നിപ്പ വൈറസ് എന്ന് സംശയം;കോഴിക്കോട് രണ്ടുപേർ കൂടി മരിച്ചു

keralanews suspected nipah virus two more died in kozhikode

കോഴിക്കോട്:നിപ്പ രോഗലക്ഷങ്ങളോടെ കോഴിക്കോട് രണ്ടുപേർ കൂടി മരിച്ചു.മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നെങ്കിലും റിസൾട്ട് ഇതുവരെ ലഭ്യമായിട്ടില്ല.നിപ്പ വൈറസ് ബാധയേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്കും പനി ബാധിച്ചത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ മരണമടഞ്ഞ സാബിത്തിന്റെയും സഹിലിന്റെയും പിതാവ് മൂസയ്ക്കും വൈറസ് ബാധ സ്ഥിതീകരിച്ചു. സാബിത്തിനെയും സഹിലിനെയും പരിചരിച്ച പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിലെ നഴ്സുമാരായ ഷിജി,ജിസ്ന എന്നിവരും ചികിത്സയിലാണ്.വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞ നേഴ്സ് ലിനിയുടെ മാതാവും പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നിപ്പ വൈറസ്;കേന്ദ്രസംഘം പേരാമ്ബ്രയിലെത്തി

keralanews nipah virus central team visited perambra

കോഴിക്കോട്:നിപ്പ വൈറസ് ബാധയെ കുറിച്ച് പഠിക്കാൻ കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം പേരാമ്ബ്രയിലെത്തി.വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ വീടുകൾ സംഘം സന്ദർശിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സംഘത്തോടൊപ്പമുണ്ട്.വൈറസ് ബാധയുണ്ടെന്നു കരുതുന്ന മേഖലകളില്‍ സംഘം പരിശോധന നടത്തുകയും ചെയ്തു. നേരത്തെ, ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറസ് ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ മന്ത്രി സംഘത്തിന് വിശദീകരിച്ചു നല്‍കിയിട്ടുണ്ട്. വൈറസ് ബാധയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സന്ദർശനത്തിന് ശേഷം കേന്ദ്ര സംഘം പറഞ്ഞു.രോഗം പടരാതിരിക്കാനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. രോഗലക്ഷണമുള്ളവരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്കും ധരിക്കണം. രോഗി ഉപയോഗിക്കുന്ന തോര്‍ത്ത് പോലുള്ള വസ്ത്രങ്ങള്‍ മറ്റാരും ഉപയോഗിക്കരുതെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു.അതേസമയം വൈറസ് പടർന്നത് ഏതു ജീവിയിൽ നിന്നാണെന്ന് സ്ഥിതീകരിച്ചിട്ടില്ലെന്നും ഇത് സ്ഥിതീകരിക്കുന്നതിനായി പ്രത്യേക കേന്ദ്ര സംഘം ചൊവ്വാഴ്ച കേരളത്തിലെത്തുമെന്നും കേന്ദ്ര സംഘം അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കളക്റ്ററേറ്റ് മൈതാനിയിൽ ഒരുക്കിയിരിക്കുന്ന ജല അതോറിറ്റിയുടെ സ്റ്റാളിൽ സൗജന്യ ജലപരിശോധന

keralanews free water inspection will be done in the stall of water authority set up in kannur collectorate

കണ്ണൂർ: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ കളക് ടറേറ്റ് മൈതാനിയിൽ ഒരുക്കിയ പൊൻകതിർ പ്രദർശന വിപണന മേളയിൽ ഒരുക്കിയിരിക്കുന്ന ജല അതോറിറ്റിയുടെ സ്റ്റാളിൽ സൗജന്യ ജലപരിശോധന നടത്തുന്നു.ജലത്തിന്‍റെ ഭൗതികവും രാസപരവുമായ ഗുണനിലവാരമാണു മേളയിൽ പരിശോധനയ്ക്കു വിധേയമാക്കുന്നത്. അരലിറ്റർ വെള്ളവുമായി മേളയിലെത്തുന്ന ആർക്കും അര മണിക്കൂറിനുള്ളിൽ ജലത്തിന്‍റെ ഗുണനിലവാരം പരിശോധിച്ചു മടങ്ങാവുന്ന രീതിയിലാണു ജല അതോറിറ്റിയുടെ പ്രവർത്തനം.സാധാരണ ഗതിയിൽ 850 രൂപ ചെലവുവരുന്ന ജലപരിശോധനയാണു സർക്കാർ വാർഷികത്തിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്ന സ്റ്റാളിലൂടെ സൗജന്യമായി ജനങ്ങൾക്കായി ലഭ്യമാക്കുന്നത്. പ്രാഥമിക പരിശോധനയിൽ കൂടുതൽ രാസപരിശോധനകൾ ആവശ്യമായി കണ്ടെത്തുന്ന ജല സാമ്പിളുകൾ താണയിലെ വാട്ടർ ടാങ്കിനു സമീപത്തുള്ള ക്വാളിറ്റി കണ്‍ട്രോൾ റീജണൽ ലബോറട്ടറിയിലേക്ക് അയക്കുന്നുമുണ്ട്. ഈ പരിശോധനയുടെ ചെലവ് സ്വന്തമായി വഹിക്കണം.ജലപരിശോധനയ്ക്കു പുറമേ കിണറുകളുടെ പരിപാലനം, ജലത്തിന്‍റെ ഗുണനിലവാരവ്യതിയാനം മൂലമുണ്ടാകുന്ന ദോഷഫലങ്ങളും പരിഹാരങ്ങളും, വിവിധ രൂപത്തിലുള്ള അണുനശീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

സ്നേഹാക്ഷരങ്ങൾ ഏകദിന സഹവാസ ക്യാമ്പ് നടത്തി

snehaksharam

കാഞ്ഞങ്ങാട്: തായന്നൂർ ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് കുട്ടികൾക്കായി  സ്നേഹാക്ഷരങ്ങൾ കൂട്ടായ്മ്മയുടെയും യൂത്ത് ഫൈറ്റേഴ്സ് എണ്ണപ്പാറയുടെയും നേതൃത്വത്തിൽ  ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

പരിസ്ഥിതി പഠനം, ഓല കളിപ്പാട്ട നിർമാണം,ചിത്ര രചന തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ക്ലാസുകൾ നടത്തി.  പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കേണ്ടതിന്റെ അനിവാര്യത കുട്ടികളെ പഠിപ്പിക്കാനും സ്വന്തമായും ക്രിയാത്മകമായും കളിപ്പാട്ടങ്ങൾ നിര്മിക്കുവാനും വേണ്ടിയാണു ഓലകൊണ്ടുള്ള കളിപ്പാട്ട നിർമാണത്തെ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്ന് സ്നേഹാക്ഷരങ്ങളിലെ ഐറിഷ് വത്സമ്മ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു.

സ്നേഹാക്ഷരങ്ങൾ  ഒരു കൂട്ടം സമാന മനസ്കരുടെ  കൂട്ടായ്മയാണ്. കേരളത്തിൽ പലയിടങ്ങളിലായി  പലരീതിയിൽ സ്നേഹാക്ഷരങ്ങൾ ക്യാമ്പുകൾ സംഘടിപ്പികാറുണ്ട്.  സമാന മനസ്കർ എത്തിച്ചു നൽകുന്ന പഠനോപകരണങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കുട്ടികൾക്ക് സമ്മാനിക്കുന്നത്. അർഹരായ കുട്ടികളെ  പലയിടങ്ങളിൽനിന്നായി കണ്ടെത്തി ഒരു സ്നേഹ സഹവാസ ക്യാമ്പ് നടത്തി അതിൽ പങ്കെടുക്കുന്നവരുടെ കഴിവുകൾ മുൻനിർത്തി  സമ്മാനമായാണ്  പഠനോപകരണങ്ങൾ നൽകുന്നത്. വേദികൾ കെട്ടിപ്പൊക്കി  പ്രമുഖരെ മുന്നിൽ നിർത്തി നിർധനരായ കുട്ടികളെ കാഴ്ച വസ്തുക്കളാക്കാതെ കുട്ടികൾ തന്നെ പരസ്പരം പഠനോപകരണങ്ങൾ കൈമാറുകയും  അവർക്ക് ആവശ്യമുള്ളത് മാത്രം ചോദിച്ചുവാങ്ങുകയും  ചെയ്യുന്നത്  പുതിയ അനുഭവം സമ്മാനിക്കുന്നു . വളരെ ഹൃദ്യമായ രീതിയിൽ തങ്ങൾക്ക് കിട്ടിയ സമ്മാനങ്ങൾ വരെ  അത് അർഹതപ്പെട്ടവർക്ക് വേണ്ടി മാറ്റിവയ്ക്കുന്നത് കുട്ടികളുടെ ഇടയിൽ സഹജീവികളോടുള്ള കരുതൽ വളർത്താൻ വളരെ ഉപകരിക്കും .അവധികാലത്തെ ഒരു  ഉത്സവാന്തരീക്ഷത്തിൽ   പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും  കുരുത്തോലകൾ കൊണ്ട് കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയും പരസ്പരം കുഞ്ഞുമനസിലെ  അറിവുകൾ പങ്കു വച്ചും കുട്ടികൾ  ഒരു ദിവസം മുഴുവൻ ആഘോഷമാക്കി.

sneha2

വിവിധ സ്കൂളുകളിൽ നിന്നായി 73 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ഓല കളരിയിൽ ബൈജുവും ശ്രേയയും കുട്ടികൾക്കായി വിവിധ കളിപ്പാട്ടങ്ങൾ നിർമിക്കാൻ പഠിപ്പിച്ചു. മലയാറ്റൂരുള്ള രമേശും  നാട്ടുകാരും കുട്ടികളുടെ രക്ഷിതാക്കളും ക്യാമ്പിനെ സജീവമാക്കി നിലനിർത്താൻ വളരെ സഹായിച്ചു.

സമ്മാനങ്ങൾ നല്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും മുഖങ്ങൾ പ്രസിദ്ധീകരിച്ച് പരസ്യകമ്പനികളുടെ വക്താക്കൾ ആകെണ്ടന്നു തീരുമാനിച്ച  സുമനസുകൾ തായന്നൂർ നിവാസികൾക്ക് പുതിയ അനുഭവം തന്നെ ആയിരുന്നു .

നിപ്പ വൈറസ്;രോഗം പകർന്നത് വെള്ളത്തിലൂടെയെന്ന് സംശയം;കിണറ്റിൽ വവ്വാലുകളെ കണ്ടെത്തി

keralanews nipah virus the disease was spread through water bats were found in the well

കോഴിക്കോട്: നിപ്പ വൈറസ് പടർന്നത് കിണറ്റിലെ വെള്ളത്തിൽ നിന്നാകാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴിക്കോട് ചങ്ങരോത്ത് നിപ്പ വൈറസ് ബാധിച്ച് മരിച്ച മൂന്നു പേരുടെ വീട്ടിലെ കിണറ്റിൽ വവ്വാലുകളെ കണ്ടെത്തി.ഈ വവ്വാലുകൾ വഴി കിണറ്റിലെ വെള്ളത്തിലൂടെയാവാം വൈറസ് പടർന്നതെന്ന് കോഴിക്കോട് ചേർന്ന ഉന്നതതല അവലോകനയോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള എല്ലാ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.ജില്ലയിൽ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം ബാധിച്ചവരെ പ്രത്യേകം മാറ്റി ചികിത്സിക്കും. നിപാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ചതിനെ തുടര്‍ന്ന് നഴ്സിന് രോഗം ബാധിച്ചത് കണക്കിലെടുത്ത് ആശുപത്രികളിലെ ജീവനക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇവര്‍ക്ക് ആവശ്യമായ മാസ്‌കുകളും കൈയുറകളും നല്‍കാനും തീരുമാനിച്ചു. മെഡിക്കല്‍ കോളജില്‍ നിന്ന് ആവശ്യമെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രികളിലെ ഐ.സിയുവില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.വൈറസ് തടയുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടില്ല. രണ്ടാമത്തെ മരണം ഉണ്ടായപ്പോൾതന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്തി. മന്ത്രി ടി.പി രാമകൃഷ്ണനും യോഗത്തില്‍ പെങ്കടുത്തു. രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ തീരുമാനമെടുത്തു.നിപ വൈറസ് വാഹകരായ വവ്വാലുകള്‍, പന്നികള്‍ എന്നിവരുമായി നേരിട്ടുള്ള സമ്ബര്‍ക്കം വഴിയും രോഗം പകരാം. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പകരുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. പക്ഷികളും മൃഗങ്ങളും കഴിച്ച പഴങ്ങള്‍, വവ്വാലുകള്‍ കൂടുതലുള്ള ഇടങ്ങളില്‍ തുറന്നവെച്ച കള്ള് എന്നിവ കഴിക്കാതിരിക്കണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കി.

പെട്രോൾ പമ്പുകൾ സുരക്ഷിതമോ ?

keralanews dispute in petrol pump the bike passenger was burnt out in a petrol pump

തൃശൂർ:പെട്രോൾ പമ്പിൽ പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ നിരവധി കേസിൽ പ്രതിയായ ഗുണ്ട പെട്രോൾ ഒഴിച്ച് കത്തിച്ചു. പൊള്ളലേറ്റ മുപ്ലിയം മാളൂക്കാടൻ ദിലീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീപിടിച്ചതിനെത്തുടർന്ന് ബൈക്കിൽനിന്നു ചാടിയോടി സമീപമുള്ള തോട്ടിൽ ചാടി തീയണച്ചതിനാൽ മുപ്പതു ശതമാനത്തോളമേ പൊള്ളലേറ്റുള്ളു. ദിലീപ് ഓടിപ്പോയതോടെ സമീപമുണ്ടായിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചു. പെട്രോൾ ടാങ്കിനു സമീപം ബൈക്ക് കത്തിയെങ്കിലും തീപടരാതെ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.സംഭവത്തെ തുടർന്ന് ഗുണ്ടാ ഒമ്പതുങ്ങല്‍ വട്ടപ്പറമ്പിൽ വിനീത് എന്ന കരിമണി വിനീത് മുങ്ങി.പോലീസ് ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ കൊടകരയ്ക്കടുത്ത് കോടാലി ശ്രീദുർഗ പെട്രോൾ പമ്പിലാണ് സംഭവം.പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കി പത്തുരൂപയുടെ നോട്ടുകളായാണ് പമ്പിൽ നിന്നും നൽകിയത്.ഇത് എണ്ണി തിട്ടപ്പെടുത്താൻ സമയമെടുത്തതോടെ പിന്നിൽ ക്യൂ നിന്നിരുന്ന വിനീതുമായി തർക്കമുണ്ടായി.തുടർന്ന് വിനീത് കുപ്പിയിൽ പെട്രോൾ വാങ്ങി ദിലീപിന്റെ ദേഹത്ത് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട്  തൃശൂരില്‍നിന്നുള്ള ഫോറന്‍സിക് വിദഗ്ദര്‍ ഇന്നലെ ഉച്ചയോടെ പമ്പിലെത്തി പരിശോധന നടത്തി.പ്രതി വിനീതിനെതിരെ പോലീസ് വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.നേരത്തേ പത്തിലേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി ഒളിവില്‍ കഴിയുന്നതായ സൂചനയുടെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളി മേഖലയില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

keralanews dispute in petrol pump the bike passenger was burnt out in a petrol pump (2)

അപകട സാധ്യത വളരെ  കൂടുതലുള്ള സ്ഥലം എന്ന നിലക്ക്  പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ നടത്തേണ്ട ഇടമായി  പെട്രോൾ പമ്പുകളെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്തകാലത്തായി  പമ്പുകളിലായി തുടർച്ചയായുള്ള അക്രമങ്ങളിൽ പമ്പ് ജീവനക്കാർക്കും പൊതുജങ്ങൾക്കും ജീവൻ നഷ്ടപെടുന്ന ഒരു സ്ഥിതിയിലേക് വന്നിരിക്കുകയാണ്.ഓയിൽ കമ്പനികളോ സർക്കാരോ പൊതു  ജനസുരക്ഷ മുൻ നിർത്തി ഇത്തരം അക്രമങ്ങളെ തടയാൻ വേണ്ട  സംവിധാനമോ  നിയമനിർമാണമോ നടത്തണം  എന്ന ജനങ്ങളുടെ   ആവശ്യം ശക്തമായിരിക്കുകയാണ്. രാത്രി കാലങ്ങളിൽ കുടുംബത്തോടൊപ്പം ഇന്ധനം നിറക്കാൻ പമ്പുകളിലെത്തുന്നവർക്കും  തൊഴിലാളികൾക്കും പലപ്പോഴും സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും അക്രമങ്ങൾക്ക് മുന്നിൽ നിസ്സഹായകരായി നിൽക്കേണ്ടി വരുന്നു എന്നത് പമ്പുകളിലെ  ഒരു സ്ഥിരം രാത്രി കാഴ്ചയായി മാറിയിരിക്കുന്നു.

നിപ്പ വൈറസ്:കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തും

keralanews nipah virus central team will visit kozhikode today

തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നു പിടിക്കുന്ന നിപ്പാ വൈറസ് ബാധയെ പഠിക്കുന്നതിന് കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കോഴിക്കോട്ടെത്തും. വൈറസ് ബാധിച്ച് ഇന്നും ഒരാൾ മരിച്ചു. പനി ബാധിച്ചവരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി. വവ്വാലുകളുടെ സ്പർശനമേറ്റ പഴങ്ങളിൽ നിന്നും മറ്റും നേരിട്ട് മനുഷ്യരിലേക്ക് ഈ വൈറസ് കടക്കാം.രോഗം ബാധിച്ച മനുഷ്യരിൽ നിന്നും മറ്റുള്ളവരിലേക്കും വൈറസ് പടരും.ഇതിനെതിരെയുള്ള വാക്‌സിൻ കണ്ടെത്തിയിട്ടില്ല.പനി,തലവേദന,ശ്വാസതടസ്സം, എന്നിവയോടെ തുടങ്ങി മസ്തിഷ്‌കജ്വരത്തിലെത്തുന്നതാണ് ഇതിന്റെ ലക്ഷണങ്ങൾ.രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ പിന്നെയും ദിവസങ്ങളെടുക്കും. ചുമ,വയറുവേദന,മനംപിരട്ടൽ, ഛർദി,ക്ഷീണം, കാഴ്ചമങ്ങൾ എന്നീ ലക്ഷണങ്ങളൂം ഉണ്ടാകും.രോഗലക്ഷങ്ങൾ ആരംഭിച്ച ഒന്നുരണ്ടു ദിവസങ്ങൾക്കകം കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്.തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാകാനും സാധ്യതയുണ്ട്.വവ്വാൽ,പക്ഷികൾ എന്നിവ കടിച്ച പഴങ്ങൾ ഉപയോഗിക്കരുത്.മാമ്പഴം പോലുള്ള പഴങ്ങൾ പുറമെ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം ഉപയോഗിക്കുക.വവ്വാൽ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.രോഗിയുടെ ശരീര സ്രവങ്ങളിൽ നിന്നുമാണ് വൈറസ് പകരുന്നത്.അതിനാൽ രോഗിയെ പരിചരിക്കുന്നവർ ഗ്ലൗസ്,മാസ്ക് എന്നിവ ഉപയോഗിക്കണം.

നിപ്പ വൈറസ്;മരിച്ചവരുടെ എണ്ണം ഒൻപതായി; രോഗികളെ പരിചരിച്ച നഴ്സും മരിച്ചു

keralanews nipah virus death toll rises to nine

കോഴിക്കോട്:നിപ്പ വൈറസ് ബാധിച്ച് ആറുപേർ കൂടി മരിച്ചതോടെ വൈറൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി.കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതമാണ് മരിച്ചത്.തലച്ചോറിൽ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം. നേരത്തെ പനി ബാധിച്ച് ഒരു കുടുംബത്തിലെ മുന്നുപേർ മരിച്ചിരുന്നു.ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍നിന്നും ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതിനാൽ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്.അതേസമയം പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചത് നിപ്പ വൈറസ് ബാധമൂലമാണെന്ന് പൂനെയിൽ നടത്തിയ രക്തപരിശോധനയിൽ  വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച മരിച്ച ആറിൽ അഞ്ചുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.പനിബാധിച്ച് ആദ്യം മരിച്ച സാബിത്തിനെ പരിചരിച്ചിരുന്ന നേഴ്സ് ലിനിയും ഇന്ന് രാവിലെ മരിച്ചു.പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി.ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ ഇന്ന് പുലർച്ചെ തന്നെ ആശുപത്രി വളപ്പിൽ സംസ്‌ക്കരിച്ചു. ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പനിയെ തുടർന്ന് നിരവധിപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ,പേരാമ്പ്ര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.ഇവരിൽ ആറുപേരുടെ നില ഗുരുതരമാണ്.25 പേർ നിരീക്ഷണത്തിലാണ്. മറ്റ് ഔദ്യോഗിക പരിപാടികൾ റദ്ദ് ചെയ്ത് ആരോഗ്യമന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും.

വളപട്ടണം കീരിയാട്ട് ഇതരസംസ്ഥാന തൊഴിലാളി മോഷ്ട്ടാക്കളുടെ കുത്തേറ്റ് മരിച്ചു

keralanews other state worker stabbed to death in keeriyad

കണ്ണൂർ:വളപട്ടണം കീരിയാട്ട് ഇതരസംസ്ഥാന തൊഴിലാളി മോഷ്ട്ടാക്കളുടെ കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി പ്രഭാകർ ദാസ്(45) ആണ് മരിച്ചത്.ഇന്നലെ അർധരാത്രിയിലാണ് സംഭവം. കനത്ത മഴയും കാറ്റും ഉണ്ടായിരുന്നതിനാൽ ആ സമയത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല.ഹിന്ദി ഭാഷ സംസാരിക്കുന്ന ആറുപേർ പ്രഭാകർ ദാസ് താമസിക്കുന്ന മുറിയുടെ വാതിലിൽ മുട്ടുകയായിരുന്നു.വാതിൽ തുറന്നെത്തിയ പ്രഭാകർ ദാസിനെ സംഘം ആക്രമിക്കുകയും മുറിയിൽ നിന്നും മൂന്നു മാലയും സ്വർണ്ണാഭരങ്ങളും കവരുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന പ്രഭാകർ ദാസിന്റെ ഭാര്യ ലക്ഷ്മിപ്രിയ ദാസിനും പരിക്കേറ്റു.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുറേകാലമായി കീരിയാട്ടെ വാടക ക്വാർട്ടേഴ്സിലാണ് പ്രഭാകർ താമസിക്കുന്നത്.ജോലിക്കായി മറുനാടൻ തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്ന ജോലിയാണ് പ്രഭാകർ ചെയ്തിരുന്നത്.മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.എന്നാൽ തൊഴിലാളികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും അന്വേഷിച്ചു വരുന്നതായി കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരി പറഞ്ഞു.

കോഴിക്കോട് ചങ്ങരോത്ത് അപൂർവ വൈറസ് രോഗം ബാധിച്ച് മൂന്നുപേർ മരിച്ചു;ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ

keralanews three died in kozhikkode with rare viral infection the health department is very cautious

പേരാമ്ബ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ അപൂർവമായ വൈറൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു പിന്നാലെ മൂസയുടെ സഹോദരന്‍ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൂസ,സ്വാഹിലിന്റെ ഭാര്യ ആതിഫ എന്നിവർ  ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലാണ്. സാലിഹ് ഈ മാസം 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. വവ്വാലില്‍നിന്നു പകരുന്ന സാംക്രമിക സ്വഭാവമുള്ള ‘നിപ്പാ വൈറസ്’ പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം.അതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.മന്ത്രി ടി.പി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കലക്കറ്ററുടെ ചേമ്പറിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി. രോഗികളുമായി സമ്പർക്കമുണ്ടായിരുന്ന പേരാമ്പ്ര ആശുപത്രിയിലെ ഒരു നഴ്സും ആദ്യം മരണപ്പെട്ട സാബിത്തിന്റെ മരണാന്തര ചടങ്ങിൽ അടുത്തിടപഴകിയ ഇവരുടെ ഒരു ബന്ധുവും ചികിത്സയിലാണ്.മരണങ്ങൾ സംഭവിച്ചത് വൈറൽ എൻസാഫിലിറ്റിസ് വിത്ത് മയൊക്കഡൈറ്റിസ് കൊണ്ടാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.രോഗികളുമായി അടുത്തിടപഴകിയവരുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്താൻ ചങ്ങരോത്ത് മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പി.പി.ഇ കിറ്റ് ലഭ്യമാക്കാൻ ജില്ലാ തലത്തിൽ നടപടി ആരംഭിച്ചു.പക്ഷിമൃഗാദികൾ കഴിച്ച് ബാക്കിവന്ന പഴങ്ങളും മറ്റും കഴിക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ജീവനക്കാർ രോഗികളുമായി ഇടപെടുമ്പോൾ ഗ്ലൗസ്,മാസ്ക്ക് തുടങ്ങിയ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണം.വൈറസ് ഉണ്ടാക്കിയ മസ്തിഷ്‌കജ്വരമാണു മരണകാരണം. മരിച്ചവരുടെ സ്രവ സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. അവിടെ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ഥ രോഗകാരണം വ്യക്തമാകൂ. വൈറല്‍ പനിയെ നിയന്ത്രിക്കാന്‍ ഐസൊലേഷന്‍ സൗകര്യങ്ങളോട് കൂടിയ സംവിധാനമാണ് മെഡിക്കൽ കോളേജിൽ ഒരുക്കിയത്. കൂടുതല്‍ രോഗികള്‍ എത്തുന്ന പക്ഷം പേ വാര്‍ഡിനോടനുബന്ധിച്ച്‌ പ്രത്യേക വാര്‍ഡ് തന്നെ ഒരുക്കി ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള എല്ലാ നടപടികളും തയ്യാറാക്കിയതായി പ്രിന്‍സിപ്പല്‍ വി ആര്‍ രാജേന്ദ്രന്‍ പറഞ്ഞു.