തപാൽ ജീവനക്കാരുടെ സമരം ആറാം ദിവസത്തിലേക്ക്;തപാൽ മേഖല പൂർണ്ണമായും സ്തംഭിച്ചു

keralanews the strike of postal laborors entered in to sixth day

തിരുവനന്തപുരം:സംസ്ഥാനത്തെ തപാൽ ജീവനക്കാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു.തപാല്‍ ഉരുപ്പടികൾ പല ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്. 5500 തപാല്‍ ഓഫീസുകള്‍, 35 റെയില്‍വെ മെയില്‍ സര്‍വീസ്, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസുകൾ തുടങ്ങിയവയെല്ലാം കഴിഞ്ഞ 22 മുതല്‍ തുറന്നിട്ടില്ല. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാക് സേവക് പ്രേരക്മാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തപാല്‍-ആര്‍എംഎസ് ജീവനക്കരുടെ സംഘടനയായ എന്‍എഫ്പിഇയാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്. ഇതോടെ സര്‍ക്കാര്‍ ജോലിക്കുള്ള ഇന്റര്‍വ്യൂ കാര്‍ഡടക്കം അത്യാവശ്യമായി നല്‍കേണ്ട മുഴുവന്‍ തപാല്‍ ഉരുപ്പടികളും ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്.സ്പീഡ് പോസ്റ്റ്,പോസ്റ്റല്‍ ബാങ്കിങ്, സേവിങ്സ് പദ്ധതികള്‍, തപാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് തുടങ്ങിയ സംവിധാനങ്ങളും കഴിഞ്ഞ 22 മുതല്‍ അനിശ്ചിതത്വത്തിലാണ്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന അറിയിപ്പുകള്‍, കിടപ്പിലായ രോഗികള്‍ക്കുള്ള പെന്‍ഷന്‍ തുകയെല്ലാം ഇത്രയും ദിവസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിഡിഎസുമാര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ തുടങ്ങിയ സമരത്തിന് തപാല്‍ മേഖലയില്‍ ഡിപ്പാര്‍ട്മെന്റ് ജീവനക്കാരുടെ പിന്തുണയുമുണ്ട്. അതേ സമയം തമിഴ്‌നാട്, ആന്ധ്ര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഡിപ്പാര്‍ട്മെന്റ് ജീവനക്കാര്‍ സമരത്തിന്റെ ആവശ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തന്നെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരത്തെ തപാല്‍ വകുപ്പിന്റെ ആസ്ഥാനത്തിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.

നിപ പ്രതിരോധം;കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ചു ഡോക്റ്റർമാർക്ക് ഡൽഹിയിൽ അടിയന്തിര പരിശീലനം നൽകും

keralanews nipah prevention five doctors from kozhikkode medical college will be given training in delhi

കോഴിക്കോട്:നിപ വൈറസിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് കൂടുതൽ പഠനത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ചു ഡോക്റ്റർമാർക്ക് ഡൽഹിയിൽ അടിയന്തിര പരിശീലനം നൽകും.ഡല്‍ഹിയിലെ സഫ്‌ദര്‍ജങ്‌ ആശുപത്രിയിൽ വെച്ചാണ് വിദഗ്ദ്ധ പരിശീലനം നൽകുക.ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ നടപടി. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെ ചികിത്സിക്കുന്നതിനായി ഡോക്‌ടര്‍മാര്‍ക്ക്‌ വിദഗ്‌ധ പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.ഇതിനെ തുടർന്നാണ് നടപടി.ഈ മാസം 28 മുതല്‍ ജൂണ്‍ ഒന്നു വരെ അനസ്‌തീഷ്യ വിഭാഗത്തിലെ രണ്ടു ഡോക്‌ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്‌ടര്‍മാരുമാണ്‌ പരിശീലനത്തില്‍ പങ്കെടുക്കുന്നത്‌. ഇവര്‍ ഇന്നു ഡല്‍ഹിക്കു യാത്ര തിരിക്കും. നിപ വൈറസ് പോലെയുള്ള രോഗങ്ങളില്‍ തീവ്ര പരിചരണ വിഭാഗം എങ്ങനെ വിദഗ്‌ധമായി കൈകാര്യം ചെയ്യണം,വെന്റിലേറ്ററുകളുടെ വിദഗ്‌ധ ഉപയോഗം തുടങ്ങിയ കാര്യങ്ങളിലാണ്‌ പരിശീലനം നൽകുക.പരിശീലനം ലഭിച്ചശേഷം ഇവര്‍ കേരളത്തിലെ മറ്റു ഡോക്‌ടര്‍മാര്‍ക്ക്‌ ഇതേക്കുറിച്ചുള്ള പരിശീലനം നല്‍കും.

നിപ്പ പ്രതിരോധ മരുന്നായ റിബ വൈറിൻ ഉപയോഗിക്കാൻ ഡോക്റ്റർമാർക്ക് വിവേചനാധികാരം

keralanews doctors are given discretionary power to use the ribavirin

കോഴിക്കോട്:നിപ്പ വൈറസിനെ പ്രതിരോധിക്കുന്നതിനായി മലേഷ്യയിൽ നിന്നെത്തിച്ച റിബ വൈറിൻ ഉപയോഗിക്കാനുള്ള വിവേചനാധികാരം ഡോക്റ്റർമാർക്ക് നൽകിക്കൊണ്ടുള്ള ചികിത്സ മാർഗരേഖ പുറത്തിറക്കി.മറ്റുപല രോഗങ്ങൾക്കും ഉപയോഗിക്കുന്ന റിബ വൈറിൻ നിപ്പ ബാധിതരിൽ എത്രത്തോള ഫലപ്രദമാണെന്ന് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.ദോഷകരമായ പാർശ്വഫലങ്ങൾ ഉള്ള മരുന്നാണിതെന്ന് പബ്ലിക് ഹെൽത്ത് അസി.ഡയറക്റ്റർ കെ.ജെ റീന നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിന്റെ ഉപയോഗം കിഡ്നിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.നിപ്പ ബാധിതർക്ക് വലിയ ഡോസിൽ തന്നെ ഈ മരുന്ന് നൽകേണ്ടി വരും.ഒരു കോഴ്സിൽ 250 ടാബ്‌ലറ്റുകൾ വരെ നൽകേണ്ടി വരുമെന്നാണ് കണക്ക്.ഈ സാഹചര്യങ്ങൾ ഒക്കെ മുന്നിൽ കണ്ടുകൊണ്ടാണ് രോഗിയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് മരുന്ന് ഉപയോഗിക്കാനുള്ള വിവേചനാധികാരം ഡോക്റ്റർമാർക്ക് നൽകിയിരിക്കുന്നത്.ഇതിനിടെ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നടക്കാനിരിക്കുന്ന മുഴുവൻ പൊതുപരിപാടികളും മെയ് 31 വരെ  നിർത്തി വെയ്ക്കാൻ കലക്റ്റർ യു.വി ജോസ് നിർദേശം നൽകിയിട്ടുണ്ട്.മെയ് 31 വരെ ജില്ലയിൽ നടക്കാനിരിക്കുന്ന പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.ജില്ലയിലെ അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ക്ലാസുകൾ എന്നിവയും മെയ് 31 വരെ പ്രവർത്തിക്കരുതെന്നും കലക്റ്റർ നിർദേശിച്ചിട്ടുണ്ട്.കാലിക്കറ്റ് സർവകലാശാലയുടെ എല്ലാ പരീക്ഷകളും നിർത്തിവെയ്ക്കാനും നിർദേശമുണ്ട്.വൈറസ് വ്യാപനം തടയുന്നതിനായി പരമാവധി കൂടിച്ചേരലുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുപരിപാടികളും പരീക്ഷകളും മാറ്റിയത്.

നിപ്പ വൈറസ്;കോഴിക്കോട്ട് ഒരാൾ കൂടി മരിച്ചു

Kozhikode: Family members of the patients admitted at the Kozhikode Medical College wear safety masks as a precautionary measure after the 'Nipah' virus outbreak, in Kozhikode, on Monday. (PTI Photo)(PTI5_21_2018_000184B)

കോഴിക്കോട്:നിപ്പ വൈറസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റ്യാടി നരിപ്പറ്റ സ്വദേശിനി കല്യാണി(62) ആണ് മരിച്ചത്.ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാര്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി.നേരത്തെ നിപ ബാധിച്ച്‌ മരിച്ച ജാനകിയുടെ ബന്ധുവാണ് കല്യാണി.നിപ സ്ഥിരീകരിച്ച മൂന്ന് പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.അതിനിടെ നിപ വൈറസ് പ്രതിരോധത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനായി ശനിയാഴ്ചയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അവശ്യഘട്ടങ്ങളില്‍ മാത്രം രോഗികളെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്താല്‍ മതിയെന്ന് യോഗം തീരുമാനിച്ചു. അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് തിരക്ക് ഒഴിവാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി, ചികിത്സയിലുള്ള 21 പേരുടെ സാംപിളുകള്‍ പരിശോധനയില്‍ നെഗറ്റിവ് ആണെന്നു കണ്ടെത്തി. കൂടുതല്‍ പേര്‍ക്കു രോഗലക്ഷണങ്ങളില്ല. മരിച്ച മലപ്പുറം മൂന്നിയൂര്‍ സ്വദേശി സിന്ധുവിന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ അടക്കമുള്ളവരുടെ സാംപിളുകളാണു മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചത്. എന്നാല്‍ ലക്ഷണം പ്രകടമാകാന്‍ നാലു മുതല്‍ 21 വരെ ദിവസം വേണ്ടിവരുമെന്നതിനാല്‍ നിരീക്ഷണം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

നിപ വൈറസ് രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നത് രോഗം മൂർച്ഛിച്ച അവസ്ഥയിൽ

keralanews nipah virus transmitted from patient to other at the critical stage of illness

കോഴിക്കോട്:നിപ വൈറസ് രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നത് രോഗം മൂർച്ഛിച്ച അവസ്ഥയിലാണെന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിട്യൂട്ടിലെ ഡോ.ജി അരുൺ കുമാർ.പനി ബാധിച്ച രോഗി വീട്ടിൽ കഴിഞ്ഞപ്പോൾ ഇടപഴകിയവർക്ക് രോഗം പിടിപ്പെട്ടിട്ടില്ല.എന്നാൽ രോഗം മൂർച്ഛിച്ച ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കൂടെയുള്ളവർക്ക് രോഗം പകർന്നത്.ആശുപത്രിയിൽ രോഗിയെ പരിചരിച്ച നഴ്സുമാർക്ക് ഉൾപ്പെടെ രോഗം പിടിപെട്ടതും വീടുകളിൽ ഇടപഴകിയവർക്ക് രോഗം പിടിപെടാതിരുന്നതിനുമുള്ള കാരണം ഇതാണ്. കോഴിക്കോട് കളക്റ്ററേറ്റിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡോ.അരുൺ കുമാർ.വൈറസ് ബാധ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും എന്നാൽ ഇത്തരം അനുമാനത്തിന്റെ പേരിൽ ജാഗ്രത ഒട്ടും കുറയ്ക്കരുതെന്നും ഡോക്റ്റർ പറഞ്ഞു.നിപ വൈറസ് ബാധിച്ചതായി സംശയം തോന്നുന്നവരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കും.വൈറസ് ബാധയെ തുടർന്ന് മരിച്ചവരുമായി അടുത്തിടപഴകിയവരെ നിരീക്ഷിക്കുന്നത് 42 ദിവസം വരെ തുടരുമെന്നും ആവശ്യമെങ്കിലും ഇനിയും നിരീക്ഷിക്കുമെന്നും ഡോ.അരുൺ കുമാർ വ്യക്തമാക്കി.

കണ്ണൂർ ജില്ലയിൽ ഇതുവരെ ഒരു നിപ വൈറസ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ

keralanews no nipah virus cases reported in kannur district

കണ്ണൂർ:കണ്ണൂർ ജില്ലയിൽ ഇതുവരെ ഒരു നിപ വൈറസ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ.കണ്ണൂർ ജില്ലയിൽ വിവിധ ആശുപത്രികളിലായി നിപ വൈറസ് ബാധിച്ചവരെത്തിയെന്നും ഇവരിൽ പലരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നും മറ്റുമുള്ള വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കണ്ണൂർ ജില്ലയിൽ ഇതുവരെ നിപ്പ സംശയ ബാധിതർ പോലും എത്തിയിട്ടില്ല.എന്നാൽ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി എത്തിയവരെ പ്രത്യേകം നിരീക്ഷിച്ചു വരുന്നുണ്ട്.ഇവരുടെ ശരീര സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്. ഇതൊക്കെ ആരോഗ്യവകുപ്പിന്റെ ജാഗ്രതയുടെ ഫലമാണെന്നും ഡിഎംഒ വ്യക്തമാക്കി.നിപ ബാധിച്ച ഒരാൾ ജില്ലാശുപത്രിയിൽ ചികിത്സ തേടി എത്തി എന്ന വ്യാജ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ മഞ്ഞപിത്തം ബാധിച്ച് എത്തിയ ആളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുക മാത്രമായിരുന്നുവെന്നും ജില്ലാ ആശുപത്രിയിലെ നിപ നോഡൽ ഓഫീസർ ഡോ.എൻ അഭിലാഷ് പറഞ്ഞു.

നിപ വൈറസ്;ഉറവിടം കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തും;ആദ്യം രോഗം കണ്ടെത്തിയ സാബിത്തിന് രോഗം എവിടെ നിന്നും പകർന്നെന്നും പരിശോധിക്കും

nipah virus spreading in india

കോഴിക്കോട്:നിപ വൈറസ് പകർന്നത് വവ്വാലിൽ നിന്നല്ലെന്ന കണ്ടെത്തലിനെത്തുടർന്ന് വൈറസിന്റെ ഉറവിടം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കിണറ്റില്‍നിന്നും പിടികൂടിയ പ്രാണിയെ തിന്നുന്ന ഇനം വവ്വാലിനെയാണ‌് ആദ്യം പരിശോധനക്കയച്ചത‌്. ഇനി ഫലവര്‍ഗങ്ങള്‍ തിന്നുന്ന ഇനം വവ്വാലുകളെ പിടികൂടി പരിശോധനക്ക‌് അയക്കാനാണ‌് തീരുമാനം. വവ്വാല്‍ കാഷ‌്ഠവും ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.രോഗം ആദ്യം കണ്ടെത്തിയ മരിച്ച പേരാമ്ബ്ര സ്വദേശി മുഹമ്മദ‌് സാബിത്തിന‌് രോഗം എവിടെനിന്നു പകര്‍ന്നെന്ന പരിശോധനയും പുരോഗമിക്കുന്നുണ്ട്.സാബിത്ത് വിദേശയാത്ര നടത്തിയിരുന്നോ എന്നും പരിശോധിച്ച് വരുന്നുണ്ട്.ഭോപ്പാല്‍ നാഷണല്‍ ഇന്‍സ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍നിന്ന‌് വെള്ളിയാഴ‌്ച രാത്രിയോടെയാണ‌് വവ്വാലുകളുടെ സ്രവത്തിന്റെ പരിശോധനാ ഫലം വന്നത‌്. നാലുപേര്‍ മരിച്ച കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്ബിലെ കിണറ്റില്‍ നിന്നാണ‌് വവ്വാലിനെ പിടികൂടി പരിശോധനക്ക‌് അയച്ചത‌്. ഇതോടൊപ്പം വീടിനടുത്തുള്ള ആട‌്, പോത്ത‌്, പന്നി എന്നിവയുടെ സാമ്ബിളുകളും അയച്ചിരുന്നു. ഇവയിലും വൈറസിന്റെ സാന്നിധ്യമില്ല.അതിനിടെ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് വിദഗ‌്ധസംഘം ഉറപ്പാക്കി.ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും അതീവ ജാഗ്രത തുടരുമെന്ന‌് മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംശയത്തെ തുടര്‍ന്ന‌് കഴിഞ്ഞ ദിവസം പരിശോധിച്ച 21 പേരില്‍ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.രോഗമുള്ളവര്‍ക്കായി ഓസ‌്ട്രേലിയയില്‍നിന്ന‌് 50 ഡോസ‌് മരുന്ന‌് എത്തി. 12 പേര്‍ക്ക‌് നല്‍കിയതില്‍ ഫലപ്രദമെന്ന‌് കണ്ടെത്തി. നിപാ രോഗാണു പരക്കുന്നില്ലെന്ന‌് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക‌് നേതൃത്വം നല്‍കുന്ന മണിപ്പാല്‍ കസ‌്തൂര്‍ബ മെഡിക്കല്‍ കോളേജിലെ വൈറല്‍ സ‌്റ്റഡീസ‌് വിഭാഗം മേധാവി ഡോ. ജി അരുണ്‍കുമാര്‍ അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത;കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദേശം നൽകി

keralanews chance of heavy rain in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഇതോടെ സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്ക് രാത്രി യാത്ര നിയന്ത്രിക്കണമെന്നും കടൽത്തീരത്തും പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും നിർദേശത്തിൽ പറയുന്നുണ്ട്.കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.മരങ്ങളുടെ ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.അടിയന്തിര സാഹചര്യം നേരിടാൻ 24 മണിക്കൂർ കൺട്രോൾ റൂം തുറക്കണം.കേരളം,ലക്ഷദ്വീപ്, കന്യാകുമാരി, കർണാടക,തീരങ്ങളിലൊന്നും ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.

ചെങ്ങന്നൂരിൽ പരസ്യപ്രചാരണം ഇന്നവസാനിക്കും

keralanews public advertisement will end in chengannoor today

ചെങ്ങന്നൂർ:രണ്ടുമാസമായി ചെങ്ങന്നൂരിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം. വൈകുന്നേരം ആറുമണിയോടെ പരസ്യപ്രചരണം അവസാനിക്കും.നോട്ട് നിരോധനം,ജി എസ് ടി,ഇന്ധന വിലവർധന,കത്വ പീഡനം തുടങ്ങിയവയൊക്കെ പ്രചാരണത്തിൽ ചർച്ചാ വിഷയമായി.നേരത്തെ ചെങ്ങന്നൂരിൽ നിലനിന്നിരുന്ന വികസന മുരടിപ്പും പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ പിന്നീടുണ്ടായ വികസനവുമൊക്കെയാണ് എൽഡിഎഫ് പ്രധാനമായും മുന്നോട്ടുവെച്ചത്.ഒരു വിഭാഗത്തിന്റെ വോട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം.എല്‍ഡിഎഫിന്റെ സജി ചെറിയാനും യുഡിഎഫിന്റെ ഡി വിജയകുമാറും എന്‍ഡിഎയുടെ പിഎസ് ശ്രീധരന്‍പിള്ളയും ശക്തമായ പ്രചരണവുമായി രംഗത്തുണ്ടായിരുന്നു. പരസ്യപ്രചരണത്തിന്റെ അവസാന ദിവസങ്ങളില്‍ പരമാവധി സ്ഥാനാര്‍ത്ഥികളെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.മുഖ്യമന്ത്രി പിണറായി വിജയൻ,പോളിറ്റ്  ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട്,സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ,സിപിഐ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ സിപിഎമ്മിനായി പ്രചാരണത്തിനിറങ്ങി.യുഡിഎഫിന് വേണ്ടി പ്രവർത്തക സമിതി അംഗം എ.കെ ആന്റണി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഉമ്മൻ ചാണ്ടി എന്നിവരും ബിജെപിക്ക് വേണ്ടി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും പ്രചാരണത്തിനിറങ്ങി.മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമായേക്കാവുന്ന തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ വിധിയെഴുത്ത് തിങ്കളാഴ്ച നടക്കും.ഫലപ്രഖ്യാപനം 31നാണ്.

നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധന ഫലം

keralanews results that bats are not the origin of nipah virus

കോഴിക്കോട്:നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധന ഫലം.ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് മാരകമായ പകർച്ചവ്യാധിക്കു കാരണം വവ്വാലല്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.നിപ്പ ബാധയെ തുടർന്ന് മരിച്ച ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിലെ കിണറ്റിൽ നിന്നും പിടിച്ച വവ്വാലുകളുടേതുൾപ്പെടെ 21 വവ്വാലുകളുടെ സാമ്പിളുകളാണ് ഭോപ്പാലിലെ നാഷണൽ ഇസ്റ്റിട്യൂട്ട്  ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ പരിശോധിച്ചത്.ഈ ഫലങ്ങളെല്ലാം നെഗറ്റിവാണെന്ന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഡയറക്റ്റർ ഡോ.എൻ.എൻ ശശി പറഞ്ഞു.ഇതോടെ വൈറസ് എവിടെ നിന്നും വന്നു എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണ്ടി വരും.വൈറസ് ബാധയെ തുടർന്ന് ആദ്യം മരണപ്പെട്ട സാബിത്തിനു രോഗബാധ എങ്ങനെ ഉണ്ടായി എന്നതിലേക്കാണ് അന്വേഷണം നീളുന്നത്.മെയ് അഞ്ചിനാണ് സാബിത്ത് പനിബാധിച്ച് മരണമടഞ്ഞത്.നിപ്പ ബാധയെ തുടർന്നാണ് മരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനമെങ്കിലും സാബിത്തിന്റെ രക്ത സാമ്പിളുകൾ പരിശോധിച്ചിരുന്നില്ല.പിന്നീടാണ് സാബിത്തിന്റെ സഹോദരൻ സാലിഹും പിതാവ് മൂസയും നിപ ബാധിച്ച് മരിച്ചത്. ഇവരുടെ താമസ സ്ഥലത്തുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ശേഷമാണ് മൂവർക്കും പനി ബാധിച്ചതെന്നാണ് കരുതിയിരുന്നത്.ഇതിനാലാണ് ഇവരുടെ കിണറ്റിലുള്ള വവ്വാലുകളുടെ സാമ്പിളുകൾ പരിശോധിച്ചത്.വവ്വാലുകളുടെ തൊണ്ടയിൽ നിന്നുള്ള സ്രവം,രക്തം,കാഷ്ടം എന്നിവയാണ് പരിശോധനയ്ക്കായി അയച്ചത്.പന്നികളുടെ മൂക്കിൽ നിന്നുള്ള സ്രവം,രക്തം എന്നിവയും ആടിന്റേയും പശുവിനെയും രക്തസാമ്പിളുകൾ എന്നിവയും പരിശോധനയ്ക്കായി അയച്ചിരുന്നു.ഇതും നെഗറ്റിവാണ്.വളർത്തുമൃഗങ്ങളിൽ നിന്നല്ല നിപ ബാധിച്ചതെന്ന് തെളിയിക്കുന്നതാണ് പരിശോധന ഫലം.ഇതോടെ മരിച്ച സാബിത്തിന്റെ യാത്ര വിവരവും പൂർവ്വസാഹചര്യവും അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.