കണ്ണൂർ:പിണറായിയിൽ മാതാപിതാക്കളെയും മക്കളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവന്നു.ഇവരുടെ പടന്നക്കരയിലെ വീട്ടിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.തെളിവെടുപ്പിന് കൊണ്ടുവന്ന സൗമ്യയെ കാണാന്‍ നിരവധി നാട്ടുകാരാണ് വീടിനു പരിസരത്ത് എത്തിയത്.നാട്ടുകാര്‍ സൗമ്യക്കെതിരെ പ്രതിഷേധിക്കുകയും ഇവരെ കൂവി വിളിക്കുകയും ചെയ്തു.കൊലപാതകങ്ങളില്‍ സൗമ്യക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.എന്നാല്‍ ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മറ്റു രണ്ടുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അവരെ വിട്ടയച്ചു.സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ മൂത്തമകള്‍ ഐശ്വര്യയും കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവരെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു. സൗമ്യയുടെ രണ്ടാമത്തെ മകള്‍ ആറുവര്‍ഷം മുൻപ് മരിച്ചിരുന്നു. രണ്ടാമത്തെ മകളുടെത് സ്വാഭാവിക മരണമാണെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്.തന്റെ അവിഹിത ബന്ധത്തിന് മാതാപിതാക്കളും മകളും തടസ്സമാകുമെന്ന് മനസ്സിലാക്കിയ സൗമ്യ ഇവരെ ഭക്ഷണത്തിൽ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റിലായ സൗമ്യയെ നാലു ദിവസത്തേക്കു കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു. ചൊവ്വാഴ്ച അറസ്റ്റിലായ സൗമ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കസ്റ്റഡി അനുവദിച്ചത്.സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മാതാപിതാക്കളും മക്കളും എലിവിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വിഷം വാങ്ങി നൽകിയത് പ്രദേശത്തെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. എന്നാൽ ഇയാൾക്ക് കേസുമായി ബന്ധമൊന്നുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എലിവിഷം സാധാരണ വസ്തുവായതിനാൽ സൗമ്യ ആവശ്യപ്പെട്ടപ്പോൾ ഇയാൾ വാങ്ങി നൽകുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
തൃശൂർ പൂരം വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നൽകി
തൃശൂർ:തൃശൂർ: പ്രതിസന്ധികൾക്ക് വിരമമിട്ട് തൃശൂർ പൂരം വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി.നേരത്തെ സാമ്പിൾ വെടിക്കെട്ട് നടത്തിയപ്പോൾ ആറുപേർക്ക് പരിക്കേറ്റതിനെ തുടർന്നാണ് പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായത്.പൂരം അതിന്‍റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന് റവന്യൂ, എക്സ്പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത് പൂരപ്രേമികൾക്കും സംഘാടകർക്കുമിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. നിരോധിത വസ്തുക്കൾ കണ്ടെത്തിയിട്ടില്ല എന്ന് ജില്ലാകളക്റ്റർ അറിയിച്ചതിനെ തുടർന്നാണ് വെടിക്കെട്ടിന് അനുമതി ലഭിച്ചത്.എന്നാൽ, പാറമേക്കാവിന്‍റെ അമിട്ടുകൾ ഒരു വട്ടം കൂടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ പുലർച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കുക.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച ഈ വർഷം വെടിക്കെട്ടിന്റെ തോത് വളരെ കുറവാണ്.എന്നാൽ ഇതിനെ വർണ്ണവിസ്മയം തീർത്ത് മറികടക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം.
തിരുവനന്തപുരത്ത് വിദേശ വനിത ലിഗ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം:തിരുവനന്തപുരത്ത് ലിത്വാനിയൻ യുവതി ലിഗയെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം.ശ്വാസം മുട്ടിയാണ് ലിഗ മരണപ്പെട്ടതെന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്റ്റർമാർ പറഞ്ഞതായാണ് സൂചന. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടടക്കമുള്ള പരിശോധന ഫലങ്ങൾ ലഭിച്ചാൽ മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ.പുതിയ സാഹചര്യത്തിൽ കൊലപാതക സാധ്യത മുന്നിൽകണ്ട് പോലീസ് അന്വേഷണം തുടങ്ങി.അതിനിടെ കൂടുതൽ ദുരൂഹത ഉയർത്തി വ്യത്യസ്തമായ മൊഴികളും പോലീസിന് ലഭിക്കുന്നുണ്ട്. ലിഗ പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടുവെന്നും കണ്ടില്ലെന്നും അന്വേഷണ സംഘത്തിന് മൊഴികൾ ലഭിച്ചു. മൊഴി നൽകിയവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.ഏതാനും നാളുകൾക്ക് മുൻപ് ലിഗ പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി സമീപവാസിയായ സ്ത്രീ പറഞ്ഞതായി പ്രദേശത്ത് മീൻപിടിക്കാൻ എത്തിയ മൂന്ന് യുവാക്കൾ പോലീസിന് മൊഴി നൽകിയിരുന്നു.ഇവർ പറഞ്ഞതനുസരിച്ച് പോലീസ് ഇക്കാര്യം ചോദിച്ചപ്പോൾ താൻ കണ്ടിട്ടില്ലെന്നും യുവാക്കളോട് അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് സ്ത്രീ മൊഴി നൽകിയത്.പരസ്പര വിരുദ്ധമായ മൊഴികളിൽ വ്യക്തത വരുത്താൻ യുവാക്കളെയും സ്ത്രീയെയും പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.കേസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.സംസ്ഥാന സർക്കാരിനെയും കേരളം ടൂറിസത്തെയും പ്രതിസന്ധിയിലാക്കിയേക്കാവുന്ന സംഭവത്തിൽ പോലീസ് കരുതലോടെയാണ് നീങ്ങുന്നത്.
തൃശ്ശൂർ പൂരം ഇന്ന്;പൂരലഹരിയിൽ മുങ്ങി നഗരം
തൃശൂർ:പൂരളലഹരിയിൽ മുങ്ങി തൃശൂർ.പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്.രാവിലെ വെയിൽ മൂക്കുംമുമ്പ് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങുന്നതോടെ ചെറൂപൂരങ്ങൾ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തും.ഇതോടെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാകും. കണിമംഗലം ശാസ്താവാണ് ആദ്യം എഴുന്നള്ളുക. തുടര്‍ന്ന് പ്രശസ്തമായ മഠത്തില്‍വരവ് നടക്കും. ഉച്ചക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറമേളം. വൈകീട്ട് അഞ്ചിന് തെക്കോട്ടിറക്കവും തുടര്‍ന്ന കുടമാറ്റവും നടക്കും.വ്യാഴാഴ്ച പുലർച്ച വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയും വരെ നഗരത്തിൽ പൂരപ്പെരുമഴ പെയ്യും.മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം,മന്ത്രിമാരായ എ.സി. മൊയ്തീൻ,വി.എസ്. സുനിൽകുമാർ, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയ പ്രമുഖർ പൂരാഘോഷങ്ങളും കുടമാറ്റവും കാണാനായി പൂരനഗരിയിൽ എത്തും.നഗരത്തില്‍ വന്‍ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കടൽക്ഷോഭം;സംസ്ഥാനത്ത് ഇന്നും ജാഗ്രത നിർദേശം
തിരുവനന്തപുരം:കടൽക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ജാഗ്രത നിർദേശം നൽകി. വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള തീരപ്രദേശങ്ങളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.കേരള തീരത്ത് കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുമെന്നും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രഗവേണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നു രാത്രി 11.30 വരെ കടൽ പ്രക്ഷുബ്ധമായിരിക്കും.വടക്കുപടിഞ്ഞാറൻ കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 വരെ കിലോമീറ്റർ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
പിണറായിയിലെ ദുരൂഹ മരണങ്ങൾ കൊലപാതകം തന്നെ;അറസ്റ്റിലായ സൗമ്യ കുറ്റം സമ്മതിച്ചു
കണ്ണൂർ:കണ്ണൂർ പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവം കൊലപാതകം തന്നെ എന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യ(28) കുറ്റം സമ്മതിച്ചു. സൗമ്യയുടെ മാതാപിതാക്കളുടെയും മക്കളുടെയും മരണം ആസൂത്രിത കൊലപാതകമാണെന്ന് ഇതോടെ തെളിഞ്ഞു.സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍ (76)ഭാര്യ കമല(65)മക്കളായ ഐശ്വര്യ കിശോര്‍ (8) കീര്‍ത്തന (ഒന്നര വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്.പതിനൊന്നു മണിക്കൂർ നീണ്ടു നിന്ന ചോദ്യംചെയ്യലിനൊടുവിൽ സൗമ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.മാതാപിതാക്കളേയും ഒരു മകളേയും താന്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നു സൗമ്യ പോലീ സിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു.ഒരു കുട്ടിയുടേതു സ്വാഭാവികമരണമാണെന്നാണ് യുവതി പറയുന്നത്.കാമുകനോടൊപ്പം താമസിക്കുന്നതിന് മാതാപിതാക്കളും മകളും തടസ്സമാണെന്ന് തോന്നിയതിനാലാണ് ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് സൗമ്യ പൊലീസിന് മൊഴി നൽകി.മൂന്നു മാസം മുൻപ് മൂത്തമകൾ ഐശ്വര്യയ്ക്ക് വറുത്ത മീനിനൊപ്പം എലിവിഷം ചേർത്ത് ചോറിനൊപ്പം നൽകിയാണ് സൗമ്യ കൊലപ്പെടുത്തിയത്. പിന്നീട് രണ്ടുമാസം കഴിഞ്ഞ് മീൻ കറിയിൽ വിഷം ചേർത്ത് അമ്മയ്ക്ക് നൽകുകയായിരുന്നു. മകൾ മരിച്ച അതെ രീതിയിൽ അമ്മയും മരിച്ചതോടെ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. ഇത് മാറ്റാൻ കിണറിലെ വെള്ളത്തിൽ അമോണിയയുടെ അംശം ഉള്ളതായി സൗമ്യ പറഞ്ഞു. വെള്ളം സ്വന്തമായി ലാബിൽ കൊണ്ടുപോയി പരിശോധിച്ച ശേഷമാണ് ഇങ്ങനെ പറഞ്ഞത്.അമ്മ മരിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ ചോറിനൊപ്പം കഴിക്കാൻ നൽകിയ രസത്തിൽ വിഷം കലർത്തി അച്ഛനെയും കൊലപ്പെടുത്തി.എന്നാൽ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ വിഷം ചെറിയ തോതിൽ പലതവണയായാണ് ശരീരത്തിലെത്തിയതെന്ന് സംശയമുണ്ട്. തുടരന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.തുടർച്ചയായ മൂന്നു മരണങ്ങളിൽ നാട്ടുകാർ സംശയം ഉന്നയിച്ചതോടെ തനിക്കും രോഗം ബാധിച്ചതായി സൗമ്യ പ്രചരിപ്പിച്ചു.ഒരാഴ്ച മുൻപ് തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പോലീസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്.
പുതിയതെരു കോട്ടക്കുന്നിൽ ദേശീയപാത സർവ്വേ നടപടികൾ നാട്ടുകാർ തടഞ്ഞു;സ്ഥലത്ത് സംഘർഷം
കണ്ണൂർ:ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സർവേയിൽ പുതിയതെരു കോട്ടക്കുന്നിൽ സംഘർഷം.സർവ്വേ നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.ഇതോടെ പോലീസ് സ്ഥലത്തെത്തി.ഇതിനിടെ സർവ്വേ ഉപകരണങ്ങൾ സമരക്കാർ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.ഇതോടെ പോലീസ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.ദേശീയപാത സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കോട്ടക്കുന്നിൽ നാട്ടുകാർ നേരത്തെയും തടഞ്ഞിരുന്നു.നിലവിൽ ഉണ്ടായിരുന്ന അലൈന്മെന്റ് മാറ്റി പുതിയ അലൈന്മെന്റ് പ്രകാരം സർവ്വേ നടത്തുന്നതിനെതിരെയാണ് നാട്ടുകാർ സമരം നടത്തുന്നത്.ചില വ്യക്തികൾക്ക് വേണ്ടി പഴയ അലൈന്മെന്റ് മാറ്റിയെന്നും സമരക്കാർ ആരോപിക്കുന്നു.
കെഎസ്ആർടിസിയിൽ കണ്ടക്റ്റർമാർക്ക് കൂട്ടസ്ഥലമാറ്റം
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ കണ്ടക്റ്റർമാർക്ക് കൂട്ട സ്ഥലംമാറ്റം.285 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.സ്ഥിരമായി സര്‍വ്വീസ് തടസ്സപ്പെടുന്ന മേഖലകളിലേക്ക് 3 മാസത്തേക്കാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ ഉത്തരവ് ലഭിച്ച ജീവനക്കാര്‍ നാളെ ജോലിയില്‍ പ്രവേശിക്കണം. നിരവധി വനിത ജീവനക്കാര്‍ക്കും മാറ്റം ലഭിച്ചിട്ടുണ്ട്.സ്ഥിരമായി സര്‍വീസ് മുടങ്ങുന്നുവെന്ന് ആക്ഷേപമുള്ള മലബാര്‍ മേഖലയും മലയോര മേഖലകളും കേന്ദ്രീകരിച്ചാണ് സ്ഥലം മാറ്റം. വര്‍ക്കിങ് അറേഞ്ചുമെന്റ് വ്യവസ്ഥയിലാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കാസര്‍കോട് യൂണിറ്റിലേക്കാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ സ്ഥലം മാറ്റിയിരിക്കുന്നത്. 52 പേര്‍. കാഞ്ഞങ്ങാടിലേക്ക് 49 പേരെയും വെഞ്ഞാറമൂട്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവിടങ്ങളിലേക്ക് 30 പേരെ വീതവും സ്ഥലം മാറ്റി. ഇടുക്കി, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് അമ്പതോളം ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്. ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റ ശേഷം സര്‍വീസ് മുടങ്ങുന്ന റൂട്ടുകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വരുമാനമുള്ള മേഖലകളില്‍ സ്ഥിരമായി സര്‍വ്വീസ് മുടങ്ങുന്നത് കെഎസ്ആര്‍ടിസിയുടെ ദിവസ വരുമാനത്തില്‍ വലിയ കുറവ് വരുത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ പരിഷ്കരണം.
കടൽഷോഭം;തലശ്ശേരിയിൽ മൽസ്യമാർക്കറ്റിനു സമീപത്തുള്ള തീരദേശ റോഡ് തകർന്നു
കണ്ണൂർ:ജില്ലയിൽ ഇന്നലെയുണ്ടായ രൂക്ഷമായ കടൽക്ഷോഭത്തിൽ തലശ്ശേരി മൽസ്യമാർക്കറ്റിനു സമീപത്തുള്ള തീരദേശ റോഡ് തകർന്നു.തിങ്കളാഴ്ച ഉച്ചയോടെയാണ് കടൽക്ഷോഭം രൂക്ഷമായത്. തിരണ്ടി,സ്രാവ് എന്നിവയുടെ മൊത്ത വ്യാപാരം നടക്കുന്ന മൽസ്യമാർക്കറ്റിന് 20 മീറ്റർ അകലെയുള്ള തീരദേശ റോഡാണ് തകർന്നത്.ഇതോടെ നൂറുകണക്കിന് മൽസ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന ചെറുകിട-മൊത്തവ്യാപാരം താറുമാറായി.കടലേറ്റം ഇന്നും തുടർന്നാൽ റോഡ് പൂർണ്ണമായും തകരുമെന്ന ആശങ്കയിലാണ് മൽസ്യത്തൊഴിലാളികൾ. റോഡ് തകർന്നതോടെ മൽസ്യം ഇറക്കാനെത്തുന്ന ലോറികൾക്ക് ഇവിടേക്ക് എത്തിച്ചേരാനാകില്ല. ഇവിടെ കരിങ്കൽ ഭിത്തി കെട്ടി റോഡ് പൂർവ്വസ്ഥിതിയിലാക്കിയാൽ മാത്രമേ മൽസ്യ വ്യാപാരം പൂർവസ്ഥിതിയിലാകൂ.അതിന് ഇനിയും മാസങ്ങളെടുക്കും.റോഡ് തകർച്ചയെ തുടർന്ന് സമീപത്തുള്ള വൈദ്യുത തൂണുകൾ ഏതു സമയവും നിലംപൊത്താറായിരിക്കുകയാണ്. അടിയന്തിരമായി കടൽഭിത്തി കെട്ടിയില്ലെങ്കിൽ തലശ്ശേരിയിലെ മത്സ്യവ്യാപാരം പൂർണ്ണമായും തകർച്ചയിലാകുമെന്ന് മൽസ്യ മൊത്തവ്യാപാരിയായ ഫൈസൽ പറഞ്ഞു. കടൽഭിത്തി കെട്ടി മത്സ്യമാർക്കറ്റ് സംരക്ഷിക്കാത്ത പക്ഷം തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
നഴ്സുമാർക്ക് പുതുക്കിയ ശമ്പളം നൽകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകൾ
കൊച്ചി:സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പുതുക്കിയ ശമ്പളം നൽകാനാവില്ലെന്ന് ആശുപത്രി മാനേജ്മെന്റുകൾ. ഭീഷണിപ്പെടുത്തി നേടിയ ശമ്പള വർധനവാണിതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ അറിയിച്ചു.നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി മാനേജ്മെന്റുകൾ.പുതുക്കിയ മിനിമം വേതനം നൽകിയാൽ ആശുപത്രികൾ പൂട്ടേണ്ടി വരുമെന്നും അല്ലാത്തപക്ഷം ചികിത്സ നിരക്ക് കൂട്ടേണ്ടി വരുമെന്നും മാനേജ്‌മെന്റുകൾ അറിയിച്ചു.വിഷയം ചർച്ച ചെയ്യാൻ മാനേജ്‌മന്റ് പ്രതിനിധികൾ വ്യാഴാഴ്ച എറണാകുളത്ത് യോഗം ചേരും.അതേസമയം വർധിപ്പിച്ച ശമ്പളം ഈ മാസം മുതൽ നഴ്സുമാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് യുഎൻഎ ആശുപത്രികൾക്ക് നോട്ടീസ് നൽകി. ആവശ്യം അംഗീകരിക്കാത്ത പക്ഷം സമരം നടത്തുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.