കുറക്കൻമൂലയിലെ കടുവാ വേട്ട;വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കം;മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്

keralanews tiger hunting in kurukkanmoola dispute with forest officials case against mananthavady municipal councilor

വയനാട്: കുറക്കൻമൂലയിലെ കടുവാ വേട്ടയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായ സംഭവത്തിൽ മാനന്തവാടി നഗരസഭാ  കൗണ്‍സിലര്‍ക്കെതിരെ കേസ്.വിപിൻ വേണുഗോപാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് മാനന്തവാടി പോലീസിന്റെ നടപടി. ഇന്നലെ രാവിലെ പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി വിപിൻ വേണുഗോപാൽ തർക്കത്തിലേർപ്പെട്ടിരുന്നു.രാത്രി 12.30 ഓടെ പ്രദേശത്ത് കടുവയെ കണ്ടെത്തിയത് അറിയിച്ചിട്ടും ഒരു ബീറ്റ് ഓഫീസറും ഡ്രൈവറും മാത്രമാണ് സ്ഥലത്ത് എത്തിയത്. വിപിന്റെ നേതൃത്വത്തിൽ നാട്ടുകാരാണ് എല്ലാ വീടുകളിലും മുന്നറിയിപ്പ് നൽകിയത്. ഇത് ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിലേക്ക് നീണ്ടത്. കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദനം, അന്യായമായി തടഞ്ഞുവെക്കൽ, അസഭ്യം പറയൽ തുടങ്ങിയതിനെതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 20 ദിവസമായി ഇവിടെ കടുവയെ പിടികൂടാനുള്ള തെരച്ചില്‍ തുടരുകയാണ്.മാനന്തവാടി നഗരസഭയിലെ എട്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.അതിനിടെ ഇന്ന് രാവിലെയും കുറുക്കൻ മൂല പി.എച്ച്.എസ്.സിക്ക് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.

വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം; അന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റില്‍

keralanews fire in vatakara thaluk office andrapradesh native arrested

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്ധ്രാപ്രദേശ് സ്വദേശിയെ അറസ്റ്റുചെയ്തു. സതീഷ് നാരായണന്‍(37) എന്നയാളാണ് അറസ്റ്റിലായത്.മാനസിക അസ്വാസ്ഥ്യമുള്ള ഇയാള്‍ ഇതിനു മുൻപും താലൂക്ക് ഓഫീസ് പരിസരത്ത് തീയിടാന്‍ ശ്രമിച്ചിരുന്നു. ഇയാളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. താലൂക്ക് ഓഫീസ് പരിസരത്ത് ഇയാൾ നേരത്തേയും തീയിടാൻ ശ്രമിച്ചിട്ടുണ്ട്. ഇന്നലെ താലൂക്ക് ഓഫീസിലെ തീപിടുത്തവുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നറിയാൻ വിശദമായി ചോദ്യം ചെയ്യും.തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ ആരംഭിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് വടകര പഴയ സ്റ്റാന്‍ഡിന് സമീപത്തെ താലൂക്ക് ഓഫിസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗവും ഓഫീസ് ഫയലുകളും രേഖകളും കംപ്യൂട്ടറുകളും കത്തി നശിച്ചു. താലൂക്ക് ഓഫീസില്‍ നിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്.

കോഴിക്കോട് തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവും മരിച്ചു

keralanews young man whotried to commit suicide after pouring petrol on a woman in thikkodi kozhikode also died

കോഴിക്കോട്: തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവും മരിച്ചു.ന്ദകുമാർ(31) ആണ് മരിച്ചത്.99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. യുവാവ് തീകൊളുത്തിയ കൃഷ്ണപ്രിയ എന്ന യുവതി ഇന്നലെ മരിച്ചിരുന്നു.ഇന്നലെയാണ് തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്. പ്രണയ നൈരാശ്യമായിരുന്നു കൊലപാതക ശ്രമത്തിനു പിന്നിൽ. യുവതിയെ ആദ്യം കുത്തുകയും പിന്നീട് പെട്രോൾ ഒഴിച്ച് തീയിടുകയുമായിരുന്നു. പിന്നാലെ യുവാവും സ്വയം തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.സംഭവത്തിൽ പൊള്ളലേറ്റ ഇരുവരെയും ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ടോടെ യുവതി മരണത്തിന് കീഴടങ്ങി. ഏറെ കാലമായി കൃഷ്ണ പ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കളും അയൽവാസികളും പറഞ്ഞു. അടുത്തിടെ പെൺകുട്ടിയുടെ ഫോണും ഇയാൾ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നു.

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ രോഗ ബാധിതരുടെ എണ്ണം ഏഴായി

keralanews omicron confirmed in two more persons in the state total number of cases was seven

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം ഏഴായി. യുഎഇയിൽ നിന്നെത്തിയ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.ഡിസംബര്‍ എട്ടിന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്.കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം യുഎഇയെ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരും 11, 12 തീയതികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി.അതില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ചു. അതിലാണ് ഇരുവര്‍ക്കും ഓമിക്രോണ്‍ സ്ഥിരീകരിച്ചത്. ഭര്‍ത്താവിന്റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ആറു പേരും ഭാര്യയുടെ പ്രാഥമിക സമ്പർക്ക  പട്ടികയില്‍ ഒരാളുമാണുള്ളത്. 54 യാത്രക്കാരാണ് വിമാനത്തി ലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമർക്കം പുലര്‍ത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു.ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഓമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നി രീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ല.

കോഴിക്കോട് തിക്കോടിയിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു;യുവാവിന്റെ നില അതീവ ഗുരുതരം

keralanews women who was set on fire by man in kozhikkode thikkodi died

കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് കാട്ടുവയൽ സ്വദേശി കൃഷ്ണപ്രിയ ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.പ്രണയ നൈരാശ്യത്തിന്റെ പേരിലായിരുന്നു കൊലപാതക ശ്രമം. ഇന്ന് രാവിലെയാണ് സംഭവം. ആദ്യം കുത്തുകയും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. പിന്നാലെ യുവാവും സ്വയം തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. 70 ശതമാനം പൊള്ളലോടെയാണ് കൃഷ്ണപ്രഭയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും.തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്‌ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ.തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകളാണ്. തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു എന്ന നന്ദുലാല്‍ ആണ് തീകൊളുത്തിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്.പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തി കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നന്ദു സ്വയം പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ ആന്മഹത്യക്ക് ശ്രമിച്ചു.കരച്ചില്‍ കേട്ട് ഓടിയെത്തിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരാണ് വെള്ളമൊഴിച്ച്‌ തീ കെടുത്തിയത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീകൊളുത്തും മുൻപ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി കൃഷ്ണപ്രിയ മൊഴി നല്‍കി.ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു.വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അത് അനുസരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ ചീത്ത പറയുമായിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തി.കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് പെണ്‍കുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനഹാനി ഭയന്നാണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് 3471 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;22 മരണം; 4966 പേർ രോഗമുക്തി നേടി

keralanews 3471 corona cases confirmed in the state today 22 deaths 4966 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3471 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂർ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂർ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട് 90, കാസർഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 221 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,189 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3250 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4966 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 859, കൊല്ലം 535, പത്തനംതിട്ട 145, ആലപ്പുഴ 72, കോട്ടയം 561, ഇടുക്കി 166, എറണാകുളം 760, തൃശൂർ 481, പാലക്കാട് 71, മലപ്പുറം 93, കോഴിക്കോട് 728, വയനാട് 103, കണ്ണൂർ 327, കാസർഗോഡ് 65 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

കണ്ണൂരിൽ ബസും കാറും കൂട്ടിയിടിച്ച്‌ ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു

keralanews deshabhimanyi worker died in accident in kannur

കണ്ണൂർ: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു.ദേശാഭിമാനി കണ്ണൂര്‍ യൂനിറ്റ് സര്‍കുലേഷന്‍ ജീവനക്കാരൻ മയ്യില്‍ കയരളം സ്വദേശി ഇ ടി ജയചന്ദ്രന്‍ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ മാങ്ങാട്ടെ വീട്ടില്‍ നിന്ന് ദേശാഭിമാനി ഓഫീസിലേക്ക് വരുമ്പോൾ വേളാപുരത്ത് വച്ചാണ് അപകടം നടന്നത്. കാറിനുള്ളില്‍ കുടുങ്ങിയ ജയചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരേതനായ കെ എം രാഘവന്‍ നമ്പ്യാരുടെയും എ പി യശോദയുടെയും മകനാണ്. മാങ്ങാട്ട് എല്‍ പി സ്‌കൂള്‍ പ്രീ പ്രൈമറി അധ്യാപിക ജ്യോതിയാണ് ഭാര്യ. മക്കള്‍: അനഘ (തലശേരി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി), ദേവദര്‍ശ് (മാങ്ങാട് എല്‍പി സ്‌കൂള്‍).

നടി ആക്രമിക്കപ്പെട്ട കേസ്; കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു

keralanews actress attack case dileep withdraws discharge petirion submitted in supreme court

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിച്ചത്.സാക്ഷി വിസ്താരം വിചാരണ കോടതിയില്‍ അവസാന ഘട്ടത്തില്‍ എത്തിയ സാഹചര്യത്തിലാണ് പിന്മാറ്റം. എറണാകുളത്തെ വിചാരണ കോടിതിയിലാണ് നിലവിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് ഇതുവരെ 200 ഓളം സാക്ഷികളെ വിചാരണ ചെയ്തു. ഈ സാഹചര്യത്തിൽ വീണ്ടും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് ഹർജി പിൻവലിച്ച് ദിലീപിന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. നേരത്തെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട്  ദിലീപ് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ താൻ പ്രതിമാത്രമല്ല ഇരകൂടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.അതുകൊണ്ട് തന്നെ കേസ് നിലനിൽക്കില്ലെന്നും ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

പഞ്ചായത്ത് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയായ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച ശേഷം യുവാവ് സ്വയം തീ കൊളുത്തി; ഇരുവരും ഗുരുതരാവസ്ഥയിൽ

keralanews man set himself on fire after pouring petrol and set fire on lady a temporary employee of panchayath both in critical condition

കോഴിക്കോട്: യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച ശേഷം യുവാവ് സ്വയം തീ കൊളുത്തി. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയാണ് ആക്രമണത്തിനിരയായത്. തിക്കോടി സ്വദേശിയായ നന്ദു എന്ന യുവാവാണ് കൃഷ്ണപ്രിയയെ ആക്രമിച്ചതെന്നാണ് വിവരം. കൃഷ്ണപ്രിയയുടെ അയല്‍വാസിയാണ് ഇയാള്‍. ഇരുവരും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.മൂന്ന് ദിവസം മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്.രാവിലെ ഓഫീസിലേക്കെത്തിയ കൃഷ്ണപ്രിയ ഉള്ളിലേക്ക് കടക്കാന്‍ തുടങ്ങുപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിലുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. ഇരുവര്‍ക്കും 70 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്. നന്ദുവിനും കൃഷ്ണപ്രിയക്കും ചെറുതായി സംസാരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നും വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

keralanews test results of two people in the primary contact list of a person from congo who confirmed omikron is negative

കൊച്ചി:എറണാകുളത്ത് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയ ആളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരാൾ ഇയാളുടെ സഹോദരനും മറ്റേയാൾ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്. 7 ദിവസം വരെ ഇവർ കർശന നിരീക്ഷണത്തിലായിരിക്കും. ഇവർക്ക് രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.അതേസമയം, ഹൈ-റിസ്‌ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും വീണാ ജോർജ് അറിയിച്ചിരുന്നു. ഒമിക്രോൺ സാഹചര്യത്തിൽ വാക്‌സിനേഷൻ ഡ്രൈവ് ശക്തിപ്പെടുത്തും. നാളെയും മറ്റന്നാളും പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കും. വാക്‌സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.