നിപ്പ വൈറസ്;മരുന്നും ചികിത്സയും ഉണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്റ്റർമാർ

keralanews homeo doctors claiming that there is vaccine and treatment for nipah virus in homeopathy

കോഴിക്കോട്:ജനങ്ങളെ ആശങ്കയിലാഴ്ത്തി നിപ്പ വൈറസിന്റെ രണ്ടാം ഘട്ടം പിടിമുറുക്കുന്നതിനിടെ നിപ്പയ്‌ക്കെതിരെ മരുന്നും ചികിത്സയുമുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്റ്റർമാർ.നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.നിലവില്‍ വിവിധ തരം പനികള്‍ക്കെതിരെ പ്രതിരോധ മരുന്ന് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഹോമിയോപതിയില്‍ ചികിത്സയും മരുന്നുമുണ്ടെന്നും നിപ രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.ഇക്കാര്യം ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെടുമെന്നും അസോസിയേഷന്‍ പറയുന്നു.

കണ്ണൂരിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കത്തി രണ്ടുപേർ മരിച്ചു

keralanews two died in an accident in kannur payyavoor

കണ്ണൂർ:പയ്യാവൂർ ചതുരമ്പുഴയിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കത്തി രണ്ടുപേർ മരിച്ചു.ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.അപകടത്തില്‍ വൈദ്യുത ലൈന്‍ പൊട്ടി കാറിന് മുകളിലേക്ക് വീണതിനെത്തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ രണ്ടു പേര്‍ വെന്തുമരിക്കുകയായിരുന്നു. കാര്‍ രണ്ട് കഷ്ണമായി മുറിയുകയും ചെയ്തു.ഒരാളുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിലാണുള്ളത്.ചന്ദനക്കാംപാറ വെട്ടത്ത് ജോയിയുടെ മകന്‍ റിജുല്‍ (19 ), കരിവിലങ്ങാട്ടു ജോയിയുടെ മകന്‍ അനൂപ് (19 ) എന്നിവരാണ് മരിച്ചത്. മച്ചുകാട്ടു തോമസിന്റെ മകന്‍ അഖില്‍, ഷാജിയുടെ മകന്‍ സില്‍ജോ എന്നിവര്‍ക്കാണ് ഗുരുതര പരിക്ക്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പയ്യാവൂര്‍ പോലീസ് സ്ഥലത്തുണ്ട്. അപകടം നടന്ന ഭാഗത്തേക്ക് ആള്‍ക്കാരെ കടത്തിവിടുന്നില്ല.

പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് പരിശോധന ഫലം

keralanews test result is that nipah virus is not present in fruit bats

കോഴിക്കോട്:പരിശോധനക്കയച്ച പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം.ഭോപാലിലെ ലാബില്‍ നിന്നുള്ളതാണ് ഫലം.പരിശോധിച്ച 13 വവ്വാലുകളിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും നിന്നുള്ള വവ്വാലുകളിലായിരുന്നു പരിശോധന.പഴങ്ങള്‍ തിന്നുന്ന വവ്വാലുകളാണ് നിപ വൈറസ് വാഹകര്‍. അതുകൊണ്ടാണ് പഴംതീനി വവ്വാലുകളെ പിടികൂടി പരിശോധനക്കയച്ചത്.നിപ രോഗബാധയെത്തുടര്‍ന്ന് ആദ്യം മരിച്ച ചങ്ങരോത്തെ സഹോദരങ്ങളായ സാബിത്തിന്റെയും മുഹമ്മദ് സാലിഹിന്റെയും പുതിയ വീട്ടിലെ കിണറിനകത്തുള്ള ചെറുപ്രാണികളെ തിന്നുന്ന വവ്വാലുകളെ നേരത്തെ പിടികൂടി സാമ്പിളുകള്‍ ഭോപാലിലെയും പുണെയിലെയും ലാബുകളിലേക്ക് അയച്ചിരുന്നു.എന്നാല്‍ ഈ പരിശോധനയിലും നിപ വൈറസിനെ കണ്ടെത്താനായില്ല. ഇപ്പോഴും വവ്വാലുകളല്ല രോഗം പരത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ല. പരിശോധനക്കയച്ച 13 വവ്വാലുകളില്‍ നിപയില്ല എന്നു മാത്രമേ ഉറപ്പിക്കാനായുള്ളൂ.

നിപ വൈറസ്;വ്യാജ പ്രചാരണം നടത്തിയ അഞ്ചുപേർ അറസ്റ്റിൽ

keralanews nipah virus five arrested for conducting fake campaign through social media

കോഴിക്കോട്: നിപ്പാ വൈറസ് ബാധ ജനങ്ങളില്‍ ആശങ്കയുണ്ടാക്കവേ  ഇത് സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. ഫറോക്ക് സ്വദേശികളായ നിമേഷ്, ബില്‍ജിത്ത്, വിഷ്ണുദാസ്, വൈഷ്ണവ്, വിവിജ് എന്നിവരാണ് അറസ്റ്റിലായത്.നിപ്പാ വൈറസ് പടരുന്നതിനെ സംബന്ധിച്ച് വാട്സ്ആപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇവർ അശാസ്ത്രീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.നിപ്പാ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. അസത്യപ്രചാരണത്തിന്റെ ഉറവിടം സൈബര്‍സെല്‍ പരിശോധിക്കും.

പരിയാരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

keralanews nursing student of pariyaram medical college found dead in hostal room

കണ്ണൂർ:പരിയാരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു.കോഴിക്കോട് ചേളന്നൂരിലെ ജയരാജിന്റെ മകള്‍ ശ്രീലയ (19) ആണ് മരിച്ചത്.ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ പനിയാണെന്ന് പറഞ്ഞ് ശ്രീലയ ഇന്ന് ക്ലാസ്സിൽ പോയിരുന്നില്ല.ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.ഒന്നാം വര്‍ഷ ബി എസ് സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്. പരിയാരം പോലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അത്മഹത്യ ചെയ്യാനുള്ള സാഹചര്യം വ്യക്തമല്ല.

നിപ്പ വൈറസ്;കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തർ

keralanews nipah virus avoid journey from kerala to qatar

ദോഹ: നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വദേശികളും വിദേശികളും കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കേരളത്തില്‍നിന്നു ഖത്തറിലേക്കുള്ള യാത്രക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനൊപ്പംകേരളത്തില്‍നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഖത്തര്‍ ഭക്ഷ്യകാര്യവകുപ്പ് ജോയിന്റ് കമ്മീഷന്‍ താല്‍ക്കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിപ്പാ വൈറസ് ഖത്തറിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ ചികിത്സതേടണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.

നിപ്പ വൈറസ്ബാധയ്‌ക്കെതിരെ കോഴിക്കോട്ട് ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

keralanews persons suffers physical difficulties who take homeo medicine for nipah virus

കോഴിക്കോട്:കോഴിക്കോട്: നിപ്പ വൈറസ് ബാധക്കെതിരെയെന്ന പേരില്‍ കോഴിക്കോട്ട് വിതരണം ചെയ്ത വ്യാജ ഹോമിയോ മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. 30ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.മണാശേരി ഹോമിയോ ആശുപത്രിയില്‍ നിന്നാണ് വ്യാജമരുന്ന് വിതരണം ചെയ്തത്.ഇന്നലെയാണ് ഹോമിയോ ആശുപത്രി ജീവനക്കാര്‍ മരുന്ന് വിതരണം ചെയ്തത്. ഈ സമയത്ത് ഡോക്ടര്‍ ആശുപത്രിയില്‍ ഇല്ലായിരുന്നു. ഇത്തരത്തിലുള്ള ഒരു മരുന്നും വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഹോമിയോ ഡിഎംഒ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കെവിൻ കൊലപാതകം;എല്ലാ പ്രതികളും പിടിയിലായി;നീനുവിന്റെ മാതാവ് രഹ്നയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി പോലീസ്

keralanews kevin muder all accused arrested police intensified the effort to find neenus mother rahna

കോട്ടയം:കെവിന്‍ കൊലകേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.വെള്ളിയാഴ്ച്ച രാത്രിയോടെ പാലക്കാട്, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് അഞ്ചുപേര്‍ കൂടി കസ്റ്റഡിയിലായത്. കെവിനെ തട്ടികൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഷാനു, ഷിനു,വിഷ്ണു എന്നിവര്‍ പാലാക്കാട് പുതുനഗരം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.തമിഴ്‌നാട് പൊള്ളാച്ചിക്ക് സമീപം അബ്രാംപാളയത്ത് ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെ സമീപത്തെ എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ചതോടെ ലഭിച്ച സുചനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ച ലോഡ്ജ് കണ്ടെത്തി.പോലീസ് പിന്‍തുടരുന്നുണ്ടെന്ന് അറിഞ്ഞ് ഇവർ ബസ് മാര്‍ഗം പാലക്കാട് പുതുനഗരം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എന്നാല്‍ ഇടമണ്‍ സ്വദേശികളായ റമീസ്,ഫസല്‍ എന്നിവരെ പൊലീസ് പുനലൂരില്‍ നിന്ന്  പിടികൂടുകയായിരുന്നു. പ്രതികളെ കോട്ടയത്തെത്തിച്ചു ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. അതേസമയം നീനുചാക്കോയുടെ മാതാവ് രഹ്നായ്ക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.ഇവരാണ് കെവിനെ തട്ടികൊണ്ടുപോകാനെത്തിയവര്‍ക്ക് അനീഷിന്റെ വീട് കാണിച്ചുകൊടുത്തത്.നിലവില്‍ രഹ്നയെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും ഇതിനുള്ള സാധ്യത പോലീസ് തള്ളിയിട്ടുമില്ല. സംഭവം നടന്നതിന് ശേഷം രഹ്ന ഒളിവിലാണ്. പിടിയിലായ പ്രതികളെയും കൊണ്ട് തെളിവെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

നിപ വൈറസ്;കോഴിക്കോട് ജില്ലയിൽ സ്കൂൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടി

keralanews nipah virus the school opening in kozhikkode district extended till june 12th

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സ്കൂള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. നിപ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണിത്.നേരത്തെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിന് സ്കൂള്‍ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. നിലവില്‍ വയനാട്, മലപ്പുറം ജില്ലകളിലെ സ്കൂളുകൾ ജൂൺ അഞ്ചിനു തന്നെ തുറക്കും. ജില്ലയിലെ പൊതു പരിപാടികള്‍ക്കും ജൂൺ 12വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പയ്യന്നൂർ എട്ടിക്കുളത്ത് സുന്നി എ.പി,ഇ.പി വിഭാഗങ്ങൾ ഏറ്റുമുട്ടി,പോലീസുകാർക്ക് പരിക്ക്

keralanews clash between sunni ap ep section police injured

പയ്യന്നൂര്‍: എട്ടിക്കുളത്ത് എപി-ഇകെ വിഭാഗം സുന്നികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ എസ്‌ഐക്കും പോലീസുകാരനുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് ജീപ്പുള്‍പ്പെടെ രണ്ടു ജീപ്പുകളും കാറും നിരവധി ഇരുചക്ര വാഹനങ്ങളും തകര്‍ത്തു.ഇരുവിഭാഗത്തിൽപ്പെട്ട പത്തിലേറെ പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 300ഓളം പേര്‍ക്കെതിരേ കേസെടുത്തിട്ടുമുണ്ട്. 35 ബൈക്കുകളും കസ്റ്റഡിയിലെടുത്തു.ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. എപി വിഭാഗം സുന്നികളുടെ പള്ളിയില്‍ പുതുതായി ജുമുഅ തുടങ്ങാനുള്ള നീക്കം ഇകെ വിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വാക്കേറ്റം രൂക്ഷമായപ്പോള്‍ പിരിഞ്ഞുപോകാനാവശ്യപ്പെട്ട പോലീസിനുനേരേ കല്ലേറുണ്ടായതോടെയാണ് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവുമുണ്ടായത്. സംഘർഷത്തിനിടെ പഴയങ്ങാടി എസ്‌ഐ ബിനു മോഹൻ,പഴയങ്ങാടി സി.പി.ഒ അനിൽകുമാർ എന്നിവർക്ക് പരിക്കേറ്റു.പഴയങ്ങാടി പോലീസിന്റെ ജീപ്പും അക്രമികൾ അടിച്ചു തകർത്തു.നിരവധി സ്‌കൂട്ടറുകളും ബൈക്കുകളും തകര്‍ക്കപ്പെട്ടു. സംഭവസ്ഥലത്തുനിന്നും തകര്‍ക്കപ്പെട്ടവയുള്‍പ്പെടെ 35 ഇരുചക്ര വാഹനങ്ങളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. എട്ടിക്കുളത്തെ താജുല്‍ ഉലമ മഖാമില്‍ പുതുതായി വെള്ളിയാഴ്ച നിസ്‌കാരമായ ജുമുഅ തുടങ്ങാനുള്ള ശ്രമം നിലവിലുള്ള പള്ളിയിലെ വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വെള്ളിയാഴ്ചകളിലും തടസപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഈ പള്ളിയില്‍ ജുമുഅ നിസ്‌കാരം ആരംഭിക്കാനുള്ള നീക്കം ഇകെ വിഭാഗക്കാര്‍ തടഞ്ഞിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായുണ്ടായ പ്രശ്നമാണ് ഇന്നലെ ലാത്തിച്ചാര്‍ജിൽ കലാശിച്ചത്.സംഭവമറിഞ്ഞ് ഇരുവിഭാഗത്തിന്‍റെയും നേതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി സ്ഥലത്തെത്തി ക്രമസമാധാനപാലനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.