തിരുവനന്തപുരം:കോവളത്ത് വിദേശ വനിതാ ലിഗ കൊല്ലപ്പെട്ടത് മാനഭംഗത്തിന് ശേഷമെന്ന് പോലീസ് റിപ്പോർട്ട്.കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവർ കുറ്റം സമ്മതിച്ചതായാണു സൂചന. ഇവരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടും പൊലീസിന് ലഭിച്ചു കഴിഞ്ഞു.മൃതദേഹം കണ്ടെത്തിയതിനു സമീപത്തുനിന്നും കണ്ടെത്തിയ മുടിനാരുകളും പ്രതികളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായവരിൽ ഉമേഷാണ് കേസിലെ മുഖ്യപ്രതിയെന്നും ഇയാൾ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പോലീസിനു നേരത്തെ ലഭിച്ചിരുന്നു. ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന ലിഗയെ സമീപിച്ച ഇവർ കഞ്ചാവും കാഴ്ചകളും വാഗ്ദാനം നൽകി ലിഗയെ വാഴമുട്ടത്ത് എത്തിക്കുകയായിരുന്നു.ഫൈബർ ബോട്ടിലാണ് ഇവരെ കണ്ടൽക്കാട്ടിലെത്തിച്ചത്.പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതികളുടെ കുറ്റസമ്മതം.ആറുദിവസത്തിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചിരിക്കുന്നു.കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് യഥാസമയം നൽകുന്നുണ്ടെന്നും പോലീസ് അന്വേഷണത്തിൽ തൃപ്തയാണെന്നും ലീഗയുടെ സഹോദരി ഇലിസ് പറഞ്ഞു.
മൊബൈൽ കണക്ഷന് ഇനി മുതൽ ആധാർ നിർബന്ധമല്ല
ന്യൂഡൽഹി:മൊബൈല്‍ കണക്ഷന് ഇനി മുതൽ ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം.ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു.2017 ജൂണിലാണ് മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയത്. വിഷയത്തില്‍ വിശദമായ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാറിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
പെരുമ്പടവിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു
പെരുമ്പടവ്:പെരുമ്പടവ് തലവിൽ റോഡിലെ വലിയ വളവിൽ പാചകവാതക സിലിണ്ടർ നിറച്ചുവന്ന ലോറി മറിഞ്ഞു.തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോട് കൂടിയാണ് അപകടം നടന്നത്.കോഴിക്കോട് ചേളാരിയിലെ ഇൻഡെയ്‌ൻ പ്ലാന്റിൽ നിന്നും പാചക വാതകവുമായി ചെറുപുഴ ഏജൻസിയുടെ തിമിരി കൂത്തമ്പലത്തെ സംഭരണ ശാലയിലേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണവിട്ട് മറിഞ്ഞത്.ലോറിയിലിണ്ടായിരുന്ന സിലിണ്ടറുകൾ റോഡിലും പരിസരങ്ങളിലും ചിതറി വീണു.ഇതറിഞ്ഞ നാട്ടുകാർ പരിഭ്രാന്തിയിലായി.അപകടം നടന്ന റോഡിലെ വലിയ ഇറക്കവും ഒരുഭാഗത്തെ ചെരിവുമാണ് അപരിചിതരായ ഡ്രൈവർമാർക്ക് അപകടമുണ്ടാക്കുന്നത്.സ്ഥിരം അപകടമേഖലയായ ഇവിടെ മെക്കാഡം ടാറിങ്ങിനു ശേഷം നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്.
പി.പി ലക്ഷ്മണന് അന്ത്യാഞ്ജലി;കണ്ണൂർ നഗരത്തിൽ നാളെ സർവകക്ഷി ഹർത്താൽ
കണ്ണൂർ:സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകനും ഫുട്ബോൾ സംഘടകനുമായ പി.പി ലക്ഷ്മണന് നാടിൻറെ അന്ത്യാഞ്ജലി.തിങ്കളാഴ്ച്ച പുലർച്ചെ ഒന്നരമണിയോട് കൂടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം അന്തരിച്ചത്.അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ(ഫിഫ)അപ്പീൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനാണ് അദ്ദേഹം.അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുൻ എക്സിക്യൂട്ടീവ് പ്രസിഡന്റ്,ഫെഡറേഷന്റെ ഓണററി സെക്രെട്ടറി,കേരള ഫുട് ബോൾ അസോസിയേഷൻ പ്രസിഡന്റ്,എഐഎഫ്എഫ് ജൂനിയർ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ,ഖജാൻജി, സെക്രെട്ടറി,സീനിയർ വൈസ് പ്രസിഡന്റ്,ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം,ഫെഡറേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ,ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ മത്സരകമ്മിറ്റി അംഗം,സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.കണ്ണൂർ നഗരസഭാ ചെയർമാൻ,റെയ്ഡ്കോ ചെയർമാൻ,കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.ഭാര്യ ഡോ.പ്രസന്ന. മക്കൾ:ഡോ.സ്മിത,ലസിത്,നമിത, നവീൻ. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ കണ്ണൂർ ട്രെയിനിങ് കോളേജിന് സമീപത്തുള്ള വീട്ടിലെത്തിച്ചു. ജനപ്രതിനിധികളും കായിക പ്രേമികളും അടക്കം നിരവധിപേരാണ് അന്തിമോപചാരം അർപ്പിക്കാനായി വീട്ടിലേക്ക് എത്തുന്നത്. ബുധനാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക് മൃതദേഹം കണ്ണൂർ കോർപറേഷൻ ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിനു വെയ്ക്കും.ശേഷം വൈകുന്നേരം നാലുമണിക്ക് പയ്യാമ്പലത്തു സംസ്‌കരിക്കും.സംസ്ക്കാര ചടങ്ങുകൾ നടക്കുന്ന ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കണ്ണൂർ നഗരത്തിൽ സർവകകഷി ഹർത്താൽ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.ബുധനാഴ്ച വരെ കോൺഗ്രസ് ദുഃഖാചരണം നടത്തും.കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും എല്ലാ പരിപാടികളും മാറ്റിവെച്ചതായും സതീശൻ പാച്ചേനി അറിയിച്ചു.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡൽഹി:മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുബൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് ശുഹൈബിന്‍റെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.കേസിലെ തെളിവ് നശിപ്പിക്കപ്പെടും മുൻപ് സ്വതന്ത്രമായ അന്വേഷണത്തിന് കേസ് സിബിഐക്ക് കൈമാറണം എന്നാണ് ഹർജിയിലെ ആവശ്യം. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണ് ഇവർക്കുവേണ്ടി കോടതിയിൽ വേണ്ടി ഹാജരാകുന്നത്. ശുഹൈബ് വധക്കേസിൽ ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകുകയായിരുന്നു
ഇന്ന് സാർവദേശീയ തൊഴിലാളി ദിനം;ഇന്ന് മുതൽ കേരളത്തിൽ നോക്കുകൂലിയില്ല
തിരുവനന്തപുരം:ഇന്ന് സാർവദേശീയ തൊഴിലാളി ദിനം.ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്.1886 ഇൽ അമേരിക്കയിലെ ചിക്കാഗോ നഗരത്തിലെ തെരുവീഥികളിൽ മരിച്ചു വീണ നൂറുകണക്കിന് തൊഴിലാളികളുടെയും ആ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ കൊലമരത്തിൽ ഏറേണ്ടിവന്ന തൊഴിലാളി നേതാക്കളുടെയും സ്മരണാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത്.തൊഴിലിനും തൊഴിൽ അവകാശങ്ങൾക്കും രാജ്യത്തിന്റെയോ ഭാഷയുടെയോ അതിവരമ്പുകളില്ലെന്നും എല്ലാ തൊഴിലാളികളുടെയും അടിസ്ഥാന പ്രശനം ഒന്ന് തന്നെയാണെന്നും ഈ ദിവസം ഓർമിപ്പിക്കുന്നു.എട്ടു മണിക്കൂർ ജോലി,എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന തൊഴിലാളികളുടെ ദീർഘനാളത്തെ ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ ഓർമ്മയാണ് മെയ് ദിനം പങ്കുവെയ്ക്കുന്നത്.ലോക തൊഴിലാളി ദിനമായ ഇന്ന് മുതൽ കേരളത്തിൽ നോക്കുകൂലി സമ്പ്രദായം നിർത്തലാക്കും.ഇത് സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.ചുമട്ടു തൊഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പിലെ ഒന്ന്,രണ്ട് ഉപവകുപ്പുകളിൽ ഭേദഗതി വരുത്തിയാണ് നോക്കുകൂലി സമ്പ്രദായം നിർത്തലാക്കിയത്.ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെട്ടുന്നതുൾപ്പെടെ കേരളത്തിലെ ചുമട്ടുതൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴിൽ സംസ്ക്കാരം പ്രാവർത്തികമാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ്.തൊഴിൽ മേഖലകളിൽ യൂണിയനുകൾ തൊഴിലാളികളെ വിതരണം ചെയ്യന്നതിന് അവകാശമുന്നയിക്കുന്നതും നിരോധിച്ചു.ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം:വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.ബസ്സുടമകൾ ഔദ്യോഗികമായി ഇതുവരെ ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും ഇവരുടെ അമിതാവേശം നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.ജൂൺ ഒന്നുമുതൽ സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പ്രതിദിനമുള്ള ഇന്ധന വിലവർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് കൺസഷൻ നിർത്തലാക്കുമെന്ന് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ പ്രഖ്യാപിച്ചത്.എന്നാൽ ഇത് സംബന്ധിച്ച് ബസ് ഉടമകൾക്കിടയിൽ ഭിന്നത ഉടലെടുത്തിരുന്നു.വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ തുടരുമെന്ന് ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.കൺസെഷൻ നിർത്തലാക്കാനുള്ള അധികാരം ബസ്സുടമകൾക്കില്ലെന്നും ഇത് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ പറഞ്ഞു.കൺസെഷൻ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്‌യു, എസ്എഫ്ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും മുന്നോട്ട് വന്നിരുന്നു.കൺസെഷൻ നൽകിയില്ലങ്കിൽ ബസ്സുകൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് ഇവർ മുന്നറിയിപ്പ് നൽകി.
നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി
കണ്ണൂർ:നഗരത്തിൽ കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.ഒൻപതു ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.ഇതിൽ ആറു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.താളിക്കാവിലെ ശ്രീ വൈഷ്ണവ്,എസ്.എൻ പാർക്ക് റോഡിലെ കിസ്മത്ത്,സ്നാക്സ് കോർണർ,ഗൗരിശങ്കർ,റെയിൽവേ സ്റ്റേഷൻ പരിസരത്തെ എം ആർ എ റെസ്റ്റോറന്റ്,മുനീശ്വരൻ കോവിൽ റോഡിലെ കൈപ്പുണ്യം എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഫ്രീസറിൽ സൂക്ഷിച്ച വേവിച്ച പഴകിയ ഇറച്ചി,കറുത്ത നിറത്തിലുള്ള പാചക എണ്ണ,ദിവസങ്ങളോളം പഴക്കമുള്ള പാൽ,പഴകിയ ബിരിയാണി,പാകം ചെയ്ത കൂന്തൽ,ചപ്പാത്തി,അയക്കൂറ ഉൾപ്പെടെയുള്ള പഴകിയ മീനുകൾ,കോഴി പൊരിച്ചത്, എന്നിവയൊക്കെയാണ് പിടികൂടിയത്.ചില ഹോട്ടലുകളിൽ മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസുകൾ നൽകിയിട്ടുണ്ട്.ഇവർ മൂന്നു ദിവസത്തിനുള്ളിൽ ഇതിനു മറുപടി നൽകണം.പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
കോവളത്തെ കണ്ടൽക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം:കോവളത്തെ കണ്ടൽക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.കഴുത്തിൽ കൈകൊണ്ട് ഞെരിച്ചൊ കാൽ കൊണ്ട് കഴുത്തിൽ ചവിട്ടിപ്പിടിച്ചോ ആണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടായിരുന്നു.ഇത് ശ്വാസതടസ്സം മൂലം ഉണ്ടായതാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിരീക്ഷണം. ഇവരുടെ ശരീരത്തിൽ പത്തിലേറെ മുറിവുകളുണ്ട്.തൈറോയ്ഡ് ഗ്രന്ഥികളും തകർന്നിട്ടുണ്ട്.കഴുത്തിലെ തരുണാസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്.സംഘംചേർന്ന് അക്രമിച്ചതിന്റെ തെളിവുകളും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.എന്നാൽ മൃതദേഹം ജീർണ്ണിച്ചിരുന്നതിനാൽ മാനഭംഗം നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. ലീഗയുടെ കാസഗത്തിലും കാലിലും കണ്ടെത്തിയ മുറിവുകൾ മൽപ്പിടുത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.തൂങ്ങിമരിച്ചാലുണ്ടാകുന്ന പരിക്കല്ല മൃതദേഹത്തിലുള്ളത്.കഴുത്ത് ഒടിഞ്ഞ നിലയിൽ ലിഗയെ മരത്തിൽ ചാരി നിർത്തി കൊലയാളി രക്ഷപ്പെട്ടതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അഞ്ചുപേരിൽ രണ്ടുപേരിലേക്കാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. പോലീസ് സംശയിക്കുന്ന കൊലയാളി മയക്കുമരുന്നിന് അടിമയാണ്.കോവലത്തെത്തിയ ലിഗയെ പ്രതി സൗഹൃദം ഭാവിച്ച് കണ്ടൽക്കാട്ടിൽ കൊണ്ടുപോയതാകാമെന്ന് പോലീസ് പറയുന്നു.ഐജി മനോജ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വഴക്കുളത്തെ കണ്ടൽക്കാട്ടിൽ വിശദമായ പരിശോധന നടത്തി.പോലീസ് കണ്ടെടുത്ത രണ്ടു ചെറു ബോട്ടുകൾ ഫോറൻസിക് പരിശോധനകൾക്ക് ശേഷം കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് തട്ടിയെടുക്കാൻ ശ്രമം
ബെംഗളൂരു:ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് തട്ടിയെടുക്കാൻ ശ്രമം.ഇന്നലെ രാത്രി മൈസൂരു-ബെംഗളൂരു റോഡിൽ ആർ വി കോളേജിന് സമീപത്തു വെച്ചാണ് സംഭവം.വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട ലാമ ബസ്സാണ് ബൈക്കിലെത്തിയ നാലംഗ സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്.ബസ്സിൽ 42 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബെംഗളൂരുവിലെ കലാസിപാളയത്ത് നിന്നും ബസ് പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് സിനിമയെ വെല്ലുന്ന രീതിയിൽ ബസ് തട്ടിയെടുക്കാൻ ശ്രമിച്ചത്. രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ആദ്യം ബസ് തടഞ്ഞു നിർത്തുകയായിരുന്നു. പോലീസുകാരാണെന്ന് പറഞ്ഞായിരുന്നു ഇവർ ബസ് തടഞ്ഞത്.തുടർന്ന് ഡ്രൈവറോട് ഡ്രൈവിംഗ് സീറ്റിൽ നിന്നും മാറാൻ ആവശ്യപ്പെട്ടു.ഡ്രൈവർ ഇറങ്ങിയതിനു പിന്നാലെ സംഘത്തിലൊരാൾ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.ഇതോടെയാണ് സംഭവത്തിൽ പന്തികേടുണ്ടെന്ന് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും മനസ്സിലായത്.പിന്നീട് ബസ്സിനെ ഇവർ ഒരു ഗോഡൗണിലേക്കാണ് കൊണ്ടുപോയത്.ഈ സമയത്തെല്ലാം യാത്രക്കാർ ബഹളം വെയ്ക്കുകയും തങ്ങളെ വിട്ടയക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടുകയും ചെയ്യുന്നുണ്ടായിരുന്നു.എന്നാൽ ആരെയും വിടില്ലെന്നായിരുന്നു ഇവരുടെ മറുപടി.ഇതിനിടെ ബസ് ഒരു ഗോഡൗണിൽ എത്തിയിരുന്നു.ഗോഡൗണിൽ ഇവരുടെ സംഘത്തിൽപ്പെട്ട ആറുപേർ കൂടി ഉണ്ടായിരുന്നു. എന്നാൽ ബസ് തട്ടിയെടുത്ത സമയത്തു തന്നെ യാത്രക്കാരിലൊരാൾ രാജേശ്വരി നഗർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു.തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇവരിൽ നിന്നും ബസ്സും യാത്രക്കാരെയും മോചിപ്പിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം സംഭവത്തിൽ ദുരൂഹതയിലെന്നും വായ്‌പ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബസ് പിടിച്ചെടുക്കാൻ വന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.പോലീസ് അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.