വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ ആചരിക്കുന്നു

keralanews believers celebrate eid today

കോഴിക്കോട്: വ്രതാനുഷ്ഠാനത്തിന്‍റെ പകലിരവുകൾക്കു പരിസമാപ്തി കുറിച്ച് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു.സംസ്ഥാനത്ത് വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടന്നു.കോഴിക്കോട് മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാര്‍ ശവ്വാല്‍ മാസപ്പറിവി സ്ഥിരികരിച്ചത്. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ മുസ്ലിംകള്‍ ഇന്ന് ചെറിയ പെരുന്നാളാഘോഷിക്കുന്നത്. കോഴിക്കോട് കപ്പക്കലില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് തങ്ങളും പാളയം ഇമാമും മറ്റു ഖാസിമാരും അറിയിച്ചു.കനത്ത മഴ കാരണം പലയിടത്തും ഈദ് ഗാഹുകള്‍ക്ക് പകരം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് ചെറിയ പെരുന്നാള്‍ ആഘോഷം നടക്കുന്നത്. മലബാറിലെ വിവിധ പള്ളികളില്‍ ഈദ് നമസ്‌കാരം നടന്നു. പ്രാര്‍ഥനയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള വലിയൊരു വിശ്വാസി സമൂഹം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പള്ളികളില്‍ എത്തിച്ചേര്‍ന്നു.

താമരശ്ശേരി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

keralanews continuing the search for those missing in landslide in thamarasseri

കോഴിക്കോട്: താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽ കനത്ത മഴയേത്തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു.ഇന്ന് രാവിലെ ഏഴോടെയാണ് തെരച്ചിൽ പുനഃരാരംഭിച്ചത്.കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തെരച്ചില്‍ നടത്തുക.ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ടുപോയ ഏഴ് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.ഇതില്‍ നാല് പേരുടെ മൃതദേഹം കബറടക്കി.ഇനി ഏഴ് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. തെരച്ചിലിനിടെ ഒരാളുടെ ശരീരാവശിഷ്ടം ലഭിച്ചെന്നാണ് വിവരം.കാലിന്‍റെ ഭാഗമാണ് ലഭിച്ചത്.ഇത് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ജാഫര്‍ എന്നയാളുടെതാണ് എന്ന സംശയമുണ്ട്.ജാഫറിെന്‍റ മൃതദേഹം ലഭിച്ചപ്പോള്‍ ശരീരത്തില്‍ ഒരു കാലുണ്ടായിരുന്നില്ല.ലഭിച്ച ശരീരഭാഗവും കാലായതിനാല്‍ ഇത് ജാഫറിന്റെതാകാമെന്നാണ് നിഗമനം.വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹ്മാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിെന്‍റ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിെന്‍റ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്ബത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് റിപ്പോർട്ട്;ആറു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

keralanews possibility of heavy rain in coming days red alert in six districts

തിരുവനന്തപുരം:സംസ്ഥാനത്ത് ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം,വയനാട്,കണ്ണൂര്‍,കാസര്‍കോട്,പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്.  കോഴിക്കോട്ടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ചത് അസാധാരണ മഴയാണ്.അതീവജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.ശക്തമായ മഴയില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് താമരശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ രണ്ടുകുട്ടികളടക്കം  നാലുപേർ മരിച്ചു.. ദില്‍ന ഷെറിന്‍ (ഏഴ്), സഹോദരന്‍ മുഹമ്മദ് ഷഹബാസ് (മൂന്നര), അയല്‍വാസി ജാഫറിന്റെ ഏഴു വയസ്സുള്ള മകന്‍, ഒരു സ്ത്രീ എന്നിവരാണു മരിച്ചത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തലയില്‍ മരത്തിന്റെ കൊമ്ബ് ഒടിഞ്ഞുവീണ് വയലമ്ബം താണിയത്ത് സുരേഷ് (55) മരിച്ചു. നാട്ടുകാരും പോലീസും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്നു രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. 48 അംഗ കേന്ദ്ര ദുരന്തനിവാരണ സേന കോഴിക്കോട്ടേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

കോഴിക്കോട് ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മൂന്നു മരണം

keralanews three died in landslide in kozhikkode karinchola

താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കരിഞ്ചോല സ്വദേശി അബ്ദുൾ സാലീമിന്‍റെ മക്കളായ ദിൽന(9)യും സഹോദരനും മറ്റൊരു കുട്ടിയുമാണ് മരിച്ചത്. അതേസമയം കാണാതായ ഒരു കുട്ടിയെ കൂടി രക്ഷാപ്രവർത്തകർ പുറത്തെടുത്തു. കാണാതായ എട്ട് പേർക്കുവേണ്ടിയുള്ള തെരച്ചിൽ പുരോഗമിച്ചു വരികയാണ്. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് കാണാതായിരിക്കുന്നത്. ഹസൻ, അബ്ദുൾ റഹ്മാൻ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്.ഹസന്റെ കുടുംബത്തില ഏഴ് പേരെയാണ് കാണാതായിരിക്കുന്നത്. അബ്ദുള്‍റഹ്മാന്റെ കുടുംബത്തിലെ നാലുപേരെയും കാണാതായി.ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം. നാട്ടുകാരും പോലീസും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്നു രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. എന്നാൽ തുടർച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിക്കുന്നുണ്ട്.

കോഴിക്കോട് കരിഞ്ചോല കട്ടിപ്പാറയില്‍ ഉരുൾപൊട്ടൽ;നിരവധിപേർ മണ്ണിനടിയിൽപ്പെട്ടതായി സൂചന;രണ്ടുപേരെ പുറത്തെടുത്തു

keralanews landslide in kozhikkode karinjola kattippara many people were trapped inside the soil two people were rescued

കോഴിക്കോട്: താമരശ്ശേരി കരിഞ്ചോല കട്ടിപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയില്‍ രണ്ടു കുടുംബങ്ങളിലെ 12 പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് പ്രദേശവാസികള്‍. ഇവരില്‍ രണ്ടു പേരെ 10.45 ഓടെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. കരിഞ്ചോല അബ്ദുള്‍ സലിമിന്റെ നാലു വയസ്സുകാരനായ മകനേയും മറ്റൊരാളെയുമാണ് പുറത്തെടുത്തത്. അബ്ദുള്‍ സലിമിന്റെ മൂത്തമകള്‍ ദില്‍ന രാവിലെ മരിച്ചിരുന്നു. മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹസ്സന്‍ എന്നയാളുടെ വീട്ടിലെ ഏഴു പേരെ കാണാനില്ല. ഇവര്‍ ബന്ധുക്കളാണ്. പുറത്തെടുത്തവരുടെ ആരോഗ്യനില വ്യക്തമല്ല. മണിക്കൂറുകള്‍ മണ്ണിനടിയില്‍ കിടന്ന ഇവരുടെ നില ആറെ ആശങ്കപ്പെടുത്തുന്നു. 10 പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ഇവരുടെ കാര്യത്തിലും ആശങ്ക തുടരുകയാണ്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ നാലു വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോലി. ചെങ്കുത്തായ പ്രദേശമാണ് കരിഞ്ചോല മേഖല. ഇവിടെയാണ് ഉള്‍പ്പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. പ്രദേശവാസികള്‍ക്കു പോലും ഇവിടേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല. മഴ ശക്തമായി തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനും തടസ്സമാകുന്നുണ്ട്. വഴികളിലെല്ലാം മണ്ണുവീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം കലക്റ്റർ അവധി പ്രഖ്യാപിച്ചു

keralanews collector announced leave for schools in kannur district today afternoon

കണ്ണൂർ:തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം കലക്റ്റർ അവധി പ്രഖ്യാപിച്ചു.കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മട്ടന്നൂർ പഴശ്ശിയിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു

keralanews school bus overturned into field in mattannur pazhassi

മട്ടന്നൂർ:മട്ടന്നൂർ പഴശ്ശിയിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു.പഴശ്ശി വെസ്റ്റ് യു.പി സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ  രാവിലെ പത്തുമണിയോടെ കുട്ടികളെ സ്കൂളിൽ കൊണ്ടാക്കി തിരികെ പോകുമ്പോഴാണ് അപകടം നടന്നത്.ബസിലുണ്ടായിരുന്ന ഡ്രൈവറും അയയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലശ്ശേരിൽ നിന്നും മട്ടന്നൂരിലേക്ക് അമിത വേഗതയിൽ വരികയായിരുന്ന സ്വകാര്യ ബസ്സിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ സ്കൂൾ ബസ് വയലിലേക്ക് മറിയുകയായിരുന്നു.സ്വകാര്യ ബസ് എതിരെ വന്ന കാറിൽ പിടിച്ചിരുന്നു.ഉച്ചയോടെ ക്രയിൻ ഉപയോഗിച്ചാണ് സ്കൂൾ ബസ് പുറത്തെടുത്തത്.

കനത്ത മഴ;കണ്ണൂരിലെ മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ,ഒരാൾ മരിച്ചു

keralanews heavy rain in kannur district landslides and one died

കണ്ണൂർ:കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലകളിൽ 12 ഇടത്ത് ഉരുൾപൊട്ടി.ഇതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് ഒരാൾ മരിച്ചു.മാക്കൂട്ടം -വിളമന ഇരുപത്തൊൻപതാം മൈല്‍ സ്വദേശി ശരത്ത് ആണ് മരിച്ചത്.ലോറി ക്ളീനറായിരുന്ന ശരത്ത് വീരാജ്പേട്ടയിൽ ചെങ്കല്ലിറക്കി ഇരിട്ടിയിലേക്ക് മടങ്ങവേ വഴിയിൽ മാക്കൂട്ടത്തുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മലവെള്ളമെത്തിയത്.ഇതിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. ഇരിട്ടി-വീരാജ്പേട്ട വഴി മൈസൂര്‍-ബംഗളൂരു ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചിരിക്കയാണ്. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കുടക് അന്തര്‍ സംസ്ഥാന പാത അടച്ചിട്ടു.പത്തിലേറെ സ്ഥലത്താണ് കൂട്ടുപുഴ മാക്കൂട്ടം റോഡില്‍ ഗതാഗത തടസ്സമുണ്ടായത്. പൊലീസും അഗ്‌നി ശമനസേനയും നടത്തിയ രക്ഷാ പ്രവര്‍ത്തനം ഫലം കാണാഞ്ഞതിനാല്‍ 60 അംഗസൈന്യം രക്ഷാ പ്രവര്‍ത്തനം നടത്തി വരികയാണ്. ഡി. എസ്. സി. കമാന്റന്റ് അജയ് ശര്‍മ്മയുടേയും കേണല്‍ തീര്‍ത്ഥങ്കറിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് മരങ്ങള്‍ വീണും മണ്ണൊലിച്ചു തകര്‍ന്ന റോഡുകളിലെ ഗതാഗതം സുഗമമാക്കാന്‍ യത്നിക്കുന്നത്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ റോഡില്‍ വാഹനത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി സേന ഭക്ഷണവും നല്‍കി. കേരളാ -കര്‍ണ്ണാടക അതിര്‍ത്തി വനമേഖലയായ മുണ്ടറോട്ടുണ്ടായ ഉരുള്‍ പൊട്ടലില്‍ അഞ്ച് കുടുംബങ്ങളിലെ 14 പേരെ പൊലീസും അഗ്‌നി ശമന സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. മാക്കൂട്ടം വനഅതിര്‍ത്തിയില്‍ പുറം ലോകത്തെത്താനാവാതെ ഒറ്റപ്പെട്ട മൂന്ന് കുടുംബങ്ങളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മാക്കൂട്ടം-കച്ചേരിക്കടവ് പുഴയില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ഇതുവരേയും രക്ഷാ പ്രവര്‍ത്തനം നടത്താനായില്ല. മലയോര മേഖലകളിലെ പുഴകളെല്ലാം കരകവിഞ്ഞ് വെള്ളപ്പൊക്ക ഭീഷണിയിലാണ്.റമദാന്‍ തിരക്കാരംഭിച്ചതോടെ ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങളില്‍ യാത്രക്കാര്‍ എത്തുന്നുണ്ട്. ഇന്നലെ മാത്രം നിരവധി വാഹനങ്ങള്‍ പാതി വഴിയില്‍ കുടുങ്ങി. കുടക് വഴിയുള്ള ഗതാഗതം നിലച്ചതോടെ വാഹനങ്ങളെല്ലാം വയനാട്- മാനന്തവാടി വഴിയാണ് കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളിലേക്ക് എത്തുന്നത്.

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

keralanews today leave for educational institutions in kozhikkode and waynad districts

കോഴിക്കോട്:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്,വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കളക്റ്റർമാർ അറിയിച്ചു.കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും കോട്ടയം നഗരസഭയിലേയും ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, മണർകാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലെയും ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും കോട്ടയം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എറണാകുളം ജില്ലാ കളക്ടറും ചേർത്തല,അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആലപ്പുഴ ജില്ലാ കളക്ടറും അവധി പ്രഖ്യാപിച്ചു.അതേസമയം സംസ്ഥാന സർക്കാരോ ബോർഡുകളോ നടത്തുന്ന പരീക്ഷകൾക്ക് മാറ്റമില്ല.

കനത്ത മഴ തുടരുന്നു;കോഴിക്കോട് ഉരുൾപൊട്ടലിൽ ഒരു കുട്ടി മരിച്ചു

keralanews heavy rain one child died in land slides in kozhikkode

കോഴിക്കോട്:കനത്ത മഴയിൽ കോഴിക്കോടും മലപ്പുറത്തും ഉരുൾപൊട്ടൽ.കോഴിക്കോട് ജില്ലയിലെ നാലിടത്തും മലപ്പുറത്തെ എടവണ്ണയിലുമാണ് ഉരുള്‍പൊട്ടിയത്.കോഴിക്കോട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുട്ടി മരിച്ചു.കരിഞ്ചോലയില്‍ അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന(9)യാണ് മരിച്ചത്.താമരശേരി, കക്കയം, സണ്ണിപ്പടി, കരിഞ്ചോല, എന്നിവിടങ്ങളിലാണ് കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പുല്ലൂരാംപാറയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.കനത്ത മഴയെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇതോടെ ചുരത്തിലും സമീപത്തും വാഹനങ്ങളുടെ നീണ്ടനിരയാണ്. ശക്തമായ മഴ തുടരുന്നതിനാല്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പൂനൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ കോഴിക്കോട്-മൈസൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ജില്ലയിലെ സാഹചര്യം വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും വ്യാഴാഴ്ച രാവിലെ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേരും. ദേശീയ ദുരന്തനിവാരണ സേനയുടെ യോഗവും ഇവിടെ നടക്കും.മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. ബാലുശേരി മങ്കയത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ശക്തമായ മഴയില്‍ കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളിലും വന്‍ നാശനഷ്ടങ്ങളുണ്ടായി. ഇരിട്ടി, മാക്കൂട്ടം, കൊട്ടിയൂര്‍, ചെറുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇരിട്ടി-മൈസൂരു പാതയില്‍ ഗതാഗതം തടസപ്പെട്ടു. മാക്കൂട്ടം ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.