ഇരിക്കൂർ:ഇരിക്കൂർ ആയിപ്പുഴയിലുണ്ടായ ക്രെയിൻ അപകടത്തിൽ ഒരാൾ മരിച്ചു.ഇരിക്കൂർ സ്വദേശി നാക്കരപ്പെട്ടി അഷ്‌റഫ്(52) ആണ് മരിച്ചത്.ഇരിക്കൂർ ടൗണിലെ മുൻകാല ജീപ്പ് ഡ്രൈവറാണ് അഷ്‌റഫ്.ഇന്നലെ ആയിപ്പുഴ ചൊക്രാൻ വളവിൽ മറിഞ്ഞ മിനി ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിക്കുന്നതിനിടെ ക്രെയിൻ മറിഞ്ഞ് ക്രെയിനിന്റെ ഡൂം ദേഹത്ത് വീണാണ് അപകടമുണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തെ തുടർന്ന് ഏറെനേരം ഇരിക്കൂർ-ചാലോട് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ഭക്തർക്ക് കാണിക്കയിടാൻ സോപാനത്തിൽ രണ്ട് കുടങ്ങൾ വയ്ക്കണമെന്ന് ഹൈക്കോടതി നിർദേശം
കണ്ണൂർ:കണ്ണൂർ:പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ഭക്തർക്ക് കാണിക്കയിടാൻ സോപാനത്തിൽ രണ്ട് കുടങ്ങൾ വയ്ക്കണമെന്ന് ഹൈക്കോടതി നിർദേശം.ഭക്തർ നിക്ഷേപിക്കുന്ന പണം ആർക്കെന്ന തർക്കം തീർക്കുന്നതിനാണ് ഹൈക്കോടതി നിർദേശം. സോപാനത്തിൽ ഒരേ വലിപ്പത്തിലുള്ള രണ്ട് കുടങ്ങളോ ഉരുളിയോ വയ്ക്കണം.ഒന്നിലിടുന്ന പണം ക്ഷേത്രത്തിലേക്കുള്ള കാണിക്കയാണെന്നും രണ്ടാമത്തെ കുടത്തിൽ മടയനുള്ള ദക്ഷിണയാണെന്നും അതാതു കുടങ്ങളിൽ രേഖപ്പെടുത്തുകയും വേണം.മലയാളത്തിലും ഇംഗ്ലീഷിലും ഇക്കാര്യം രേഖപ്പെടുത്തണം.ഓരോ ദിവസവും അതിൽ നിക്ഷേപിച്ചിരിക്കുന്ന പണം ദേവസ്വം,മടയൻ,ഭക്തർ എന്നിവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തുകയും വേണം.ക്ഷേത്ര കാണിക്കയായി കിട്ടുന്ന പണം ക്ഷേത്രഫണ്ടായി ഉപയോഗിക്കാം.മടയന് ലഭിക്കുന്ന ദക്ഷിണ കൊച്ചാൽ,കണ്ണോത്ത്, വാടയ്ക്കൽ എന്നീ കുടുംബങ്ങൾക്ക് തുല്യമായി വീതിക്കുകയും വേണം.സോപാനത്തിൽ വെയ്ക്കുന്ന പണം ദക്ഷിണയെന്ന നിലയിൽ മടയൻ എടുക്കുകയാണ് പതിവ്.എന്നാൽ പിന്നീട് അതേച്ചൊല്ലി തർക്കമായി.ഇത് ചൂണ്ടിക്കാട്ടി പി.എം സുഗുണന്റേതുൾപ്പെടെയുള്ള 2009 ലെ ഹർജികളിലാണ് കോടതി ഉത്തരവ്.ദൂരത്തു നിന്നും എത്തുന്ന ഭക്തർക്ക് സോപാനത്തിൽ വെയ്ക്കുന്ന പണം മടയനുള്ളതാണെന്ന് അറിവുണ്ടായിരിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്കാര്യം പ്രത്യേകം രേഖപ്പെടുത്തിയ കുടങ്ങൾ വെയ്ക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ മൂന്നുലക്ഷം രൂപവരെയുള്ള കടങ്ങൾ എഴുതിത്തള്ളും
കാസർകോഡ്:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അൻപതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തള്ളാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി.അൻപതിനായിരം രൂപ വരെയുളള കടങ്ങള്‍ നേരത്തെ എഴുതിത്തളളിയിട്ടുണ്ട്.പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം മുഴുവന്‍ പേര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുത്തു തീർക്കാനും യോഗത്തിൽ തീരുമാനമായി.പൂര്‍ണ്ണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുളളവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നല്‍കുന്നുണ്ട്.മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുത്തി റേഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.കേന്ദ്രത്തിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ പല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളും ബി.പി.എല്‍. പട്ടികയില്‍ നിന്നും പുറത്തുപോയിരുന്നു.ഇത് കണക്കിലെടുത്താണ് മുഴുവന്‍ കുടുംബങ്ങളെയും ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിനായി ആരംഭിച്ച ബഡ്‌സ് സ്കൂളുകളുടെയും ചുമതല സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.ബഡ്സ് സ്കൂളുടെ പ്രവര്‍ത്തനത്തിന് സന്നദ്ധ സംഘടനകളുടെസഹായം സ്വീകരിക്കാനും തീരുമാനിച്ചു.റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ആരോഗ്യമന്ത്രി കെ.കെ. ഷൈലജ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരന്‍, കാസര്‍ഗോഡ് കളക്ടര്‍ ജീവന്‍ ബാബു തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ്സുകളിൽ ജിപിഎസ് നിർബന്ധമാക്കി
തിരുവനന്തപുരം:അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ്സുകളിൽ ജിപിഎസ് നിർബന്ധമാക്കി.ഇതിനെ സംബന്ധിച്ച് ഉത്തരവിറക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. സ്കൂള്‍ വാഹനങ്ങള്‍ക്ക് മഞ്ഞനിറം നിര്‍ബന്ധമാക്കിയത് തുടരുമെന്നും നിയമലംഘനം കണ്ടെത്താന്‍ പൊലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്തമായി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.ജോയിന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ സ്കൂളുകളില്‍ അധ്യാപകര്‍ നോഡല്‍ ഓഫീസര്‍മാരായി സമിതിയുണ്ടാക്കിയിട്ടുണ്ട്.നിശ്ചിത യോഗ്യതയുള്ളവരെയേ ഡ്രൈവര്‍മാരാക്കാവൂ, ഡോര്‍ അറ്റന്‍ഡര്‍മാരെ നിയമിക്കണം എന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ചാർജിലിട്ട് സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു
ഒഡിഷ:ഫോണ്‍ ചാര്‍ജിലിട്ട് സംസാരിക്കുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം.ഉമ ദറം എന്ന പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.മാരകമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.പെണ്‍കുട്ടിയുടെ കൈ, നെഞ്ച്, കാല്‍ തുടങ്ങിയ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.ചാര്‍ജ് പെട്ടെന്ന് തീര്‍ന്നു പോകുന്നതിനാലാണ് ചാര്‍ജിലിട്ടു തന്നെ ഫോണ്‍ വിളിച്ചതെന്നും ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2010ല്‍ പുറത്തിറങ്ങിയ നോക്കിയ 5233 ഹാന്‍ഡ്സെറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഹാന്‍ഡ്സെറ്റ് വ്യാജനാണെന്നും ചൈനീസ് നിർമ്മിതമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചാലാട്ട് സിപിഎം-ബിജെപി സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്ക്
ചാലാട്:ചക്കാട്ടേപീടികയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിലുംപെട്ട മൂന്നുപേർക്ക് പരിക്കേറ്റു.സിപിഎം പ്രവർത്തകരായ ദീപക്(27),ശരത്ത്(27),ബിജെപി പള്ളിക്കുന്ന് ഡിവിഷൻ സെക്രെട്ടറി പ്രവീൺ(28),എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സിപിഎം പ്രവർത്തകരെ കണ്ണൂർ എ കെ ജി ആശുപത്രിയിലും ബിജെപി പ്രവർത്തകനെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പത്തുമണിയോടുകൂടിയാണ് സംഭവം.കണ്ണൂർ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
കണ്ണൂർ:ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.മോട്ടോർ വാഹന വകുപ്പാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ഇയാളിൽ നിന്നും 1000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈലിൽ സംസാരിക്കുന്നത് കണ്ട യാത്രക്കാർ ഇത് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ സംസാരം തുടരുകയായിരുന്നു. പിന്നീട് കണ്ടക്റ്ററോട് ഇതേ കുറിച്ച് പരാതിപ്പെട്ടെങ്കിലും ചിരിച്ചുതള്ളുകയായിരുന്നു.തുടർന്ന് ഇയാൾ ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു.ദൃശ്യങ്ങൾ വൈറലായതോടെ ട്രാൻസ്‌പോർട് കമ്മീഷണർ,കലക്റ്റർ,ആർടിഒ എന്നിവർ ഇടപെട്ടു. തുടർന്നാണ് ജോയിന്റ് ആർടിഒ എ.കെ രാധാകൃഷ്‌ണൻ നടപടി സ്വീകരിച്ചത്.
ചെങ്ങളായിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു
ശ്രീകണ്ഠപുരം:ചെങ്ങളായി മാവിലംപാറയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കുളത്തൂര്‍ മാവിലം പാറയിലെ പരേതനായ കുട്ടപ്പന്റെ ഭാര്യ ഇടത്തൊട്ടിയില്‍ തങ്കമ്മ (72) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂരിലെ മലയോര മേഖലകളിൽ കനത്ത മഴയും കാറ്റും ഇടിമിന്നലുമാണ് അനുഭവപ്പെടുന്നത്.മഴ പെയ്യുന്നതു കണ്ട് വീട്ടിനകത്തു നിന്നും വരാന്തയിലേക്ക് വന്നപ്പോഴാണ് തങ്കമ്മയ്ക്ക് മിന്നലേറ്റത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.മിന്നലേറ്റ ഉടനെ തങ്കമ്മയെ തളിപ്പറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്:പരേതനായ കുട്ടപ്പൻ,മക്കള്‍: മോഹനന്‍, സുശീല, ലീന, മധു. മരുമക്കള്‍: രാധാമണി, ബാലകൃഷ്ണന്‍, സത്യന്‍, ഷീജ.
സ്കൂളുകളിലും കോളേജുകളിലും ഇനി മുതൽ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്
കൊച്ചി:സ്കൂളുകളിലും കോളേജുകളിലും ഇനി മുതൽ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്.പാഠ്യപദ്ധതികളിൽ നിന്നും തന്റെ രചനകളെ ഒഴിവാക്കണമെന്നും തന്റെ കവിതകളിൽ ഗവേഷണം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പട്ടു.ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ അറിവില്ലാത്തവർ അദ്ധ്യാപകരാകുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വിദ്യാർത്ഥികൾക്ക് വാരിക്കോരി മാർക്ക് നൽകുന്നതിലും അറിവും കഴിവും ഇല്ലാത്ത അദ്ധ്യാപകരെ കോഴ വാങ്ങി കോഴ വാങ്ങി നിയമിക്കുന്നതിലും പ്രതിഷേധിച്ചാണ് ചുള്ളിക്കാടിന്‍റെ ഈ നിലപാട്.
കണ്ണൂരിൽ വയോധികയ്ക്ക് ചെറുമകളുടെ ക്രൂരമർദനം;ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ;പോലീസ് സ്വമേധയാ കേസെടുത്തു
കണ്ണൂര്‍: ആയിക്കരയില്‍ തൊണ്ണൂറുകാരിയായ വയോധികക്ക് ചെറുമകളുടെ ക്രൂരമര്‍ദ്ദനം. മുത്തശ്ശിയെ ചെറുമകള്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. ആയിക്കരയിലെ കല്യാണിയമ്മ എന്ന വയോധികയ്ക്കാണ് പേരമകളുടെ ക്രൂര മര്‍ദ്ദനം നിരന്തരമായി ഏല്‍ക്കേണ്ടി വന്നത്.സംഭവം അറിഞ്ഞ കണ്ണൂര്‍ പൊലീസ് വീട്ടിലെത്തി വയോധികയുടെ മൊഴിയെടുക്കുകയും പേരമകള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. വയോധികയെ സ്ഥിരമായി മർദിക്കാറുണ്ടെന്നും തടയാന്‍ പോയാല്‍ തങ്ങള്‍ക്ക് നേരെയും ആക്രമണത്തിന് വരുമെന്നും അസഭ്യവര്‍ഷം നടത്തുമെന്നും അയല്‍ക്കാര്‍ പറഞ്ഞു.കണ്ണൂര്‍ സിറ്റി പൊലീസാണ് തുടര്‍ നടപടി സ്വീകരിച്ചത്.ഇതിന് പിന്നാലെ പൊതുപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വയോധികയെ ആശുപത്രിയിലേക്ക് മാറ്റി. ദീപ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയാണ്. അവരും മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്നു എന്നാണ് അറിയുന്നത്. ഈ നിലയില്‍ വയോധികയെ ഉപദ്രവിക്കുകയായിരുന്നു എന്ന സംശയമുണ്ട്.ഭര്‍ത്താവ് വിട്ടുപോയതോടെ സാമ്ബത്തിക നില മോശമായതോടെയാണ് ഇവര്‍ വലിയ പ്രതിസന്ധിയിലും മാനസിക സംഘര്‍ഷത്തിലുമാണെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വയോധികയെ സുരക്ഷിതമായ മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റാനും ദീപയ്ക്ക് ജീവിത സാഹചര്യം ഒരുക്കാനും ആണ് ആലോചിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു. ദീപയുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും ഇടപെടല്‍ ഉണ്ടാവുമെന്നും അവര്‍ അറിയിച്ചു.