കോട്ടയം:പ്രണയ വിവാഹം ചെയ്തതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകൻ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ആണെന്ന് പോലീസ്. കൊലപാതകം നടന്ന ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.വിമാനത്താവളത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്.കെവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോ നാഗര്‍കോവിലില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ പത്തനാംപുരം വഴി പേരൂര്‍ക്കടയിലെ ഭാര്യ വീട്ടില്‍ ഷാനു എത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു.എന്നാല്‍ പൊലീസ് എത്തുന്നതിന് മുന്‍പ് ഷാനു അവിടെ നിന്നും കടന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം നടത്താൻ ക്വട്ടേഷൻ നൽകിയതിൽ നീനുവിന്റെ മാതാപിതാക്കളായ ചാക്കോയ്ക്കും രഹ്‌നയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.ഇവരും ഒളിവിൽ പോയിരിക്കുകയാണ്.പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാതാപിതാക്കളെയും പ്രതിചേര്‍ക്കും.പിതാവ് ചാക്കോയും അമ്മ രഹനയും അറിഞ്ഞായിരുന്നു ഇതിനായി നീക്കങ്ങള്‍ നടത്തിയതെന്ന് കേസില്‍ പിടിയിലായ നിയാസിന്റെ ഉമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്‌ക്കെടുക്കാന്‍ നിയാസിനോട് ഇരുവരും ആവശ്യപ്പെട്ടിരുന്നെന്നും നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് പറഞ്ഞു.തെന്മല സ്വദേശി നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ 10 പേരാണ് കേസില്‍ പ്രതികളായുളളത്. മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്.മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നതു തടയുകയാണ് ലക്ഷ്യം
നിപ്പ;കോഴിക്കോട്,മലപ്പുറം ജില്ലകളിൽ സ്കൂൾ തുറക്കൽ ജൂൺ അഞ്ചിന്
കോഴിക്കോട്:നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്,മലപ്പുറം ജില്ലകളിൽ സ്കൂൾ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി.ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റില്‍ ചേര്‍ന്ന നിപ അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ , കോളജുകള്‍ , മറ്റു പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമായിരിക്കും.
ചെങ്ങന്നൂരിൽ റെക്കോർഡ് പോളിങ്
ചെങ്ങന്നൂർ:ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്.74.36 ആണ് പോളിങ് ശതമാനം.ചില ബൂത്തുകളിൽ ചില്ലറ തർക്കങ്ങൾ നടന്നതൊഴിച്ചാൽ മണ്ഡലത്തിലെ പോളിംഗ് പൊതുവെ ശാന്തമായിരുന്നു.കഴിഞ്ഞ തവണത്തെക്കാള്‍ 2.04 ശതമാനം കൂടുതൽ പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. 2009 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ പോളിങ്ങാണ് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായത്.സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡി. വിജയകുമാർ (യുഡിഎഫ്), സജി ചെറിയാൻ (എൽഡിഎഫ്), പി.എസ്. ശ്രീധരൻ പിള്ള (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.ഈ മാസം 31 നാണ് വോട്ടെണ്ണൽ.
കെവിന്റെ കൊലപാതകം;മൂന്നുപേർ അറസ്റ്റിൽ;ഒരാൾ ഡിവൈഎഫ്ഐ പ്രവർത്തകൻ
കോട്ടയം: കോട്ടയത്ത് നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍.കൊല്ലപ്പെട്ട കെവിന്റെ ഭാര്യയുടെ ബന്ധുക്കളായ റിയാസ്, ഇഷാന്‍,ഡിവൈഎഫ്ഐ പ്രവർത്തകൻ നിയാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മാന്നാനത്ത് നിന്ന് ഇന്നലെ ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തെന്‍മലയ്ക്ക് സമീപം ചാലിയക്കര തോട്ടില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.അതേസമയം, കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയത്ത് എത്തിച്ചു. നേരത്തേ കെവിന്റെ മൃതശരീരം ഇന്‍ക്വസ്റ്റ് ചെയ്ത ചാലിയേക്കരയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. കെവിന്റെ ബന്ധുക്കള്‍ ഡി.എം.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചിരുന്നില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുക. അതേസമയം കെവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് കൂടെയുണ്ടായിരുന്ന അനീഷ് ആരോപിച്ചു. സ്ഥലത്തെത്തിച്ച് നല്‍കിയാല്‍ ഒന്നരലക്ഷം രൂപ നല്‍കാമെന്ന് പ്രതികള്‍ പറയുന്നത് കേട്ടു. പ്രതികള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കി കിടത്തുമ്പോഴാണ് അവസാനമായി കെവിനെ കണ്ടത്. തന്നേയും കെവിനേയും ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഇരുവരേയും രണ്ട് വാഹനങ്ങളിലാണ് തട്ടിക്കൊണ്ടുപോയതെന്നും തെന്മലയെത്തിയപ്പോള്‍ ഇറക്കിവിട്ടെന്നും അനീഷ് വ്യക്തമാക്കി.കെവിനൊപ്പം അനീഷിനെയും ഇന്നലെ സംഘം തട്ടിക്കൊണ്ടു പോയിരുന്നു.
തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടത് ക്രൂരമർദനത്തിന് ഇരയായ ശേഷമെന്ന് റിപ്പോർട്ട്;കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ ക്രൂരമര്‍ദനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് സൂചന. പുനലൂര്‍ ചാലിയേക്കരയില്‍ തോട്ടില്‍നിന്നും ലഭിച്ച മൃതദേഹത്തിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലാണ്. തലയില്‍ ആഴത്തിലുള്ള മുറിവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.ശരീരം നിലത്തുകൂടെ വലിച്ചിഴച്ചതിന്‍റെ പാടുകളും ദൃശ്യമാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് സാഹചര്യ തെളിവുകള്‍ വച്ച് സ്ഥിരീകരിച്ച് കഴിഞ്ഞു. പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോയത്. അര്‍ധരാത്രി വീടാക്രമിച്ചാണ് അക്രമി സംഘം കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് സുഹൃത്തിനെ വിട്ടയച്ചിരുന്നു.പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു. കെവിന്‍ മാന്നാനത്ത് ബന്ധുവിട്ടിലുമായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും സംഘവും മൂന്നു വാഹനങ്ങളില്‍ എത്തിയാണ് വീട്ടില്‍ കയറി കെവിനെ തട്ടിക്കൊണ്ടുപോയത്.
നിപ വൈറസ്;ചികിത്സയിലുള്ള നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ പുരോഗതി
കോഴിക്കോട്:നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ മെച്ചപ്പെട്ട പുരോഗതി.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്.നിപ വൈറസ് പ്രതിരോധ ഗുളികയായ റിബാവൈറിനാണ് ഇപ്പോൾ ചികിത്സയിലുള്ളവർക്ക് നൽകുന്നത്.ഈ ഗുളികകൊണ്ട് 40 ശതമാനം വരെ ഗുണമുണ്ടാകും. അത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം നിപ വൈറസിനെതിരെ ഓസ്‌ട്രേലിയയിൽ നിന്നും മരുന്ന് ഇറക്കുമതി ചെയ്യാൻ ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുവാദം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഇതിന്റെ ചികിത്സാമാര്‍ഗരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ചികിത്സ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.എന്നാൽ ഈ മരുന്ന് എത്രത്തോളം ഫലം ചെയ്യുമെന്ന് ഉറപ്പില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു;ഒരാൾക്ക് പരിക്കേറ്റു
ആറളം:ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയുടെ വീട് തകർന്നു.ഫാം 9 ബ്ലോക്കിലെ വലയംചാലിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് അംഗപരിമിതനായ ആദിവാസി യുവാവ് രാജുവിന് പരിക്കേൽക്കുകയും ചെയ്തു.ഞായറാഴ്ച പുലർച്ചെയാണ് സംഭവം.ടാർപോളിൻ കൊണ്ട് മേൽക്കൂരയുള്ള വീട്ടിൽ രാജു ഒറ്റയ്ക്കാണ് താമസം.പുലർച്ചെ മൂന്നു മണിയോട് കൂടി വീടിന്റെ ഷീറ്റ് വലിക്കുന്ന ഒച്ച കേട്ടാണ് രാജു ഉണർന്നത്.മുറ്റത്ത് രണ്ട് കാട്ടാനകൾ നിൽക്കുന്നത് കണ്ട് വീടിന്റെ പിറകുവശത്തേക്ക് ഓടുന്നതിനിടെ വീണാണ് രാജുവിന് പരിക്കേറ്റത്.ഉടൻ തന്നെ രാജു വനം വകുപ്പ് അധികൃതരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.അതേസമയം പരിക്കേറ്റ രാജുവുനെ ആശുപത്രിയിൽ എത്തിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല എന്ന് ആദിവാസികൾ പരാതിപ്പെട്ടു.വനം വകുപ്പിന്റെ ജീപ്പ് രാവിലെ പത്തുമണിയോടെ സ്ഥലത്തെത്തിയപ്പോൾ പ്രതിഷേധവുമായി ആദിവാസികൾ രംഗത്തെത്തി.ഇവർ വനം വകുപ്പിന്റെ ജീപ്പ് തടഞ്ഞുവെച്ചു.തുടർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് വനം വകുപ്പിന്റെ വാഹനത്തിൽ രാജുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരിൽ കനത്ത പോളിംഗ്;ആദ്യ മൂന്നു മണിക്കൂറിൽ 18 ശതമാനം പോളിങ് രേഖപ്പെടുത്തി
ചെങ്ങന്നൂർ:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ മികച്ച പോളിങ് പുരോഗമിക്കുന്നു.ആദ്യ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ 18 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യം ഏഴ് മണിക്ക് തന്നെ പോളിങ് ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ നീണ്ട ക്യൂവാണ് പോളിങ് ബൂത്തുകളിലെല്ലാം ഉള്ളത്. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്‍ കൊഴുവല്ലൂര്‍ എസ്.എന്‍.ഡി.പി എച്ച്.എസ്.എസിലെ 77ആം നമ്പർ ബൂത്തിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ സകുടുംബം പുലിയൂര്‍ ഗവ. ഹൈസ്കൂളിലെ 97ആം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ചെങ്ങന്നൂര്‍ മണ്ഡലത്തിലായിരുന്നു വോട്ട്. തൃപ്പെരുന്തുറ യു.പി സ്കൂളില്‍ 130ആം നമ്പർ ബൂത്തില്‍ കുടുംബസമേതമാണ് രമേശ് ചെന്നിത്തല വോട്ട് ചെയ്യാനെത്തിയത്.വോട്ടിംഗ് ആദ്യ ഏതാനും മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആലപ്പുഴ എസ്.പി സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണമാണ് മണ്ഡലത്തിലുടനീളം സജ്ജമാക്കിയിട്ടുള്ളത്. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 164 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും 17 സഹായ ബൂത്തുകളിലുമായാണ് പോളിംഗ് പുരോഗമിക്കുന്നത്. ഓരോ ബൂത്തിലും രണ്ടു വോട്ടിംഗ് യന്ത്രങ്ങള്‍ വീതമുണ്ട്. 31നാണ് വോട്ടെണ്ണല്‍.
പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ അർദ്ധരാത്രിയിൽ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ നവവരനെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം:പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ അർദ്ധരാത്രിയിൽ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ നവവരനെ മരിച്ച നിലയിൽ കണ്ടെത്തി.കുമാരനല്ലൂർ സ്വദേശി കെവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പുനലൂര്‍ ചാലിയേക്കരയില്‍ നിന്നും ഇന്ന് പുലർച്ചെയാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കെവിന്‍റെ ശരീരത്തില്‍ മുറിവേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അർധരാത്രി മാന്നാനത്തായിരുന്നു സംഭവം. അർധരാത്രി വീടാക്രമിച്ചാണ് അക്രമി സംഘം കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് സുഹൃത്തിനെ വിട്ടയച്ചു.പത്തനാപുരം സ്വദേശിയായ പെൺകുട്ടിയെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തിരുന്നു.പിന്നീട് പെൺകുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലിൽ താമസിപ്പിച്ചു. കെവിൻ മാന്നാനത്ത് ബന്ധു വീട്ടിലുമായിരുന്നു.പെൺകുട്ടിയുടെ സഹോദരനും സംഘവും മൂന്നു വാഹനങ്ങളിൽ എത്തിയാണ് വീട്ടിൽ കയറി കെവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ബന്ധുകളുടെ പരാതിയിൽ പോലീസ് കൃത്യസമയത്ത് നടപടി സ്വീകരിച്ചില്ലെന്നും പരാതികൾ ഉയരുന്നുണ്ട്.അതേസമയം കേസെടുക്കുന്നതിൽ ഗാന്ധിനഗർ എസ്‌ഐക്ക് വീഴ്ച സംഭവിച്ചതായി ഡിവൈഎസ്പി റിപ്പോർട്ട് സമർപ്പിച്ചു.സംഭവത്തിൽ പോലീസ് മനപൂർവം അന്വേഷണം വൈകിപ്പിച്ചെന്നും കെവിന്‍റെ ബന്ധുക്കളും ഭാര്യയും ആരോപിച്ചിരുന്നു.ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പത്തനാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് പെൺകുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്;വോട്ടെടുപ്പ് ആരംഭിച്ചു
ചെങ്ങന്നൂർ:കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക.തുടർച്ചയായി 11 മണിക്കൂറാണ് പോളിംഗ് സമയം.17 സഹായക ബൂത്തുകൾ ഉൾപ്പെടെ മൊത്തം 181 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്.ഇതിൽ 22 പ്രശ്നബാധിത ബൂത്തുകളുമുണ്ട്.ആകെ 1,99,340 വോട്ടർമാരാണ് ഉള്ളത്.1,06,421 സ്ത്രീ വോട്ടർമാരും 92,919 പുരുഷ വോട്ടർമാരുമുണ്ട്. സ്ഥാനാർഥികളുടെ എണ്ണക്കൂടുതൽ മൂലം രണ്ടു വീതം വോട്ടിംഗ് യന്ത്രങ്ങളാണ് ഒരു ബൂത്തിൽ ക്രമീകരിച്ചിരിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ നോട്ടയുൾപ്പെടെ ഏഴു സ്ഥാനാർഥികൾ മാത്രം ഉണ്ടായിരുന്ന ചെങ്ങന്നൂരിൽ ഇത്തവണ നോട്ടയുൾപ്പെടെ 18 സ്ഥാനാര്ഥികളാണ് ഉള്ളത്. ഓരോ ബൂത്തിലും ഉള്ള പുരുഷ, സ്ത്രീ, ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം സംബന്ധിച്ചുള്ള റിപ്പോർട്ട് രണ്ടു മണിക്കൂർ ഇടവിട്ടു റിട്ടേണിംഗ് ഓഫീസർക്കു നൽകണം. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ തത്സമയ നടപടിയും റിപ്പോർട്ടും അയയ്ക്കണം. ഭിന്നശേഷിയുള്ളവർക്കായി പ്രത്യേക റാമ്പ് സൗകര്യവും ബൂത്തുകളിൽ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളവും സജ്ജീകരിച്ചിട്ടുണ്ട്.