കണ്ണൂർ:വീടുകളിലെ അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്ക്കരണത്തിനുമായി നിയോഗിക്കപ്പെട്ട കർമസേനയുടെ പരിശീലനം പൂർത്തിയായി. കുടുംബശ്രീ മിഷനാണ് ഇവർക്ക് പരിശീലനം നൽകിയത്.ജില്ലയിൽ 1428 പേരാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഹരിതകർമ സേനാംഗങ്ങളായിട്ടുള്ളത്. സേനാംഗങ്ങൾ വീടുകളിൽ നേരിട്ടെത്തി അജൈവമാലിന്യം ശേഖരിച്ച് പഞ്ചായത്തുതല ശേഖരണ കേന്ദ്രങ്ങളിലെത്തിച്ച് തരംതിരിക്കും. വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി യൂസർഫീ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഫീസ് അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനിക്കും. നിശ്ചയിച്ചിരിക്കുന്ന ഫീസ്,മാലിന്യം ശേഖരിക്കാൻ എത്തുന്ന തീയതി തുടങ്ങിയ കാര്യങ്ങൾ വീട്ടുടമകളെ നോട്ടീസ് മുഖാന്തരമോ ഗ്രാമസഭ വഴിയോ അറിയിക്കണം.തരം തിരിക്കുന്ന അജൈവപഥാർത്ഥങ്ങൾ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ക്ളീൻ കേരള കമ്പനിക്ക് കൈമാറും.പ്ലാസ്റ്റിക്ക് ബാഗുകൾ പോലുള്ളവ പൊടിച്ച് റോഡ് നിർമാണത്തിനായി ഉപയോഗിക്കും.ജില്ലയിൽ ഇതിനോടകം 12800 കിലോ പ്ലാസ്റ്റിക് ഇത്തരത്തിൽ റോഡ് ടാറിടാനായി കൈമാറിയിട്ടുണ്ട്.ജില്ലയിൽ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ അജൈവമാലിന്യ ശേഖരണം തുടങ്ങിയിട്ടുണ്ട്.
ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസം മുട്ടി മരിച്ചു
പയ്യന്നൂർ:കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനായി കിണറ്റിലിറങ്ങിയ ഗൃഹനാഥൻ ശ്വാസംമുട്ടി മരിച്ചു.മണിയറ പൂമാലക്കാവിനു സമീപം കണ്ണാട ഭാസ്ക്കരനാണ്(61) മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടുകൂടിയാണ് സംഭവം.50 അടിയോളം താഴ്ചയുള്ള കിണറിൽ പന്ത്രണ്ടായിയോളം വെള്ളം ഉണ്ടായിരുന്നു.കിണറിനു താഴെ എത്തിയയുടനെ ഭാസ്ക്കരാണ് ശ്വാസതടസ്സം ഉണ്ടാവുകയും വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു.തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അസി.സ്റ്റേഷൻ ഓഫീസർ കെ.വി പ്രഭാകരൻ,ലീഡിങ് ഫയർമാൻ സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും അഗ്‌നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ചത്ത ആടിനെയും പുറത്തെടുത്തു.കിണറ്റിൽ പ്രാണവായു ഇല്ലാത്തതാണ് മരണകാരണമെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.ഭാര്യ എം.ചന്ദ്രിക,മക്കൾ:സ്മിത,സിനോജ്.
തളിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു
തളിപ്പറമ്പ്:തളിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.പുഷ്‌പഗിരി സ്വദേശി സി.പി അദ്‌നാൻ(18),സഹൽ(22), പള്ളിവയലിലെ പി.ജെ മാത്യു(45) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 9.30 ഓടുകൂടിയാണ് അപകടം നടന്നത്.സ്വകാര്യ ബസ് ഡ്രൈവറായ മാത്യു ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ യുവാക്കൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കുകൾ പൂർണ്ണമായും തകർന്നു.വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദേശീയപാത സർവ്വേ;മലപ്പുറത്ത് സംഘർഷം തുടരുന്നു
മലപ്പുറം:ദേശീയപാത സ്ഥലമേറ്റെടുപ്പിനായുള്ള സർവ്വേ നടക്കുന്നതിനിടെ മലപ്പുറത്ത് ഇന്നും സംഘർഷം.രാവിലെ സർവേ നടപടിൽ ആരംഭിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. മലപ്പുറം വെളിമുക്കിലാണ് പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായത്.ഇന്നലെയും സർവ്വേ നടക്കുന്നതിനിടെ എ.ആർ നഗർ വലിയപറമ്പിലും അരീക്കോട്ടും സമരക്കാരും പോലീസും തമ്മിൽ മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷം നടന്നിരുന്നു.ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഘർഷം.പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നടത്തിയ ലാത്തിചാർജിലും പൊലീസിന് നേരെ ഉണ്ടായ കല്ലേറിലും സ്ത്രീകളും കുട്ടികളും അടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു.ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ,തിരൂരങ്ങാടി സിഐ ഇ.സുനിൽ കുമാർ എന്നിവരടക്കം 19 പോലീസുകാർക്കും പരിക്കേറ്റു.ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിലൂടെ 32 വീടുകൾ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. വീടിനുള്ളിൽ കയറി കല്ലിടാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.സർവ്വേ നടപടികൾ തുടങ്ങുന്നതിനു മുൻപ് തന്നെ ഭൂമി നഷ്ട്ടപ്പെടുന്നവർ അരീക്കോട്ടും വലിയ പറമ്പിലും തടിച്ചുകൂടിയിരുന്നു.തുടർന്ന് വലിയ പറമ്പിലെ ജനവാസ കേന്ദ്രത്തിലേക്ക് സർവ്വേ ഉദ്യോഗസ്ഥർ എത്തിയതോടെ നാട്ടുകാർ ഇവരെ തടഞ്ഞു. തുടർന്ന് നടന്ന സംഘർഷത്തിൽ ഇവിടെയുണ്ടായിരുന്ന മതിലും തകർന്നു.ഇതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി.ചിതറിയോടിയ ജനക്കൂട്ടം പോലീസുകാർക്കുനേരെ കല്ലേറും നടത്തി. കല്ലേറ് നടത്തി വീടിനുള്ളിലേക്ക് ഓടിയവരെ പോലീസ് വീടിനുള്ളിൽ കയറി പോലീസ് പിടിച്ചു.വലിയ പറമ്പിൽ ലാത്തിച്ചാർജ് നടക്കുന്നതായി വിവരം കിട്ടിയതോടെ അരീക്കോട്ടെ സ്ത്രീകളടക്കമുള്ള സമരക്കാർ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ആരംഭിച്ചു. ഇവർ റോഡിൽ കല്ലുകളും മരങ്ങളും ഉപയോഗിച്ച് ഗതാഗത തടസം ഉണ്ടാക്കി.റോഡിൽ ടയറുകൾ കൂട്ടിയിട്ട കത്തിക്കുകയും ചെയ്തു.ദേശീയപാത നീളെ കുപ്പികൾ പൊട്ടിച്ചിടുകയും ചെയ്തു. റോഡരികിലുള്ള പുൽക്കാടുകൾക്ക് തീപിടിച്ചു.തുടർന്ന് തിരൂരിൽ നിന്നും അഗ്‌നിരക്ഷ സേന എത്തിയാണ് തീയണച്ചത്. ഇതിനിടെ റോഡിലെ തടസ്സങ്ങൾ നീക്കാനെത്തിയ പോലീസുകാരും സമരക്കാരും തമ്മിൽ കല്ലേറുണ്ടായി.പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.ഇന്നും മലപ്പുറം തലപ്പാറ മുതല്‍ ചോളിരിവരെ സര്‍വേ പുരോഗമിക്കുകയാണ്.നാലു യൂണിറ്റുകളായാണ് സര്‍വേയെന്നും കളക്ടർ അറിയിച്ചു.കനത്ത സുരക്ഷയിലാണ് സർവേ നടപടികൾ പുരോഗമിക്കുന്നത്.
തെലങ്കാനയിൽ ട്രാക്റ്റർ കനാലിലേക്ക് മറിഞ്ഞ് ഒൻപതു സ്ത്രീകൾ മരിച്ചു
ഹൈദരാബാദ്:തെലങ്കാനയിൽ ട്രാക്റ്റർ കനാലിലേക്ക് മറിഞ്ഞ് ഒൻപതു സ്ത്രീകൾ മരിച്ചു. നളഗോണ്ട ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രാക്റ്ററിൽ മുപ്പത്തഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.പദ്മാതി തണ്ടയിൽ നിന്നും പുളിചേർളയിലേക്ക് പോവുകയായിരുന്ന കർഷക തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ട്രാക്റ്റർ കനാലിലേക്ക് മറിയുകയായിരുന്നു.ഡ്രൈവർ മൊബൈലിൽ സംസാരിച്ചു കൊണ്ടാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു;മൂന്നുപേർക്ക് പരിക്കേറ്റു
കണ്ണൂർ:ചെറുകുന്ന് വെള്ളറങ്ങലിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.വാനും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.വാൻ ഡ്രൈവർ കർണാടക ഭട്കൽ സ്വദേശിയായ അബു മുഹമ്മദ് ഉഗ്രാണി(37) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോട് കൂടിയാണ് അപകടം നടന്നത്.അപകടത്തിൽ പരിക്കേറ്റ കർണാടക സ്വദേശി നൗമാൻ(24),കോഴിക്കോട് സ്വദേശി ഉനൈസ്(28),മലപ്പുറം സ്വദേശി മുസ്തഫ(26) എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മംഗലാപുരം ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് മൽസ്യം കയറ്റി വന്ന വാൻ നിയന്ത്രണം വിട്ട് പഴയങ്ങാടിയിലേക്ക് അറവുമാലിന്യങ്ങളുമായി വരികയായിരുന്ന പിക്ക് അപ്പ് വാനിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു.
സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കുന്ന ദളിത് ഹർത്താലിൽ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസ്സുടമകൾ
തിരുവനന്തപുരം:ദളിത് സംഘടനകളുടെ സംയുക്ത സമരസമിതി തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ അറിയിച്ചു.ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ലെന്ന് ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.പട്ടികജാതി-പട്ടികവർഗ പീഡന നിരോധിത നിയമം പൂർവ സ്ഥിതിയിലാക്കുക, ഉത്തരേന്ത്യയിലെ ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്നതു സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദളിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തലശ്ശേരിയിൽ അഞ്ചുലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ
കണ്ണൂർ: തലശേരി മേഖലയിൽ വിതരണം ചെയ്യാൻ എത്തിച്ച അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പോലീസ് പിടിയിലായി. കോട്ടയംപൊയില്‍ അങ്ങാടിയിലെ ജംഷീനാസില്‍ മഷഹൂദിനെയാ(53) ണ് എഎസ്പി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 5,28,000 രൂപയും പിടിച്ചെടുത്തു.വ്യാഴാഴ്ച രാത്രി കായ്യത്ത് റോഡിലെ വീടുകളില്‍ പണം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. 2,000 രുപയുടെയുടെ 500 രൂപയുടെയും നോട്ടുകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.രേഖകൾ ഹാജരാക്കാൻ ഇയാളോട് പോലീസുകാർ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാൻ കഴിയാതെ വന്നതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സംസ്ഥാനത്ത് ഈ മാസം ഒൻപതിന് ദളിത് സംഘടകളുടെ ഹർത്താൽ
തിരുവനന്തപുരം:സംസ്ഥാനത്ത് ഈ മാസം ഒൻപതിന് ദളിത് സംഘടകളുടെ ഹർത്താൽ.ദളിത് സംഘടനകളുടെ സംയുക്ത സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണു ഹർത്താൽ.പാൽ,പത്രം,മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി,അഖില കേരള ചേരമർ ഹിന്ദുമഹാസഭ,പ്രത്യക്ഷ രക്ഷാ ദൈവസഭ,നാഷണൽ ദളിത് ലിബറേഷൻ ഫ്രണ്ട് ,ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്‍റ് ,കേരള ചേരമർ സംഘം,സോഷ്യൽ ലിബറേഷൻ ഫ്രണ്ട്, ബഹുജൻ സമാജ് പാർട്ടി,ദ്രാവിഡ വർഗ ഐക്യമുന്നണി തുടങ്ങിയവയാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.ഉത്തരേന്ത്യയിലെ ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്നതു സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുക,കൊലക്കുറ്റത്തിനു കേസെടുക്കുക,കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നല്കുക,പട്ടികജാതി-പട്ടികവർഗ പീഡന നിരോധിത നിയമം പൂർവ സ്ഥിതിയിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
ബിജെപി പ്രവർത്തകൻ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ 10 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം
തലശ്ശേരി:കൂത്തുപറമ്പ് മൂര്യാട്ടെ ബിജെപി പ്രവർത്തകനായ കുമ്പളപ്രവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ആലക്കാടന്‍ പ്രകാശനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളായ 10 സിപിഎം പ്രവർത്തകരെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (നാല്) ജഡ്ജ് വി.എന്‍. വിജയകുമാര്‍ ശിക്ഷിച്ചു.പിഴയടയ്ക്കുന്നില്ലെങ്കിൽ ഒന്നരവർഷം കൂടി തടവനുഭവിക്കണം.പിഴയടച്ചാൽ മൂന്നുലക്ഷം രൂപ വീതം പ്രമോദിന്റെ ഭാര്യ ബിന്ദുവിനും അമ്മ മാധവിക്കും നൽകണം.അക്രമത്തിൽ പരിക്കേറ്റ പ്രകാശന് നാലുലക്ഷം രൂപയും നൽകണം.പ്രതികളായ കുന്നപ്പാടി മനോഹരൻ (51), സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന നാണോത്ത് പവിത്രൻ (61), അണ്ണേരി പവിത്രൻ (51), ചാമാളയിൽ പാട്ടക്ക ദിനേശന്‍ (54), കളത്തുംകണ്ടി ധനേഷ് (39), കേളോത്ത് ഷാജി (40), ചാമാളയിൽ പാട്ടക്ക സുരേഷ് ബാബു (48), അണ്ണേരി വിപിന്‍ (32), കിഴക്കയിൽ പാലേരി റിജേഷ് (34), ഷമിൽ നിവാസിൽ വാളോടത്ത് ശശി എന്ന പച്ചടി ശശി (53) എന്നിവരെയാണു ശിക്ഷിച്ചത്. 11പേരാണ് കേസിലെ ആകെ പ്രതികൾ. ഒന്നാം പ്രതിയും സംഭവസമയത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന മൂര്യാട്ടെ ചോതായിൽ താറ്റ്യോട്ട് ബാലകൃഷ്ണന്‍ പിന്നീട് മരിച്ചു.കൊലപാതകത്തിനു 302 ആം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 75,000 രൂപ വീതം പിഴയുമാണു ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവ്. വധശ്രമത്തിന് ഏഴു വർഷം തടവും 25,000 രൂപ വീതം പിഴയും.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.2007 ഓഗസ്റ്റ് 16 ന് രാവിലെ 7.30 ന് മൂര്യാട് ചുളളിക്കുന്നിലെ കശുമാവിൻ തോട്ടത്തിൽ വച്ചാണു പ്രമോദ് കൊല്ലപ്പെട്ടത്. ജോലിയ്ക്കു പോകാനെത്തിയ പ്രമോദിനെയും പ്രകാശനേയും സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ള പതിനൊന്നംഗ സംഘം ആക്രമിക്കുകയും പ്രമോദ് മരിക്കുകയും പ്രകാശന്‍ ഗുരുതരമായ പരിക്കുകളോടെ ദീര്‍ഘകാലം ചികിത്സയില്‍ കഴിയുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷന്‍ കേസ്.