ. ഫൈസലിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. കൊച്ചിയുടെ വിവിധ മേഖലകളിൽ വിതരണം ചെയ്യുന്നതിനായാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്നാണ് വിവരം. അറസ്റ്റിലായ ആന്‍റണിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.