കണ്ണൂർ:സർക്കാർ ഏറ്റെടുത്തതായി പ്രഖ്യാപിച്ച പരിയാരം മെഡിക്കൽ കോളേജിൽ എംബിബിഎസ് ഫീസ് 4.85 ലക്ഷം രൂപയായി ഉയർത്തി.വർഷത്തിൽ രണ്ടരലക്ഷം രൂപ ഫീസിൽ പ്രവേശനം നേടിയ വിദ്യാർഥികൾ ഇനി മുതൽ 4.85 ലക്ഷം രൂപ ഫീസ് അടയ്ക്കണം.ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ 50 പേരോടാണ് മാനേജ്‌മെറ്റിന്റെ നിർദേശം.25000 രൂപ ഫീസ് അടച്ച് പ്രവേശനം നേടിയ ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും 40000 രൂപ ഫീസ് നൽകേണ്ട മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും ഇനി 4.85 ലക്ഷം രൂപ ഫീസ് അടയ്ക്കണം.ഫീസ് വർധനവിൽ പ്രതിഷേധിച്ച് വിദ്യാത്ഥികൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശഷം ക്ലാസ് ബഹിഷ്‌കരിച്ചു.നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടി അഡ്മിഷൻ നേടിയവരാണ് ഇവരിൽ ഭൂരിഭാഗം വിദ്യാർത്ഥികളും.മറ്റു കോളേജുകളിൽ സർക്കാർ മെറിറ്റിൽ സീറ്റു കിട്ടുമായിരുന്നുവെങ്കിലും താരതമ്യേന കുറഞ്ഞ ഫീസ് ആയതിനാലാണ് പരിയാരം മെഡിക്കൽ കോളേജിൽ ഇവർ അഡ്മിഷൻ നേടിയത്.10 ലക്ഷം രൂപ ഫീസ് വാങ്ങുന്ന സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് 4.85 ലക്ഷമാക്കി കുറച്ചപ്പോൾ തങ്ങളുടെ ഫീസ് ഇരട്ടിയായെന്ന് വിദ്യാർഥികൾ പറയുന്നു.പരിയാരത്തും മാനേജ്‌മെന്റ് സീറ്റിൽ 10 ലക്ഷം രൂപയാണ് ഈടാക്കിയിരുന്നത്.എന്നാൽ മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾ ഇതിനെതിരെ കോടതിയെ സമീപിച്ചതോടെ ഫീസ് 4.85 ലക്ഷമാക്കി കുറച്ചു.മാനേജമെന്റ് സീറ്റിന്റെ ഫീസ് 10 ലക്ഷത്തിൽ നിന്നും 4.85 ലക്ഷമാക്കി കുറച്ചതിന്റെ നഷ്ട്ടം നികത്താനാണ് മെറിറ്റ് സീറ്റിലെ ഫീസ് കുത്തനെ ഉയർത്തിയത്.ഇതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം;വരാപ്പുഴ എസ്‌ഐ ദീപക്കിനെ അറസ്റ്റ് ചെയ്തു
കൊച്ചി:വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് മരണപ്പെട്ട സംഭവത്തിൽ വരാപ്പുഴ എസ്‌ഐ ദീപക്കിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിൽ ദീപക് ഒന്നാം പ്രതിയായേക്കും.ഇന്നലെ ആലുവ പോലീസ് ക്ലബ്ബിൽ എട്ടുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ദീപക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്പിയുടെ സ്‌ക്വാഡിലെ മൂന്നു പോലീസുകാർക്ക് പുറമെ ദീപക്കും ശ്രീജിത്തിനെ ക്രൂരമായി മർദിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.ദീപക്കിനെതിരെ ശ്രീജിത്തിന്റെ അമ്മയും ഭാര്യയും അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി നല്കിയിരുന്നു.ഇവരുടെ മൊഴികൾ ശരിവയ്ക്കുന്ന മറ്റു തെളിവുകളും ലഭിച്ചതോടെയാണ് അന്വേഷണ സംഘം ദീപക്കും കേസിൽ പ്രതിയാണെന്ന് ഉറപ്പിച്ചത്. അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ആലുവ റൂറൽ എസ്പിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായിരുന്ന മൂന്നുപേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
സോഷ്യൽ മീഡിയ വഴി ഹർത്താൽ ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്‌മിനെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം:സോഷ്യൽ മീഡിയ വഴി ഹർത്താലിന് ആഹ്വാനം ചെയ്ത വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്‌മിനെ തിരിച്ചറിഞ്ഞു.ഹർത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്മിൻ മലപ്പുറം കൂട്ടായി സ്വദേശിയായ പതിനാറുകാരനാണ്. പ്രായപൂർത്തിയാകാത്തതിനാൽ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഇയാളിൽ നിന്നും പിടിച്ചെടുത്ത ഫോൺ സൈബർ സെല്ലിന് കൈമാറി.വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്.പതിനാറുകാരനെ അഡ്മിനായി മാറ്റി യഥാർത്ഥ പ്രതികൾ രക്ഷപെടാൻ ശ്രമിക്കുകയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജമ്മു കാഷ്മീരിൽ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണു കഴിഞ്ഞ തിങ്കളാഴ്ച തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ രഹസ്യമായി ഹർത്താൽ ആഹ്വാനം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചായിരുന്നു ഹർത്താൽ ആഹ്വാനം.അക്രമം നടത്തിയ കേസിൽ 950 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ പകുതിയിലേറെയും എസ്ഡിപിഐക്കാരാണ്. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്.
കേരളാ തീരത്ത് കൂറ്റൻ തിരമാലകൾ ഉയരാൻ സാധ്യത; ജാഗ്രത നിർദേശം നൽകി
തിരുവനന്തപുരം:കേരളാ തീരത്ത് ഇന്ന് നാളെയും കൂറ്റൻ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കൊല്ലം,ആലപ്പുഴ,കൊച്ചി,പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ തീര പ്രദേശങ്ങളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.2.5 മീറ്റർ മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഏപ്രിൽ 21 ന് രാവിലെ എട്ടരമണി മുതൽ 22 നു രാത്രി പതിനൊന്നരവരെ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.വേലിയേറ്റ സമയത്ത് തിരമാലകൾ തീരത്ത് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ തീരത്തോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ നിശ്ചിത അകലം പാലിക്കണം.ബോട്ടുകൾ കടലിൽ നിന്നും തീരത്തേക്കും തീരത്തു നിന്നും കടലിലേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ചെറുമൽസ്യങ്ങൾ കയറ്റിക്കൊണ്ടുവന്ന ബോട്ടുകളിൽ നിന്നും പിഴ ഈടാക്കി
കണ്ണൂർ: ചെറുമത്സ്യങ്ങൾ അഴീക്കൽ ഹാർബറിലെത്തിച്ച് ലോറികളിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ബോട്ടുകൾക്ക് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ബീന സുകുമാർ ഓരോ ലക്ഷം രൂപ പിഴ വിധിച്ചു.മറൈൻ എൻഫോഴ്‌സ്‌മെന്റാണ് പരിശോധന നടത്തിയത്.കണ്ണൂർ ചാലാട് സ്വദേശി അബ്ദുൾ ജബ്ബാറിന്‍റെ ഉടമസ്ഥതയിലുള്ള സിനാൻ, എറണാകുളം സ്വദേശി ഫിലോമിന അഗസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള സെന്‍റ് ആൻറണി എന്നീ ബോട്ടുകളാണ് 17 ന് രാത്രി മറൈൻ എൻഫോഴ്സ്മെന്‍റ് നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയത്.നിയമ ലംഘനം ബോധ്യപ്പെട്ടതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ അജിത മറൈൻ ഫിഷിംഗ് റഗുലേഷൻ ആക്ട് പ്രകാരം ബോട്ടുകൾ കസ്റ്റഡിയിലെടുത്ത് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇന്നു നടന്ന അഡ്ജൂഡിക്കേഷനിലാണ് പിഴ വിധിച്ചത്. പിഴ അടച്ചതിനെ തുടർന്ന് ബോട്ടുകൾ ഉടമസ്ഥർക്ക് വിട്ടു നൽകി.ചെറുമത്സ്യങ്ങൾ കൊണ്ടുവരുന്ന ബോട്ടുകളെ കണ്ടെത്തുന്നതിനായുള്ള പരിശോധന ശക്തമാക്കുമെന്നും ട്രോൾ ബാൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുഴുവൻ ഇതരസംസ്ഥാന ബോട്ടുകളും അഴീക്കൽ ഹാർബറിൽ നിന്നും സ്വദേശത്തേയ്ക്ക് കൊണ്ടുപോകണമെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ അറിയിച്ചു.പരിശോധനയിൽ മറൈൻ എൻഫോഴ്സ്മെൻറ് സീനിയർ സിവിൽ പോലീസ് ഓഫീസർ മുരളീധരൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷിനിൽ വടക്കേക്കണ്ടി, രഞ്ജിത്, റസ്ക്യൂ ഗാർഡ് ഷൈജു, ഡ്രൈവർ ബിജോയ് എന്നിവർ പങ്കെടുത്തു.
കണ്ണൂർ കന്റോൺമെന്റ് മേഖലയിലെ പൊതു സ്ഥലം പിടിച്ചെടുക്കാൻ പട്ടാളത്തിന്റെ ശ്രമം
കണ്ണൂർ:കന്റോൺമെന്റ് മേഖലയിലെ പൊതുസ്ഥലം പിടിച്ചെടുക്കാൻ വീണ്ടും പട്ടാളത്തിന്‍റെ ശ്രമം.ഇന്നലെ രാവിലെ ജില്ലാ ആശുപത്രി-കിലാശി റോഡിലേക്ക് മുള്ളുവേലി കെട്ടാനായിരുന്നു ശ്രമം. സംഭവം ശ്രദ്ധയിൽപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ സംഘടിച്ച് നിർമാണപ്രവൃത്തികൾ തടസ്സപ്പെടുത്തി.പ്രതിഷേധവുമായി നാട്ടുകാർ എത്തിയതോടെ പട്ടാളക്കാർ പിൻവാങ്ങി.നേരത്തെ നാട്ടുകാർക്ക് അനുവദിച്ച അഞ്ചടി വീതിയും 130 മീറ്റർ നീളവുമുള്ള വഴിയാണ് ഇന്നലെ രാവിലെ എട്ടോടെ പിടിച്ചെടുക്കാൻ പട്ടാളം ശ്രമിച്ചത്. വേലികെട്ടുന്നതിനായി ഇരുമ്പ് തൂണും മറ്റും ഇവിടെ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 27ന് ചേരുന്ന കന്‍റോൺമെന്‍റ് ബോർഡ് മീറ്റിംഗിൽ വഴി സംബന്ധിച്ച തർക്കം ചർച്ചചെയ്തു പരിഹരിക്കാമെന്ന് പട്ടാള അധികൃതർ നൽകിയ ഉറപ്പ് ലംഘിച്ചാണ് മുള്ളുവേലി കെട്ടാനുള്ള ശ്രമം നടന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ ലോങ്ങ് മാർച്ച് നടത്തും
തിരുവനന്തപുരം:ശമ്പള വർധനവിന്റെ കാര്യത്തിൽ സർക്കാർ വിജ്ഞാപനം ഇറക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ലോങ്ങ് മാർച്ച് നടത്താനൊരുങ്ങുന്നു.ചേർത്തല കെവിഎം ആശുപത്രി മുതൽ സെക്രെട്ടറിയേറ്റ് വരെ മാർച്ച് നടത്താനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം.’വാക് ഫോർ ജസ്റ്റിസ്’എന്നാണ് ലോങ്ങ് മാർച്ചിനെ യുഎൻഎ വിശേഷിപ്പിക്കുന്നത്.നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതിനെതിരെയാണ് ലോങ്മാര്‍ച്ചും പണിമുടക്കും. 243 ദിവസമായി നഴ്സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി എം ആശുപത്രിക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുന്നിലാണ് അവസാനിക്കുക. എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്സുമാര്‍ ലക്ഷ്യമിടുന്നത്.മിനിമം വേജ് ഉപദേശക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ അതിന്മേല്‍ തീരുമാനമെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ലോങ്ങ് മാർച്ച് നടത്താൻ നഴ്സുമാർ തീരുമാനിച്ചിരിക്കുന്നത്. തീരുമാനമെടുക്കാന്‍ 10 ദിവസം കൂടി വേണമെന്ന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിന് മുമ്ബാകെ തടസ്സങ്ങളില്ലെന്നും യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.മാനേജ്‌മെന്റുകള്‍ക്കാകട്ടെ നഴ്‌സുമാര്‍ സമരം തുടരട്ടെയെന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശമ്ബള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. ഏപ്രില്‍ 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും യുഎന്‍എ നേരത്തെ നിശ്ചയിച്ചിരുന്നു.അനിശ്ചിതകല പണിമുടക്ക് തുടങ്ങുന്ന 24 ന് തന്നെയാണ് കെവിഎമ്മില്‍ നിന്ന് ലോങ് മാര്‍ച്ചും തുടങ്ങുന്നത്. തങ്ങള്‍ പണിമുടക്കുമെന്ന മുന്നറിയിപ്പിനെ സര്‍ക്കാര്‍ ലാഘവബുദ്ധിയോടെയാണ് കാണുന്നതെന്ന പരാതിയും നഴ്‌സുമാര്‍ക്കുണ്ട്.നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കും.നിരവധി രോഗികളാണ് വെന്റിലേറ്ററിലും മറ്റും കഴിയുന്നത്. അടിയന്തര ശസ്ത്രക്രിയകളും മുടങ്ങും.ഇതിനൊപ്പം ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളും താളം തെറ്റും. യുഎന്‍എ പോലുള്ള ശക്തമായ സംഘടന സമരത്തിലേക്ക് നീങ്ങുമ്പോൾ ഉചിതമായ നടപടിയെടുക്കേണ്ട ബാധ്യത സർക്കാരിനാണ്.
വീരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ കുഴൽപ്പണവും 800 ഗ്രാം സ്വർണ്ണവും പിടികൂടി
ഇരിട്ടി:വീരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ കുഴൽപ്പണവും 800 ഗ്രാം സ്വർണ്ണവും പിടികൂടി.എക്‌സൈസ് സംഘം കിളിയന്തറ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.ബാഗിലാക്കി കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണവും സ്വർണ്ണവും.സംഭവവുമായി ബന്ധപ്പെട്ട് വയനാട് കമ്പളക്കാട് സ്വദേശി കെ.കെ മുഹമ്മദ് ഇക്‌ബാലിനെ(25) അറസ്റ്റ് ചെയ്തു.ഇരിട്ടിയുള്ള ജ്വല്ലറിലേക്ക് കൊണ്ട് പോവുകയായിരുന്നു സ്വർണ്ണമെന്ന് പറഞ്ഞെങ്കിലും രേഖകളൊന്നും ഉണ്ടായിരുന്നില്ല.പിടികൂടിയ സ്വർണ്ണവും പണവും ഇരിട്ടി പൊലീസിന് കൈമാറി.
കണ്ണൂരിൽ 17 പേർക്ക് മലമ്പനി സ്ഥിതീകരിച്ചു
കണ്ണൂർ:കണ്ണൂരിൽ 17 പേർക്ക് മലമ്പനി സ്ഥിതീകരിച്ചു.ഇതിൽ ഒൻപതുപേരും മറുനാടൻ തൊഴിലാളികളാണ്.പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുമ്പോഴും പനി പടരുന്നത് പൂർണ്ണമായും തടയാനാകാത്തത് ആശങ്കയുളവാക്കുന്നുണ്ട്.രോഗം സ്ഥിതീകരിച്ച എട്ടുപേരിൽ അയൽ സംസ്ഥാനത്ത് പഠിക്കുന്നവരും ലോറി ഡ്രൈവർമാരുമാണ് കൂടുതൽ.പനി പകരുന്നത് കണ്ടെത്താനും പ്രതിരോധിക്കുന്നതിനും ചികിൽസിക്കുന്നതിനുമായി നടപടികൾ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.രക്തപരിശോധനയിലൂടെ മാത്രമേ മലമ്പനി സ്ഥിതീകരിക്കാനാകൂ.വീടിനു ചുറ്റും പരിസര പ്രദേശങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് തടയുക,കിണറുകൾ,ടാങ്കുകൾ,വെള്ളം ശേഖരിച്ചു വെയ്ക്കുന്ന പാത്രങ്ങൾ എന്നിവയെല്ലാം കൊതുക് കടക്കാത്ത വിധത്തിൽ മൂടിവെയ്ക്കുക,ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക തുടങ്ങിയവയാണ് പനി പടരാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ. ഇടവിട്ടുള്ള പനി,വിറയൽ,പേശിവേദന,തലവേദന എന്നിവയാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. മനംപുരട്ടൽ,ഛർദി,വയറിളക്കം,ചുമ, തൊലിപ്പുറമെയും കണ്ണിനും ഉണ്ടാകുന്ന മഞ്ഞനിറം എന്നിവയും മലമ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്.
കണ്ണൂർ തോട്ടടയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
കണ്ണൂർ:കണ്ണൂർ തോട്ടടയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.തോട്ടട സമാജ്‌വാദി കോളനിയിലെ സുനിലിന്റേയും ബിപിനയുടെയും രണ്ടുമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.ഇന്നലെ രാവിലെയാണ് സംഭവം.കുഞ്ഞിനെ ആദ്യം തോട്ടട ഇഎസ്‌ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂർ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്റ്റർ നിർദേശിക്കുകയായിരുന്നു.കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ഓട്ടോയ്ക്ക് കൈകാണിച്ചെങ്കിലും കണ്ണൂരിലേക്ക് പോകാൻ ഓട്ടോഡ്രൈവർ വിസമ്മതിച്ചതായി പറയുന്നു.പിന്നീട് ബൈക്കിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. അതേസമയം ഒരു ബന്ധുവിനെ ആശുപത്രിയിൽ എത്തിക്കാൻ ഉള്ളതിനാലാണ് കുട്ടിയെ ഓട്ടോയിൽ കയറ്റാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു.