പാലക്കാട്:പാലക്കാട് ആലത്തൂരില്‍ ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു. ആലത്തൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. അക്രമിസംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു.വെട്ടേറ്റ ഷിബുവിനെ തൃശൂര്‍ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്ബ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.
കണ്ണൂർ ജയിലിൽ അധികൃതറിയാതെ തടവുകാർ സ്ഥാപിച്ച ടെലിവിഷൻ ജയിൽ സൂപ്രണ്ട് പിടിച്ചെടുത്തു
കണ്ണൂർ:കണ്ണൂർ ജയിലിൽ അധികൃതറിയാതെ തടവുകാർ സ്ഥാപിച്ച ടെലിവിഷൻ ജയിൽ സൂപ്രണ്ട് പിടിച്ചെടുത്തു.ഒന്നാം ബ്ളോക്കിലാണ് പഴയ മോഡലിലുള്ള പുതിയ ടിവി തടവുകാർ സ്ഥാപിച്ചത്.ടിവി സ്ഥാപിച്ചയുടൻ സ്ഥലത്തെത്തിയ ജയിൽ സൂപ്രണ്ട് ഇത് പിടിച്ചെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നാല് ദിവസം മുൻപാണ് പ്രത്യേക രീതിയിൽ പായ്ക്ക് ചെയ്ത് ടിവി ജയിലിനുള്ളിലെത്തിച്ചത്.ഗേറ്റ് ഡ്യുട്ടിയിലുണ്ടായിരുന്ന ആൾ പെട്ടി തുറന്നു നോക്കാതെ ജയിലിനുള്ളിലേക്ക് കടത്തി വിടുകയായിരുന്നു.ചില ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഇത് നടന്നതെന്ന് കരുതപ്പെടുന്നു. ആയിരത്തഞ്ഞൂറോളം തടവുകാരുള്ള ജയിലിൽ കാന്റീനിലേക്കും ഗോഡൗണിലേക്കും മറ്റും സാധനങ്ങൾ കൊണ്ടുവരുന്ന ലോറിയിലാണ് ടിവി കൊണ്ടുവന്നതെന്ന് കരുതുന്നു.തടവുകാർ സ്വയം പണം ശേഖരിച്ചാണ് ടിവി വാങ്ങിയതെന്ന് പറയുന്നു.തടവുകാരുടെ വേതനത്തിന്റെ ഒരു ഭാഗം വീടുകളിലേക്ക് അയക്കാറുണ്ട്.അതിൽ നിന്നുള്ള പണം ശേഖരിച്ച് പുറത്തുനിന്നുള്ള ആരോ ടിവി വാങ്ങി നല്കുകയായിരുന്നുവെന്ന് കരുതുന്നു.ഇരുനൂറോളം തടവുകാരാണ് ഒന്നാം ബ്ലോക്കിൽ ഉള്ളത്. ടിവിക്കുള്ളിൽ ലഹരിവസ്തുക്കൾ പോലുള്ള സാധനങ്ങൾ കടത്തിയതായും ആരോപണമുണ്ട്. നിലവിൽ മാർക്കറ്റിലുള്ള എൽസിഡി,എൽഇഡി ടിവികൾക്ക് പകരം വലുപ്പമുള്ള പഴയ ടിവി വാങ്ങിയത് ഇതിനാണെന്നാണ് സംശയം.സംഭവം ഗൗരവത്തോടെയാണ് ജയിൽ അധികൃതർ കാണുന്നത്.ഇക്കാര്യം ജയിൽ ഡിഐജിയുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.
ജില്ലയിൽ പണിമുടക്ക് ആരംഭിച്ചു;തളാപ്പ് മേഖലയെ പണിമുടക്കിൽ നിന്നും ഒഴിവാക്കി
കണ്ണൂർ:സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ജില്ലയിൽ ആരംഭിച്ചു. പണിമുടക്കിൽ പങ്കെടുക്കാത്ത ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മറ്റൊരു സമരത്തിലായതിനാൽ ഹോട്ടലുകളും അടഞ്ഞുകിടക്കും.അതേസമയം തളാപ്പ് സുന്ദരസ്വര ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ പാലിക്കുന്നു മുതൽ പയ്യാമ്പലം വരെയുള്ള തളാപ്പ് മേഖലയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിമുതൽ ഈ മേഖലയെ പണിമുടക്ക് ബാധിക്കില്ലന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. തിങ്കളാഴ്ച അർധരാത്രി വരെയാണ് സമരം.സ്ഥിരം നിയമനത്തിന് പകരം കരാർ നിയമനത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ് തൊഴിലാളി യൂണിയനുകൾ പണിമുടക്ക് നടത്തുന്നത്.പണിമുടക്കുന്ന തൊഴിലാളികൾ പ്രാദേശികമായി പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കും.ഓരോ പ്രദേശത്തെയും സർക്കാർ ഓഫീസിനു മുൻപിൽ ധർണ നടത്താനാണ് സമരസമിതിയുടെ നിർദേശം.
കരുണ,കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനം; മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:കരുണ,കണ്ണൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ക്രമ വിരുദ്ധമായി പ്രവേശനം നേടി എന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി റദ്ദാക്കിയ വിദ്യാർത്ഥി പ്രവേശനം മറികടക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമത്തിന് എതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ അരുൺ മിശ്ര,യുയു ലളിത് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുക.2016-17 അധ്യയന വർഷം കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ 150 വിദ്യാർത്ഥികളുടെയും കരുണ മെഡിക്കൽ കോളേജിലെ 30 വിദ്യാർത്ഥികളുടെയും പ്രവേശനം ചട്ടവിരുദ്ധമാണെന്ന് പ്രവേശന മേൽനോട്ട സമിതി കണ്ടെത്തിയിരുന്നു.തുടർന്ന് 2017 ഇൽ ഈ വിദ്യാർത്ഥികളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി.എന്നാൽ വിദ്യാർത്ഥികൾക്ക് തുടർ പഠനം സാധ്യമാക്കാനായി സംസ്ഥാന സർക്കാർ നിയമ നിർമാണം കൊണ്ട് വന്നിരുന്നു.ഈ നിയമത്തെ ചോദ്യം ചെയ്താണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സന്തോഷ് ട്രോഫി ഫുട്ബോൾ;കേരളത്തിന് കിരീടം
കൊൽക്കത്ത:ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം കേരളം(4-2) സ്വന്തമാക്കി.ബംഗാളിനെതിരായ ഫൈനലിന്‍റെ നിശ്ചിത സമയത്തും അധികസമയത്തും സമനിലയായതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വെന്നിക്കൊടി പാറിച്ചത്. സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ ആറാം കിരീടമാണിത്.1-1ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീണ്ടത്. എന്നാല്‍ അധിക സമയത്തിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരാനായി ഇറങ്ങിയ വിപിന്‍ തോമസ് ഗോള്‍ നേടിയതോടെ കേരളം ആഘോഷിച്ചു തുടങ്ങി. എന്നാല്‍ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ ത്രിതങ്കര്‍ സര്‍ക്കാര്‍ ഗോള്‍ കണ്ടെത്തിയതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.പെനാൽറ്റിയിലേക്കു നീണ്ടതോടെ ഷൂട്ടൗട്ടിൽ ബംഗാളിന്‍റെ ആദ്യ കിക്ക് കേരള കീപ്പർ വി. മിഥുൻ തടഞ്ഞു. കേരളത്തിന്‍റെ കിക്ക് ലക്ഷ്യംകാണുകയും ചെയ്തു. ബംഗാളിന്‍റെ രണ്ടാം കിക്കിനും കേരളത്തിന്‍റെ പ്രതിരോധം മറികടക്കാനായില്ല. രണ്ടാം തവണയും കേരളം ലക്ഷ്യംകാണുകയും ചെയ്തതോടെ സമ്മർദം ബംഗാളിനൊപ്പമായി. എന്നാൽ ബംഗാളിന്‍റെ മൂന്നാം കിക്ക് ലക്ഷ്യത്തിലെത്തി. ഇതോടെ സ്കോർ 2-1 ആയി. കേരളത്തിന്‍റെ മൂന്നാം കിക്ക് ബംഗാളിന്‍റെ വല തകർത്തതോടെ ഗാലറിയിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു.14 വർഷത്തിനുശേഷമാണു കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കുന്നത്. 2005ലാണ് ഇതിനു മുൻപുള്ള കിരീടനേട്ടം. പത്തൊൻപതാം മിനുറ്റില്‍ എം.എസ് ജിതിനാണ് കേരളത്തിന്‍റെ ആദ്യ ഗോള്‍ നേടിയത്. മൈതാന മധ്യത്തു നിന്ന് പന്തുമായി കുതിച്ച ജിതിന്‍ ഡിഫന്‍റര്‍മാരെയും മറികടന്ന് ബംഗാള്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതി ബംഗാളിന്‍റ കുതിപ്പായിരുന്നു. ബംഗാളിന്‍റെ മുന്നേറ്റ നിര നിരന്തരം കേരളത്തിന്‍റെ ഗോള്‍ മുഖം വിറപ്പിച്ചു. ഗോളുന്നറച്ച ചില നീക്കങ്ങള്‍ കേരളത്തിന്‍റെ ഗോളിയുടെ മികവില്‍ വഴിമാറി. എന്നാല്‍ അറുപത്തിയെട്ടാം മിനുറ്റില്‍ ബംഗാളിന്‍റെ അധ്വാനം ഫലം കണ്ടു. രാജന്‍ ബര്‍മാന്‍റെ കിടിലന്‍ പാസില്‍ ജിതിന്‍ മുര്‍മു ഗോള്‍ കണ്ടെത്തിയതോടെ ബംഗാള്‍ ഒപ്പമെത്തി.90 മിനുറ്റുകളിലും വിജയഗോള്‍ കണ്ടെത്താനാവാതെ വന്നതോടെയാണ് കളി അധിക സമയത്തേക്ക് പോയത്.അധികസമയത്ത് ജസ്റ്റിൻ ജോർജിന്‍റെ ക്രോസിൽനിന്ന് വിപിൻ തോമസ് കേരളത്തിനുവേണ്ടി ലക്ഷ്യംകണ്ടു. കേരളം 2-1നു മുന്നിൽ. എന്നാൽ, അവസാന മിനിറ്റിൽ ബംഗാൾ ഫ്രീകിക്ക് ഗോളിലൂടെ 2-2ന് ഒപ്പമെത്തി. അതോടെ വിധിനിശ്ചയം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ താരമായത് മിഥുനും.
കുവൈറ്റിൽ ഉണ്ടായ ബസ്സപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ 15 പേർ മരിച്ചു
കുവൈറ്റ് സിറ്റി:കുവൈറ്റിൽ ഉണ്ടായ ബസ്സപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ 15 പേർ മരിച്ചു.ശ്രീകണ്ഠപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികൾ.ബുര്‍ഗാന്‍ പെട്രോളിയം കമ്പനിയുടെ കരാർ തൊഴിലാളികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. തെക്കന്‍ കുവൈത്തില്‍ ബര്‍ഗാന്‍ എണ്ണപാടത്തിന് സമീപമാണ് അപകടം നടന്നത്.എതിര്‍ദിശയില്‍ വേഗതയില്‍ വന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ മലയാളികളെ കൂടാതെ അഞ്ച് ഇന്ത്യക്കാരുമുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഞ്ച് ഈജിപ്തുകാര്‍, മൂന്ന് പാകിസ്താനികള്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് എട്ടുപേര്‍. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈത്ത് ഓയില്‍ കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. കൂട്ടിയിടിച്ച ഒരു ബസിന്റെ ഡ്രൈവര്‍ ഇന്ത്യക്കാരനാണ്. ഇയാളെ സാരമായ പരിക്കുകളോടെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പോലീസും അഗ്നിശമനസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.കുടുങ്ങിയവരെ ബസ്സ് വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരു ഇന്ത്യക്കാരനടക്കമുള്ളവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഒരു കുവൈത്ത് സ്വദേശിയും പരിക്കേറ്റവരില്‍ പെടും.
സ്കൂളുകളിൽ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തിയാൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം:വേനലവധിക്കാലത്തെ ക്ലാസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കര്‍ശന മുന്നറിയിപ്പ് നല്‍കി.സ്കൂളുകളിൽ വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.ചില സ്‌കൂളുകള്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സിബിഎസ്‌ഇ, ഐ.എസ്.സി.ഇ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.അതേ സമയം മുന്‍കൂര്‍ അനുമതി വാങ്ങി ഏഴു ദിവസത്തെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് തടസമില്ലെന്നും വിദ്യാഭ്യസ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം:കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സംയുക്ത ട്രേഡ‍് യൂണിയന്‍ സമര സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതു പണിമുടക്ക് ആരംഭിച്ചു.ഞായറാഴ്ച അര്‍ദ്ധരാത്രി 12 മണി മുതല്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 മണി വരെയാണ് പണിമുടക്ക്.പൊതു പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരിടത്തും കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകളും ഓട്ടോ അടക്കമുള്ള ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. അതേസമയം, സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്.കൊച്ചി മെട്രോ പതിവുപോലെ സര്‍വ്വീസ് നടത്തുന്നത് കൊച്ചി നഗരത്തിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി. പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും യാത്രക്കാര്‍ക്ക് വേണ്ടി പോലീസ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്ന പണിമുടക്കില്‍ സംസ്ഥാനത്തെ വാണിജ്യ-വ്യവസായ മേഖലയും പൂര്‍ണ്ണമായും സ്തംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കില്‍ പങ്കെടുക്കുന്നത് സര്‍ക്കാര്‍ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാപാരികളും കടകള്‍ തുറന്നിട്ടില്ല. കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള പണിമുടക്കിനോട് അനുബന്ധിച്ച് തൊഴിലാളി സംഘടനകള്‍ തിങ്കളാഴ്ച രാവിലെ രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും വീണ് രണ്ടു വയസ്സുകാരന് പരിക്ക്
കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും വീണ് രണ്ടു വയസ്സുകാരന് പരിക്കേറ്റു.കണ്ണാടിപ്പറമ്പിലെ ഹനീഫ-സഫീന ദമ്പതികളുടെ മകൻ ഫഹദിനാണ് പരിക്കേറ്റത്.വീഴ്ചയിൽ കീഴ്താടിക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പനിയും ശ്വാസംമുട്ടലും കാരണമാണ് കുട്ടിയെ ദിവസങ്ങൾക്ക് മുൻപ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വെള്ളിയാഴ്ച രാവിലെ ആറുമണിയോട് കൂടിയാണ് അപകടം ഉണ്ടായത്.അമ്മയുടെ മടിയിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി അഴികളില്ലാത്ത ജനാല വഴി അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.സൺഷേഡിൽ തട്ടിയാണ് കുട്ടി താഴേക്ക് വീണത്.ബ്ലഡ് ബാങ്കിന് സമീപത്തുണ്ടായിരുന്നവർ കുട്ടിയെ ഉടൻ തന്നെ ഡ്യൂട്ടി ഡോക്റ്ററുടെ അടുത്തെത്തിച്ചു.വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.പരിശോധനയിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കുട്ടിയുടെ ചികിത്സ ചിലവ് ഏറ്റെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.
ഷുഹൈബ് വധം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയെ സമീപിക്കും
കണ്ണൂർ:എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.കേസിൽ സിബിഐ അന്വേഷണം നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദാക്കിയ സാഹചര്യത്തിലാണ് ഇവർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.അടുത്ത ആഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഇവർ ഈ തീരുമാനത്തിലെത്തിയത്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും യഥാർത്ഥ പ്രതികൾ രക്ഷപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് ശുഹൈബിന്റെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.