കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയിൽ.നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കേയാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടുന്നത്.കേസിൽ അറസ്റ്റിലായ ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ച ഘട്ടത്തിലും സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ദിലീപിന്‍റെ അമ്മയും ഇക്കാര്യം ആവശ്യപ്പെട്ട് മുൻപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.അതേസമയം.കേസിൽ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സമർപ്പിച്ച ഹർജിയിൽ ഈ മാസം 18 ന് വിധി വരും.വിധി വന്നാലുടനെ കേസിൽ വിചാരണ ആരംഭിക്കും.ഈ സാഹചര്യത്തിൽ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ദിലീപിന്റെ പുതിയ ഹർജിയെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തൽ.2017 ഫെബ്രുവരി 17ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.ദിലീപിന്‍റെ നിർദ്ദേശപ്രകാരം മുഖ്യപ്രതിയായ പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ച് നഗ്നചിത്രം പകർത്തിയെന്നാണ് കേസ്. ദിലീപാണ് കേസിലെ മുഖ്യസൂത്രധാരനെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.
സംസ്ഥാനത്ത് മീനിന് റെക്കോർഡ് വില
കോഴിക്കോട്: സംസ്ഥാനത്ത് മീനിന് റെക്കോഡ് വില. പെരുന്നാള്‍ കാലമെത്തിയതോടെ മീന്‍വില എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലേക്ക് കുതിച്ചു കഴിഞ്ഞു. സാധാരണക്കാരന്റെ മീനായ മത്തിക്ക് രണ്ടാഴ്ച മുമ്ബ് 90 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 180 വരെ എത്തി വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് കച്ചവടക്കര്‍ പറയുന്നത്. ട്രോളിങ് നിരോധനവും കടല്‍ഷോഭവും മഴയും മീനിന്റെ വില കുത്തനെ കൂടാന്‍ കാരണമായെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ആവോലി കിലോയ്ക്ക് രണ്ടാഴ്‌ച്ചയ്ക്കിടെ കൂടിയത് 400 രൂപയാണ്. അയലയ്ക്ക് 60 രൂപ വര്‍ധിച്ച് കിലോക്ക് 200 രൂപയായി. ചെമ്മീന്‍ 250ല്‍ നിന്ന് 500 ലേക്കും കുതിച്ചു.അയക്കൂറ കിലോയ്ക്ക് 1150രൂപയാണ് വില.പരമാവധി 600 രൂപ വരെ പോയിരുന്ന ആവോലി 900ലെത്തി നില്‍ക്കുന്നു.അതേ സമയം ഒരു കിലോ കോഴി യിറച്ചിയുടെ വില 160 ല്‍ തുടരുകയാണ്.നൂറിനും അന്പതിനും മീന്‍ വാങ്ങുന്ന സാധാരണക്കാരുടെ കാര്യമാണ് ഇതോടെ കഷ്ടത്തിലായത്
ഇരിട്ടി പോലീസ് സ്റ്റേഷനിൽ കയറിൽ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം
കണ്ണൂര്‍: ഇരിട്ടിയില്‍ പോലീസ് സ്റ്റേഷനുള്ളില്‍ കയറി എസ് എഫ്‌ഐ അതിക്രമം.സ്‌കൂളുകളില്‍ എസ്‌എഫ്‌ഐ സ്ഥാപിച്ച കൊടിതോരണങ്ങള്‍ പോലീസ് എടുത്തു നീക്കിയതില്‍ പ്രതിഷേധിച്ചാണ് മുപ്പതിലധികം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളില്‍ കയറിയത്. ഉപരോധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട എസ്‌ഐയും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.സിഐ എത്തി ചര്‍ച്ച നടത്തിയ ശേഷമാണ് സമരം അവസാനിച്ചത്. ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആയിരുന്നു സമരം. കൊടിതോരണങ്ങള്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് 15 മിനിറ്റോളം ഉപരോധവും മുദ്രാവാക്യം വിളികളും തുടര്‍ന്നു.
വ്യാജ സർട്ടിഫിക്കറ്റ് കേസ്;മെഡ്‌സിറ്റി എംഡിക്കെതിരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി
കണ്ണൂർ:വിദേശ ജോലിക്ക് വ്യാജ നഴ്സിംഗ് സർട്ടിഫിക്കറ്റ് നൽകിയ കേസിൽ കണ്ണൂർ ചെട്ടിപ്പീടികയിലെ മെഡ്‌സിറ്റി ഇന്റർനാഷണൽ അക്കാദമി എംഡി രാഹുൽ ചക്രപാണിക്കെതിരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.കോഴിക്കോട്ടു നിന്നുമുള്ള അന്വേഷണ ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി കേസ് സംബന്ധിച്ച രേഖകൾ പോലീസിൽ നിന്നും ശേഖരിച്ചു.കേസിൽ രാഹുൽ ചക്രപാണി സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി.രാഹുൽ ചക്രപാണിയുടെ സഹോദരൻ അനിൽ ചക്രപാണി ഒളിവിലാണ്.കണ്ണൂരിൽ മെഡിക്കൽ കോളേജും സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയും സ്ഥാപിക്കാൻ രാഹുൽ ചക്രപാണി വൻ തുക ഓഹരിയായി സ്വരൂപിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.300 കോടി രൂപ ചിലവിൽ അത്യാധുനിക ആശുപത്രിയും മെഡിക്കൽ കോളേജും സ്ഥാപിക്കുമെന്ന് ധരിപ്പിച്ച് രാഹുൽ ചക്രപാണി വൻ തുക പിരിച്ചെടുത്തിട്ടുള്ളതായി സംശയമുണ്ട്. പദ്ധതിയുടെ മതിപ്പുചിലവ് കണക്കും വിശദമായ പദ്ധതി രേഖയും എറണാകുളം നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൽ നടത്തിയ നിക്ഷേപക സംഗമത്തിൽ അവതരിപ്പിച്ചിരുന്നു.മുഖ്യമന്ത്രി ഉൽഘാടനം ചെയ്ത സംഗമത്തിൽ വിദേശത്തുനിന്നുള്ള നിക്ഷേപകരും പങ്കെടുത്തിരുന്നു.2,54,325 ചതുരശ്ര അടിയിൽ ഏഴുനില കെട്ടിടത്തിൽ 150 പേർക്ക് എംബിബിഎസ് പ്രവേശനം നൽകുന്ന മെഡിക്കൽ കോളേജ്, ഡെന്റൽ നഴ്സിംഗ് കോളേജുകൾ,550 കിടക്കകളുള്ള ആശുപത്രി എന്നിവ നിർമിക്കുമെന്നാണ് പദ്ധതിരേഖയിൽ ഉള്ളത്. മെഡ്‌സിറ്റി ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഓഹരി-നിക്ഷേപ സമാഹരണത്തിനായി ജനപ്രതിനിധികളുടെ പേരുകൾ ദുരുപയോഗം ചെയ്തതായും പരാതിയുണ്ട്.
സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോയാൽ കർശന നടപടി
കണ്ണൂർ:സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥികളെ കുത്തി നിറച്ചു കൊണ്ടുപോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കും.ഒപ്പം സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തുകയും ചെയ്യും.കഴിഞ്ഞ ദിവസം ജില്ലയിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളെ കുത്തിനിറച്ചു കൊണ്ടുപോയ എട്ടു വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. അടുത്ത ദിവസം ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകും. വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ തുടരുമെന്ന് കണ്ണൂർ ആർടിഒ എം.മനോഹരൻ പറഞ്ഞു.സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ കർശന നിബന്ധനകളാണ് നൽകിയിരിക്കുന്നത്.സ്കൂൾ ബസ്സുകളിൽ അറ്റൻഡർ ഉണ്ടായിരിക്കണം,ഡ്രൈവർമാർക്ക് കുറഞ്ഞത് പത്തുവർഷത്തെ പരിചയം ഉണ്ടായിരിക്കണം,ബസ്സുകളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കണം,മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ മാത്രമേ ഓടിക്കാവൂ,തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.സ്വകാര്യ ടാക്‌സികൾ ഉൾപ്പെടെ ആയിരത്തോളം വാഹനങ്ങളാണ് ജില്ലയിൽ വിദ്യാർത്ഥികളെ കയറ്റിപോകുന്നത്.ഈ അധ്യയന വർഷം തുടങ്ങുന്നതിനു മുൻപായി വാഹനങ്ങൾക്ക് ഫിറ്റ്നസ് പരിശോധന നടത്തി സ്റ്റിക്കർ പതിച്ചിരുന്നു.സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ കണ്ടെത്തി പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ തുടരുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.
കനത്ത മഴ;കർണാടക വനത്തിൽ ഉരുൾപൊട്ടി
ചെറുപുഴ:കർണാടക വനത്തിൽ ഉരുൾപൊട്ടി.ഇതേതുടർന്ന് ചെറുപുഴ കാര്യങ്കോട് പുഴയിൽ വെള്ളമുയർന്നു.അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന കാനംവയൽ കോളനിയിൽ വെള്ളം കയറി.ഇന്നലെ രാവിലെ പതിനൊന്നു മണിയോട് കൂടിയാണ് കർണാടക വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ മരങ്ങളും തടികളും ഒഴുകിയെത്തി കാനംവയൽ കോളനിയിലേക്കുള്ള മുളപാലത്തിൽ തട്ടിയതിനെ തുടർന്ന് പാലത്തിനു കേടുപാടുകൾ സംഭവിച്ചു.ഈ വർഷം കർണാടക വനത്തിൽ നിന്നും മുള ലഭിക്കാത്തതിനെ തുടർന്ന് പാലം മാറ്റി പണിതിരുന്നില്ല. കോളനിയിൽ താമസിക്കുന്ന കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് ഈ പാലത്തിൽ കൂടിയാണ്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇവിടെ സ്ഥിരം പാലത്തിനായി ഒന്നരക്കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.
കെവിന്റെ കുടുംബത്തിന് വീടുവയ്ക്കാൻ പത്തുലക്ഷം രൂപ നൽകും;നീനുവിന്റെ പഠനച്ചിലവും സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം:പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ ഭാര്യ വീട്ടുകാരുടെ ക്രൂരതയ്ക്കിരയായി മരിച്ച കോട്ടയം മാന്നാനം സ്വദേശി കെവിന്റെ കുടുംബത്തിന് വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപ സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വാടകവീട്ടിലാണ് ഇപ്പോൾ കെവിന്റെ കുടുംബം താമസിക്കുന്നത്.ഇതോടൊപ്പം കെവിന്റെ ഭാര്യ നീനുവിന്റെ പഠനച്ചിലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കെവിെന്‍റ കുടുംബത്തിെന്‍റ സംരക്ഷണം സര്‍ക്കാര്‍ ഏെറ്റടുക്കുമെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു.
നെടുമ്പാശ്ശേരിയിൽ വൻ വിദേശകറൻസി വേട്ട
കൊച്ചി:നെടുമ്പാശ്ശേരിയിൽ വൻ വിദേശകറൻസി വേട്ട.പത്തുകോടി രൂപ മൂല്യമുള്ള വിദേശ കറന്സിയാണ് പിടികൂടിയത്.ഇന്ന് പുലർച്ചെ ഡൽഹിയിൽനിന്നും ദുബായിലേക്കു പോകാനായി കൊച്ചിയിലെത്തിയ അഫ്ഗാൻ സ്വദേശിയിൽനിന്നുമാണ് കറൻസിശേഖരം പിടിച്ചത്.പിടിയിലായ യൂസഫ് മുഹമ്മദ് സിദ്ദിഖി(33)ന്റെ കൈവശമുണ്ടായിരുന്നവയില്‍ ഭൂരിഭാഗവും അമേരിക്കന്‍ ഡോളറുകളായിരുന്നു.ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ഡല്‍ഹി- കൊച്ചി- ദുബായ് വിമാനത്തിലാണിയാള്‍ എത്തിയത്. എന്നാല്‍ കൊച്ചിയില്‍ വെച്ച് വിമാനം സാങ്കേതിക തകരാറിനേത്തുടര്‍ന്ന് കുടുങ്ങിയതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുക ഉണ്ടായി, അതിന് ശേഷം ഇന്ന് ഇവരെ വിവിധ വിമാനങ്ങളിലായി ദുബായിലേക്ക് അയക്കുന്നതിനുള്ള സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് കറന്‍സിയുമായി ഇയാളെ പിടികൂടിയത്.
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം;നാല് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്:കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം.മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചില്‍ ശക്തമായി നില നില്‍ക്കുന്നുണ്ട്. ഇവിടെ 17 കുടംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.പുല്ലൂരാം പാറ, കൂടരഞ്ഞി എന്നിവിടങ്ങളിലും മണ്ണ് ഇടിച്ചിലുണ്ടായി. പുല്ലൂരാംപാറ നെല്ലിപൊയിലില്‍ റോഡില്‍ വെള്ളം കയറി. മണ്ണിടിച്ചിലും മലവെള്ള പാച്ചിലും ശക്തമായതോടെ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലേക്ക് ആളുകളെ മാറ്റി. ഇരുവഴിഞ്ഞി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുക്കം ഭാഗത്തും വീടുകളില്‍ വെള്ളം കയറി. മലവെള്ള പാച്ചിലും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.പ്രദേശത്ത് വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മരട് സ്കൂൾ വാൻ അപകടം;ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
കൊച്ചി:മരടിൽ അപകടത്തിൽപ്പെട്ട സ്കൂൾ വാനിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.അപകടത്തിൽപ്പെട്ട വാനിന് 2018 ഓഗസ്റ്റ് വരെ ഫിറ്റ്നസുണ്ട്. 2020 വരെ ഡ്രൈവറുടെ ലൈസൻസിനും ബാഡ്ജിനും കാലാവധിയുണ്ട്. പ്രാഥമിക നിഗമനത്തിൽ അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ് അപകടകാരണമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് എറണാകുളം ആർടിഒ റെജി പി. വർഗീസ് പറഞ്ഞു.രണ്ടാം ഗിയറില്‍, 20 കിലോമീറ്റര്‍ വേഗതയില്‍ സാവധാനം തിരിയേണ്ട വളവ് ഡ്രൈവര്‍ അമിത വേഗത്തില്‍ തിരിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് അനില്‍കുമാറിന്റെ ലൈസന്‍സ് റദ്ദു ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും ആര്‍ടിഒ പറഞ്ഞു.