തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ.പൊള്ളാച്ചി സ്വദേശി സുജയ് (32), ഭാര്യ കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് പിടിയിലായത്. കണ്ണൂരിലെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.ഇവരെ തമിഴ്‌നാട് പൊലീസിന് കൈമാറി.ചൊവ്വാഴ്ചയാണ് കോയമ്പത്തൂര്‍ എടയാര്‍പാളയം സ്വദേശിനി സുബ്ബലക്ഷ്മി(20) മരിച്ചത്. സ്വകാര്യ കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ സുബ്ബലക്ഷ്മിയെ സുജയിയുടെ ഫ്‌ലാറ്റിലാണ് കഴുത്തില്‍ കുത്തേറ്റ നിലയില്‍ കണ്ടെടുകയായിരുന്നു. സുജയും സുബ്ബലക്ഷ്മിയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. രണ്ടുവര്‍ഷം മുന്‍പ് സുജയ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.ഇവര്‍ പൊള്ളാച്ചി കോട്ടാംപട്ടിയിലെ ഗൗരിനഗറിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. അടുത്തിടെ, ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സുജയിന്റെ ഭാര്യ നാട്ടില്‍പ്പോയിരുന്നു. ചൊവ്വാഴ്ച സുജയിയുടെ ഫ്‌ലാറ്റില്‍ എത്തിയ സുബ്ബലക്ഷ്മി യുവാവുമായി വഴക്കിട്ടു. അതിനിടെയാണ് കൊലപാതകം നടന്നത് എന്നും പൊലീസ് പറഞ്ഞു.സുബ്ബലക്ഷ്മിയെ കുത്തിയ കാര്യം അമ്മയെ അറിയിക്കുകയും മരണം പൊലീസിനെ അറിയിക്കാന്‍ അമ്മയോട് ആവശ്യപ്പെട്ടതിന് ശേഷം സുജയ് ഒളിവില്‍ പോവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.കൊലപാതകത്തിനു ശേഷം സുജയും രേഷ്മയും ബൈക്കില്‍ നാടു വിടുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കണ്ണൂര്‍ ജില്ലയില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസിപിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു. ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍നിന്ന് പുലര്‍ച്ചയോടെ ഇരുവരെയും പിടികൂടിയത്.

സംസ്ഥാനത്ത് വേനലവധിക്ക് ക്ലാസുകൾ വേണ്ടെന്ന കർശന നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്;CBSEക്കും ബാധകം

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസ് നടത്തരുതെന്ന കർശന നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.നിർദ്ദേശങ്ങൾ ലംഘിച്ച് പല സ്കൂളുകളിലും ക്ലാസ്സുകൾ നടത്തുന്നതായുള്ള വിവരങ്ങളെ തുടർന്നാണ് നിർദേശം പുറത്തിറക്കിയത്.ക്ലാസ് നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ ഉത്തരവാദികളായവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും DPI നിർദേശിച്ചിട്ടുണ്ട്.എൽപി സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ ക്ലാസുകൾക്കും നിരോധന ബാധകമാണ്. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനം കനത്ത ചൂടിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളെടുക്കുന്ന പ്രധാന അധ്യാപകര്‍, മേലധികാരികള്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.വേനലവധിക്ക് ക്ലാസുകള്‍ നടത്തി ക്ലാസില്‍ വച്ചോ അല്ലെങ്കില്‍ യാത്രയ്ക്കിടയിലോ വിദ്യാര്‍ഥികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികള്‍ ഉത്തരവാദികളായിരിക്കും.

വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം ; വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് കത്തയച്ചു. തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാൽ റെയിൽവെക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.നേരത്തെ വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.അതേസമയം രണ്ട് ദിവസം മുൻപ് തിരൂരിനു സമീപം വച്ച് വന്ദേഭാരതിനു നേരെ കല്ലേറുണ്ടായിരുന്നു. മലപ്പുറം തിരുർ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം. സി 4 കോച്ചിലാണ് കല്ലേറുണ്ടായത്.ട്രെയിനിന്റെ ചില്ലിൽ വിളളൽ വീണു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വന്ദേഭാരതിന് സുരക്ഷ കൂട്ടാനാണ് ആർ പി എഫ് തീരുമാനം

കടബാധ്യത; വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ

വയനാട്: കടബാധ്യതയെ തുടർന്ന് വയനാട്ടിൽ കര്‍ഷകൻ ജീവനൊടുക്കി. ചെന്നലോട് പുത്തൻപുരയിൽ ദേവസ്യ എന്ന സൈജനാണ് മരിച്ചത്. ബുധനാഴ്ച്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം
കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രണ്ട് ദിവസം മുൻപ് വിഷം കഴിച്ച് അവശ നിലയായി കൃഷിയിടത്തിൽ ദേവസ്യയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.വിവിധ ബാങ്കുകളിലായി 18 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് ദേവസ്യക്കുണ്ടായിരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിക്കും വേണ്ടിയായിരുന്നു ഇദ്ദേഹം കടമെടുത്തത്.

കണ്ണൂരിൽ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മുന്‍ പഞ്ചായത്ത് അംഗം മരിച്ചു

കണ്ണൂർ: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മുൻ പഞ്ചായത്ത്‌ അംഗം മരിച്ചു. കീഴ്പള്ളി പാലരിഞ്ഞാല്‍ സ്വദേശി എം കെ ശശി(51)ആണ് മരിച്ചത്.വീടിന് സമീപത്ത് വച്ച് അബദ്ധത്തില്‍ ഷോക്കേൽക്കുകയായിരുന്നു.ടന്‍ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആറളം പഞ്ചായത്ത് മുൻ അംഗമായ എം കെ ശശി നിലവിൽ സി പി ഐ കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായും ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറിയുമാണ്.അപകടകാരണം പരിശോധിച്ചു വരുകയാണെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും അധികൃതർ അറിയിച്ചു.

തിരുവില്വാമലയിൽ പെൺകുട്ടിയുടെ മരണത്തിനിടയാക്കിയ ഫോൺ 3 വർഷം മുൻപ് വാങ്ങിയത്; കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്ക്

തൃശൂർ: തിരുവില്വാമലയിൽ എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയ ഫോൺ 3 വർഷം മുൻപ് വാങ്ങിയതെന്ന് റിപ്പോർട്ട്. കുട്ടിയുടെ അച്ഛന്റെ അനുജൻ പാലക്കാട്ടുനിന്നു വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം ബാറ്ററി മാറ്റിയിരുന്നു. ഏറെ നേരം വിഡിയോ കണ്ടു ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണു പൊലീസ് നിഗമനം. മറ്റു വിവരങ്ങൾ ഫോറൻസിക് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ.അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. വലതു കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.അപകട സമയത്ത് പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശി പൊലീസിനോട് പറഞ്ഞത്. ഗുളികയെടുക്കാൻ താൻ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ടാണ് തിരിച്ചെത്തിയതെന്നും ഈ സമയത്ത് മകൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും അവർ പറഞ്ഞു.തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ.

ഭക്ഷണം കഴിക്കാനെത്തി; ഒരു വയസുള്ള കുട്ടിയെ ഹോട്ടലിൽ മറന്ന് വെച്ച് കുടുംബം

കണ്ണൂർ: ഭക്ഷണം കഴിച്ച് മടങ്ങവേ ഒരു വയസുള്ള കുട്ടിയെ ഹോട്ടലിൽ മറന്ന് വെച്ച് കുടുംബം. തളിപ്പറമ്പിലെ ഏഴാം മൈലിലുള്ള ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടൽ അധികൃതർ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ച കുട്ടിയെ പിന്നീട് രക്ഷിതാക്കൾക്ക് കൈമാറുകയായിരുന്നു. ചപ്പാരക്കടവ് ഭാഗത്ത് നിന്നും രണ്ട് വാഹനങ്ങളിലായാണ് കുടുംബം ഹോട്ടലിൽ ഭക്ഷണം കഴിക്കാനായെത്തിയത്. ഈ സമയം ഒരു വയസുള്ള ആൺകുട്ടി കുടുംബത്തിലെ മുതിർന്നയാളുടെ മുതിർന്നയാളുടെ കയ്യിലായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകുന്നതിനായി ഇയാൾ കുട്ടിയെ താഴെ നിർത്തി. എന്നാൽ പിന്നീട് കുട്ടിയെ എടുക്കാതെ ഇവർ തിരികെ വാഹനങ്ങളിൽ കയറി പോകുകയായിരുന്നു.ഇവർ പോയതിന് പിന്നാലെ ഹോട്ടൽ കൗണ്ടറിന് സമീപം കുട്ടിയെ കണ്ടെത്തിയ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കുടുംബത്തെ തിരിച്ചറിയുന്നത്. ഉടൻ തന്നെ ഹോട്ടലുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസുകാർ എത്തി കുട്ടിയെ തളിപ്പറമ്പ് സ്റ്റേഷനിൽ എത്തിച്ചു.കിലോമീറ്ററുകൾക്ക് ശേഷമാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഉടൻ തന്നെ ഇവർ തളിപ്പറമ്പിലെ ബന്ധുക്കളോട് വിവരം പറഞ്ഞു. പിന്നാലെ ബന്ധുക്കൾ ഹോട്ടലിൽ എത്തി വിവരം തിരക്കി. ഹോട്ടൽ ജീവനക്കാരിൽ നിന്നും ലഭിച്ച നിർദ്ദേശാനുസരണം ബന്ധുക്കൾ പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും കുട്ടിയെ വിട്ട് കിട്ടിയില്ല. അച്ഛനും അമ്മയും നേരിട്ടെത്തിയ ശേഷമാണ് കുട്ടിയെ കൈമാറിയത്.കുട്ടിയെ അശ്രദ്ധമായി ഹോട്ടലിൽ ഉപേക്ഷിച്ചതിന് പോലീസ് വീട്ടുകാരെ ശകാരിക്കുകയും ചെയ്തു.

നടൻ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടൻ മാമുക്കോയ(76) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഹൃദയഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണം. കഴിഞ്ഞ ദിവസം മലപ്പുറം കാളികാവിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നില വഷളയാതോടെ കോഴിക്കോടുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെയാണ് സംസ്കാരം. നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമയിൽ എത്തിയ നടനായിരുന്നു മാമുക്കോയ. 1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലായിരുന്നു ജനനം. തടിപ്പണിക്കാരനായി ജീവിതം തുടങ്ങി. ‘അന്യരുടെ ഭൂമി’ ചിത്രത്തിലൂടെ ആദ്യമായി സിനിമ രംഗത്തേക്ക് പ്രവേശിച്ചു. ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ സിനിമയിലെ മുൻഷിയുടെ വേഷത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് സത്യൻ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലൂടെ തിരക്കേറിയ നടനായി.കോഴിക്കോട് പള്ളിക്കണ്ടിയിൽ മമ്മദിൻറെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിനായിരുന്നു ജനനം. സുഹ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.

വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു;മരിച്ചത് കോളേജ് വിദ്യാർഥികൾ

കല്‍പറ്റ: കാർ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ട് യുവതികൾ ഉൾപ്പടെ മൂന്നുപേർ മരിച്ചു. ഇരിട്ടി ഡോൺ ബോസ്കോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർഥി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർഥി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്നേഹ ജോസഫ്(20) എന്നിവരാണ് മരിച്ചത്. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പുഴമുടിക്ക് സമീപം റോഡില്‍നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിന് സമീപത്തെ പ്ലാവില്‍ ഇടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം മുറിഞ്ഞു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്.അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

കോഴിക്കോട് കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ച് 12-കാരൻ മരിച്ച സംഭവം കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ച് 12-കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസനാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മരണ കാരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതൃസഹോദരി താഹിറ(34) നെ പോലീസ് അറസ്റ്റ് ചെയ്തു.ഇവർ ഐസ്‌ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഇതേ തുടർന്ന് ഛർദിയുണ്ടാവുകയും അവശനിലയിലാവുകയും ചെയ്ത് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലീസ്, ഫൊറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തുകയും സാംപിൾ പരിശോധനയ്‌ക്കായി അയക്കുകയും ചെയ്തു.അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നാണ് കുട്ടി ഐസ്‌ക്രീം വാങ്ങി കഴിച്ചതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണത്തെ തുടർന്ന് കട താൽക്കാലികമായി അടച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തിൽ കണ്ടെത്തുകയും സംഭവം കൊലപാതകമാണെന്ന് സംശയത്തെ തുടർന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കിയത്.ഐസ്ക്രീമിൽ മനപൂർവ്വം വിഷം കലർത്തി എന്ന വിവരമാണ് ലഭിക്കുന്നത്. എന്നാൽ അത് കുട്ടിയെ ലക്ഷ്യമിട്ടല്ല, കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടാണ് എന്ന മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന ഫലം ഇനി വരാനുണ്ട്. താഹിറ പൊലീസ് കസ്റ്റഡിയിലാണ്.