കണ്ണൂർ:കമലേഷ് ചന്ദ്ര റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാൽ,ആർഎംഎസ് ജീവനക്കാരുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു.എൻ എഫ് പി ഇ,എഫ്.എൻ.പി.ഓ,എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പണിമുടക്ക് കണ്ണൂർ പോസ്റ്റൽ ഡിവിഷനിലെ പയ്യന്നൂർ,തളിപ്പറമ്പ്,കണ്ണൂർ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസിൽ പ്രവർത്തനങ്ങളെ ബാധിച്ചു.പണിമുടക്കുന്ന തപാൽ ജീവനക്കാർ കണ്ണൂർ മുഖ്യ തപാലാപ്പീസിനു മുൻപിൽ ധർണ നടത്തി.നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് അസിസ്റ്റന്റ് ജനറൽ സെക്രെട്ടറി എം.വി ജനാർദനൻ ധർണ ഉൽഘാടനം ചെയ്തു.
ബ്ലൂ ഇൻഡസ്ട്രീസിന്റെ കുപ്പിവെള്ളത്തിന് ജില്ലയിൽ നിരോധനം ഏർപ്പെടുത്തി
കണ്ണൂർ:ബ്ലൂ ഇൻഡസ്ട്രീസിന്റെ എം.എഫ്.ജി 9/4/18/എസ് ആര്‍,ബി. നം.1575/ബി.എസ്/3, എക്‌സ്പ് ,19/10/18 എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളം കണ്ണൂർ ജില്ലയിൽ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തെത്തി.ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറാണ് ഉത്തരവിറക്കിയിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ തോതിലുള്ള നൈട്രൈറ്റ്, പി.എച്ച് മൂല്യം കുറവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഉപഭോക്താക്കള്‍ കുപ്പിവെള്ളം വാങ്ങുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്രസ്തുത ഉത്പന്നം മാര്‍ക്കറ്റില്‍ വിതരണത്തിന് വെച്ചിരിക്കുന്നതായി കണ്ടാല്‍ കണ്ണൂര്‍ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറെ 8943346193 എന്ന നമ്പറില്‍ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു
അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ:അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തളാപ്പ് സ്വദേശിയായ ഹുസൈന്‍കുഞ്ഞി(32)യെയാണ് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.നൂറു രൂപയുടെ ചെറുപൊതികളിലാക്കി ബൈക്കില്‍ വിതരണത്തിനായി കൊണ്ടുവരുന്നതിനിടയിലാണ് എസ്.ഐ വിനോദനും സംഘവും യുവാവിനെ പിടികൂടിയത്. നഗരത്തില്‍ കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ഹുസൈന്‍ കുഞ്ഞി.കഞ്ചാവ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താനാണ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ പേരിൽ പോലീസ് സ്റ്റേഷനിൽ നേരത്തെയും കഞ്ചാവ് കേസ് നിലവിലുണ്ട്.മംഗളൂരുവിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സിപിഎം-ബിജെപി സംഘർഷം;പയ്യന്നൂരിൽ ബിജെപി ഓഫീസിനു നേരെ ബോംബേറ്
പയ്യന്നൂർ:പയ്യന്നൂരിൽ സിപിഎം-ബിജെപി സംഘർഷം.ബിജെപി ഓഫീസായ കൊക്കാനിശ്ശേരിയിലെ മാരാർജി മന്ദിരത്തിനു നേരെ ഇന്നലെ രാവിലെ പതിനൊന്നു മണിയോടുകൂടി ബോംബേറുണ്ടായി.ബോംബ് ചുമരിൽ തട്ടി പൊട്ടിത്തെറിച്ചു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും ബിജെപി ആരോപിച്ചു.ഇന്നലെ രാവിലെ ഒന്പതരയോടുകൂടി പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിന് സമീപത്തു വെച്ച് സിപിഎം പ്രവർത്തകൻ ഷിനുവിനെ നേരെ ആക്രമണം നടന്നിരുന്നു.ബൈക്കിൽ വരികയായിരുന്ന ഷിനുവിനെ കാറിലെത്തിയ സംഘം ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തെ ബിജെപി പ്രവർത്തകനായിരുന്ന ഷിനു അടുത്തകാലത്താണ് സിപിഎമ്മിലേക്ക് ചേർന്നത്. ഷിനുവിനെ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.പിന്നീട് പത്തര മണിയോട് കൂടി ബിജെപി പ്രവർത്തകൻ രജിത്തിനെ പയ്യന്നൂർ പഴയ സ്റ്റാൻഡിനു സമീപത്തു വെച്ച ഒരു സംഘം തടഞ്ഞു നിർത്തി മർദിച്ചു.പരിക്കേറ്റ രജിത്തിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇതിനു ശേഷം 11.15 ഓടെയാണ് ബിജെപി ഓഫീസായ മാരാർജി മന്ദിരത്തിനു നേരേ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സിപിഎം പ്രവർത്തകർ സ്റ്റീൽ ബോംബെറിയുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.ബിജെപി ജില്ലാ പ്രസിഡന്‍റ് പി. സത്യപ്രകാശ്, വൈസ് പ്രസിഡന്‍റ് പി. ബാലകൃഷ്ണൻ, മേഖലാ വൈസ് പ്രസിഡന്‍റ് എ.പി. ഗംഗാധരൻ, മണ്ഡലം പ്രസിഡന്‍റ് ടി. രാമകൃഷ്ണൻ, ആർഎസ്എസ് ജില്ലാ കാര്യവാഹക് പി. രാജേഷ് കുമാർ എന്നിവർ സന്ദർശിച്ചു.മൂന്നു സംഭവങ്ങളിലും കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു. അക്രമമുണ്ടായ സ്ഥലങ്ങളിലെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.
മലപ്പുറത്തും നിപ വൈറസ്ബാധ സ്ഥിതീകരിച്ചു
മലപ്പുറം:കോഴിക്കോട്ട് എട്ടുപേരുടെ മരണത്തിനു ഇടയാക്കിയ നിപ വൈറസ് മലപ്പുറത്തും സ്ഥിതീകരിച്ചു.ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ പനിബാധിച്ച് മരിച്ച മൂന്നു മലപ്പുറം സ്വദേശികൾക്കും നിപ വൈറസ് ബാധ സ്ഥിതീകരിച്ചു.കൊളത്തൂർ താഴത്തിൽതൊടി വേലായുധൻ(48),മൂന്നിയൂർ ആലിൻചുവട് മേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു(36),തെന്നല കൊടക്കാലത്ത് പടിക്കൽ ഉബീഷിന്റെ ഭാര്യ ഷിജിത(23)എന്നിവരാണ് മരിച്ചത്.ഇതോടെ നിപ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനൊന്നായി.എന്നാൽ നിപ വൈറസ് നിലവില്‍ സ്ഥിരീകരിച്ചതു കോഴിക്കോട് ജില്ലയില്‍ മാത്രമെന്ന് കേന്ദ്ര ആരോഗ്യവിദഗ്ധ സംഘം. മലപ്പുറത്തെ മൂന്നുപേര്‍ നിപ ബാധിച്ചു മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും നിപ പടര്‍ന്നതിനെ തുടര്‍ന്നാണെന്നും ആരോഗ്യസംഘം അറിയിച്ചു. പെരിന്തൽമണ്ണ ഗവ.ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയയ്ക്ക് ശേഷം പനി വന്നതിനെ തുടർന്നാണ് വേലായുധനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. മൂന്നിയൂർ സ്വദേശിനിയായ സിന്ധു അമ്മയ്ക്ക് സഹായത്തിനായും ഷിജിത കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടായും മെഡിക്കൽ കോളേജിൽ ദിവസങ്ങളോളം ഉണ്ടായിരുന്നു.ഈ സമയത്തുതന്നെയാണ് പേരാമ്പ്രയിൽ നിന്നും നിപ വൈറസ് ബാധിതർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ടായിരുന്നത്.മരിച്ച സിന്ധുവിന്റെ മൃതദേഹം കർശന നിയന്ത്രണങ്ങളോടെയാണ് സംസ്‌കരിച്ചത്.എന്നാൽ വേലായുധന്റെയും ഷിജിതയുടെയും സംസ്ക്കാരം സാധാരണ പോലെ നാട്ടുകാർ ഒന്നിച്ചു കൂടിയാണ് നടത്തിയത്.ഇതിൽ നാട്ടുകാർ ഇപ്പോൾ ആശങ്കയിലാണ്.ഇതേതുടർന്ന് ആരോഗ്യ പ്രവർത്തകർ ഇവരുടെ വീടുകളിലും നാട്ടിലുമെത്തി ബോധവൽക്കരണം നടത്തി.മരിച്ച ഷിബിതയുടെ ഭർത്താവിനെയും പനിയെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു
പാലക്കാട്:ഒട്ടേറെ മലയാള ചിത്രങ്ങളിലും പരസ്യങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള നടൻ വിജയൻ പെരിങ്ങോട്(66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അന്ത്യം.സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയിരുന്ന വിജയൻ പിന്നീട് അഭിനയരംഗത്തേക്ക് ചുവടുമാറ്റുകയായിരുന്നു.സൂപ്പർ താര ചിത്രങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ചെറുതും ശ്രദ്ധേയവുമായ നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. 1983ൽ പി.എൻ. മേനോന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘അസ്ത്രം’എന്ന ചിത്രമാണ് ആദ്യ ചിത്രം.പിന്നീട് നാൽപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. മലയാളത്തിൽ വൻ ഹിറ്റായ ദേവാസുരം,മീശമാധവൻ,കിളിച്ചുണ്ടൻ മാമ്പഴം,പട്ടാളം, അച്ചുവിന്റെ അമ്മ,വടക്കുംനാഥൻ,സെല്ലുലോയ്ഡ്,രക്ഷാധികാരി ബൈജു തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.മലയാളത്തിലെ ഒട്ടേറെ പരസ്യ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി;വൈദ്യുത ചാർജ് കൂട്ടേണ്ടി വരുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം:കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വൈദ്യുതി ചാർജ് കൂട്ടേണ്ടി വരുമെന്ന് കെഎസ്ഇബി.കുടിശ്ശിക പിരിച്ചെടുത്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും താരിഫ് ക്രമപ്പെടുത്തണമെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു.പെൻഷൻ മുടങ്ങിയേക്കുമെന്ന ആശങ്കയറിയിച്ച് ചെയർമാൻ സംഘടനകൾക്ക് കത്തയച്ചതിനു പിന്നാലെയാണ് വൈദ്യുത വകുപ്പ് കടുത്ത പ്രതിസന്ധിയിലാണെന്ന് കെഎസ്ഇബി സർക്കാരിനെയും അറിയിച്ചിരിക്കുന്നത്. 2017 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ഏകദേശം 2500 കോടി രൂപയാണ് വിവിധ സർക്കാർ,പൊതുമേഖലാ,സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി കെഎസ്ഇബിക്ക് കുടിശ്ശികയുള്ളത്.വാട്ടർ അതോറിറ്റി മാത്രം 1220 കോടിയോളം രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്. വർഷങ്ങളായുള്ള കുടിശ്ശികയുണ്ടെങ്കിലും ഇത് പിടിച്ചെടുക്കുന്നതിൽ വൈദ്യുത ബോർഡ് കടുത്ത അലംഭാവം കാണിക്കുന്നതായി വിമർശനം ഉയരുന്നുണ്ട്.
വടകര ദേശീയ പാതയിൽ കാറും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ച് തലശ്ശേരി സ്വദേശികളായ നാലു യുവാക്കൾ മരിച്ചു
വടകര: ദേശീയപാതയിൽ കൈനാട്ടിക്കടുത്ത് മുട്ടുങ്ങൽ കെഎസ്ഇബി ഓഫീസിനു സമീപം കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് യുവാക്കൾ മരിച്ചു. തലശേരി പുന്നോൽ സ്വദേശികളാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.പുന്നോൽ കുറിച്ചിയിൽ സൈന ബാഗ് ഹൗസിൽ അനസ് (20), കുറിച്ചിയിൽ പരയങ്ങാട് ഹൗസിൽ സഹീർ (20), റൂഫിയ മൻസിൽ നിഹാൽ (20),കുറിച്ചി ടെമ്പിൾ ഗേറ്റ് സുലൈഖ മഹൽ മുഹമ്മദ് തലത്ത് ഇഖ്ബാൽ എന്നിവരാണു മരിച്ചത്.പരിക്കേറ്റ ത്വൽഹത്ത് അബോധാവസ്ഥയിലാണ്.ഇന്നലെ രാത്രി ഏഴേകാലോടെയാണ് അപകടം. തലശേരി ഭാഗത്തേക്കു പോയ കാറും എതിരേ വന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. കോഴിക്കോട്ടു നിന്നും വസ്ത്രമെടുത്ത് മടങ്ങുകയായിരുന്നു ഇവർ.
പൊതുജനങ്ങൾക്ക് പോലീസ് സേവനകൾക്കായുള്ള ഓൺലൈൻ പോർട്ടൽ ‘തുണ’ ഉൽഘാടനം ചെയ്തു
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും നേരിട്ടെത്തുന്നതിനു പകരമായി വിവിധ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ‘തുണ’(The Hand YoU Need For Assistance) സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.പ്രസ്തുത പോർട്ടൽ വഴി പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് വഴി പരാതികളും മറ്റ് അപേക്ഷകളും പോലീസ് സ്റ്റേഷൻ /ഓഫീസുകളിൽ സമർപ്പിക്കാവുന്നതും മറുപടി സ്വീകരിക്കാവുന്നതുമാണ്.തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏത് സ്‌റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. www.thuna.keralapolice.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യണം. ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും ഇതിലൂടെ സാധിക്കും.പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്‌ഐആര്‍ പകര്‍പ്പ് ഓൺലൈനായി ഈ പോർട്ടലിലൂടെ ലഭിക്കും. പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈനായി അപേക്ഷിക്കാം. കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും തുണയില്‍ സംവിധാനമുണ്ട്.സമ്മേളനങ്ങൾ,കലാപരിപാടികൾ, സമരങ്ങൾ,ജാഥകൾ,പ്രചാരണ പരിപാടികൾ എന്നിവ നടത്തുന്നതിന് മൈക്ക് ഉപയോഗിക്കാനുള്ള അനുമതി ലഭിക്കാൻ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സംശയകരമായി സാഹചര്യത്തില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍, എന്നിവയെക്കുറിച്ച് പൊലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താം. പ്രധാനപ്പെട്ട കോടതി ഉത്തരവുകള്‍, വിധികള്‍, പൊലീസ് മാന്വല്‍, സ്റ്റാന്റിങ് ഓര്‍ഡറുകള്‍, ക്രൈം ഇന്‍ ഇന്ത്യ എന്നിവയുടെ ഓണ്‍ലൈന്‍ ലൈബ്രറി എന്നിവയും സൈറ്റില്‍ ലഭിക്കും.പരാതികൾ സമർപ്പിക്കുന്നതിനെ കുറിച്ചും പോലീസ് സേവനങ്ങളെക്കുറിച്ചുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള സൗകര്യവും ഈ പോർട്ടൽ വഴി ലഭ്യമാകും.പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികളും സേവനങ്ങള്‍ക്കുള്ള അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുക വഴി ഇതിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിനെ സാങ്കേതികവിദ്യയില്‍ മുന്നിലെത്തിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ സംവിധാനമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
‘സജീഷേട്ടാ,i am almost on the way’,മരിക്കുന്നതിന് മുൻപുള്ള ലിനിയുടെ അവസാന വാക്കുകൾ
കോഴിക്കോട്:’സജീഷേട്ടാ,i am almost on the way,മരിക്കുന്നതിന് മുൻപുള്ള ലിനിയുടെ അവസാന വാക്കുകൾ.നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. സോറി.നമ്മുടെ മക്കളെ നല്ലപോലെ നോക്കണം.അച്ഛനെ പോലെ തനിച്ചാകരുത്’.നിപ്പ വൈറസ് ബാധയെ തുടർന്ന് മരിക്കുന്നതിന് മുൻപ് നേഴ്സ് ലിനി ഭർത്താവിനെഴുതിയ കത്തിലെ വാചകങ്ങളാണിവ.ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്‍റെയും രാധയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് ലിനി. ആറു വർഷമായി താലൂക്ക് ആശുപത്രിയിൽ നഴ്സായിരുന്നു.വ്യാഴാഴ്ച രാത്രി ജോലിക്കു കയറിയ ലിനിക്ക് വെള്ളിയാഴ്ച രാവിലെയോടെ പനി ബാധിച്ചു. വ്യാഴാഴ്ച രാത്രി മുഴുവൻ നിപ്പാ രോഗ ബാധിതരെ പരിചരിച്ചത് ലിനിയായിരുന്നു. പനി കൂടിയതോടെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗൾഫിൽ നിന്ന് ലിനിയുടെ രോഗവിവരമറിഞ്ഞെത്തിയ ഭർത്താവ് സജീഷ് ഐസിയുവിൽ വച്ചാണ് അവസാനമായി ഭാര്യയെ കണ്ടത്.രോഗം ബാധിച്ചത് മുതൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിലായിരുന്ന ലിനിക്ക് ബന്ധുക്കളെയടക്കം ആരെയും കാണാനും സംസാരിക്കാനും സാധിച്ചിരുന്നില്ല. ബഹ്‌റിനിൽ അക്കൗണ്ടന്റായിരുന്ന സജീഷ് ഭാര്യയുടെ രോഗവിവരം അറിഞ്ഞാണ് നാട്ടിലെത്തിയെത്.എന്നാൽ ലിനിയെ അടുത്ത നിന്ന് കാണണോ സംസാരിക്കാനോ സാധിച്ചില്ല.ആശുപത്രിയിലെത്തിയ സജീഷിനെ അകലെനിന്നും ലിനിയെ ഒരുനോക്ക് കാണാൻ മാത്രമേ ഡോക്റ്റർമാർ അനുവദിച്ചിരുന്നുള്ളൂ.അഞ്ചു വയസുകാരൻ റിതുലും രണ്ടു വയസുകാരൻ സിദ്ധാർഥുമാണ് സജീഷ്-ലിനി ദമ്പതികളുടെ മക്കൾ.