ചെന്നൈ:വേളാങ്കണ്ണിയിൽ വാഹനാപകടത്തിൽ മൂന്നുമലയാളികൾ മരിച്ചു.പാലക്കാട് ചിറ്റൂർ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, അറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്.രണ്ടുപേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.പരിക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വേളാങ്കണ്ണിയിലെ ക്ഷേത്ര ദർശനത്തിനു ശേഷം കാരക്കലിലെ ഒരു ക്ഷേത്രത്തിലേക്ക് പോകവെയായിരുന്നു അപകടം.
കൊല്ലം ചാത്തന്നൂരിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
കൊല്ലം:കൊല്ലം ചാത്തന്നൂരിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു.ചാത്തന്നൂര്‍ എറു കൊല്ലന്റഴി വീട്ടില്‍ ഷിബു ശിവാന്ദന്‍ (40) ഭാര്യ ഷിജി ശിവാനാന്ദന്‍ (35) മകന്‍ ആദിത്യന്‍ എന്ന അനന്തു (10) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിടിച്ച് സ്കൂട്ടറിൽ നിന്നും വീണ ഇവരുടെ ദേഹത്ത് അമിത വേഗതയിൽ വന്ന കെഎസ്ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു.അപകടം നടന്ന ഉടന്‍ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിജിയും അനന്ദുവും കൊട്ടിയം കിംസ് ആശുപത്രിയിലും ഷിബു പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വെച്ച് മരിച്ചു. മൃതദേഹങ്ങള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തേനിയിലെ കാട്ടുതീ;മരിച്ചവരുടെ എണ്ണം 15 ആയി
തേനി:തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. കാട്ടുതീയില്‍ അകപ്പെട്ട് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് മധുരയിലെ കെന്നറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശക്തികല (40)ആണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് തേനി ബോഡിനായ്ക്കന്നൂരിന് സമീപം കൊരങ്ങിണി വനമേഖലയില്‍ ദുരന്തമുണ്ടായത്. ചെന്നെയിലെ ഐ.ടി. കമ്ബനി ജീവനക്കാരുള്‍പ്പെടെ 37 അംഗം ട്രക്കിംഗ് സംഘം മൂന്നാറിലെ മീശപ്പുലിമലയില്‍ നിന്ന് കൊളുക്കുമല വഴി ബോഡിനായ്ക്കന്നൂരിലേക്ക് വരുമ്ബോള്‍ ചെങ്കുത്തായ മലഞ്ചെരുവിലെ കാട്ടുതീയില്‍ അകപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് ഒന്‍പത് പേരും തൊട്ടടുത്തദിവസം മധുരയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരും മരിച്ചിരുന്നു.
കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ചെറുവത്തൂർ സ്വദേശി അറസ്റ്റിൽ
കണ്ണൂർ:കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത ചെറുവത്തൂർ സ്വദേശി അറസ്റ്റിൽ.വായിക്കോട് മുഴക്കോം താളൂർ വീട്ടിൽ ടി.വി ബൈജുവാണ്(31) കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിലായത്.എറണാകുളത്തെ ലോഡ്ജിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.195 ഫീൽഡ് റെജിമെന്റിൽ ഗണ്ണർ തസ്തികയിൽ ജോലി ചെയ്തിരുന്നയാളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.കണ്ണൂർ ജില്ലയിലെ ഏഴുപേരിൽ നിന്നായി 10.31 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് പരാതി.പിണറായി സ്വദേശികളായ വിഘ്‌നേശ്,രഖിൽ,സ്നേഹ,അക്ഷയ,അനില,പിലാത്തറ സ്വദേശികളായ ശ്രീദത്ത്,ശ്രീരാഗ് എന്നിവരുടെ പരാതിയിലാണ് നടപടി.കാസർകോഡ് ഉൾപ്പെടെയുള്ള അയൽജില്ലകളിലും ഇയാൾ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഒരുതവണ പരിചയപ്പെട്ട ഉദ്യോഗാർത്ഥി വഴി മറ്റ് ഉദ്യോഗാർത്ഥികളുമായി ബന്ധം സ്ഥാപിക്കുകയാണ് ഇയാളുടെ രീതി.ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ ഇയാൾ വികാസ്,പ്രിൻസ്,കാർത്തിക് എന്നീ പേരുകളിലാണ് ഉദ്യോഗാർത്ഥികളെ പരിചയപ്പെടാറുള്ളത്.പുരുഷന്മാർക്ക് കരസേനയിൽ ജനറൽ കാറ്റഗറിയിലേക്കും വനിതകൾക്ക് സിഐഎസ്എഫിലേക്കുമാണ് ഇയാൾ തൊഴിൽ വാഗ്ദാനം ചെയ്യുന്നത്.കരസേനയിൽ നിന്നും മൂന്നു വർഷം മുൻപ് ഇയാൾ ഒഴിവായതായാണ് വിവരം.ഇയാളുടെ പേരിൽ ഭാര്യ നൽകിയ ഒരു പരാതി നിലനിൽക്കുന്നതായും പോലീസ് പറഞ്ഞു.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്(കിയാൽ) എംഡിയായി വി.തുളസീദാസിനെ വീണ്ടും നിയമിച്ചു
കണ്ണൂർ:കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്(കിയാൽ) എംഡിയായി വി.തുളസീധരനെ വീണ്ടും നിയമിച്ചു.പി.ബാലകിരണിനെ മാറ്റിയാണ് തുളസീദാസിനെ നിയമിച്ചിരിക്കുന്നത്. വിമാനത്താവളനിർമാണത്തിന്റെ ആദ്യഘട്ടത്തിൽ തുളസീദാസായിരുന്നു കിയാൽ എംഡി.പിന്നീട് രാജമൗലിയെ എംഡിയായി നിയമിച്ചു.ഇടതുസർക്കാർ അധികാരത്തിലെത്തിയപ്പോൾ വീണ്ടും തുളസീദാസിനെ എംഡിയായി നിയമിച്ചെങ്കിലും പിന്നീട് അദ്ദേഹം രാജിവെയ്ക്കുകയായിരുന്നു. ഇതോടെയാണ് ടൂറിസം ഡയറക്റ്ററായ ബാലകിരണിന് കിയാൽ എംഡി സ്ഥാനം കൂടി നൽകിയത്.ഇപ്പോൾ എംഡി സ്ഥാനത്തുനിന്നും ബാലകിരണിനെ മാറ്റിയാണ് തുളസീദാസിനെ വീണ്ടും നിയമിച്ചിരിക്കുന്നത്.
അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പയ്യന്നൂരിൽ യുവാവ് പിടിയിൽ
പയ്യന്നൂർ:അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പയ്യന്നൂരിൽ യുവാവ് പിടിയിൽ. പയ്യന്നൂർ എക്‌സൈസ് സംഘം നടത്തിയ മയക്കുമരുന്ന് വേട്ടയിലാണ് അഞ്ചുലക്ഷം രൂപ വിലവരുന്ന ഹാഷിഷും എൽഎസ്‌ഡി സ്റ്റാമ്പുകളുമായി വേങ്ങര സ്വദേശി നാലകത്ത് ശാദുലിയുടെ മകൻ മുക്രിക്കാടൻ മാവിൻ കീഴിൽ അഫ്സൽ(26) അറസ്റ്റിലായത്.വ്യാഴാഴ്ച്ച രാവിലെ ഒൻപതുമണിയോട് കൂടി പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.108 ഗ്രാം ഹാഷിഷും 19 എൽഎസ്‌ഡി സ്റ്റാമ്പുകളും ഇയാളിൽ നിന്നും പിടിച്ചടുത്തു. അന്താരാഷ്ട്ര വിപണിയിൽ അഞ്ചുലക്ഷത്തോളം രൂപ വിലവരുന്നവയാണിവ എന്ന് എക്‌സൈസ് സംഘം അറിയിച്ചു.ഗോവയിൽ നിന്നും ട്രെയിൻ മാർഗമാണ് ഇവ പയ്യന്നൂരിൽ എത്തിച്ചത്.മയക്കു മരുന്നുമായി യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. പയ്യന്നൂർ റേഞ്ച് എക്‌സൈസ് ഇൻസ്പെക്റ്റർ പ്രസാദ് എം.കെ,അസി.എക്‌സൈസ് ഇൻസ്പെക്റ്റർ എം.വി ബാബുരാജ്,പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോലി,ശശി ചേണിച്ചേരി എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
കീഴാറ്റൂർ ബൈപാസ്:സമരം ശക്തമാക്കാനൊരുങ്ങി വയൽക്കിളികൾ;കത്തിച്ച സമരപന്തൽ പുനഃസ്ഥാപിക്കും
കണ്ണൂർ:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി വയൽക്കിളികൾ.കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ തീയിട്ടു നശിപ്പിച്ച സമരപന്തൽ പുനർനിർമിക്കുമെന്ന് വയൽക്കിളി പ്രവർത്തകർ അറിയിച്ചു.25 ന് ബഹുജന പിന്തുണയോടുകൂടി സമരപന്തൽ പുനഃസ്ഥാപിക്കാനാണ് തീരുമാനം.വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം നടത്തിവന്നിരുന്ന കീഴാറ്റൂർ വയൽക്കിളി പ്രവർത്തകരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.ഇതിനു പിന്നാലെ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ സമരപ്പന്തലിനു തീയിടുകയായിരുന്നു.ഇതിനിടെ കഴിഞ്ഞ ദിവസം എസ്‌ഡിപിഐ പ്രവർത്തകർ കീഴാറ്റൂർ വയൽ സന്ദർശിച്ചു.സമരം നടത്തുന്ന വയൽക്കിളി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതും സമരപന്തൽ കത്തിച്ചതും പ്രതിഷേധാർഹമാണെന്ന് എസ്‌ഡിപിഐ പ്രവർത്തകർ പറഞ്ഞു.എസ്ഡിപിഐ സംസ്ഥാന സമിതിയംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം സെക്രട്ടറി സി ഇര്‍ഷാദ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കീഴാറ്റൂർ വയൽക്കിളികളുടെ സമരപന്തൽ കത്തിച്ച സംഭവത്തിൽ 12 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു
കണ്ണൂർ:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ കൂട്ടായ്മയായ വയൽക്കിളികളുടെ സമരപന്തൽ കത്തിച്ച സംഭവത്തിൽ 12 സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് വയൽക്കിളി പ്രവർത്തകരുടെ സമരപ്പന്തൽ സിപിഎം പ്രവർത്തകർ കത്തിച്ചത്.തങ്ങൾ കൃഷി ചെയ്യുന്ന വയലാണെന്നും ഇത് നികത്തി ദേശീയപാത നിർമിക്കാൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വയൽക്കിളി സമരം നടത്തിയത്.പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.വയല്‍ക്കിളികളെ അറസ്റ്റ് ചെയ്തതോടെ പ്രദേശത്തു തമ്പടിച്ച സിപിഎം പ്രവര്‍ത്തകര്‍ വയലിലേക്കു കടന്നുകയറി വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചു. അഗ്നിശമനസേന തീകെടുത്താന്‍ ശ്രമിച്ചുവെങ്കിലും പന്തല്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
മധുവിന്റെ കൊലപാതകം;പ്രതികൾക്ക് ജാമ്യമില്ല
മണ്ണാർക്കാട്:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് പ്രത്യേക കോടതി തള്ളി. പട്ടികജാതി-വർഗ പ്രത്യേക കോടതിയാണു കേസ് പരിഗണിച്ചത്. കേസിലെ 16 പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി.കേസിൽ താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോല ഷംസുദീൻ (34), കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ധീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (44), മുക്കാലി ചോലയിൽ അബ്ദുൾ കരീം (48), മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരക്കൽ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവിൽ വീട്ടിൽ ഹരീഷ് (34), കള്ളമല ചെരുവിൽ വീട്ടിൽ ബിജു, കള്ളമല വിരുത്തിയിൽ മുനീർ (28) എന്നീ 16 പേരാണ് അറസ്റ്റിലായത്.അട്ടപാടിയിലെ കടകളില്‍ നിന്ന് സാധനം മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു സംഘം നാട്ടുകാര്‍ മധുവിനെ മര്‍ദിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തലക്കടിയേറ്റതാണ് മധുവിെന്‍റ മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മധുവിെന്‍റ ശരീരത്തില്‍ അമ്ബതോളം മുറിവുകളുള്ളതായും ഇതിലൂടെയുണ്ടായ രക്തസ്രാവവും മരണത്തിന് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണത്തിൽ അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതി സ്റ്റേ
കൊച്ചി:സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണത്തിൽ അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതി സ്റ്റേ.നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം ഈ മാസം 31നു മുൻപ് പുറപ്പെടുവിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജുമെന്‍റുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. അതേസമയം ഹിയറിങ് തുടരാം.ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ ആശുപത്രികൾക്കു വലിയ പ്രതിസന്ധിയുണ്ടാകുമെന്നും രോഗികളുടെ ചികിത്സാഭാരം കൂടുമെന്നും മാനേജ്മെന്‍റ് കോടതിയെ അറിയിച്ചു. എന്നാൽ കേസിൽ വാദം തുടരുമെന്നും വിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്യുന്നതായും കോടതി ഉത്തരവിടുകയായിരുന്നു.