കണ്ണൂർ: പനയത്താംപറമ്പിൽ ഭര്‍ത്താവ് കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അപകടനില തരണം ചെയ്തു.ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയത്താംപറമ്പിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെയാണ് ഭര്‍ത്താവ് കത്തി കൊണ്ടു കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് ഷൈനേഷിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കുറച്ചുകാലമായി ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ലെന്ന് പ്രിമ്യ, ചക്കരക്കല്‍ പോലീസിന് മൊഴി നല്‍കി.കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് ദിവസം മുൻപ് പ്രിമ്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുപിന്നാലെ ഷൈനേഷും മാതാവും ചേര്‍ന്ന് പ്രിമ്യയെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. ഇതിനുശേഷവും പ്രശ്‌നങ്ങള്‍ തുടര്‍ന്നു. ഇതോടെ പ്രിമ്യ വീണ്ടും സ്വന്തം വീട്ടിലേക്ക് പോന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ ഷൈനേഷ് വീട്ടിലെത്തി കത്തി ഉപയോഗിച്ച് പ്രിമ്യയുടെ കഴുത്തിന്റെ മുന്‍ഭാഗത്ത് ആഴത്തില്‍ മുറിവേല്‍പ്പിച്ചത്.
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിശ്ചയിച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ നിയമവശം പരിശോധിച്ച് സർക്കാർ അപ്പീൽ നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ.വില നിർണയത്തിനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. ഇതിനെതിരെയാണ് കേരള സർക്കാർ അപ്പീൽ പോകുമെന്ന് വ്യക്തമാക്കിയത്. ഉപഭോക്താക്കളായ സാധാരണ ജനങ്ങളുടെ താത്പര്യമാണ് സർക്കാരിന് മുഖ്യമെന്നും ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിലെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കോടതി പ്രശംസിക്കുകയുണ്ടായതെന്നും മന്ത്രി പറഞ്ഞു.ജനതാത്പര്യം മുൻനിർത്തി ഇക്കാര്യത്തിൽ കേരള സർക്കാർ കൈക്കൊണ്ട നടപടിയെ പിന്തുണയ്‌ക്കാൻ കേന്ദ്രം തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ 1955ലെ എസൻഷ്യൽ കമോഡിറ്റീസ് ആക്റ്റിന്റെ പരിധിയിൽ വരുന്ന ഭക്ഷ്യ പദാർത്ഥമെന്ന ഇനത്തിലാണ് കുടിവെള്ളം വരികയെന്നും 1986ലെ കേരള എസൻഷ്യൽ ആർട്ടിക്കിൾ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് കോടതി കണ്ടെത്തിയത്. എന്നാൽ കുപ്പിവെള്ളം വേറിട്ട സ്വഭാവമുള്ള ഒരു വാണിജ്യ ഉൽപ്പന്നമാണെന്നാണ് കേരള സർക്കാർ നിലപാട്. രണ്ടു മാസത്തിനുള്ളിൽ ഈ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം; ഫയലുകൾ കത്തി നശിച്ചു
കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസില്‍ വന്‍ തീപ്പിടിത്തം. വടകര സബ്ബ് ജയില്‍, ട്രഷറി ബില്‍ഡിങ്ങിലുള്ള താലൂക്ക് ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. രാവിലെ അഞ്ചരയോടെയുണ്ടായ തീപിടുത്തത്തിൽ ഓഫിസിന്റെ മുക്കാൽ ഭാഗവും കത്തിനശിച്ചു. രേഖകളും കമ്പ്യൂട്ടറുകളുമെല്ലാം ചാരമായി.മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ഫോഴ്സ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.കാലപ്പഴക്കമുള്ള കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകര സബ് ട്രഷറി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. പഴക്കമുള്ള കെട്ടിടമായതിനാല്‍ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു.തീപിടിത്തത്തില്‍ കെട്ടിടത്തിലുണ്ടായിരുന്ന ഫയലുകളെല്ലാം കത്തി നശിച്ചു. വലിയതതോതില്‍ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം.ഏതൊക്കെ ഫയലുകളാണ് നശിച്ചുപോയതെന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്ക് ശേഷമേ വ്യക്തമാകൂ. തീപിടുത്തത്തിന്റെ കാരണവും അറിവായിട്ടില്ല.
സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു;ഇന്ന് മുതൽ തിരികെ ജോലിയിൽ പ്രവേശിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പി.ജി ഡോക്ടര്‍മാര്‍ 16 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു.വ്യാഴാഴ്ച രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ ഉറപ്പിന്മേലാണ് തീരുമാനം. വെള്ളിയാഴ്ച രാവിലെമുതല്‍ എല്ലാവരും ജോലിയില്‍ പ്രവേശിക്കുമെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ (കെ.എം.പി.ജി.എ) ഭാരവാഹികള്‍ അറിയിച്ചു.ബുധനാഴ്ച ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ സമരം ഭാഗികമായി അവസാനിപ്പിക്കുകയും അത്യാഹിത വിഭാഗത്തിലും ലേബര്‍ റൂമിലും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.വൈകീട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷുമായി അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിപ്പിക്കാന്‍ വഴിയൊരുങ്ങിയത്.നിലവില്‍ നിയമിച്ച ജൂനിയര്‍ റെസിഡന്‍റുമാര്‍ക്ക് പുറമെ ഈ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കുന്നവരെ അടുത്ത ബാച്ച് എത്തുന്നതുവരെ തുടരാന്‍ നിര്‍ദേശം നല്‍കും.ഒന്നാംവര്‍ഷ ബാച്ച് പ്രവേശനത്തിനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും. സ്‌റ്റൈപ്പൻഡ് വർധനവ്, അലവൻസുകൾ എന്നിവയിൽ എത്രയും വേഗം തീരുമാനം ഉണ്ടാക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെഎംപിജിഎ അറിയിച്ചു.അതേസമയം കെഎംപിജിഎ അസോസിയേഷൻ പ്രസിഡൻറ് ഡോ.എം.അജിത്രയെ അധിക്ഷേപിച്ച സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
സംസ്ഥാനത്ത് ഇന്ന് 3404 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;36 മരണം;4145 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3404 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂർ 269, കോട്ടയം 262, കണ്ണൂർ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 131, പാലക്കാട് 128, ഇടുക്കി 80, വയനാട് 79, കാസർഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 36 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 284 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,946 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3170 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 199 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4145 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 711, കൊല്ലം 330, പത്തനംതിട്ട 208, ആലപ്പുഴ 115, കോട്ടയം 374, ഇടുക്കി 139, എറണാകുളം 639, തൃശൂർ 353, പാലക്കാട് 81, മലപ്പുറം 151, കോഴിക്കോട് 581, വയനാട് 75, കണ്ണൂർ 308, കാസർഗോഡ് 80 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
ഒമിക്രോൺ;കൊച്ചിയിൽ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക വിപുലം; മാളിലും റെസ്‌റ്റോറന്റിലും അടക്കം പോയി;ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
എറണാകുളം:കൊച്ചിയിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്.ഇയാൾ കോംഗോയിൽ നിന്നെത്തി സ്വയം നിരീക്ഷണം പാലിച്ചില്ലായെന്നും മാളിലും റെസ്റ്റോറന്റിലും പോയതായും മന്ത്രി അറിയിച്ചു. വിപുലമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും എല്ലാ ജില്ലകളിലും ജാഗ്രതയുണ്ടായിരിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് കഠിനമായ ക്വാറന്റൈന്‍ വ്യവസ്ഥകളാണ് നിലവിലുള്ളത്. എന്നാല്‍ കോംഗോ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍പെടാത്തതിനാല്‍ ഈ സ്ഥലത്ത് നിന്നും വന്ന ഇയാൾക്ക് ക്വാറന്റൈനല്ല മറിച്ച് സ്വയം നിരീക്ഷണമാണ് നിർദേശിച്ചിരുന്നത്. എന്നാൽ ഇയാൾ നിർദേശം പാലിച്ചിരുന്നില്ല. റൂട്ട് മാപ്പ് പുറത്തുവിടുന്ന പക്ഷം ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ടോയെന്ന വിവരം ശ്രദ്ധിച്ച് ജനങ്ങൾ ജാഗ്രത സ്വീകരിക്കണം. സമ്പർക്കപ്പട്ടികയിൽ വരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സെക്രട്ടേറിയറ്റില്‍ ചര്‍ച്ചക്കെത്തിയ പിജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റിനെ ഓഫിസ് സ്റ്റാഫ് അപമാനിച്ചതായി പരാതി
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫിസില്‍ ചര്‍ച്ചക്കെത്തിയ പിജി ഡോക്ടേര്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ ഓഫിസ് സ്റ്റാഫ് അപമാനിച്ചതായി പരാതി.അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അജിത്രയെയാണ് അപമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് ആരോഗ്യവകുപ്പ് അഡിഷണന്‍ ചീഫ് സെക്രട്ടറിയുമായാണ് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചക്കെത്തിയത്.ചര്‍ച്ച വൈകുന്ന ഘട്ടത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അജിത്ര ഓഫിസിന് മുന്നിലെ പടിയില്‍ ഇരുന്നു. പടിയില്‍ ഇരിക്കരുതെന്ന് മന്ത്രിയുടെ സ്റ്റാഫ് പറഞ്ഞു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇരിക്കണമെന്നും പറഞ്ഞു. അതുപ്രകാരം അജിത്രക്ക് ഇരിക്കാന്‍ കസേര നല്‍കി. കസേരയില്‍ കാലിന് മേല്‍ കാല്‍വെച്ചിരുന്നപ്പോള്‍ സ്ത്രീകള്‍ ഇങ്ങനെ ഇരിക്കാന്‍ പാടില്ലെന്നും ഐ.എ.എസുകാര്‍ ഉൾപ്പെടെ വരുന്ന സ്ഥലമാണിതെന്നും സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ താക്കീത് ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ‘സ്ത്രീകള്‍ക്ക് ഇങ്ങനെ ഇരിക്കാന്‍ പാടില്ലേയെന്ന്’ ചോദിച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ തുണിയുടുക്കാതെ നടക്ക്’ എന്നായിരുന്നു ജീവനക്കാരന്‍റെ മറുപടിയെന്നും അജിത്ര പറഞ്ഞു.ഡോ. അജിത്ര തനിക്ക് നേരിട്ട അപമാനം സെക്രട്ടേറിയറ്റിന് മുന്‍പില്‍ ചര്‍ച്ചവിവരങ്ങളറിയാനെത്തിയ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നേരിട്ട അപമാനത്തിനെതിരേ പരാതിയുമായി മുന്നോട്ട് പോകുമെന്ന് ഡോ. അജിത്ര മാധ്യമങ്ങളോട് വ്യക്തമാക്കി.ഇന്നലെ പിജി ഡോക്ടര്‍മാരുമായി മന്ത്രി വീണാ ജോര്‍ജ്ജ് ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായി കണക്കുകള്‍ സംബന്ധിച്ച് വ്യക്തതവരുത്താന്‍ ഇന്ന് ഉച്ചയ്ക്ക് എത്താന്‍ പറഞ്ഞിരുന്നു. അതനുസരിച്ചാണ് ഡോ. അജിത്രയും സംഘവും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തിയത്.
മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; കുട്ടികൾ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം:വെഞ്ഞാറമ്മൂടിൽ മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു.കുന്നല്ലൽ സ്വദേശി ശ്രീജയാണ് ആത്മഹത്യ ചെയ്തത്. വിഷം ഉള്ളിൽച്ചെന്ന കുട്ടികൾ ഗുരുതരാവസ്ഥയിലാണ്.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒൻപത്, ഏഴ്, മൂന്നര വയസ്സുള്ള കുട്ടികൾക്ക് ഇവർ വിഷം നൽകുകയായിരുന്നു. തുടർന്ന് യുവതിയും ജീവനൊടുക്കി. മുതിർന്ന രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്ക് ഉള്ളത്.ശ്രീജയുടെ ഭർത്താവ് ബിജു പൂനെയിലാണ് ഉള്ളത്. കുറച്ച് കാലമായി ഇയാൾ കുടുംബവുമായി പിണങ്ങി കഴിയുകയാണ്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്‌ക്ക് കാരണം എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കണ്ണൂരിൽ 70 കാരൻ മരിച്ചത് പട്ടിണി മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കണ്ണൂർ: കണ്ണൂരിൽ ചൊവ്വാഴ്ച വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 70 കാരൻ അബ്ദുൾ റാസിഖ് മരിച്ചത് പട്ടിണിമൂലം.ഇയാൾ ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ രണ്ട് ദിവസമായി റാസിഖിന് ഭക്ഷണം ലഭിച്ചിരുന്നില്ലെന്ന് വ്യക്തമായി. വയർ ഒഴിഞ്ഞുകിടക്കുകയായിരുന്നെന്നും പിത്തഗ്രന്ഥി മുഴുവനായി വികസിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.കണ്ണൂർ തെക്കി ബസാറിൽ ഭാര്യയ്‌ക്കും മകൾക്കും ഒപ്പമായിരുന്നു അബ്ദുൾ റാസിഖ് താമസിച്ചിരുന്നത്. ഇയാൾ അസുഖബാധിതനായിരുന്നു എന്നും മുറിയിൽ മലമൂത്രവിസർജ്ജനം നടത്തുന്നതുകൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നുമാണ് ഭാര്യയുടെയും മകളുടെയും മൊഴി. വീണ്ടും ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളെയും ചോദ്യം ചെയ്ത് സാഹചര്യം മനസിലാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൈക്കൂലി കേസ്;പിടിയിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ ഹാരിസിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ 16 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
ആലുവ:കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്.കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എം.എം ഹാരിസിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡിൽ പതിനാറ് ലക്ഷം രൂപ പിടിച്ചെടുത്തു. സ്വത്തുക്കൾ സംബന്ധിച്ച നിരവധി രേഖകളും കണ്ടെടുത്തു.പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചണ്‍ ക്യാബിനറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. ബാസ്‌ക്കറ്റിനുള്ളിൽ കവറുകളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. ഒരോ കവറിലും അൻപതിനായിരത്തോളം രൂപയാണ് ഉണ്ടായിരുന്നതെന്ന് വിജിലൻസ് ഓഫീസർ വ്യക്തമാക്കി.ഇയാൾക്ക് 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തി. നോട്ടെണ്ണൽ യന്ത്രവുമായാണ് വിജിലൻസ് സംഘം ഹാരിസിന്റെ വീട്ടിലേക്ക് റെയിഡിനായി തിരിച്ചത്. ബാങ്ക് മാനേജരുടെയടക്കം സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ് നടത്തിയത്.ഇന്നലെ ഉച്ചയോടെ ടയർ വ്യവസായിയിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എംഎം ഹാരിസിനെ പിടികൂടിയത്.ഇതിന് ശേഷം പ്രതിയുടെ ആലുവയിലെ ഫ്‌ളാറ്റിൽ എത്തിച്ചാണ് റെയ്ഡ് നടത്തുന്നത്. 80 ലക്ഷം രൂപ വിലമതിക്കുന്നതാണ് പ്രതിയുടെ ആലുവയിലെ ഫ്‌ളാറ്റ്.തിരുവനന്തപുരത്ത് 2000 സ്‌ക്വയർ ഫീറ്റ് വീട് ഹാരിസിന് സ്വന്തമായുണ്ട്.പന്തളത്ത് 33 സെന്റ് സ്ഥലം സ്വന്തമായുണ്ട്.ഇതിന് മുൻപും കൈക്കൂലി കേസിൽ പിടിയിലായ ആളാണ് ഹാരിസ്.പാലാ സ്വദേശി ജോസ് സെബാസ്റ്റ്യന്‍ നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി. പ്രവിത്താനത്തുള്ള റബർ ട്രേഡിങ് കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാനാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്.
2016 ലാണ് ജോസ് സെബാസ്റ്റ്യന്‍ സ്ഥാപനം ആരംഭിച്ചത്. ഈ സ്ഥാപനത്തിനെതിരെ അയല്‍വാസി ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതോടെയാണ് സ്ഥാപനമുടമ ജോസ് സെബാസ്റ്റ്യന്‍ മലിനീകരണ തോത് അളക്കുന്നതിനുവേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സമീപിച്ചത്. എന്നാല്‍ അന്നു മുതല്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ജോസ് ബാസ്റ്റ്യന്‍ പറയുന്നു. ഒരു ലക്ഷം രൂപയാണ് മുന്‍ ജില്ലാ ഓഫീസര്‍ ആയ ജോസ് മോന്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ കൈക്കൂലി നല്‍കാതെ വന്നതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു.സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് അനുമതി തേടി ജോസ് സെബാസ്റ്റ്യന്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി ഉണ്ടായതോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. ശബ്ദ മലിനീകരണ തോത് പരിശോധിച്ച് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയില്ല. വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരനായ ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. കോടതിയില്‍ അഭിഭാഷകര്‍ക്ക് നല്‍കുന്ന പണം തങ്ങള്‍ തന്നാല്‍ പോരെ എന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചതായി ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ ചെയ്യാന്‍ ഹാരിസ് പറഞ്ഞതായും ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. ഇതോടെയാണ് വിജിലന്‍സിനെ സമീപിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.