കോഴിക്കോട്:നിപ്പ വൈറസ് ബാധയെ തുടർന്ന് ജില്ലയിൽ രണ്ടു ദിവസത്തിനിടെ മൂന്നുപേർ കൂടി മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വീണ്ടും ജാഗ്രത നിർദേശം.നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.മേയ് അഞ്ച്, 14 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും സിടി സ്കാൻ റൂമിലും വിശ്രമമുറികളിലും 18, 19 തീയതികളിൽ ബാലുശേരി താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തിയിട്ടുള്ളവർ സ്റ്റേറ്റ് നിപ്പാ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്റ്റേറ്റ് നിപ്പാ സെൽ നമ്പർ 0495-2381000. കഴിഞ്ഞ ദിവസം മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയിൽ അഖിൽ, കോട്ടൂർ പൂനത്ത് നെല്ലിയുള്ളതിൽ റസിൻ എന്നിവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരും നിപ്പാ സെല്ലുമായി ഫോണിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ വ്യക്തമാക്കി.
നിപ്പ വൈറസ്;പഴം തീനി വവ്വാലുമായി ഡോക്റ്റർ ഭോപ്പാലിലേക്ക് തിരിച്ചു
കോഴിക്കോട്:നിപ്പ വൈറസ് പരത്തുന്നതെന്ന് സംശയിക്കപ്പെടുന്ന പഴം തീനി വവ്വാലിന്റെ സാമ്പിളുമായി ഡോക്റ്റർ ഭോപ്പാലിലേക്ക് യാത്ര തിരിച്ചു. സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച വീടിനു പിറകിലുള്ള കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ നിന്ന് പിടികൂടിയ വവ്വാലുമായാണ് ഡോക്ടര്‍ രാവിലെ പതിനൊന്നു മണിയോടെ വിമാനത്തില്‍ ഭോപ്പാലിലേക്ക് തിരിച്ചത്. ഭോപ്പാലിലെ ലാബിൽ പരിശോധിക്കുന്നതിനായാണ് വവ്വാലിനെ കൊണ്ടുപോയിരിക്കുന്നത്.പഴംതീനി വവ്വാലിന്‍റെ വിസര്‍ജ്യങ്ങളും പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലാണ് പരിശോധന നടത്തുക. രണ്ടു ദിവസത്തിനകം പരിശോധനാഫലം ലഭ്യമാകും. വവ്വാലിനെ അതീവ സുരക്ഷിതമായി ഇന്‍കുബേറ്ററിലാക്കിയാണ് ഭോപ്പാലിലേക്ക് കൊണ്ടുപോകുന്നത്.എറണാകുളത്തുനിന്ന് കൊണ്ടുവന്ന ഡ്രൈ ഐസ് നിറച്ച ഇന്‍കുബേറ്ററിലാണിപ്പോള്‍ വവ്വാല്‍.
ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് മിന്നും ജയം
ചെങ്ങന്നൂർ:കേരളം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് റിക്കാര്‍ഡ് വിജയം. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ നേടിയെടുത്തത്.റെക്കോർഡ് ഭൂരിപക്ഷമായ 20,956 വോട്ട് സജി ചെറിയാന്‍ സ്വന്തമാക്കുകയും ചെയ്തു. 1987-ലെ തെരഞ്ഞെടുപ്പില്‍ മാമന്‍ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റിക്കാര്‍ഡ്. 67,303 വോട്ടുകളാണ് സജി ചെറിയാൻ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഡി.വിജയകുമാറിന് 46,347 വോട്ടുകൾ ലഭിച്ചു. 35,270 വോട്ടുകൾ നേടി എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്തെത്തി.ആദ്യം വോട്ടെണ്ണിത്തുടങ്ങിയ മാന്നാർ പഞ്ചായത്തിൽ തുടങ്ങിയ ഇടതു മുന്നേറ്റം വോട്ടണ്ണലിന്‍റെ അവസാനം വരെ നിലനിർത്താൻ സജി ചെറിയാന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർഥിക്ക് ലീഡ് നേടാനും കഴിഞ്ഞില്ല എന്നതും ഇടത് വിജയത്തിന്‍റെ മാറ്റ് കൂട്ടി.കേരള കോണ്‍ഗ്രസ്-എം ഭരിക്കുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അവസാന നിമിഷം യുഡിഎഫിലേക്ക് എത്തിയ കെ.എം.മാണിക്കും തിരിച്ചടിയായി. യുഡിഎഫ് സ്ഥാനാർഥി വിജയകുമാറിന്‍റെ വീട് ഉൾപ്പെടുന്ന പുലിയൂർ പഞ്ചായത്തിൽ യുഡിഎഫ് രണ്ടാമതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല പഞ്ചായത്തിൽ 2,353 വോട്ടിന്‍റെ വ്യക്തമായ ലീഡാണ് സജി ചെറിയാൻ നേടിയത്.പോസ്റ്റൽ വോട്ടുകളിൽ ഒരെണ്ണം മാത്രമാണ് സജി ചെറിയാന് നഷ്ടമായത്. ആകെ ലഭിച്ച 43 പോസ്റ്റൽ വോട്ടുകളിൽ 42 എണ്ണവും ഇടത് സ്തനാർത്ഥിക്കായിരുന്നു.ഒരു വോട്ട് ബിജെപിക്കും ലഭിച്ചു.യുഡിഎഫിന് പോസ്റ്റൽ വോട്ടുകളൊന്നും ലഭിച്ചില്ല.
കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം; ബോംബേറ്;ആറുപേർക്ക് പരിക്കേറ്റു
കണ്ണൂർ:എരുവട്ടി പാനുണ്ട യുപി സ്കൂളിനു സമീപം ഇന്നലെ രാത്രി സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിലും ബോംബേറിലും ആറുപേർക്കു പരുക്ക്. സിപിഎം പ്രവർത്തകരായ ഷമിൽ, ശ്യാംജിത്ത്, ശ്രീദേവ് എന്നിവർക്കു ബോംബേറിൽ പരുക്കേറ്റു. മഞ്ജുനാഥ്, ആദർശ്, പ്രശാന്ത് എന്നീ ബിജെപി പ്രവർത്തകർക്കു സംഘട്ടനത്തിലാണ് പരുക്കേറ്റത്.സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഇവിടെ സംഘട്ടനമുണ്ടായിരുന്നു. അതിനു ശേഷം രണ്ടു ബൈക്കുകളിലെത്തിയവർ സിപിഎം പ്രവർത്തകർക്കു നേരേ ബോംബെറിയുകയായിരുന്നു.ഇത് ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു
ചെങ്ങന്നൂരിൽ എൽഡിഎഫിന്റെ പടയോട്ടം;ലീഡ് 11,000 കടന്നു
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പടയോട്ടം.വോട്ടെണ്ണല്‍ ഏതാണ്ട് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഭൂരിപക്ഷം 11,000 കടന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ 7983 വോട്ടിനായിരുന്നു കോണ്‍ഗ്രസിലെ പി.സി.വിഷ്‌ണുനാഥിനെ അന്തരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.രാമചന്ദ്രന്‍ നായര്‍ തോല്‍പിച്ചത്. 11,834 വോട്ടിന്റെ ഭൂരിപക്ഷമുള്ള സജി ചെറിയാന് 38,491 വോട്ടാണ് ഇതുവരെ കിട്ടയത്. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന് 28,503 വോട്ടാണുള്ളത്. 20,062 വോട്ടുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍ പിള്ള മൂന്നാം സ്ഥാനത്താണ്.
കർണാടകയിലെ മാൽപയിൽ ബോട്ട് മുങ്ങി കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു
കണ്ണൂർ:കണ്ണൂർ അഴീക്കലിൽ നിന്നും മഹാരാഷ്ട്രയിലേക്ക് മത്സ്യബന്ധനത്തിന് പോയി മടങ്ങുന്നതിനിടെ കർണാടകയിലെ മാൽപയിൽ കടൽക്ഷോഭത്തിൽ കാണാതായ മൽസ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു.കന്യാകുമാരി സ്വദേശികളായ അരുൾ രാജ്(21),പുഷ്പ്പരാജ്(27) എന്നിവർക്കായുള്ള തിരച്ചിലാണ് തുടരുന്നത്.പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ സാരമായി ബാധിച്ചിട്ടുണ്ട്.ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ സെബാസ്റ്റ്യൻ, ആന്റണി,ശ്രീജൻ, തിരുവനന്തപുരം സ്വദേശിയായ തദേയൂസ് എന്നിവരെ കോസ്റ്റ് ഗാർഡ് ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.തമിഴ്‌നാട്ടിൽ നിന്നുള്ള എയ്ഞ്ചൽ ഫസ്റ്റ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.കണ്ണൂർ മറൈൻ എൻഫോഴ്‌സ്‌മെന്റാണ് അപകട വിവരം കോസ്റ്റ് ഗാർഡിനെ അറിയിച്ചത്.എയ്ഞ്ചൽ ഫസ്റ്റ് എന്ന ബോട്ടിനൊപ്പം മത്സ്യബന്ധനത്തിന് പോയ എയ്ഞ്ചൽ സെക്കന്റ് എന്ന ബോട്ടിലെ ഒൻപതു ജീവനക്കാരും സുരക്ഷിതരായി കരയ്ക്കണഞ്ഞു.മാൽപ തുറമുഖത്തിന് 50 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.കർണാടകയിൽ മെയ് 30 ന് ട്രോളിങ് നിരോധനം ആരംഭിക്കുന്നതിനാൽ അതിനു മുന്പായി കർണാടക സമുദ്രാതിർത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു മൽസ്യത്തൊഴിലാളികൾ.
നിപ്പ വൈറസ് കോഴിയിറച്ചിയിലൂടെ പകരുന്നുവെന്ന് വ്യാജപ്രചരണം;വ്യാപാര മേഖല തകരുന്നുവെന്ന് ചിക്കൻ വ്യാപാരികൾ
കോഴിക്കോട്: ജനങ്ങളില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് കോഴിയിറച്ചിയിലൂടെ പകരുന്നുവെന്ന വ്യാജപ്രചാരണം വ്യാപാര മേഖലയെ തകര്‍ക്കുന്നുവെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി. വ്യാജപ്രചാരണത്തോടെ 40 മുതല്‍ 60 ശതമാനം വരെ വ്യാപാരം ഇല്ലാതായെന്നും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആരോഗ്യ രംഗത്തുണ്ടാവുന്ന പ്രശ്‌നങ്ങളെ ചിക്കന്‍ വ്യാപാര മേഖലയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രചരണം കോഴി വില്‍പ്പനയില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.പ്രചാരണം കാരണം കോഴി വ്യാപാരമേഖല ഏറെ പ്രതിസന്ധിയില്‍ എത്തിനില്‍ക്കുകയാണ്.അതിനാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി തെറ്റായ പ്രചാരണം നടത്തുന്നവരെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ചെങ്ങന്നൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് വ്യക്തമായ ലീഡ്
ചെങ്ങന്നൂർ:ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നു.ഇതുവരെ എണ്ണിയ 28ല്‍ 26 ബൂത്തിലും സജി ചെറിയാന്‍ മുന്നേറുകയാണ്. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലും യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് മുന്നേറിയത്. 4628 വോട്ടിനാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.തപാൽ,സർവീസ് വോട്ടുകളാണ് ആദ്യം എണ്ണിയത്.ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുന്തോറും സജി ചെറിയാന്‍ ലീഡ് വര്‍ധിപ്പിച്ച് മുന്നേറുകയാണ്. വിജയം ഉറപ്പിച്ചെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിനും എന്‍ഡിഎയ്ക്കും കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ഇരു മുന്നണികള്‍ക്കും സാധിച്ചിട്ടില്ല. അത്ഭുത വിജയം അവകാശപ്പെട്ട ബിജെപിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മാന്നാറിൽ കഴിഞ്ഞ പ്രാവിശ്യം ലഭിച്ച വോട്ടുകളുടെ പകുതിയിലധികം യുഡിഎഫിന് കുറഞ്ഞു. ബിജെപിക്കും ഇവിടെ ക്ഷീണം ഉണ്ടായി. എന്നാൽ പാണ്ടനാട് എൽഡിഎഫ് മുന്നേറ്റം ഉണ്ടായപ്പോൾപോലും ലീഡ് കുറയ്ക്കാനായെന്നതു മാത്രമാണ് യുഡിഎഫിനുണ്ടായ ആശ്വാസം. പാണ്ടനാട് ഒട്ടുമിക്ക ബൂത്തുകളിലും സജിചെറിയാൻ മുന്നേറി. ഇവിടെയും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ ലഭിച്ചില്ല.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫ് മുൻപിൽ
ചെങ്ങന്നൂർ:ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നുര്‍ ഉപ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫലസൂചനകള്‍ പുറത്തു വരുമ്പോൾ എല്‍ഡിഎഫ് ആണ് മുന്നില്‍.ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ 13 റൗണ്ടുകളിലായി വോട്ടെണ്ണൽ പൂർത്തിയാക്കും. 799 തപാൽ വോട്ടുകളിൽ 12 എണ്ണം മാത്രമാണ് ഇതുവരെ റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ചത്. ഇതാണ് ആദ്യം എണ്ണുന്നത്.ആദ്യം മാന്നാര്‍ പഞ്ചായത്തിലെ 1 മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടാണ് എണ്ണുക. അതിന് ശേഷം പാണ്ടനാടും തിരുവന്‍വണ്ടൂരും ഉള്‍പ്പെടെ പതിമൂന്ന് റൗണ്ടായിട്ടായിരിക്കും എണ്ണല്‍ പൂര്‍ത്തിയാകുക. ഏറ്റവും അവസാനം വെണ്മണി പഞ്ചായത്താണ് എണ്ണുക. ചെങ്ങന്നൂര്‍ നഗരസഭ നാലാം റൗണ്ടിലാണ് എണ്ണുക.ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ 1591 വോട്ടുകൾക്ക് മുൻപിലാണ്. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വയനാട് ജില്ലയിൽ യുഡിഎഫും ബിജെപിയും ഇന്ന് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു
സുൽത്താൻ ബത്തേരി:വയനാട് ജില്ലയിൽ യുഡിഎഫും ബിജെപിയും ഇന്ന് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു.ബത്തേരിയിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ച കൊമ്പനാനയെ മയക്കുവെടി വെച്ച് പിടിച്ച് ആനപ്പന്തിയിലേക്ക് മാറ്റാൻ ഉത്തരവിട്ടതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചത്.വടക്കനാട് മേഖലയിലെ മൂന്നു വാർഡുകളെയാണ് കാട്ടാന ശല്യം രൂക്ഷമായി ബാധിച്ചത്.ഈ മൂന്നു വാർഡുകളിലുമായി 1400 ഓളം വീടുകളാണുള്ളത്. വയലുകളിലെ നെല്ലുകൾ തിന്നുതീർക്കുന്നതുൾപ്പെടെ നിരവധി നാശനഷ്ടങ്ങളാണ് കാട്ടാനകൾ ഇവിടെ വരുത്തുന്നത്.ബത്തേരിക്ക് സമീപം വടക്കാനാട് നാട്ടുകാര്‍ക്ക് ഭീഷണിയായ ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒമ്ബതു ദിവസമായ് പ്രദേശവാസികള്‍ നിരാഹാര സമരത്തിലാണ്. ഈ സാഹചര്യത്തില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യുഡിഎഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്.