സുൽത്താൻ ബത്തേരി:വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ.ഇന്ന് പുലർച്ചെ ബത്തേരിയിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നിരുന്നു.ഈ മേഖലയിൽ ആനകളെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.മുതുമല പുലിയാരം കാട്ടുനായ്ക്ക കോളനിയിലെ ചന്ദ്രന്റെ മകൻ മഹേഷ്(11) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പൊൻകുഴിയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മഹേഷ്. ഇന്ന് പുലർച്ചെ കോളനിക്ക് 150 മീറ്റർ അകലെവെച്ചാണ് കുട്ടിയെ കാട്ടാന കുത്തുന്നത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാതെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു.
കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയിൽ ചാടി കമിതാക്കൾ ആത്മഹത്യ ചെയ്തു

ചെറുപുഴ പാടിയോട്ടുചാലിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
ചെറുപുഴ:ചെറുപുഴ പാടിയോട്ടുചാലിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.ബൈക്ക് ഓടിച്ചിരുന്ന കരിയാക്കരയിലെ അഴകത്ത് ചാക്കോയുടെ മകൻ ടോണി(18),ചെറുപുഴ കാക്കയംചാലിലെ കേഴപ്ലാക്കൽ സജിയുടെ മകൻ അഭിഷേക്(18) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ മച്ചിയിൽ ജുമാ മസ്ജിദിനു മുന്നിലായിരുന്ന അപകടം.പാടിയോട്ടു ചാലിൽ നിന്നും ചെറുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും ചെറുപുഴ ഭാഗത്തു നിന്നും വരികയായിരുന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ ഓടിക്കൂടിയ നാട്ടുകാർ അപകടത്തിൽപ്പെട്ട യുവാക്കളെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ടോണി മരിക്കുകയായിരുന്നു.അഭിഷേകിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.ഇരുവരും ചിറ്റാരിക്കാൽ തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം പ്ലസ് ടു പാസ്സായവരാണ്.
പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ ഇളവ് വരുത്താൻ തീരുമാനം;സംസ്ഥാനത്ത് ഇന്ധന വില കുറയും
തിരുവനന്തപുരം:പെട്രോളിന്‍റെയും ഡീലസലിന്‍റെയും നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായകമായ തീരുമാനം.എന്നാൽ എത്ര രൂപ കുറയ്ക്കണമെന്ന കാര്യം ധനകാര്യവകുപ്പ് തീരുമാനിക്കും. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രം വിലകുറയ്ക്കല്‍ നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ ആ ഘട്ടത്തില്‍ ഈ ഇളവ് പിന്‍വലിക്കും.പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണു കേരളം ഈടാക്കുന്ന നികുതി. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാറ് ദിവസത്തിന് ശേഷം പെട്രോള്‍ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്.ഇന്ധന വില വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും വന്‍ വര്‍ദ്ധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇത്തരത്തിൽ അധികം ലഭിക്കുന്ന തുക വേണ്ടെന്നു വച്ച് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
കനത്ത കാറ്റിൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം
കണ്ണൂർ:ഇന്നലെ പുലർച്ചെ ഉണ്ടായ കനത്ത കാറ്റിൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം.കണ്ണൂർ കോട്ടയിലെ പാർക്കിംഗ് ഗ്രൗണ്ടിലെ കട മരം വീണ് തകർന്നു. മാങ്ങാട് സ്വദേശി അനൂപിന്‍റെ ഉടമസ്ഥതയിലുള്ള ലഘുഭക്ഷണ ശാലയാണ് തകർന്നത്.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.ജീവനക്കാർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പുതുതായി വാങ്ങിയ ഫ്രീസർ ഉൾപ്പെടെ കടയിലെ സാധനങ്ങളെല്ലാം നശിച്ചു.കനത്ത കാറ്റിൽ കണ്ണൂർ ഐജി ഓഫീസിനു സമീപത്തെ റോഡരികിലുള്ള കൂറ്റൻ മരത്തിന്‍റെ ശിഖരവും മുറിഞ്ഞു വീണു.റോഡരികിൽ നിർത്തിയിട്ട ലോറിക്ക് മുകളിലാണ് മരക്കൊമ്പ് പൊട്ടി വീണത്. ആർക്കും പരിക്കില്ല. ഇതിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പികളും മുറിഞ്ഞുവീണു. ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. അഗ്നിശമനസേന എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് ഓഫീസിന്‍റെ ജനൽചില്ലുകളും ഇന്നലെ രാത്രി വീശിയ കാറ്റിൽ തകർന്നിട്ടുണ്ട്.
കാറ്റിൽ തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വാപക നാശനഷ്ടം ഉണ്ടായി.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ മഞ്ഞോടിയിലുള്ള കെട്ടിടത്തിന്റെ അഞ്ചാംനിലയുടെ മേൽക്കൂര ഭാഗികമായി തകർന്നു.ആശുപത്രി ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.തിങ്കഴാഴ്ച രാത്രി വീശിയടിച്ച ശക്തമായ കാറ്റിൽ ധർമടത്ത് തെങ്ങ് വീണ് വീട് തകർന്നു. ബ്രണ്ണൻ കോളജ് അംബേദ്കർ കോളനിക്കടുത്ത് കടുമ്പേരി ജയന്‍റെ ഇരു നില തറവാട് വീടാണ് തകർന്നത്.മഞ്ഞോടിയിൽ കമലാലയത്തിൽ രഞ്ജിത്തിന്റെ കാറിന്റെ ചില്ലുകൾ തകർന്നു.മഞ്ഞോടിയിലെ ആർ.പി രമേശിന്റെ വീടിന്റെ ഓടുകൾ കാറ്റിൽ പാറിപ്പോയി.പട്ടൻ നാരായണന്റെ കടയുടെ മേൽക്കൂരയുടെ ഇരുമ്പ് ഷീറ്റ് ഇളകി അടുത്ത വീട്ടിലെത്തി.പുല്ലമ്പിൽ റോഡിൽ കെ.സി.എസ് വാടകസാധനങ്ങൾ സൂക്ഷിക്കുന്ന താൽക്കാലിക ഷെഡ്ഡ് നിലംപൊത്തി.ഇവിടെ മരം പൊട്ടിവീണ് ട്രാൻസ്ഫോർമറിന് കേടുപാട് സംഭവിച്ചതിനാൽ പലയിടത്തും വൈദ്യുതി ബന്ധവും താറുമാറായി.
കെവിനെ തട്ടിക്കൊണ്ടുപോയത് പോലീസിന്റെ അറിവോടെയെന്ന് ഐജി;ഗാന്ധിനഗർ എഎസ്ഐ ബിജുവിനെ സസ്പെൻഡ് ചെയ്തു
കോട്ടയം: കെവിന്‍റെ കൊലപാതകത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. അന്വേഷണം അട്ടിമറിച്ചത് ഗാന്ധിനഗർ എഎസ്ഐ ബിജുവാണെന്ന് തെളിയിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു.കൊച്ചി റേഞ്ച് ഐജി വിയജ് സാഖറേയാണ് റിപ്പോർട്ട് തയാറാക്കിയത്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ എഎസ്ഐ ബിജുവിനെ സസ്പെൻഡ് ചെയ്തു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രാത്രിയിൽ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്പെൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോ കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പൊലീസ് അപ്പോള്‍ തന്നെ അറിഞ്ഞിരുന്നു. ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവാണ് ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ മറച്ചുവച്ചതെന്ന് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ വാഹനം ഞായറാഴ്ച പുലര്‍ച്ചെ ഗാന്ധി നഗര്‍ പൊലീസ് പരിശോധിച്ചതായി കെവിന്റെ ബന്ധു അനീഷും വെളിപ്പെടുത്തിയിരുന്നു. ഇതു രണ്ടും കണക്കിലെടുത്താണ് ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍. കെവിനൊടൊപ്പം അനീഷിനെയും നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയിരുന്നു. തട്ടിക്കൊണ്ടുപോകും വഴി നീനുവിന്റെ സഹോദരന്‍ ഷാനുവും എസ്‌ഐയും ഫോണില്‍ മൂന്നുതവണ സംസാരിച്ചുവെന്ന വെളിപ്പെടുത്തലാണ് അനീഷ് നടത്തിയത്. രണ്ടുതവണ എസ്‌ഐ ഷാനുവിനെ അങ്ങോട്ടുവിളിക്കുകയായിരുന്നു എന്നും അനീഷ് പറഞ്ഞു.കൈക്കൂലി വാങ്ങിയാണ് എഎസ്ഐ ബിജു ഷാനുവിനെയും സംഘത്തെയും വിട്ടയച്ചതെന്നാണ് വിവരം. സംഭവം ഉന്നത ഉദ്യോഗസ്ഥരെ ബിജു അറിയിക്കുകയും ചെയ്തില്ല.
കെവിന്റെ കൊലപാതകം;നീനുവിന്റെ സഹോദരനും പിതാവും കീഴടങ്ങി;കീഴടങ്ങിയത് കണ്ണൂർ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ
കോട്ടയം:കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പ്രതിചേർത്ത നീനുവിന്റെ സഹോദരൻ ഷിനു ചാക്കോ,പിതാവ് ചാക്കോ എന്നിവർ പൊലീസിന് മുൻപിൽ കീഴടങ്ങി.കണ്ണൂർ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലാണ് ഇവർ കീഴടങ്ങിയത്.സംഭവത്തിന് ശേഷം ബംഗളൂരുവില്‍ ഒളിവിലായിരുന്ന ഇവര്‍ പൊലീസ് പിന്നാലെയുണ്ടെന്ന സംശയത്തില്‍ ഇരിട്ടിയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിക്കാനായിരുന്നു ഇവിടെ എത്തിയത്. എന്നാല്‍ ബന്ധു കൈവിട്ടതോടെ നിവൃത്തിയില്ലാതെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് അറിയുന്നത്.ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് ഇരുവരെയും കോട്ടയത്തേക്ക് കൊണ്ടുവരികയാണ്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയാണ് ഷാനു ചാക്കോ. ഷാനുവും സുഹൃത്തുക്കളും ചേര്‍ന്നാണ് കെവിനെ ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. നീനു ചാക്കോയുടെ മാതാപിതാക്കളായ ചാക്കോയും രഹ്നയും കേസില്‍ പ്രതികളാകുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തില്‍ ചാക്കോയുടെയും രഹനയുടെയും പങ്ക് സ്ഥിരീകരിച്ചതോടെയാണിത്.എങ്ങനെയാണ് കെവിൻ മരിച്ചതെന്ന് ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കാൻ മുഖ്യപ്രതികളുടെ അറസ്റ്റ് സഹായകമാകും. കോട്ടയത്ത് എത്തിച്ചിട്ടാവും പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുക.
സംസ്ഥാനത്ത് കാലവർഷം എത്തി;ഈ മാസം 31 വരെ ശക്തമായ മഴ;മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.3 ദിവസം നേരത്തെയാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളാ തീരത്തെത്തിയത്. ഈ മാസം 31 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.കേരള കര്‍ണാടക തീരത്ത് കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ കാറ്റിന്റെ വേഗത വര്‍ധിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ഇത് 60 കീലോമീറ്റര്‍ വേഗതയില്‍ വരെ വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാലവര്‍ഷം കൂടി ശക്തിപ്പെട്ടതോടെ കടല്‍ പ്രക്ഷുബ്ദമാണ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിപ്പ വൈറസ് ചിക്കനിലൂടെ പകരുമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം
കോഴിക്കോട്:നിപ്പ വൈറസ് ചിക്കനിലൂടെ പകരുമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നു.ചിക്കൻ ഉപയോഗിക്കരുതെന്ന വ്യാജ സന്ദേശമാണ് ഇപ്പോൾ വാട്സ് ആപ്പ്,ഫേസ്ബുക് തുടങ്ങിയ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.കോഴിക്കോട് ഡിഎംഒ യുടെ വ്യാജ സീല്‍ നിര്‍മ്മിച്ചാണ് സന്ദശം പ്രചരിപ്പിച്ചത്.എന്നാൽ ഇത്തരത്തിലുള്ള ഉത്തരവുകളൊന്നും ജില്ലാ മെഡിക്കൽ ഓഫീസർ പുറത്തിറക്കിയിട്ടില്ല.നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതൽ ഇത്തരത്തിൽ ഏറെ വ്യാജ പ്രചരണങ്ങളും എത്തിയിരുന്നു.വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കെവിന്റെ കൊലപാതകം;കോട്ടയത്ത് ഇന്ന് യുഡിഎഫ്,ബിജെപി ഹർത്താൽ
കോട്ടയം:കെവിന്റെ കൊലപാതകത്തിലെ പോലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് കോട്ടയത്ത് ഇന്ന് യുഡിഎഫ്,ബിജെപി ഹർത്താൽ.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.പാല്‍,പത്രം,വിവാഹം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച കെവിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം തുടങ്ങി. ഇതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തെന്മലയില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.അതേസമയം മോര്‍ച്ചറിയിലെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെയും മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സിപിഐഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘര്‍ഷത്തിന് വഴിവച്ചു.തിരുവഞ്ചൂരിനൊപ്പം ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറിയതാണ് സിപിഐഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. അകത്ത് കയറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് തിരിച്ചിറക്കിയതോടെയാണ് ബഹളത്തിന് അവസാനമായത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കെവിന്‍റെ മൃതദേഹം നട്ടാശേരിയിലെ കെവിന്റെ വീട്ടിലേക്ക് കൊണ്ട് പോകും. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു മൂന്നിന് നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.