കോഴിക്കോട്:സംസ്ഥാനത്ത് നിപ വൈറസ്ബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.ഇതുവരെ 12 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായും സ്ഥിതീകരിച്ചു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നിപയെ ഒറ്റക്കെട്ടായി നേരിടാനാണ് യോഗത്തിന്റെ തീരുമാനം.അതേസമയം നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള വവ്വാലിനെ രക്തപരിശോധന ഫലം ഭോപ്പാലിലെ ലാബിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.ഫലം ഇന്ന് ലഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.ഫലം ലഭിച്ചാൽ മാത്രമേ ഉറവിടം സംബന്ധിച്ച സ്ഥിതീകരണം നടത്താനാകൂ.നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനാ നല്ല രീതിയിലുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രണ്ടാമത്തെ മരണത്തോട് കൂടി തന്നെ രോഗകാരണം കണ്ടുപിടിക്കാൻ കഴിഞ്ഞതിൽ സർക്കാരിനെ അഭിനന്ദിച്ചുവെന്നും മന്ത്രി പറഞ്ഞു.
തളിപ്പറമ്പിൽ വാഹനാപകടം;ലോറിയുടെ ടയർ തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
തളിപ്പറമ്പ്:തളിപ്പറമ്പ് ദേശീയപാത ഏഴാംമൈലില്‍ വാഹനാപകടം. ഏഴാം മൈല്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറി തലയില്‍ കയറി ദാരുണമായി മരണപ്പെട്ടു.തളിപ്പറമ്പ് പൊയില്‍ സ്വദേശി ഉമ്മര്‍കുട്ടിയാണ് മരണപെട്ടത്.കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ പിറകില്‍ വരികയായിരുന്ന ലോറി തട്ടുകയും റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു.യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഹൈവേ പോലീസും തളിപ്പറമ്പ് എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമെത്തിയാണ് മൃതദേഹം മാറ്റിയത്.
നിപ്പ വൈറസ്;പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരോട് വിവേചനമെന്ന് പരാതി
കോഴിക്കോട്:നിപ്പ വൈറസ് ബാധയെ തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരോട് വിവേചനമെന്ന് പരാതി.ഇവർ കൈകാണിച്ചാൽ ഓട്ടോയോ ബസ്സോ നിർത്തുന്നില്ല.ബസ്സിൽ കയറിയാൽ ഇവർ കാണുമ്പോഴാ സീറ്റിൽ നിന്നും മാറുന്നു.നിപ്പ വൈറസ് ബാധയേൽക്കുമെന്ന ഭയത്താൽ നാട്ടുകാരും വാഹനക്കാരും ഒറ്റപ്പെടുത്തുന്നതായി ഇവർ പറഞ്ഞു.ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പതിനൊന്നു സ്ഥിരം നഴ്സുമാരും അഞ്ച് എൻ ആർ എച് എം നഴ്സുമാരും ആണ് ജോലി ചെയ്യുന്നത്.ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മൂന്നു കരാർ നഴ്സുമാർ നിപ്പ മരണങ്ങൾക്ക് ശേഷം വരാതായി.തെറ്റിദ്ധാരണ നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണം നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ-സാമൂഹ്യ പ്രവർത്തകർ.ആശുപത്രി സൂപ്രണ്ടിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും നഴ്സുമാരെ ഒറ്റപ്പെടുത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
സ്കൂൾ ബസ്സുകളുടെ പരിശോധന പൂർത്തിയായി
കണ്ണൂർ:ജില്ലയിലെ സ്കൂൾ ബസ്സുകളുടെ സുരക്ഷാ പരിശോധന പൂർത്തിയായി.തോട്ടട എം.വി.ഡി ടെസ്റ്റ് മൈതാനത്തും സെന്റ് മൈക്കിൾസ് സ്കൂൾ മൈതാനത്തുമായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.75 സ്കൂൾ വാഹനങ്ങളാണ് പരിശോധനയ്ക്ക് എത്തിയത്.പരിശോധനയിൽ ക്ഷമത പൂർത്തിയാക്കിയ വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു നൽകി.രണ്ടു വാഹനങ്ങൾ യാത്രയ്ക്ക് തീർത്തും സുരക്ഷിതമല്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് സ്റ്റിക്കർ നൽകാതെ തിരിച്ചയച്ചു.12 വാഹനങ്ങൾക്ക് ഭാഗികമായി തകരാർ കണ്ടെത്തിയതിനാൽ അവയെ തിരിച്ചയച്ചിരുന്നു.ഇവ ഉച്ചയോടെ തകരാറുകൾ പരിഹരിച്ച് എത്തിച്ചതിനാൽ സ്റ്റിക്കർ പതിച്ചു നൽകി.ജില്ലയിലെ സ്കൂളുകളിൽ രണ്ടു സ്ക്വാർഡുകൾ പരിശോധന നടത്തും പരിശോധനയിൽ സ്റ്റിക്കർ പതിക്കാതെ വാഹനങ്ങൾക്കെതിരെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.സ്കൂൾ തുറന്നാലും പരിശോധന തുടരും.സ്കൂൾ ബസ് ഡ്രൈവർമാർക്ക് ആഴ്ചയിൽ ഒരു ദിവസം മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ക്ലാസും നൽകും.
തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില മുകളിലേക്ക് തന്നെ
തിരുവനന്തപുരം:തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില മുകളിലേക്ക് കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിച്ചത്. 81.62 രൂപയാണ് തിരുവനന്തപുരത്തെ പെട്രോൾ വില. ഡീസൽ വില 74.36 രൂപയുമായി.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് വിലവർധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിശദീകരണം.ദിവസേന കൂടുന്ന ഇന്ധന വില സാധാരണക്കാരുടെ ജീവിതത്തെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.ഇന്ധന വിലവർദ്ധനവ് ഓട്ടോ,ടാക്സി സർവീസുകളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.2014 ലാണ് അവസാനമായി ഓട്ടോ ചാർജ് വർധിപ്പിച്ചത്. അതിനു ശേഷം ഒരുപാടു തവണ ഇന്ധന വില വർധിപ്പിച്ചുവെങ്കിലും ചാർജ് വർധിപ്പിക്കാത്തത് തങ്ങളുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണെന്ന് ഓട്ടോ ജീവനക്കാർ പറഞ്ഞു.ഇന്ധന വില വർദ്ധനവിന് നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ ബസ് സർവീസ് തുടരാനാകില്ലെന്ന് സ്വകാര്യ ബസ്സുടമകളും വ്യക്തമാക്കി.ഇന്ധന വിലയിലുണ്ടാകുന്ന വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനും കാരണമാകുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയും വൻതോതിൽ കൂടിയിട്ടുണ്ട്.
നിപ്പ വൈറസ്;കണ്ണൂരിലും ജാഗ്രത നിർദേശം
കണ്ണൂർ:അയൽജില്ലയായ കോഴിക്കോട് നിപ്പ വൈറസ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിലും രോഗവുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകളെടുക്കാൻ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്ക് നിർദേശം നൽകി.ജില്ലാ കളക്റ്ററുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.കണ്ണൂർ ജില്ലാ ആശുപത്രി,തലശ്ശേരി ജനറല്‍ ആശുപത്രി,പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍,ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.ജില്ലാ ആശുപത്രിയില്‍ ഡോ. എന്‍.അഭിലാഷ് (9961730233), തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോ. അനീഷ്.കെ.സി (9447804603) എന്നിവരെ നിപ്പാ വൈറസ് രോഗവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. സര്‍ക്കാര്‍,സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് വൈറസ് ബാധയെ കുറിച്ചുള്ള പ്രത്യേകം ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കും. എല്ലാ ആശുപത്രികളിലും വ്യക്തിഗത സുരക്ഷയ്ക്കായുള്ള ഉപകരണം ലഭ്യമാക്കാനും തീരുമാനിച്ചു. നിപ്പാ വൈറസ് രോഗത്തിന്റെ റഫറല്‍ കേന്ദ്രമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ തെരഞ്ഞെടുത്തു.കണ്ണൂരിലെ കൊയിലി ആശ്രുപത്രി,എ.കെ.ജി ആശുപത്രി, ധനലക്ഷ്മി ആശുപത്രി എന്നിവിടങ്ങളില്‍ക്കൂടി ഐസൊലേഷന്‍ വാര്‍ഡ്, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമന്ന് കലക്ടര്‍ ഐ.എം.എക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.വൈറസ് ബാധ സംശയിക്കുന്ന രോഗികളുടെ രക്തം, തൊണ്ടയിലെ സ്രവം, മൂത്രം എന്നിവ കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ വെച്ച് ശേഖരിക്കുമെന്നും അവിടെ നിന്നും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്നും ഡി.എം.ഒ അറിയിച്ചു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോഡല്‍ ഓഫീസര്‍മാരെ അറിയിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
നിപ വൈറസ് പേടി;ഫ്രൂട്ട്സ്,കള്ള്,അടയ്ക്ക വ്യാപാരം പ്രതിസന്ധിയിൽ
കോഴിക്കോട്:നിപ വൈറസ് ഭീതിയെ തുടർന്ന് അടയ്ക്ക,കള്ള്,ഫ്രൂട്ട്സ്,വാഴയില,ജ്യൂസ് വ്യാപാരം പ്രതിസന്ധിയിൽ.നിപ വൈറസ് പടരുന്നത് വവ്വാലുകളിലൂടെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്.വവ്വാലുകളുടെ ഇഷ്ടഭക്ഷണമാണ് അടയ്ക്ക. മുറുക്കുന്നതിനു ഉപയോഗിക്കുന്ന അടയ്ക്കയുടെ തോടുകൾ വവ്വാൽ തിന്നുന്നത് മുറുക്കുന്നവരെ ഭീതിയിലാക്കിയിരിക്കുകയാണ്.ഇതോടെ ഇതോടെ മുറുക്കാന്‍ കടയിലെ കച്ചവടം പകുതിയായിക്കുറഞ്ഞെന്ന് കച്ചവടക്കാര്‍ പറയുന്നു.കൂടാതെ നിപ വൈറസ് കള്ളു വ്യാപരെത്തെയും പഴങ്ങളുടെയും, ഫ്രഷ്‌ജൂസ് വ്യാപാരത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. കള്ളു കച്ചവടം പകുതിയായി കുറഞ്ഞു.പനയുടെ കള്ളു കുടിക്കുവാനാണു വവ്വാലുകള്‍ കൂടുതലും എത്തുന്നത്.പനങ്കുലയില്‍ തൂങ്ങിക്കിടന്ന് കള്ളു കുടിക്കുമ്ബോള്‍ വവ്വാലുകളുടെ കാഷ്‌ടവും ഉമിനീരും, മൂത്രവും കള്ളില്‍ വീഴാന്‍ സാധ്യതയേറയാണ്.പേരയ്‌ക്ക,ചക്ക,മാങ്ങ,വാഴപ്പഴം തുടങ്ങിയവയും വവ്വാലുകളുടെ പ്രിയ ഭക്ഷണമാണ്.ഫ്രഷ് ജൂസ് ഉണ്ടാക്കാന്‍ പലയിടങ്ങളിലും കേടായതും പക്ഷികള്‍ കടിച്ചതുമായതുമായ പഴങ്ങള്‍ ഉപയോഗിക്കാറുണ്ട്.ഇതില്‍ വവ്വാലുകള്‍ തിന്നതാണോ എന്ന് അറിയാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജൂസ് കുടിക്കാനും ആളുകള്‍ മടിക്കുകയാണ്.നിപ വൈറസിന്റെ പശ്‌ചാത്തലത്തില്‍ തുറന്നുവച്ച പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ളു കുടിക്കുന്നത് ഒഴിവാക്കുക. വവ്വാലുകള്‍ ഭക്ഷിച്ച ഫലവര്‍ഗങ്ങള്‍ കഴിക്കരുത്, വവ്വാലുകളുടെ കാഷ്‌ഠം പുരളാന്‍ സാധ്യതയുള്ള കാടുകളിലും വൃക്ഷങ്ങളുടെ ചുവട്ടിലും പോകരുത്, മരത്തില്‍ കയറരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.
നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു;മരിച്ചത് വൈറസ് ബാധയെ തുടർന്ന് നേരത്തെ മരിച്ച സഹോദരങ്ങളുടെ പിതാവ്
കോഴിക്കോട്:നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു.ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്.വൈറസ് ബാധയെ തുടർന്ന് നേരത്തെ മരിച്ച സഹോദരങ്ങളുടെ പിതാവാണ് ഇയാൾ. അബോധാവസ്ഥയിലായിരുന്ന ഇയാൾ ഇന്ന് പുലർച്ചെയാണ് മരണത്തിനു കീഴടങ്ങിയത്.മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്,മുഹമ്മദ് സാബിത്ത്,ബന്ധു മറിയം എന്നിവരാണ് വൈറസ് ബാധയെ തുടർന്ന് ആദ്യം മരണപ്പെട്ടത്.വൈറസ് ബാധയെ തുടർന്ന് ഞായറാഴ്ച മരണമടഞ്ഞ ഷിജിതയുടെ ഭർത്താവ് ഉബീഷിനും വൈറസ് ബാധ സ്ഥിതീകരിച്ചു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അബീഷിനെ പരിചരിക്കുന്നതിനായി ഷിജിതയും ഒരാഴ്ച ആശുപത്രിയിൽ ഉണ്ടായിരുന്നു.ഇവിടെവെച്ചാണ് രണ്ടുപേർക്കും വൈറസ് ബാധയേറ്റതെന്നു സംശയിക്കുന്നു.അയൽജില്ലയായ കോഴിക്കോട് നിപ വൈറസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും കലക്റ്റർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.കണ്ണൂർ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും പ്രത്യേക വാർഡുകൾ തുറക്കും.നിപ വൈറസ് ബാധിച്ചു മരിച്ച നാദാപുരം സ്വദേശി അശോകനെ പരിചരിച്ച തലശ്ശേരി സ്വദേശിനിയായ നഴ്സിനെയും ഇവരെ ആശുപത്രിയിലെത്തിച്ച ഡ്രൈവറെയും നിരീക്ഷണ വാർഡിലേക്ക് മാറ്റി.
നിപ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ‘റിബ വൈറിൻ’ കോഴിക്കോട് എത്തിച്ചു
കോഴിക്കോട്:നിപ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ‘റിബ വൈറിൻ’ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.2000 ഗുളികകളാണ് കൊണ്ടുവന്നത്. ബാക്കി ഗുളികകൾ വരും ദിവസങ്ങളിൽ എത്തിക്കും. പ്രതിപ്രവർത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ വൈറിൻ. പരിശോധനയ്ക്ക് ശേഷമേ മരുന്ന് നൽകി തുടങ്ങൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിപ വൈറസ് ബാധയെ തുടർന്ന് രണ്ടുപേരെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ രോഗം സ്ഥിതീകരിച്ച പാലാഴി സ്വദേശികളുടെ ബന്ധുക്കളാണിവർ. നിപ്പാ വൈറസ് രോഗലക്ഷണങ്ങളുള്ള പതിനഞ്ചിലധികം പേരാണ് ചികിത്സയിലുള്ളത്. രോഗം ആദ്യം സ്ഥിരീകരിച്ച പേരാമ്പ്ര സൂപ്പികടയിലെ സഹോദരങ്ങള്‍ ചികിത്സയിലുണ്ടായിരുന്ന പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ മൂന്നു നഴ്‌സുമാരും ഇതിലുള്‍പ്പെടും.കോഴിക്കോട് ജില്ലയിൽ കേന്ദ്രത്തിൽ നിന്നുള്ള മൂന്നു സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്.അതേസമയം കോഴിക്കോട് കൂരാച്ചുണ്ടിലും ചക്കിട്ടപ്പാറയിലുമായി അൻപതിലധികം കുടുംബങ്ങൾ വീടൊഴിഞ്ഞു. കുടുംബങ്ങളുടെ പലായനം തടയുന്നതിന് കൃത്യമായ ബോധവൽക്കരണവുമായി ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് നേതൃത്വവും രംഗത്തുണ്ട്.
നിപ വൈറസ്;മരിച്ച നേഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി;മക്കൾക്ക് പത്തുലക്ഷം രൂപ വീതവും നൽകും
കോഴിക്കോട്:നിപ വൈറസ് ബാധിച്ചവരെ പരിചരിച്ചതിലൂടെ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.ബഹ്‌റനില്‍ ജോലി ചെയ്യുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷിന് നാട്ടില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാമെന്നും ലിനിയുടെ രണ്ട് മക്കള്‍ക്കും പത്ത് ലക്ഷം രൂപ വീതം സഹായധനം നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.ലിനിയുടെ മക്കൾക്ക് അനുവദിക്കുന്ന തുകയിൽ അഞ്ചുലക്ഷം വീതം ഓരോ കുട്ടിയുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും.കുട്ടികൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയാകുമ്പോൾ തുകയും പലിശയും കുട്ടികൾക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക.ബാക്കി തുകയിൽ അഞ്ചുലക്ഷം രൂപ വീതം കുട്ടികളുടെ ആവശ്യങ്ങൾക്ക് പലിശ രക്ഷിതാവിന് പിൻവലിക്കാനാകുന്ന തരത്തിൽ നിക്ഷേപിക്കും.കൂടാതെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം സര്‍ക്കാര്‍ സഹായധനം നല്‍കും. വൈറസ് ബാധ പടരുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ജീവനക്കാരെ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും നിയോഗിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ്പാ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.