കണ്ണൂർ:ജില്ലയിലെ സ്വകാര്യ ബസ്സുകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു.കസ്റ്റമറി ബോണസ് നേടിയെടുക്കുന്നതിനായാണ് സ്വകാര്യ ബസ് തൊഴിലാളികൾ – സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്സ്, എ.ഐ.ടി.യു.സി, എസ്.ടി.യു തുടങ്ങിയ സംഘടനകൾ അനിശ്ചിതകാല സമരത്തിന് ആഹ്വാനം നൽകിയിരുന്നത്.ബോണസ് പത്തൊമ്പത് ശതമാനത്തിൽ നിന്നും ഒരു ശതമാനം വർദ്ധിപ്പിച്ച് ഇരുപത് ശതമാനമാക്കി നൽകിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.ലേബർ ഓഫീസിൽ ബസ് ഓണേഴ്സും തൊഴിലാളികളും നടത്തിയ ചർച്ചയിലാണ് ബോണസ് കൂട്ടി നൽകാൻ തീരുമാനമായത്.
തേനിയിൽ വാഹനാപകടം;നാല് മലയാളികൾ മരിച്ചു
തമിഴ്‌നാട്:തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മലപ്പുറം അഴിഞ്ഞിലം സ്വദേശികളായ കളത്തില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന(34), ഇവരുടെ മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ റഷീദിന്റെ മറ്റൊരു മകന്‍ ഫായിസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെന്നൈയില്‍ ജോലിചെയ്തിരുന്ന അബ്ദുള്‍ റഷീദും കുടുംബവും തേനിയിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നതെന്നാണ് വിവരം. മൃതദേഹങ്ങള്‍ തേനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കൾ തേനിയിലേക്ക് തിരിച്ചിട്ടുണ്ട്.
ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
മയ്യിൽ:കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.പുത്തറിയാതെരു ഹിറാ നിവാസിൽ സി.പി അബ്ദുല്ലയുടെ മകൻ(18) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ആറുമണിയോടുകൂടിയാണ് സംഭവം.മയ്യിൽ പെട്രോൾ പമ്പിന് സമീപത്തുള്ള ക്വാറിയിൽ കുളിക്കാനിറങ്ങിയതായിരുന്നു മുസാവിറും ഇരട്ട സഹോദരനായ മുനാവിറും മറ്റു നാലുപേരും. എന്നാൽ നീന്തൽ വശമില്ലാത്ത മുസാവിർ കാൽതെറ്റി ക്വാറിയിലേക്ക് വഴുതി വീഴുകയായിരുന്നു. ഒന്നരയേക്കറോളം വലിപ്പമുള്ള ക്വാറിക്ക് പത്തുമീറ്ററോളം ആഴമുണ്ട്. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും എത്തിയ അഗ്നിശമനസേനയും മയ്യിൽ പോലീസും നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി പതിനൊന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.പി.കെ ശ്രീമതി എം.പി,ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സി.പി നാസിർ എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു.തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ബിബിഎ വിദ്യാർത്ഥിയാണ് മരിച്ച മുസാവിർ.
ദളിത് ഹർത്താൽ;ആദിവാസി നേതാവ് ഗീതാനന്ദനെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം:സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.ഇതിനിടെ കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനങ്ങള്‍ തടഞ്ഞ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച സിഎസ് മുരളി, വിസി ജെന്നി എന്നീ നേതാക്കളേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.അതേസമയം പൊലീസ് തങ്ങളെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത ആരും വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പൊലീസ് അറസ്റ്റ് ചെയ്തവരില്‍ പലരിലും നിഷ്‌കളങ്കരായ യാത്രക്കാരുള്‍പ്പെടെയുള്ളവരുണ്ട്. തങ്ങളിലാരും വാഹനങ്ങള്‍ ബലം പ്രയോഗിച്ച് തടഞ്ഞിട്ടില്ലെന്നും ഗീതാനന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹര്‍ത്താലില്‍ വ്യാപക ആക്രമമുണ്ടാകുമെന്ന് ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം;പലയിടത്തും വാഹനങ്ങൾ തടയുന്നു
കൊച്ചി:സംസ്ഥാനത്ത് ദളിത് സംഘനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. ഹർത്താലിനിടെ പലയിടത്തും വ്യാപക ആക്രമണം നടക്കുന്നു. പലയിടത്തും സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നില്ല.സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സുകൾ സമരാനുകൂലികൾ തടഞ്ഞു.വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിന്റെ ചില്ല് തകര്‍ത്തു. വാഹനങ്ങള്‍ തടഞ്ഞതിന് വടകരയില്‍ 3 ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു.തിരുവനന്തപുരത്ത് വിവിധ ദളിത് സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ഇതു പരിഗണിച്ചാണ് കെഎസ്‌ആര്‍ടിയോട് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോലീസ് നിര്‍ദേശിച്ചത്.കോഴിക്കോട് സ്വകാര്യ വാഹനങ്ങളും കെഎസ്‌ആര്‍ടിസിയും നിരത്തിലറങ്ങി.ഹര്‍ത്താല്‍ അനുകൂലികള്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും അടൂരും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയില്‍ സ്ഥിതിഗതികളില്‍ ശാന്തമാണ്.കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ആലപ്പുഴയിലും ബസ് തടഞ്ഞ സമരാനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു.പാലക്കാടും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.ദലിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ രാവിലെ ആറ് മണിക്കാണ് ആരംഭിച്ചത്. വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ഉത്തരേന്ത്യയിലെ ഭാരത് ബന്ദില്‍ പങ്കെടുത്ത ദലിതരെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ബിഎസ്പി, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്‌ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, സാംബവര്‍ മഹാസഭ, ചേരമ സംബാവ ഡെവലപ്മെന്റ് സൊസൈറ്റി, കെപിഎംഎസ്, വേലന്‍ മഹാസഭ, പെമ്ബിളൈ ഒരുമൈ, നാഷണല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ആദിജന മഹാസഭ, ഐഡിഎഫ്, സിപിഐ(എംഎല്‍), റെഡ് സ്റ്റാര്‍ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ദളിത് സംഘടനകൾ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ വ്യാപക ആക്രമണങ്ങൾ നടന്നേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് ദളിത് സംഘടനകൾ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ വ്യാപക ആക്രമണങ്ങൾ നടന്നേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.അതിനാല്‍ കനത്ത സുരക്ഷ പാലിക്കണം എന്ന നിര്‍ദേശം രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് കൈമാറും എന്നാണ് സൂചന.ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഏപ്രില്‍ ഒന്‍പതിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നാളത്തെ ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബസ് ഉടമകളും കേരളാ വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നാളെ നടക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടിവരുമെന്ന് ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ ഗീതാനന്ദന്‍. അത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോൾ ഇത്തരം പ്രതികരണങ്ങള്‍ ബസുടമകള്‍ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ,കരുണ മെഡിക്കൽ പ്രവേശനം;വിവാദ ബിൽ ഗവർണർ തള്ളി
തിരുവനന്തപുരം:കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം ഒപ്പുവയ്ക്കാതെ തിരിച്ചയച്ചു.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബില്ല് നിലനിൽക്കുകയില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ബിൽ ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ചത്. ഇന്നു രാവിലെ നിയമ സെക്രട്ടറി രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ബില്‍ കൈമാറിയത്. ആരോഗ്യ നിയമ വകുപ്പുകളുടെ പരിശോധനക്ക് ശേഷമാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചത്.കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ ചട്ടം ലംഘിച്ചു നടത്തിയ എംബിബിഎസ് പ്രവേശനം അംഗീകരിക്കാനായാണ് നിയമസഭ ബിൽ കൊണ്ടുവന്നത്.ഭരണ-പ്രതിപക്ഷങ്ങൾ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്. ഈ സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഗവര്‍ണര്‍ ഒപ്പിട്ടാലും ബില്ലിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിലപാടും സര്‍ക്കാരിന് വരും നാളില്‍ പ്രതിസന്ധിയുണ്ടാക്കും.
മെഡിക്കൽ പ്രവേശനത്തിനായി കണ്ണൂർ മെഡിക്കൽ കോളേജ് 43 ലക്ഷം രൂപ കോഴവാങ്ങിയതായി രക്ഷിതാക്കൾ
കണ്ണൂർ:മെഡിക്കൽ പ്രവേശനത്തിനായി കണ്ണൂർ മെഡിക്കൽ കോളേജ് 43 ലക്ഷം രൂപ കോഴവാങ്ങിയതായി രക്ഷിതാക്കൾ.ഈ തുകയ്ക്ക് കോളേജ് മാനേജ്‌മന്റ് യാതൊരു രേഖകളും നൽകിയില്ലെന്നും രക്ഷിതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉത്തരവാദിത്തമില്ലാതെയാണ് മാനേജ്മെന്റുകൾ പെരുമാറുന്നതെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തി.ജെയിംസ് കമ്മിറ്റി ആവശ്യപ്പെട്ട രേഖകൾ സമയത്ത് നല്കാൻ മാനേജ്മെന്റുകൾ തയ്യാറായില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.സുപ്രീം കോടതിയെ കേസിൽ കക്ഷി ചേരുമെന്നും നിയമ പോരാട്ടം തുടരുമെന്നും കണ്ണൂർ മെഡിക്കൽ കോളേജ് പേരെന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തിരുവനന്തപുരത്ത് പറഞ്ഞു.
ഫീസ് വർധന ആവശ്യപ്പെട്ട് മെഡിക്കൽ സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ
കൊച്ചി:ഫീസ് വർധന ആവശ്യപ്പെട്ട് മെഡിക്കൽ സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ. ഫീസ് 11 ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജുമെന്‍റുകൾ ഹർജി സമർപ്പിച്ചിരിക്കുന്നത്.11 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.നേരത്തെ ഇടക്കാല ഫീസായി 11 ലക്ഷം രൂപ കോടതി അനുവദിച്ചിരുന്നുവെന്നാണ് ഈ കോളേജുകളുടെ വാദം.485000 മുതല്‍ 566000 രൂപവരെയുള്ള ഫീസാണ് ഫീസ് നിര്‍ണയ സമിതിയായ ആര്‍. രാജേന്ദ്ര ബാബു കമ്മറ്റി വിവിധ മെഡിക്കല്‍ കോളേജുകളുടെ ഈ വര്‍ഷത്തെ ഫീസായി നിര്‍ണയിച്ചത്. ഇതില്‍ എം ഇ എസ്, ക്രിസ്ത്യന്‍ മാനേജ്മെന്റ് ഉള്‍പ്പെടെ ഭൂരിഭാഗം കോളേജുകള്‍ക്കും 485000 രൂപയാണ് ഫീസ്. ഈ ഫീസ് വളരെ കുറവാണെന്നാണ് മാനേജ്മെന്റുകളുടെ വാദം.ഫീസ് കഴിഞ്ഞ വര്‍ഷത്തേതിന് ആനുപാതികമായി വര്‍ധിപ്പിക്കണമെന്നാണ് ഹൈക്കോടതിയിൽ മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.മാനേജ്മെന്‍റുകൾ കോടതിയെ സമീപിച്ചതോടെ നാലായിരത്തിലധികം വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.
ഏപ്രിൽ ഒന്പതിന് നടത്തുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം:ഏപ്രിൽ ഒന്പതിന് നടത്തുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്രുദീൻ അറിയിച്ചു. വ്യാപാരമേഖലയുമായി ബന്ധമില്ലാത്ത സംഘടനകൾ തിങ്കളാഴ്ച നടത്തുന്ന ഹർത്താലിൽ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് ഫെഡറേഷനും വ്യക്തമാക്കിയിരുന്നു.തുടർച്ചയായുണ്ടായ ഹർത്താലുകൾ മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.എന്നാൽ ദളിത് സംഘടനകളുടെ ആവശ്യങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും അവർ വ്യക്തമാക്കി.